Tuesday, May 14, 2013

സദാചാര പോലീസിങ്ങിന്റെ സ്‌കൂൾ പാഠങ്ങൾ


              സദാചാര പോലീസിങ്ങിൻറെ സ്കൂൾ പാഠങ്ങൾ

 
    ഉമ്മർ ടി കെ                 
          
 ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു എന്നു പറഞ്ഞത് വിക്ടർ ഹ്യൂഗോ ആണ്. എന്നാൽ സ്കൂളിനെത്തന്നെ ജയിലാക്കിമാറ്റാമെന്ന് ലോകത്തിനു കാണിച്ചു കൊണ്ടിരിക്കുന്നത് നമ്മളാണ്. ജയിലും സ്കൂളും തമ്മിലുള്ള സാമ്യങ്ങൾ നേരത്തേ പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗാരി നോർത്തിൻറെ രണ്ടു ബസ്സുകളുടെ കഥയിൽ ഒരു കുട്ടി അച്ഛനോട് ജയിലിലേക്കും സ്കൂളിലേക്കും പോകുന്ന ബസ്സുകൾ ചൂണ്ടിക്കാട്ടി അവതമ്മിലുള്ള വത്യാസങ്ങൾ എന്തൊക്കയെന്നു ചോദിക്കുന്നുണ്ട്. വത്യാസങ്ങൾ ഏറെയുണ്ടെന്നു പറഞ്ഞ അച്ഛൻ ഓരോന്നായി മകനു വിശദീകരിച്ചു കൊടുക്കുന്നു. അവയോരോന്നും മറ്റേതിനും ബാധകമാണല്ലോ എന്നു മകൻ ചൂണ്ടിക്കാട്ടുമ്പോൾ അച്ഛൻ കുഴങ്ങിപ്പോകുന്നു. ബെല്ലും അസംബ്ലിയും യൂണിഫോമും ഇടുങ്ങിയ മുറികളും ശിക്ഷാരീതികളും എല്ലാം സമാനം. രണ്ടിടങ്ങളും കർശനനിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണല്ലോ. എന്നാൽ ചലന സ്വാതന്ത്ര്യം ജയിലിലാണ് കൂടുതൽ. പരോളിലിറങ്ങാനുള്ള സ്വാതന്ത്ര്യം സ്കൂളിനില്ല. ചില കാമ്പസുകളിൽ നിരീക്ഷണ ക്യാമറ പോലും വന്നു കഴിഞ്ഞു.
    കേരളത്തിലെ സ്കൂളുകൾ എത്ര മേൽ ജനാധിപത്യവിരുദ്ധവും വിദ്യാർഥി വിരുദ്ധവുമാണ് എന്ന് മനസ്സിലാക്കാൻ നമ്മുടെ ചുറ്റുപാടുകളിൽ ചെറിയൊരന്വേഷണം  നടത്തി നോക്കിയാൽ മതി. ഇതിന് ഏറ്റവും കൂടുതൽ ഇരകളായിത്തീരുന്നതാകട്ടെ  ഹയർസെക്കന്ററി തലത്തിൽപെട്ട വിദ്യാർഥികളും. ടെലിവിഷൻ,ഇന്റർനെറ്റ്,മൊബൈൽഫോൺ,പരസ്യങ്ങൾ തുടങ്ങി ഒരു വിദ്യാർഥി യുടെ ശ്രദ്ധയെ പലതരത്തിൽ ചിതറിക്കാൻ പര്യാപ്തമായ ഇന്നത്തെ സാമൂഹി കാവസ്ഥയെയോ കൗമാരത്തിന്റെ സവിശേഷമായ മാനസിക വ്യാപാര ങ്ങളെയോ തിരിച്ചറിയാൻ കഴിയാത്ത എത്രയോ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുടെ വ്യക്തിത്വത്തെത്തന്നെ കലുഷമാക്കിക്കൊണ്ടേയിരിക്കുന്നു.
               പഴയ തലമുറയിൽ നിന്ന് ഇന്നത്തെതലമുറയിലെത്തുമ്പോൾ കുടുംബഘടനയിൽ വന്ന ഏറ്റവും പ്രധാന മാറ്റം ഗൃഹനാഥനുപകരം കുട്ടി വീടിന്റെ കേന്ദ്രമായി മാറി എന്നതാണ്. പണ്ട്  തറവാട്ടിന്റെ പൂമുഖത്തുണ്ടായിരുന്ന വലിയ ചാരു കസേര പിൻവാങ്ങുകയും ഇടുങ്ങിയ സിറ്റ് ഔട്ടിൽ ഒരേപോലുള്ള കുറച്ചു കസേരകൾ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഒരർഥത്തിൽ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഒരടയാളം കൂടിയാണത്. എന്നാൽ മാറ്റം നമ്മുടെ സ്കൂളുകളിൽ എത്രമാത്രം വന്നുചേർന്നിട്ടുണ്ട് എന്നത് പഠനം അർഹിക്കുന്ന കാര്യമാണ്. പൊതുവെ  ഗൃഹാന്തരീക്ഷങ്ങളിൽ രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങൾ കുറെയൊക്കെ ജനാധിപത്യപരമായിട്ടുണ്ടെങ്കിലും  അധ്യാപകവിദ്യാർഥി ബന്ധം സൗഹാർദപരമാവുന്നതിനെ ഏറ്റവും ഭയക്കുന്നതും അതിനെ വിമർശിക്കുന്നതും അധ്യാപകർതന്നെയാണ്. സംഘടനയോ രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും പ്രതിബന്ധമാകാതെ  എല്ലാവരും  ഈ വിദ്യാർഥി വിരുദ്ധതയിൽ  ഒറ്റക്കെട്ടാണ്


                      ഹൈസ്കൂൾ പഠനത്തിനു ശേഷം പ്ലസ് ടു ക്ലാസ്സിലെത്തുന്ന കുട്ടികൾ അനുഭവിക്കുന്ന സംഘർഷങ്ങൾ  വിവരണാതീതമാണ്. ലോകത്തെ ഏറ്റവും കഠിനമായ സിലബസ്സുകളിലൊന്ന്. വാഗൺ ട്രാജഡിക്കു സമാനമായ കുടുസ്സുക്ലാസ്സ് മുറികൾ. അവിടെ പഠിക്കുന്നതോ എഴുപതോളം കുട്ടികൾ. പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യമില്ലായ്മ. രാവിലെ ഒൻപതര മുതൽ നാലരവരെയുള്ള പഠനം. അതും ആഴ്ചയിൽ ആറുദിവസവും. ഇതിനെക്കാളെല്ലാമുപരി  തങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കാത്ത പഠനസമീപനങ്ങൾഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ടു പീരിയഡാണ് കളികൾക്കുള്ളത്. പല സ്കൂളുകളിലും അത് ശനിയാഴ്ചത്തെ അവസാന രണ്ടു പീരിയഡുകളാണ്. കുറച്ചു വർഷങ്ങൾക്കു മുമ്പ് സയൻസ് വിദ്യാർഥികൾക്ക് ഭാഷ കൂടാതെ മൂന്നു വിഷയങ്ങളായിരുന്നു പഠിക്കാനുണ്ടായിരുന്നത്.(അന്ന് കോളേജുകളിൽ പഠിച്ചിരുന്നത് ഉയർന്ന മാർക്കു വാങ്ങുന്ന കുട്ടികളായിരുന്നു.) ഒന്നുകിൽ ഫിസിക്സ്-കെമിസ്ട്രി എന്നിവയോടൊപ്പം കണക്ക് ഉൾപ്പെടുന്ന ഫസ്റ്റ് ഗ്രൂപ്പ്. അല്ലെങ്കിൽ  അവയോടൊപ്പം ബയോളജി ഉൾപ്പെടുന്ന സെക്കൻറ് ഗ്രൂപ്പ്.  അധ്യാപക തസ്തികകൾ സംരക്ഷിക്കേതിന്റെ പേരിൽ ഇതു രണ്ടും ചേർത്ത് ഒറ്റ കോമ്പിനേഷനാക്കി ഭാരം കുട്ടികളുടെ തലയിൽ വെച്ചു കൊടുത്ത് നമ്മൾ എളുപ്പത്തിൽ പ്രശ്നം പരിഹരിച്ചു.   
                സയൻസ്  ഹ്യൂമാനിറ്റീസ് ധാരകളിൽ പഠിച്ചിറങ്ങുന്ന കുട്ടികളുടെ സ്വഭാവ ഘടന വ്യത്യസ്തമായ രീതിയിൽ രൂപപ്പെട്ടു വരാറുണ്ട്.  ലാബ്,പ്രാക്റ്റിക്കൽ,ഇന്റേണൽമാർക്ക് തുടങ്ങിയവയെക്കുറിച്ചുള്ള ഭയത്തിൽ എല്ലാസാമൂഹിക ബന്ധങ്ങളിൽ നിന്നും മാറി അധ്യാപകനോട് പരമാവധി വിധേയത്വം കാണിക്കുന്ന ഒരു സവിശേഷമാനസികാവസ്ഥ  സയൻസ് വിദ്യാർഥികളിൽ വളർന്നു വരുന്നു. (എന്തിനധികം,ഉയർന്ന ഗവേഷണ മേഖലയിൽപോലും ഇതിൽ വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല.) വിധേയത്വ മനോഭാവമാണ് യഥാർഥ ഗുരുശിഷ്യബന്ധമെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.  പഠനകാലത്ത് ഏറ്റവും ഭയന്ന അധ്യാപകൻറെ പ്രേതം ഒരുവനെ വിടാതെ പിന്തുടരുന്നു.     കുട്ടികൾ മോശമാണെന്ന് വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുകയും അവരെ നന്നാക്കിയേ അടങ്ങൂ എന്നു വാശി പിടിച്ചു നിൽക്കുകയും ചെയ്യുന്ന അധ്യാപകരെ ഭരിക്കുന്നത് അവർ പഠിച്ച കാലത്തെ അധ്യാപകരുടെ പ്രേതങ്ങളാണ് എന്ന്പ്രതിപക്ഷത്തിനുള്ള ബോധന ശാസ്ത്രം എഴുതിയ ഹെൻട്രി ജിറൂക്സ് അടിവരയിട്ടു പറയുന്നുണ്ട്. കുട്ടിയുടെ മനസ്സിനെയോ ശരീരത്തെയോ മുറിവേൽപ്പിക്കാത്ത ചിന്തിക്കുകയും ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായം വിഭാവനം ചെയ്യുന്ന വിമർശനാത്മക വിദ്യാഭ്യാസം സാധ്യമാകണമെങ്കിൽ ആ പ്രേതത്തെ ഉച്ചാടനം ചെയ്തേ മതിയാവൂ.
      സയൻസുപഠനം മാത്രമാണ് മുഖ്യമെന്ന പൊതുസമൂഹത്തിൻറെ തെറ്റായ ധാരണനിമിത്തം കൂടുതൽ മാർക്കു വാങ്ങുന്നവർ പൊതുവെ സയൻസു വിഷയങ്ങളാണ് തിരഞ്ഞെടുക്കാറ്. കുട്ടികളുടെ അഭിരുചിക്ക് ഇവിടെ യാതൊരു പരിഗണനയും ലഭിക്കാറില്ല.  രണ്ടു വർഷത്തെ പഠനം കഴിഞ്ഞിറങ്ങുമ്പോൾ സയൻസു പഠിച്ച കുട്ടികൾക്ക്  വിഷയപഠനത്തിനപ്പുറം മറ്റൊന്നും നേടാനുള്ള സാഹചര്യമില്ലെന്നു മാത്രമല്ല പലപ്പോഴും ജീവിതവിമുഖമായ ഒരു മനോഭാവം തന്നെ അവരിൽ രൂപപ്പെടുന്നു.      
           തങ്ങളുടെ സിലബസിനപ്പുറം പോകാനോ  സാമൂഹികമായ അറിവുകളെ സന്നിവേശിപ്പിക്കാനോ  കുട്ടികളുടെ ചിന്താപ്രക്രിയയെ വികസിപ്പിക്കാനോ   ശ്രമിക്കുന്ന  ശാസ്ത്ര അധ്യാപകർ വളരെ വിരളമാണ്.  സത്യത്തിൽ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരാളിൽ അന്ധവിശ്വാസങ്ങൾക്കെതിരെയും മറ്റും ശാസ്ത്രീയമായ ഒരു യുക്തിബോധം സ്വാഭാവികമായും രൂപപ്പെടേണ്ടതല്ലേഎന്നാൽ പൊതുവായ ഒരു നിരീക്ഷത്തിനു തുനിഞ്ഞു നോക്കൂ. ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരിലാണോ മാനവിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരിലാണോ ശാസ്ത്രീയമായ ബോധം കൂടുതലായുള്ളത്? സാമൂഹികമായ പ്രശ്നങ്ങളിൽ ജനങ്ങളോട് ചേർന്നു നിൽക്കുന്നത് ? കുറഞ്ഞ മാർക്കുമായി വന്ന്  മാനവികവിഷയങ്ങളിലൂടെ രണ്ടു വർഷം കടന്നു പോയ കുട്ടി  കാര്യങ്ങളെ കൂടുതൽ വിമർശനാത്മകമായികാണാനും പ്രതികരിക്കാനുമുള്ള  ശേഷി നേടുന്നു എന്നതിൽ സാമൂഹികശാസ്ത്ര വിഷയങ്ങളുടെ ജീവിതബന്ധവും കാരണമാവുന്നുണ്ടാവാം. എൻട്രൻസ് പരീക്ഷയ്ക്കു വേണ്ടി കുറേ വിവരങ്ങൾ കുത്തിനിറച്ചു പാഴാക്കിയ രണ്ടു വർഷം എന്ന് ഹയർ സെക്കൻററി പഠനകാലത്തെ ഒരു വിദ്യാർഥി വിശേഷിപ്പിച്ചാൽ തെറ്റു പറയാനാവില്ല.
                 ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ,അവന്റെ വ്യക്തിത്വ രൂപീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട  കാലയളവാണ് കൗമാരം. പെൺകുട്ടികളെ സംബന്ധിച്ച് ഇതു വലിയ ആശങ്കകളുടെ മാനസിക സമ്മർദ്ദങ്ങളുടെ കാലം കൂടിയാണ്. അവർക്ക് ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാനുള്ള പിന്തുണ ലഭിക്കേണ്ട സമയം. ഹൈസ്കൂൾ ക്ലാസ്സു കവിയുമ്പോഴേക്കും അധ്യാപകരോടും  രക്ഷിതാക്കളോടുമുള്ള വിധേയത്വത്തിൽനിന്നു കുതറിമാറി സ്വന്തം വ്യക്തിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണവർ. ജീവിത ഘട്ടത്തെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും സമീപിക്കാൻ എത്ര അധ്യാപകർക്കു കഴിയുന്നുണ്ട്പാഠപുസ്തകത്തിനപ്പുറം അവരുടെ ലോകത്തെ വികസിപ്പിക്കാൻ, അവർക്കു സുഹൃത്തും വഴികാട്ടിയുമാകാൻ കഴിയുന്നവർ എത്രപേരുണ്ട്? വളരെ ചുരുക്കം പേർ ഉണ്ടാകാംസ്ത്രീവിരുദ്ധമായ പ്രസംഗം കൊണ്ട് കുപ്രസിദ്ധി നേടിയ ഡോ.രജത്കുമാറിനെ മാധ്യമങ്ങൾ വിചാരണ ചെയ്തപ്പോൾ ഒരു ശരാശരി മലയാളി എന്താണു കരുതിയിട്ടുണ്ടാവുക? ഇതൊരൊറ്റപ്പെട്ട സംഭവമാണെന്നും ബാക്കിയെല്ലായിടത്തും കാര്യങ്ങൾ വളരെ ഭദ്രമാണെന്നുമാവില്ലേ? എന്നാൽ  വസ്തുത അതാണോ? നമ്മുടെ സ്കൂളുകൾ അടക്കമുള്ള പൊതുഇടങ്ങളിൽ ഇത്തരം വ്യക്തികളുടെ സംഹാര താണ്ഡവമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇക്കൂട്ടർ കൊണ്ടാടപ്പെടുന്നതും കുട്ടികൾക്കൊപ്പം നിന്ന് അവർക്ക് ആത്മവിശ്വാസവും കരുത്തും കാഴ്ചപ്പാടും നൽകുന്നവർ ഒറ്റപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും സർവസാധാരണമായ  അവസ്ഥയാണു താനും.
       ഉദാഹരണങ്ങൾ ഏറെയുണ്ടെങ്കിലും ഒന്ന് പ്രത്യേകം ഇവിടെ എടുത്തു കാണിക്കട്ടെ.  കരമന ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് ശിവകുമാർ ആർ പി എന്ന ഹയർസെക്കന്ററി അധ്യാപകനെ  2012 ഡിസംബർ പത്താം തിയ്യതി എറണാകുളത്തേക്ക് സ്ഥലം മാറ്റുകയുണ്ടായി. സ്ഥലം മാറ്റത്തിനു പിന്നിലുള്ള കാരണങ്ങൾ അന്വേഷിച്ചാൽ നാം നേരത്തേ പറഞ്ഞതു പോലെ ഇന്നും സ്കൂളിന്റെ കേന്ദ്രം കുട്ടികളല്ല മറിച്ച് അധ്യാപകർ മാത്രമാണ് എന്ന നിഗമനത്തിൽ നമുക്ക് എത്തിച്ചേരാൻ പറ്റും. ഒരു കുട്ടി പോലും അധ്യാപകനെപ്പറ്റി പരാതി പറഞ്ഞിട്ടില്ല. എന്നാൽ അവർക്ക് ആത്മവിശ്വാസവും പ്രോൽസാഹനവും നൽകിയ ഒരാളായി അദ്ദേഹത്തെ അവർ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഒരു പി.ടി. എ അംഗമാണ് അവിടുത്തെ ചില  അധ്യാപികമാരുടെ പിന്തുണയിൽ പരാതി ഉന്നയിച്ചത്.
       
                 ഇവിടെ ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്. ഇന്ന് പി.ടി.എയ്ക്ക് സ്കൂളുകളിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. നമ്മുടെ വിപ്ലവകരമായ വിവരാവകാശനിയമത്തെ ദുർവിനിയോഗം ചെയ്യുന്ന ക്ഷുദ്രജീവികളെപ്പോലെ    സ്കൂൾ അന്തരീക്ഷത്തെയും മലിനമാക്കുന്നതിൽ ചിലയിടത്തെങ്കിലും രക്ഷാകർതൃ പ്രതിനിധികൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്കുട്ടികളുടെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള അറിവോ വിദ്യാഭ്യാസമോ തന്നെ ഇല്ലാത്തവരായിരിക്കും ഇവരിൽ ചിലരെങ്കിലും. പലപ്പോഴും ഇവരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി കുട്ടികളെ പുറത്താക്കുന്ന അവസ്ഥ പലയിടത്തും ഉണ്ടായിട്ടുണ്ട്. ചില അധ്യാപകരും ഇത്തരക്കാർക്കു പിന്നിലുണ്ടാവാം. എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ബിന്ദു എന്ന ഇംഗ്ലീഷ് അധ്യാപികയ്ക്ക് പി.ടി.എ യുടെ പിന്തുണയുള്ള ക്രിമിനലുകളിൽ നിന്ന് ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ മാത്രമല്ല ജാതീയമായ അധിക്ഷേപങ്ങളും അനുഭവിക്കേണ്ടിവന്നത് പത്രങ്ങളിൽ വാർത്തയായിരുന്നു. കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്
             കുട്ടികളെ പൗരരായി ഗണിക്കാൻ അധ്യാപകർക്കു മാത്രമല്ല പൊതു സമൂഹത്തിനു തന്നെ വൈമുഖ്യമാണ്. അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ച് അവരുടെ വശത്തുനിന്നും കാര്യങ്ങളെ നോക്കിക്കാണുന്ന സമീപനം സ്വീകരിച്ചതാണ്  ബിന്ദു എന്ന അധ്യാപികയ്ക്കു വിനയായത്.  കുട്ടികളുടെ മുഴുവൻ പിന്തുണകിട്ടിയാലും അധ്യാപകരുടെയോ പി.ടി.എയുടെയോ പ്രിൻസിപ്പാളിന്റെയോ പിന്തുണകിട്ടണമെന്നേയില്ല. അവർ സൃഷ്ടിക്കുന്ന നിറം പിടിപ്പിച്ച നുണകൾക്കപ്പുറം കുട്ടികളുടെ വാക്കു കേൾക്കുന്ന ഒരു കോടതിയും നമുക്ക് ഉണ്ടാവില്ല.
                      നാം നേരത്തെ പറഞ്ഞ കരമന സ്കൂളിന്റ കാര്യത്തിലേക്കു വരിക. ഇവിടെയും പരാതി കൊടുത്ത രക്ഷിതാവിനെ വഴിതെറ്റിച്ചത് അവിടുത്തെ അധ്യാപകരാണെന്നു കാണാൻ പറ്റും. പരാതി വളരെ വളരെ ഗുരുതരം തന്നെ. കുട്ടികളെ ഇന്റർനെറ്റ് കാണിക്കുന്നു, ബ്ലോഗ് കാണിക്കുന്നു. ബ്ലോഗ് നിർമ്മിക്കാൻ പ്രേരിപ്പിക്കുന്നു. തീർച്ചയായും ഇതു കേട്ടാൽ വിദ്യാഭ്യാസമില്ലാത്തവർ എന്തോ മോശമായ കാര്യം എന്നു വിചാരിക്കാൻ ന്യായമുണ്ട്. എന്നാൽ ലോകത്തിൽ വന്നു ചേർന്ന പുതിയ സാങ്കേതികവികാസങ്ങളെക്കുറിച്ചോ പുതിയ ആവിഷ്ക്കാര രീതികളെക്കുറിച്ചോ അറിയാത്ത അധ്യാപരും തീർച്ചയായും ഉണ്ടാകാം. പല രാജ്യങ്ങളിലും അടുത്ത കാലത്തുണ്ടായ പല പരിവർത്തനങ്ങൾക്കും പിന്നിൽ ഇത്തരം നവമാധ്യമങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചും അവർ അറിഞ്ഞില്ലെന്നുവരാം. പത്രം വായിക്കണമെന്നോ ലോകത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെ തിരിച്ചറിയണമെന്നോ ആധുനിക സാങ്കേതിക വിദ്യകൾ പഠനത്തിൽ ഉപയോഗിക്കണമെന്നോ കേരള എജുക്കേഷൻ റൂളിലോ കേരള സർവീസ് റൂളിലോ പറയുന്നില്ലെന്ന് അവർക്ക് തിരിച്ചും വാദിക്കാവുന്നതാണ്.
                        സത്യത്തിൽ ബ്ലോഗ് എന്ന  മാധ്യമമാണ്  ഈപ്രശ്നത്തിലും വില്ലനായി വന്നത്. നവമാധ്യമത്തെപ്പറ്റി ഒൻപതാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ മാധ്യമലോകത്തെക്കുറിച്ചുള്ള ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ടെന്നു  മാത്രമല്ല,അത്തരം ബ്ലോഗുകൾ സ്കൂളുടെ പേരിലോ  വ്യക്തികളുടെ പേരിലോ നിർമ്മിക്കണമെന്നും അതിൽ നിർദേശിച്ചിട്ടുണ്ട്നിങ്ങളുടെ സ്കൂളിൽ അവകാശലംഘനമുണ്ടോ എന്ന പേരിൽ ഒരു പത്രത്തിലെ വിദ്യാഭ്യാസ പതിപ്പിൽ വന്ന ചോദ്യം മേൽപറഞ്ഞ മലയാളം അധ്യാപകൻ ഒരു ചർച്ചക്കായി ക്ലാസ്സിൽ അവതരിപ്പിച്ചു. അതിൽ ഉയർന്നു വന്ന കുട്ടികളുടെ ചിന്തകൾ  ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. തങ്ങളുടെ വേദനകൾക്കും അനുഭവങ്ങൾക്കും മാനസികസംഘർഷങ്ങൾക്കും സൈബർ സ്പേസിൽ ഇടമുണ്ടെന്നുള്ള തിരിച്ചറിവായിരുന്നു അത്.
            അവരുടെ  ബ്ലോഗ് എഴുത്തിൽ  പലപ്പോഴും പ്രതിസ്ഥാനത്തു വന്നത് സ്കൂളിലെ  അധ്യാപികമാരായിരുന്നു.
   കുട്ടികൾ ഉന്നയിച്ച  പ്രശ്നങ്ങളിൽ മുഖ്യമായവ താഴെ പറയുന്നു.
-പത്തുവരെ സ്കൂളിൽ ഉച്ചക്കുള്ള ഇടവേള ഒരുമണിക്കൂറായിരുന്നത് ഇപ്പോൾ അരമണിക്കൂറാണ്.
-അധ്യാപകർക്കു തോന്നിയപോലെ ക്ലാസിൽ വരാം. വരാതെയുമിരിക്കാം. കുട്ടികൾ വൈകിയാൽ പലതരത്തിലുള്ള ചോദ്യം ചെയ്യലുകൾ....ആരുടെ കൂടെ കറങ്ങിനടക്കുകയായിരുന്നെന്ന കളിയാക്കലുകൾ.....ദിവസം മുഴുവൻ ക്ലാസ്സിനു പുറത്തു നിർത്തൽ..... 
-പഠിപ്പിക്കലിനെക്കാൾ പ്രധാനം ഉപദേശങ്ങൾക്കും കുട്ടികളുടെ പ്രേമം കണ്ടു പിടിക്കലിനുമൊക്കെയാണ്.
-കുട്ടികളുടെവ്യക്തിപരമായ കാര്യങ്ങൾ അസംബ്ലിയിൽ പറഞ്ഞതിന്റെ പേരിൽ കുട്ടികൾക്ക് മാനസിക ചികിൽസപോലും വേണ്ടിവന്നു.
-ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നു.
-സ്കൂളിൽ ആകെയുള്ള നാല് ആൺസാറന്മാരോട് സംസാരിക്കാൻ പാടില്ല.
-ഒന്നോരണ്ടോ കുട്ടികളുടെ പേരിൽ മുഴുവൻകുട്ടികളെയും മോശക്കാരായി ചിത്രീകരിക്കുന്നു.
                     ഇത്തരം പ്രശ്നങ്ങളെ സമീപിക്കേണ്ടതെങ്ങനെ എന്നതിൽ നമുക്കാർക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാൽ സ്കൂളുകളിൽ നടക്കാറുള്ളതോഅധ്യാപകരുടെ പക്ഷത്തുനിന്നുപോലും കുട്ടികൾക്കെതിരെ അപമാനശ്രമങ്ങളുണ്ടായാൽ അധ്യാപകർ ഒന്നിച്ചുനിൽക്കുന്നതും പരാതി പറഞ്ഞതിന്റെ  പേരിൽ കുട്ടികൾ വീണ്ടും അപമാനിക്കപ്പെടുന്നതും സർവസാധാരണമാണ്.( തലസ്ഥാന നഗരത്തിലെ തന്നെ ഒരു സ്കൂളിൽ ക്ലാസ്സിൽ ബഹളം വെച്ച കുട്ടികളെ ചൂരൽ കൊണ്ട് മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് കേസ്സായപ്പോൾ ആ അധ്യാപകൻ അന്നു ലീവായിരുന്നു എന്ന യുക്തിയിലാണ് തെളിവൊതുങ്ങിപ്പോയത്. അടികൊണ്ട കുട്ടിയുടെ അന്ധാളിപ്പ് അവൻറെ ജീവിതകാലത്ത് മാറില്ല.‌!)
      
 സ്തീപ്രശ്നവുമായി ബന്ധപ്പെട്ട്  നമ്മുടെ ഇന്നത്തെ ചർച്ചകളിൽ എല്ലാവരും അഭിപ്രായപ്പെടുന്നത് കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങൾ തുറന്നു പറയാനും പ്രതികരിക്കാനും പ്രേരിപ്പിക്കണം എന്നാണ്. സത്യത്തിൽ ഇതല്ലേ വിദ്യാഭ്യാസം കൊണ്ട് കുട്ടികൾ മുഖ്യമായും നേടേണ്ടത്. എന്നാൽ ഇവിടെ രക്ഷിതാക്കളോടോ കുട്ടികളോടോ ഒരന്വേഷണവും നടത്താതെ ഒരു പി.ടി.എ മെമ്പറുടെ അടിസ്ഥാനമില്ലാത്ത പരാതിയുടെ പേരിൽ ഒരധ്യാപകനെ സ്ഥലം മാറ്റുമ്പോൾ സ്വതന്ത്രവും ജനാധിപത്യപരവുമായ ചിന്തകൾ ചരമം പ്രാപിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഏറ്റവും ശുഭോദർക്കമായ ഒരു സംഗതി അധ്യാപകനെ ട്രാൻസ്ഫർ ചെയ്തപ്പോൾ പെൺകുട്ടികൾ പ്രതിഷേധിച്ച് ക്ലാസിനു പുറത്തിറങ്ങി എന്നതാണ്. അധ്യാപകർക്ക് അപൂർവം ലഭിക്കുന്ന ബഹുമതിയാണിത്. രജത്കുമാറിനെ കൂകിവിളിച്ച ആര്യയെ മാധ്യമങ്ങൾ വാനോളം ഉയർത്തി. തങ്ങൾക്കും വ്യക്തിത്വമുണ്ടെന്നു പഠിപ്പിച്ച  അധ്യാപകനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച   കുട്ടികളുടെ ആർജവം എവിടെയും അടയാളപ്പെടുത്തപ്പെട്ടില്ല.
    ഇതിൽ ഏറ്റവും രസകരമായ വസ്തുത അധ്യാപകൻ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബ്ലോഗെഴുത്തുകാരിൽ ഒരാളാണ് എന്നതാണ്. ഒൻപതാം ക്ലാസ്സിൽ നവമാധ്യമങ്ങളിൽ ബ്ലോഗിനെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ടെന്നു മാത്രമല്ല ബ്ലോഗിന് ഉദാഹരണമായി അദ്ദേഹത്തിന്റെ ബ്ലോഗായ 'വെള്ളെഴുത്തി'വെള്ളെ ഴുത്ത് നെക്കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പത്തിലധികം ബ്ലോഗുകൾ ഒരു മുഖ്യധാരാ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സാഹിത്യം,സംസ്കാരം,വിദ്യാഭ്യാസം,സിനിമ തുടങ്ങിയമേഖലകളിൽ ഏറ്റവും ഗൗരവമാർന്ന പഠനങ്ങൾ ഉൾക്കൊള്ളുന്ന മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗാണ് വെള്ളെഴുത്ത്. നവമാധ്യമങ്ങളും സിനിമയുമെല്ലാം ഇന്നു പാഠ്യപദ്ധതിയുടെ ഭാഗമാണ് എന്നു തിരിച്ചറിയാത്ത രക്ഷിതാക്കൾ മാത്രമല്ല അധ്യാപകർ കൂടിയുണ്ട്. കെ എസ് യു പിള്ളേരുടെ കരിഓയിൽ പ്രയോഗം കൊണ്ട് അപമാനിതനായ കേശവേന്ദ്രകുമാർ എന്ന ഹയർ സെക്കന്ററി ഡയറക്ടറും ഹിന്ദിയിലെ പ്രധാന ബ്ലോഗെഴുത്തുകാരിൽ ഒരാളാണ്
     പുസ്തകപഠനത്തിനപ്പുറം കുട്ടികളുടെ മാനസികമായ വികാസത്തിനുതകുന്ന അനുഭവങ്ങൾ നൽകുന്നതിൽ ഹയർസെക്കൻററി പഠനം വിശേഷിച്ചും സയൻസുപഠനം പരാജയപ്പെടുന്നു എന്നു വേണം കരുതാൻ. അത്തരം സാധ്യതകളെ രണ്ടാം കിടയായികാണുന്ന ഒരു മനോഭാവം ശക്തമായിത്തീർന്നിട്ടുമുണ്ട്. ഇന്ന് കൗമാരത്തെ ഏറ്റവും മലിനമാക്കുന്നത് അവരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് സിനിമകളാണ്. പഴയതലമുറയെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കു വഹിച്ചത് സാഹിത്യമാണെങ്കിൽ ഇന്നാ സ്ഥാനം സിനിമയ്ക്കാണ്. അതു കൊണ്ടുതന്നെ പുതിയ കരിക്കുലത്തിൽ സിനിമപോലുള്ള മാധ്യമങ്ങളും  അർഹമായ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറു പുഞ്ചിരി, ചാപ്ലിന്റെ മോഡേൺ ടൈംസ്,ദി കിഡ്, പഥേർപാഞ്ചാലി പോലുള്ള സിനിമകൾ പാഠ്യവസ്തുവായി വരുന്നതോടെ നല്ല സിനിമകൾ കാണാനും ചർച്ചചെയ്യാനുമുള്ള അവസരങ്ങൾ ലക്ഷക്കണക്കിനു കുട്ടികൾക്കാണു വന്നുചേരുന്നത്. ഹയർസെക്കന്ററി ക്ലാസ്സുകളിൽ ഇത്തരം ഫിലിം ക്യാമ്പുകളിലൂടെ കടന്നുപോയ കുട്ടികളോടു ചോദിച്ചു നോക്കൂ, തങ്ങളുടെ ഭാവുകത്വത്തിൽ അത്തരം സിനിമകളുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അവർക്കു പലതും പറയാനുണ്ടാകുമെന്നു തീർച്ച.
     എന്നാൽ ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കാൻ എൻട്രൻസ് ജ്വരം ബാധിച്ച അധ്യാപകർക്കോ രക്ഷിതാക്കൾക്കോ  കഴിയാറുണ്ടോ എന്നു സംശയമാണ്. കലാസാംസ്കാരിക പ്രവർത്തനങ്ങൾ വായന എല്ലാം പിന്തള്ളപ്പെടുന്നു. അപ്പം കൊണ്ടു മാത്രം ജീവിക്കാമെന്നചിന്താഗതിയിലേക്ക് നമ്മുടെ കുട്ടികൾ മാറിക്കഴിഞ്ഞിരിക്കുന്നു. അപ്പം തേടാനുള്ള ഭിക്ഷാപാത്രമാണ് എഞ്ചിനീയറിങ്ങ് സർട്ടിഫിക്കറ്റ്.
                     ഒരു പ്രയോജനവാദ സമീപനമാണ് ഇന്നു സമൂഹത്തെ ഭരിച്ചു കൊണ്ടിരിക്കുന്നത്. എഞ്ചിനീയറിങ്ങും മെഡിസിനുമൊക്കെയാണ് മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗം എന്ന വിശ്വാസത്തിലാണ് കേരളീയ സമൂഹം. എൻട്രൻസ് പരീക്ഷാപരിശീലനം മാത്രമായി  ഹയർസെക്കന്ററി സയൻസ് പഠനം പലയിടതിത്തും  മാറിക്കഴിഞ്ഞിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വപ്നങ്ങൾ എഞ്ചിനീയറിങ്ങിൽ തളഞ്ഞുകിടക്കുന്നു. അതിനപ്പുറമുള്ള സ്വപ്നങ്ങളിലേക്കു അവരെ നയിക്കാൻ അധ്യാപകർക്കും കഴിയുന്നില്ല. നേരത്തേ നാം സൂചിപ്പിച്ച കരമന ഗേൾസ് സ്കൂളിലെ ഒരു പെൺകുട്ടിയുടെ അത്തം http://aththam.blogspot.inഎന്ന ബ്ലോഗിലൂടെ സഞ്ചരിച്ചു നോക്കൂ. എഞ്ചിനീയറിങ്ങിനു പോകില്ലെന്നത് അവളുടെ വാശിയായിരുന്നു. ചേർത്തല കോളജിൽ എൻവിയൺമെന്റൽ സയൻസ് ആന്റ് വാട്ടർ മാനേജ്മെന്റ് കോഴ്സിനു ചേരണമെന്നായിരുന്നു അവളുടെ താൽപര്യം. ഓപ്ഷൻ കൊടുത്ത് അവിടെ സീറ്റ് കിട്ടിയതുമാണ്. എന്നാൽ കുടുംബം,സമൂഹം എല്ലാം തീരുമാനിക്കുന്നു എന്തു പഠിക്കണമെന്ന്.  ചിന്തയും പ്രതികരണശേഷിയുമുള്ള ആ പെൺകുട്ടിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തു പറയാനാണ്?(അഞ്ചു വർഷം മുമ്പ് കോഴിക്കോടു ജില്ലയിലെ കൊയിലാണ്ടിയിൽ ഒരു പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയുണ്ടായി. സാഹിത്യത്തിലും പൊതു വിഷയങ്ങളിലും വലിയ താൽപര്യമുണ്ടായിരുന്ന, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആ  പെൺകുട്ടിയുടെ മോഹം ഹ്യൂമാനിറ്റീസ് പഠിച്ച് ഐ എ എസിനു പോകണമെന്നായിരുന്നു. രക്ഷിതാക്കളുടെ താൽപര്യം ഡോക്ടറാക്കണമെന്നതും. അവരുടെ നിർബന്ധത്തിനു വഴങ്ങി സയൻസ് തെരഞ്ഞെടുത്തു. സയൻസ് പഠനം കഴിഞ്ഞാലും ആഗ്രഹിക്കുന്ന വഴിലേക്കു പഠനം മാറ്റാമെന്ന് അധ്യാപകർ സമാധാനിപ്പിച്ചു. എന്നാൽ രണ്ടാം വർഷം അവസാനം നിർബന്ധിച്ച് അവളെ എൻട്രൻസ് ക്ലാസ്സിലയച്ചതോടെ അന്തർമുഖയായ ആ പെൺകുട്ടി സ്വീകരിച്ചത് ആത്മഹത്യ എന്ന എഴുപ്പവഴി യായിരുന്നു.വർഷം ഒന്നു കഴിഞ്ഞപ്പോൾ അമ്മയും ആത്മഹത്യചെയ്തു. ഒരു വർഷത്തിനപ്പുറം പയ്യന്നൂരിനടുത്ത് ഒരു മെഡിസിൻ വിദ്യാർഥി റിസൽട്ടു വരുന്നതിനു തൊട്ടു മുമ്പ് ഇതേ വഴിതന്നെ തൊരഞ്ഞെടുത്തു.റിസൽട്ട് വന്നപ്പോൾ അവൾക്ക് ഉയർന്ന മാർക്ക് ഉണ്ടായിരുന്നു.)  
                    ആ ബ്ലോഗ് ഒരർഥത്തിൽ കേരളത്തിലെ ഒരു പെൺകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളുടെ,സംഘർഷങ്ങളുടെ സാക്ഷ്യപത്രമാണ്. വിദ്യാലയം കുട്ടികൾക്കു എങ്ങിനെ ഒരു തടവറയാകുന്നു എന്ന് എത്ര വികൃതമായ മൂല്യബോധങ്ങളാണ് അധ്യാപകർ അടിച്ചേൽപ്പിക്കുന്നത് എന്ന് അത് നമ്മോടു പറയുന്നു. കുട്ടികൾക്കു മുന്നിൽ ഗുരുക്കന്മാർ പലപ്പോഴും എത്ര ലഘുവാണെന്നും അതു തുറന്നു കാട്ടുന്നു.  ആൺ സാറന്മാരോട് സംസാരിച്ചാൽ ചീത്തയായിപ്പോകും എന്ന് ഉപദേശിക്കുന്ന ടീച്ചർമാരെ  കുട്ടികൾ എങ്ങിനെയാണ് കാണുക?  പെൺപള്ളിക്കൂടങ്ങളിൽ ആൺ അധ്യാപകർ വേണ്ട എന്ന ബോധം അധ്യാപികമാരിൽ രൂപപ്പെടുന്നതെന്തു കൊണ്ടാണ്തീർച്ചയായും കേരളത്തിൽ ചിലയിടത്തെങ്കിലും അധ്യാപകരിൽ നിന്നും മോശമായ അനുഭവങ്ങൾ കുട്ടികൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതു മുഖ്യ പ്രശ്നം തന്നെയാണ്. അതിനു പരിഹാരം അവരുമായി ഒരു കാര്യവും മിണ്ടാതിരിക്കലാണ് എന്ന സന്ദേശം എത്രമോശമായ സ്വാധീനമാണ് കുട്ടികളിലുണ്ടാക്കുക എന്നു തിരിച്ചറിയാനുള്ള സാമാന്യബോധമാണ് ഇവിടെ ഇല്ലാതാവുന്നത്. പിതാക്കളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടാകുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ഇനിമുതൽ അച്ഛൻമാരോട് സംസാരിക്കരുതെന്നോ എപ്പോഴും അവരെ സൂക്ഷിക്കണമെന്നോ പറയുന്നത് എത്ര ബാലിശമായിരിക്കും.              
             സ്ത്രീകളെസംബന്ധിച്ച ഏറ്റവും പ്രതിലോമപരമായ മൂല്യബോധങ്ങളെ പുനരുൽപ്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നതിൽ  അവർ തന്നെയല്ലേ  മുഖ്യമായ പങ്കു വഹിക്കുന്നത്പൊതു ഇടങ്ങൾ പൊതുവെ സ്ത്രീകൾക്ക് അഗമ്യങ്ങളാണ്. നമ്മുടെ അരയാൽത്തറകളും ചന്തകളും കളിസ്ഥലങ്ങളും വായനശാലകളും കവലകകളുമെല്ലാം പുരുഷന്മാർക്കുമാത്രം സംവരണം ചെയ്യപ്പെട്ടതാണ്. ഇത്തരം പൊതു ഇടങ്ങളിൽ സ്തീകൾക്കും അർഹമായ സ്ഥാനം വേണം എന്നു വാദിക്കുന്ന അധ്യാപികമാർ എത്രയുണ്ട്?  സത്യത്തിൽ അങ്ങിനെ വാദിച്ചാൽ നമ്മുടെ പുരുഷാധിപത്യ സമൂഹം അവരെ എങ്ങിനെ കൈകാര്യം ചെയ്യും? അതുകൊണ്ട് സ്ത്രീപുരുഷ ബന്ധത്തിൽ ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതികമായ സമൂഹ ഘടനയ്ക്കു വഴങ്ങി ജീവിക്കാൻ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് നമ്മുടെ കുടുംബങ്ങളും സ്കൂളുകളുമെല്ലാം. തൊട്ടപ്പുറത്ത് ബോയ്സ് സ്കൂളുണ്ട് എന്നതിൻറെ പേരിൽ ഗ്രൗണ്ടിലിറങ്ങുന്നത് അധ്യാപികമാർ വിലക്കിയതായി അത്തം എന്ന ബ്ലോഗിൽ നമുക്ക് വായിക്കാം. അധ്യാപികമാർ മുഴുവൻ അവധിയായ ദിവസം ആൺ സാറന്മാർ തങ്ങളെ ഗ്രൗണ്ടിൽ ഇറങ്ങാൻ സമ്മതിച്ചത് ജീവിതത്തിലെ പ്രധാന അനുഭമായാണ് അവർ കാണുന്നത്.പുറം ലോകം പുരുഷന്റേതും വീടകങ്ങൾ സ്ത്രീകളുടേതുമെന്ന പൊതു ബോധം ഏറ്റവും ഉറച്ചുപോയ ഇടങ്ങളിലൊന്നാണിത്. വിവേചനം വളരെ ചെറുപ്പത്തിൽതന്നെ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്. ഉത്തരവാദിത്തത്തിന്റെ ഭാരവും സംഘർഷങ്ങളും നിറഞ്ഞ സ്വാതന്ത്ര്യത്തെക്കാൾ അടിമത്തത്തവും വിധേയത്വവും നിറഞ്ഞ അസ്വാതന്ത്ര്യത്തിന്റെ അധമമായ ആനന്ദത്തിൽ മുഴുകാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
                    സത്യത്തിൽ രജത്കുമാർ എന്നത് നമ്മുടെ പൊതുബോധത്തിന്റെ ഐക്കണാണ്. നമ്മുടെ അമ്മമാരും അധ്യാപികമാരും കുട്ടികളോട് ഇതല്ലെങ്കിൽ വേറൊരു ഭാഷയിൽ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്അദ്ദേഹത്തിനു പകരം ഒരു സ്ത്രീയായിരുന്നെങ്കിൽ കോലാഹലമൊന്നും ഉണ്ടാകുമായിരുന്നില്ലഅദ്ദേഹത്തെ പരിഹസിച്ച്, ബാക്കി നമ്മുടെ സാമൂഹിക ഘടനയെല്ലാം വളരെ ഭദ്രമാണ് എന്ന കാഴ്ചപ്പാടു സൃഷ്ടിക്കുന്നത് മലയാളിയുടെ സ്വാഭാവികമായ കാപട്യമല്ലാതെ മറ്റൊന്നുമല്ല.
           പെൺകുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഒരുകാലത്ത് നമ്മുടെ നാട്ടിൽ പെൺപള്ളിക്കൂടങ്ങൾ ആരംഭിച്ചത്. അത് ആകാലത്തിൻറെ മാത്രം ആവശ്യമായിരുന്നു. സഹവിദ്യാഭ്യാസത്തെക്കുറിച്ച് അതിന്റെ ഗുണവശങ്ങളെക്കുറിച്ച് പണ്ടുമുതൽതന്നെ പഠനങ്ങൾ വന്നിട്ടുണ്ട്. ജനാധിപത്യത്തെയും ലിംഗനീതിയെയും അംഗീകരിക്കുന്ന രാജ്യങ്ങൾ അതിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.  ഇടകലർന്നുള്ള പഠനം മാനസികമായ ആരോഗ്യത്തിലേക്കു കുട്ടിയെ നയിക്കുന്നു. പരസ്പരം ബഹുമാനിക്കുന്ന സമീപനം അവരിൽ വളർന്നുവരുന്നു. സഹപഠനമില്ലാത്ത സ്കൂളുകളിൽ എതിർ ലിംഗത്തോടുള്ള ഇടപെടലിനു സാധ്യതയില്ലാതെ വരുമ്പോൾ അത് സ്വാഭാവികമായും വന്യഭാവനകളിലേക്കും വൈകൃതങ്ങളിലേക്കും വഴിമാറാനുള്ള സാധ്യത വളരെ കൂടുതലാണ്. എതിർലിംഗത്തോട് സ്വാഭാവികമായി ഇടപെടാനുള്ള ധൈര്യം നഷ്ടപ്പെടുമ്പോൾ പലപ്പോഴും അത് കമന്റടിയിലേക്കും മറ്റും വഴിമാറുക സ്വാഭാവികമാണ്. നമ്മുടെ പൂവാലരോഗികളിൽ ഭൂരിഭാഗവും ഇത്തരക്കാരാണ്. കേരളത്തിൽ  നഗരങ്ങളിലെ ഭൂരിഭാഗം സ്കൂളുകളും ആൺ പെൺ വിഭജനമുള്ളവയാണ്. ഇത്തരം നഗരങ്ങളാണ് സ്ത്രീകൾക്ക് ഏറ്റവും ഉപദ്രവകരമായ ഇടങ്ങൾ. സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയോടൊപ്പം ഈ വിഭജനം കൂടിയാകുമ്പോൾ പ്രശ്നങ്ങൾ കുറെക്കൂടി സങ്കീർണമാകുന്നു.
    മിക്സഡ് സ്കൂളുകളിൽ പോലും ആൺ പെൺ വിവേചനം വളരെ ശക്തമാണ്. രണ്ടു ശത്രു രാജ്യങ്ങളായി കാണാനുള്ള പരിശീലനമാണ് പലയിടങ്ങളിലും. ശത്രുരാജ്യങ്ങൾ ആയുധങ്ങൾ സംഭരിക്കുന്നതു പോലെയാണ് കരാട്ടേ പഠിച്ച് പുരുഷന്മാരെ നേരിടാമെന്നുള്ള വാദങ്ങൾ. കരാട്ടെയല്ല പരസ്പര ബഹുമാനം ശീലിപ്പിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആരോഗ്യകരമായ പുരോഗതി നേടാൻ കഴിയൂ. ഈ ലേഖനത്തിൽ പലയിടത്തും കരമന ഗേൾസ് സ്കൂൾ പരാമർശ വിഷയമായതിനു പ്രധാന കാരണം തൊട്ടപ്പുറത്ത് ഒരു ബോയ്സ് സ്കൂൾ ഉള്ളതാണ്.        തുറന്നരീതിയിൽ ഇടകലരാനും സ്വതന്ത്രമായി പെരുമാറാനും  അവർക്കു പരിശീലനം ലഭിച്ചെങ്കിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് മലയാളികളുടെ പൊതുസവിശേഷതയായ ലൈംഗിക വൈകൃതത്തിൽ(sexual perversion)നിന്ന് മോചനം നേടാൻ പറ്റൂ.  കോളേജുകളിലെത്തുമ്പോൾ ഇത്തരം ഇടപെടലിനു സ്വാതന്ത്ര്യമുണ്ട്. പക്ഷേ  അതുകൊണ്ട് കാര്യമില്ല. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത് കുട്ടിക്കാലമാണ്. ചെറുപ്പത്തിലേ ശീലിക്കുന്ന പലതും മനസ്സിൽ ഉറച്ചു പോകുന്നു. അതിൽ നിന്ന് വ്യക്തികൾക്ക് പെട്ടെന്നൊന്നും മോചനം നേടാൻ കഴിയുകയില്ല. നേഴ്സറി ക്ലാസ്സുമുതൽ ആൺകുട്ടികളും പെൺകുട്ടികളും വേറെ വേറെ ഇരിക്കുന്നതിന് എന്തുകാരണമാണ് അവർ സ്വയം കണ്ടെത്തുക? സത്യത്തിൽ നാം ഭയക്കുന്ന ലൈംഗികതയെ വളരെ ചെറുപ്പത്തിൽ തന്നെ അവരിൽ ഉറപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഒരു പക്ഷേ നാം വധശിക്ഷ വിധിക്കണം എന്നു മുറ വിളികൂട്ടുന്ന പല മാനഭംഗക്കാരും ഇത്തരം സാഹചര്യങ്ങളുടെ ഇരകളാണെന്നു കാണാണാൻ പറ്റും.
ഒരു പെൺകുട്ടിയെ ശരീരം മാത്രമായി കാണാനുള്ള പരിശീലനമാണ് നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും നടക്കുന്നത്. വിനയയുടെ ആത്മകഥയിൽ ഒരു വിവരിക്കുന്ന ഒരു സംഭവമുണ്ട്. കടൽക്കരയിൽ വിനോദയാത്രയ്ക്കു വന്ന കുട്ടികളിൽ ആൺകുട്ടികൾ മുഴുവൻ കടലിലിറങ്ങി കുളിക്കുന്നു. പെൺ കുട്ടികൾക്കതിനു കഴിയുന്നില്ല. വിനയ പറയുന്നു:കുളിച്ചു വസ്ത്രം മാറ്റുമ്പോൾ ഒരു നൊടിയിട തങ്ങളുടെ നഗ്നത ആരെങ്കിലും കാണുമോ എന്ന ഒരൊറ്റ ഭീതിയിൽ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദമാണ് അവർ നഷ്ടപ്പെടുത്തുന്നു എന്ന്.
          വളരെ ചെറുപ്പം മുതലേ പെൺകുട്ടികളിൽ വിവേചനമില്ലാത്ത തരത്തിൽ അഭിമാനബോധം വളർത്തുക എന്നത്  പരമപ്രധാനമാണ്. എന്നാൽ വീട്ടിൽനിന്നു മാത്രമല്ല ഉന്നതവിദ്യാഭ്യാസമുള്ളവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും ആത്മവിശ്വാസമുയർത്തുന്ന കാര്യങ്ങളല്ല പെൺകുട്ടികൾക്കു ലഭിക്കുന്നത് എന്നത് ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്. ഇതൊരു കരമന സ്കൂളിന്റെ കാര്യം മാത്രമല്ല.ഏറിയോകുറഞ്ഞോ കേരളത്തിലെ എല്ലാ സ്കൂളുകളുടെയും അവസ്ഥയാണിത്. മുടി രണ്ടായിപ്പകുത്തു മെടഞ്ഞിട്ടില്ലെങ്കിൽ പിഴ ഈടാക്കുന്ന സ്കൂളുകൾ നിരവധിയാണ്. രാവിലെ എഴുന്നേറ്റ് പഠനവും ഒരുക്കവും കഴിഞ്ഞ് മുടി കൂടി മെടഞ്ഞിടുമ്പോൾ സമയമില്ലാത്തതിനാൽ പലപ്പോഴും ഭക്ഷണമാണ് കുട്ടി ഉപേക്ഷിക്കുന്നത് എന്ന് തിരിച്ചറിയാൻ അധ്യാപികമാർക്കു കഴിയാറില്ല. തിരുവനന്തപുരത്ത് ഒരു സ്കൂളിലെ നോട്ടീസ് ബോർഡിൽ റിബ്ബൺ കെട്ടിയില്ലെങ്കിൽ അഞ്ചു രൂപ ഫൈൻ എന്ന അറിയിപ്പിനു താഴെ ഒരു വികൃതിക്കുട്ടിയുടെ കൈയെഴുത്ത്. ഉറങ്ങിയാൽ പത്തു രൂപ ഫൈൻ. ആലോചിച്ചു നോക്കിയിച്ചുണ്ടോ.എത്ര സാഹസികമായാണ് കുട്ടി തന്റെ പ്രതിഷേധം ചെറിയ ചുവരെഴുത്തിലൂടെ നിർവഹിച്ചിരിക്കുന്നത് എന്ന്. വല്ല വിധേനയും പിടിക്കപ്പെട്ടാൽ......
        നേഴ്സറിക്ലാസ്സിൽ മാത്രമല്ല, കോളജുകളിൽ പോലും ഇന്ന് യൂണിഫോമാണ്. ഒരു കൗമാരക്കാരൻ അവൻറെ വ്യക്തിത്വം അല്ലെങ്കിൽ വ്യതിരിക്തത പ്രകടമാക്കാൻ മുടിയൊന്നു സവിശേഷമായി വെട്ടിച്ചാൽ തൻറെ നായകനെപ്പോലെ കൃതാവു വെച്ചാൽ ശിക്ഷ ഉറപ്പാണ്. അത് ശാരീരികമാവണമെന്നില്ല അതിലും ഭീകരമായ അപമാനങ്ങളാവാം. ചൂരലിനു പകരം ഇന്ന് അധ്യാപകൻറെ കൈയിലുള്ളത് ഇൻറേണൽ മാർക്കാണ്. കോഴിക്കോടു ജില്ലയിൽ ഈപരീക്ഷക്കാലത്തു ടെലവിഷനിൽ കണ്ട വാർത്ത ഒരു വിദ്യാർഥിക്ക് ബുൾഗാനി താടി വെച്ചതിൻറെ പേരിൽ ഹോൾടിക്കറ്റ് നിഷേധിച്ചതാണ്.ഷേവ് ചെയ്യാതെ വരുന്ന ആൺകുട്ടിയെ ദിവസം മുഴുവൻ ക്ലാസ്സിനു പുറത്തു നിർത്തുന്നത് മറ്റൊരനുഭവം.ഡിസിപ്ലിൻറെ പേരിൽതന്നെ അതും. മരത്തണലിൽ ആൺകുട്ടികളും പെൺകുട്ടികളും ഇട കലർന്നിരിക്കുന്നതിൽ അലോസരം പൂണ്ട് ഒരു ഹയർസെക്കൻററി  പ്രിൻസിപ്പാൾ തണൽ മരങ്ങൾ മുഴുവൻ മുറിപ്പിച്ചു കളഞ്ഞതും കോഴിക്കോടു ജില്ലയിലാണ്.
         എതിർലിംഗത്തോടുള്ള ആകർഷണവും മറ്റും കൗമാരകുതൂഹലത്തിന്റെ സ്വാഭാവിക കാര്യങ്ങളാണെന്നു തിരിച്ചറിയാൻ പലപ്പോഴും അധ്യാപകർക്കു കഴിയാറുണ്ടോ എന്നു സംശയമാണ്. കുട്ടികളുടെ പ്രേമം കണ്ടുപിടിക്കുന്ന പോലീസുകാരാവുക എന്നത് അധ്യാപകരെ സംബന്ധിച്ച് ഏറ്റവും അപമാനകരമായ കാര്യമാണ്. ഒരു അധ്യാപിക വഴക്കു പറഞ്ഞിട്ട് മനശ്ശാസ്ത്ര ചികിൽസ വേണ്ടിവന്ന കരമനഗേൾസ് സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ കാര്യം തിരക്കാൻ ചൈൽഡ് വെൽഫെയയർ കമ്മറ്റി മുമ്പാകെ ഹാജരായ അധ്യാപികമാർ പറഞ്ഞത് കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടു വന്ന് ആൺകുട്ടികളുമായി സംസാരിക്കുന്നു. അതുതടയാൻ അവരുടെ ബേഗ് കർശനമായി പരിശോധിക്കാൻ തീരുമാനിച്ചപ്പോൾ അധ്യാപകർ തന്നെ എതിർത്ത് കുട്ടികൾക്കു പ്രേമിക്കാൻ വളം വെച്ചു കൊടുക്കുന്നു എന്നാണ്.  എവിടെയും അന്വേഷണങ്ങൾ ഒരിക്കലും കുട്ടികളിലെത്താറില്ല എന്നതാണ് സത്യം. പുതിയ വിദ്യാഭ്യാസ അവകാശനിയമം കുട്ടികളുടെ ബാഗ് പരിശോധന പോലുള്ള അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങളെ കർശനമായി വിലക്കിയിരിക്കുന്നു എന്ന കാര്യം കേരളത്തിലെ അധ്യാപകർ അറിഞ്ഞില്ലെങ്കിൽ മറ്റാര് അറിയാനാണ്? തന്റെ അനുഭവങ്ങളോട് മാന്യമായി പ്രതികരിക്കും എന്നു തോന്നിയാൽ  ഏതൊരു കുട്ടിയും അത് അധ്യാപകരോടോ രക്ഷിതാക്കളോടോ  പങ്കു വെക്കുകയുള്ളു. ഇത് എത്ര അധ്യാപകർക്കു കഴിയുന്നുണ്ട് എന്നതാണ് പ്രശ്നം. അതിനുതകുന്ന എന്തു പരിശീനലനമാണ് അധ്യാപകർക്കു ലഭിക്കുന്നുള്ളത്? നമ്മുടെ ടീച്ചർ എജുക്കേഷന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ചേഷ്ടാവാദസമീപനങ്ങളിൽ നിന്നും ജ്ഞാനനിർമ്മാണവാദത്തിലേക്കുള്ള പാഠ്യപദ്ധതി മാറ്റങ്ങൾ ട്രെയിനിങ്ങ് കരിക്കുലം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു പോലും സംശയമാണ്.
        അതുപോലെ തന്നെ കൗമാരവിദ്യാഭ്യാസത്തിന്റെ പേരിൽ കോടികൾ ചിലവഴിച്ച് പുസ്തകങ്ങൾ അച്ചടിക്കുകയും വിവാദങ്ങളുണ്ടായപ്പോൾ പിൻവലിക്കുകയും ചെയ്തത് നാം ഓർക്കുന്നുണ്ടാവും. വ്യക്തികളെ ശരീരാവയവങ്ങൾ മാത്രമായി കാണുന്നതും  മാനസികലോകത്തെ തീരെ പരിഗണിക്കാത്തതും  ജീവശാസ്ത്രജ്ഞാനത്തിന്റെ തലത്തിൽ മാത്രം സൃഷ്ടിക്കപ്പെട്ടവയുമായിരുന്നു പുസ്തകങ്ങൾ.  അതോടൊപ്പം നമ്മുടെ സവിശേഷമായ സാമൂഹിക സാംസ്കാരിക ഘടകങ്ങളെ തിരിച്ചറിയാതെ സാമൂഹികമായ വിലക്കുകൾ ഒന്നുമില്ലാത്ത പാശ്ചാത്യരാജ്യങ്ങളിലെ കൗമാരലൈംഗികവിദ്യാഭ്യാസത്തെ  അതേപടി അനുകരിച്ചതുമാവണം വിവാദങ്ങൾക്കു പ്രധാന കാരണമായത്.
              വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പ്ലേറ്റോ മുതലിങ്ങോട്ടുള്ള മുഴുവൻ ചിന്തകരുടെയും ആശയങ്ങളിലൂടെ സഞ്ചരിച്ചു നോക്കൂ. അതിൽ ജോലി നേടൽ എന്നത് ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ലക്ഷ്യം പോലുമാവില്ല. എന്നാൽ അതിനുവേണ്ടി മാത്രമുള്ള അതിനപ്പുറം ഒരു ലക്ഷ്യവുമില്ലാത്ത  വെറും കോച്ചിംങ്ങ്  ആയി മാറിയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസം. രക്ഷിതാക്കൾ കുട്ടികളുടെ ലോകത്തെ ഇത്രമേൽ മുരടിപ്പിച്ച മറ്റൊരു കാലമുണ്ടാവില്ല. എൻട്രൻസ് കോച്ചിങ്ങ് ക്ലാസ്സുകൾ എന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലൂടെ കടന്നു പോയ വിദ്യാർഥികളിൽ സൃഷ്ടിക്കുന്ന  മൂല്യബോധം ഒരു പരിഷ്കൃത സമൂഹത്തിനു സങ്കൽപ്പിക്കാൻ സാധിക്കാത്തതാണ്. ടെലിവിഷൻ,പത്രം,ഫോൺ,ഇൻറർനെറ്റ് ഇവയ്ക്കെല്ലാം നിരോധനം, പ്രത്യേകമായ ടൈംടേബിൾ,കർശനമായ മോണിട്ടറിങ്ങ്,നിരാക്ഷണ ക്യാമറകൾ, യാന്ത്രികമായ പരീക്ഷകളുടെ ആവർത്തനം…… കളിയും ചിരിയും ഉറക്കവും ഭക്ഷണവും സൗന്ദര്യാനുഭവങ്ങളുമെല്ലാം കർശനമായി നിയന്ത്രിക്കപ്പെട്ട ഒരു വൈതരണിയിലൂടെ -അതും മസ്തിഷികം  ഏറ്റവും ചലനാത്മകമാവേണ്ട ഒരു കാലം- നൂണ്ടു കടന്നു വരുന്ന കുട്ടികളിൽ നിന്ന് സമൂഹത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? ഭാവികേരളത്തിൻറെ നിർമ്മിതിയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പ്രതിലോമ സ്വഭാവം പ്രത്യേകം പഠനം അർഹിക്കുന്ന ഒന്നാണ്. സഹവർത്തിത പഠനത്തിൻറെ ഉയർന്ന തലമല്ല മറിച്ച്  തനിക്കു ലഭിച്ച പഠനക്കുറിപ്പുകൾ മറ്റൊരാൾക്കും കൈമാറരുതെന്നും അങ്ങിനെയുള്ളവരെ ദൈവം ശപിക്കുമെന്നൊക്കെയുള്ള അധമവിശ്വാസങ്ങളാണ് അവിടെ പഠിപ്പിച്ചുറപ്പിക്കുന്നത്. അവയാണ് കേരളത്തിലെ രക്ഷിതാക്കളുടെ ഐഡിയൽ വിദ്യാലയങ്ങൾ. ഇവയുടെ ബി ടീം ആയി മാറാനാണ് കേരളത്തിലെ ഹയർസെക്കൻററി സ്കൂളുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കേരളീയ സമൂഹം ആർജിച്ച നവോത്ഥാനമൂല്യങ്ങളെയെല്ലാം ചോർത്തിക്കളഞ്ഞ്,ബാക്കിയായ  നമ്മുടെ അവസാനിക്കാത്ത ആർത്തികളിൽ നിന്നും പുതിയ  ക്ലോണുകളെ സൃഷ്ടിക്കുന്ന  ഫാക്ടറികളായി മാറുകയാണോ  ഇന്നത്തെ വിദ്യാലയങ്ങൾ? . മാനവികത നഷ്ടപ്പെട്ട  യന്തിരൻമാരുടെ ലോകമാണോ വരാൻ പോകുന്നത് എന്നു നാം ഭയക്കേണ്ടിയിരിക്കുന്നു.    
    ആത്മാവിനുള്ള ചിക്കൻ സൂപ്പ് എന്ന പ്രചോദനാത്മക ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്ന ഒരു സംഭവമുണ്ട്. ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളജ് അധ്യാപകൻ തൻറെ വിദ്യാർഥികൾക്ക് ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി അവരുടെ ഭാവിജീവിതത്തെ വിലയിരുത്താനുള്ള ഒരു പ്രോജക്റ്റ് നൽകുകയുണ്ടായി. അവരുടെ പഠനഫലം നിരാശാജനകമായിരുന്നു. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള സാധ്യത അവർക്കു കണ്ടെത്താനായില്ല. അതുകൊണ്ട് ആ മുഴുവൻ കുട്ടികളുടെയും ഭാവി ഇരുളടഞ്ഞതാണെന്ന് ഉറപ്പിച്ച് കുട്ടികൾ അധ്യാപകന് റിപ്പോർട്ട് സമർപ്പിച്ചു. 25 വർഷങ്ങൾക്കു ശേഷം യാദൃശ്ചികമായി ആ റിപ്പോർട്ട് കാണാനിടയായ അവിടുത്തെ പുതിയൊരധ്യാപകന് അതിൽ വലുതായ കൗതുകം തോന്നി. തൻറെ വിദ്യാർഥികൾക്ക് അദ്ദേഹം നൽകിയ പ്രൊജക്റ്റ് ആ 200 പേർ ഇപ്പോൾ ഏതു രീതിയിലുള്ള ജീവിതം നയിക്കുന്നു എന്ന് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. പഴയ കുട്ടികളിൽ 180 പേരെയും ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ നേരത്തേ പ്രവചിക്കപ്പെട്ടതുപോലെ അവരിൽ ആരുടെയും ഭാവി ഇരുളടഞ്ഞതായിരുന്നില്ല. വൈദ്യവും വാസ്തുവിദ്യയുമെല്ലാം പഠിച്ച് എല്ലാവരും നല്ല നിലയിൽ കഴിയുന്നു.
    കൗതുകം മൂത്ത അധ്യാപകൻ പഴയചേരിനിവാസികളെക്കണ്ട് ഈ ജീവിതവിജയങ്ങളുടെ കാരണമാരാഞ്ഞു. അവരെല്ലാം ഒരൊറ്റ സ്വരത്തിൽ പറഞ്ഞത് തങ്ങളെ പഠിപ്പിച്ച ഒരു ടീച്ചറെക്കുറിച്ചാണ്. അപ്പോഴേക്കും വളരെ വൃദ്ധയായിക്കഴിഞ്ഞ ടീച്ചറെക്കണ്ടു പിടിച്ച് അയാൾ അഭിമുഖം നടത്തി. അവർ പറഞ്ഞത് താൻ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തില്ല, അവരെ സ്നേഹിച്ചു എന്നുമാത്രം. നമ്മുടെ കുട്ടികൾക്ക് ലഭിക്കാത്തതും ഈ ഒരൊറ്റ കാര്യമാണല്ലോ.  ഗുരുക്കളെല്ലാം  ലഘുക്കളായി മാറുന്ന ഈ പുതിയ  കാലത്ത് നമ്മുടെ കുട്ടികളെ ആരു രക്ഷിക്കാനാണ്?

2 comments:

നവംബറിന്റെ നഷ്ട്ടം said...

വളരെ അര്‍ത്ഥവത്തായ ലേഖനം ...

അഭിനന്ദനം

Unknown said...

നന്നായി🌹