Tuesday, March 26, 2013

ഭൂതവും വർത്തമാനവും

                       







ഭൂതകാലത്തെ ഇഷ്ടപ്പെടുന്നവരാണ് തൊണ്ണൂറ്റൊമ്പതു ശതമാനം പേരും. കുട്ടിക്കാലമാണ് നമുക്കേറ്റവും പ്രിയങ്കരമായ ഭൂതകാലം.ബാല്യത്തെക്കുറിച്ചു പാടാത്ത കവികളുണ്ടോ?
        അറിവിൻ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ നീ
        വെറുതെ സൗന്ദര്യത്തെക്കാണുന്ന കൺപൊട്ടിച്ചൂ
എന്നു ജി.
         മാനുഷ ഭവൽഭാഷയഭ്യസിച്ചപ്പോൾതന്നെ
         ഞാനയ്യോ മറന്നുപോയ് വിശ്വസുന്ദരഭാഷ..
 എന്നും പാടിയത് അദ്ദേഹം തന്നെ.  വരാനിരിക്കുന്ന കാലത്തിൻറെ കവിയാണ് താനെന്ന് (ഞാനനാഗതമായ കാലത്തിൻ കവി )  സ്വയം വിശേഷിപ്പിക്കുന്നുണ്ടങ്കിലും ഭൂതകാലത്തോടുള്ള  ഈ ആസക്തി അദ്ദേഹത്തിൽ വളരെ ശക്തമാണ്. ഇത് ഏറിയും കുറഞ്ഞും ലോകത്തിൽ എല്ലാ കവികളിലുമുണ്ട്. വർത്തമാനത്തെ ഉൾക്കൊള്ളാൻ, നേരിടാൻ കഴിയാതെ വരുമ്പോഴാണ് പൊതുവെ  ഈ താൽപര്യം ശക്തമാവുക. വർത്തമാനകാലത്തോടു പൊരുത്തപ്പെടാൻ കഴിയാത്ത ചില വൃദ്ധജനങ്ങൾ പറയും. ഇത് കലികാലം. പണ്ടെത്ര നല്ലതായിരുന്നു. പണ്ട് അത്ര നല്ലതായിരുന്നോ?
        അന്ന് എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യസം ലഭിക്കുമായിരുന്നോ?
        എല്ലാവർക്കും വഴി നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നോ?
        നീതിക്കു മുമ്പിൽ എല്ലാവരും തുല്യരായിരുന്നോ?
         സമ്പന്നരും ദരിദ്രരും തമ്മിൽ ഏതുതരം ബന്ധമായിരുന്നു?
  ഇങ്ങിനെ അനേകം ചോദ്യങ്ങൾ നമുക്ക് ചോദിക്കാവുന്നതാണ്.  നമുക്ക്  ഇഷ്ടപ്പെടുന്ന ഉത്തരമായിരിക്കില്ല ലഭിക്കുക. ആ കാലം നൽകിയ കയ്പ് മുഴുവൻ കുടിച്ച വ്യക്തിയാണെങ്കിലും ഭൂതകാലരതിക്കു കുറവൊന്നുമുണ്ടാകില്ല.
        ഒരു സ്കൂൾ കുട്ടിയോടു ചോദിച്ചു നോക്കൂ. ഒരു കുട്ടിയും കുട്ടിക്കാലത്തെ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. എല്ലാകുട്ടികളും  ആഗ്രഹിക്കുന്നത് മുതിരാനാണ്. മീശ വരച്ചും അച്ഛൻറെ കുപ്പായമിട്ടും  മുതിർന്നവരെ നിരന്തരം  അനുകരിച്ചു കൊണ്ടേയിരിക്കുന്ന കാലമാണത്. അവനറിയാം മനുഷ്യജീവിതത്തിൽ ഏറ്റവും പരാശ്രയത്വമുള്ള കാലം ബാല്യമാണെന്ന്. ഇത്ര ദീർഘമായ കുട്ടിക്കാലം  മറ്റേതൊരു  ജീവിക്കുണ്ട്? ഈ കുട്ടിയും മുതിരുമ്പോൾ പറയും കുട്ടിക്കാലം എത്ര മനോഹരമെന്ന്. പൂക്കളോടും പൂമ്പാറ്റകളോടും സംസാരിച്ചു കൊണ്ടിരുന്ന കാലമെന്ന്. ഒന്നു കുട്ടികളെ നിരീക്ഷിച്ചു നോക്കൂ. ഒരു പച്ചത്തുള്ളനെ കൈയിൽ കിട്ടിയാൽ അതിൻറെ ചിറകും കാലും പറിച്ച് തുള്ളാൻ പറയും. പൂമ്പാറ്റയെ പച്ചിലകൾ കൊണ്ടടിച്ചിടും. തുമ്പിയെ വാലിൽ നൂലു  കെട്ടും.  കല്ലെടുപ്പിക്കും.
       എന്നിട്ടും ഈ കവികളെല്ലാം ഹിംസാത്മകമായ ഈ കുട്ടിക്കാലത്തെക്കുറിച്ച് ഇത്ര വാചാലരാകുന്നതെന്തു കൊണ്ടാകാം? ഏറ്റവും അടിമത്തം നിറഞ്ഞതാണെങ്കിലും വാശിയും കരച്ചിലും കൊണ്ട് ഒരു ഫയൽവാനായ പിതാവിനെ പോലും ഊച്ചാളിയാക്കാൻ, ഏറ്റവും സന്തോഷകരമായ  ഒത്തുചേരൽ പോലും കുളം തോണ്ടാൻ ഒരു കുട്ടിക്കു കഴിയും. അതു കൊണ്ടാവണം കുട്ടികളെക്കുറി്ച്ചു പറയുമ്പോൾ വി കെ എൻ എപ്പോഴും മോൺസ്റ്റർ എന്നു പ്രയോഗിക്കുന്നത്. എങ്കിലും കുട്ടിക്കാലത്തിന് ഉത്തരവാദിത്തരാഹിത്യത്തിൻറേതായ ഒരു സുഖമുണ്ട്. നാമായി ഒന്നും ചെയ്യേണ്ടതില്ല. തന്നെക്കുറിച്ചല്ലാതെ വേറൊന്നും ആലോചിക്കേണ്ടതില്ല.

       മുതിരുമ്പോൾ ഉത്തരവാദിത്തങ്ങളോട് നിരന്തരം ഏറ്റു മുട്ടേണ്ടി വരുന്നു. അപ്പോൾ എല്ലാമനുഷ്യർക്കും ആ സംഘർഷത്തിൽ നിന്ന്  ഓടിയൊളിക്കാനുള്ള തുരുത്താണീ കുട്ടിക്കാലം. ഈ പ്രവണത വ്യക്തികളിൽ മാത്രമല്ല, സംഘടനകളിൽ പോലും നമുക്കു കാണാം. ഫണ്ടു പിരിവും സമ്മേളനം നടത്തലിനുമപ്പുറം ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാനറിയാതെ വർത്തമാനകാല രാഷ്ട്രീയ പ്രവർത്തനം നിഷ്ഠുര കൊലപാതകമാക്കി മാറ്റുമ്പോൾ പാർട്ടി  നേതൃത്വത്തിനും ഓടിയൊളിക്കാനുള്ളത് ഈ ഭൂതകാലത്തിലേക്കാണ്. ഇത് കൃഷ്മപിള്ളയും എ കെ ജിയും ഈ എം എസും ഉണ്ടാക്കിയ പാർട്ടിയാണെന്നു  നേതൃത്വം പറയാറുള്ളത് പലപ്പോഴും ഇത്തരം പ്രതിസന്ധികളിൽ പെട്ടുഴലുമ്പോഴാണ്.
       പറഞ്ഞു വന്നത് ഭൂതകാലത്തിലേക്കുള്ള ഈ പിൻമടക്കത്തിനു പിന്നിൽ  അടിമത്തത്തോടും ഉത്തരവാദിത്തരാഹിത്യത്തോടുമുള്ള അബോധമായ താൽപര്യമുണ്ടാകണം എന്നാണ്. നിങ്ങൾ സ്വാതന്ത്ര്യമാണോ അടിമത്തമാണോ ആഗ്രഹിക്കുന്നത് എന്നു ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരം സ്വാതന്ത്ര്യം എന്നായിരിക്കും.  അടിസ്ഥാനപരമായി മനുഷ്യന് അടിമത്തമാണിഷ്ടം.  തൊണ്ണൂറ്റൊമ്പതു ശതമാനം പേരും അവരറിയാതെ തന്നെ പെട്ടുപോയ വിശ്വാസങ്ങളുടെ ആശയങ്ങളുടെ പ്രസ്ഥാനങ്ങളുടെ അടിമകളല്ലെങ്കിൽ മറ്റെന്താണ്?
          സ്വന്തം ആത്മാവിനെ നിരന്തരം കീറിമുറിക്കാൻ സംഘർഷങ്ങളിലൂടെ വലിച്ചിഴയ്ക്കാൻ ധൈര്യപ്പെടുന്നവർ എത്ര പേരുണ്ട്? സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ല. സ്വയം തിരിച്ചറിയുക എന്ന കാൽവരി യാത്രയാണത്.
              
        

No comments: