Thursday, March 26, 2020

നമ്മുടെ പോലീസിന്‍റെ ജനിതക പ്രശ്നങ്ങള്‍.


നമ്മുടെ പോലീസിന്‍റെ ജനിതകപ്രശ്നങ്ങൾ.
(2018 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)

ജോൺ എബ്രഹാമിന്‍റെ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങൾ എന്ന സിനിമ മലയാളിയുടെ പോലീസ് ഭയത്തിന്‍റെ യഥാർഥമായ ആവിഷ്‌ക്കാരമാണ്. ചെറിയാച്ചൻ എന്ന കുട്ടനാടൻ ഇടത്തട്ടുകാരൻ പോലീസിനെ പേടിച്ച് കട്ടിലിനടിയിലും തട്ടിൻ പുറത്തും ഒളിക്കുന്നു. ഭയത്തിന്‍റെ പാരമ്യത്തിൽ അയാൾ തെങ്ങിൻ മുകളിലാണ് അഭയം കണ്ടെത്തുന്നത്. താഴേക്കിറങ്ങാൻ ചെറിയാച്ചൻ കൂട്ടാക്കുന്നില്ല. ഒടുവിൽ തെങ്ങിൻ മുകളിൽ നിന്നും അയാൾ താഴേക്കു ചാടി മരണത്തിനു കീഴടങ്ങുന്നു.   ഒരു ജനതയുടെ മനോഭാവം ആ സമൂഹത്തിന്‍റെ കലയിലും സംസ്‌കാരത്തിലും പ്രതിഫലിക്കും. നമ്മുടെ സിനിമകളെ വിശകലനം ചെയ്താൽ ഇതിന് ഉപോൽബലകമായ തെളിവുകൾ ഏറെ ലഭിക്കും. നല്ല സിനിമകൾ ജനതയുടെ അനുഭവയാഥാർഥ്യങ്ങളിലേക്കു കടന്നു ചെല്ലുമ്പോൾ ജനപ്രിയസിനിമകൾ അതിനെ മറ്റൊരു രീതിയിൽ പരിഹരിക്കാൻ ശ്രമിക്കും.
            എന്തു കൊണ്ടാവാം മലയാളിക്ക് ഇത്രമേൽ പോലീസിനെ പേടി? സ്വാതന്ത്ര്യം നേടിയിട്ടും പോലീസതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുകയാണുണ്ടായത്. ആദ്യത്തേത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മുന്നേറ്റങ്ങൾക്കു നേരെയുണ്ടായ ഭയാനകമായ അതിക്രമങ്ങളും ക്രൂരമായ അടിച്ചമർത്തലുകളായിരുന്നു. പോലീസ് നടത്തിയ നരനായാട്ടിന്‍റെ കഥകൾ ഗ്രാമാന്തരങ്ങളിൽ പടർന്നു. സംരക്ഷണം എന്നതിനു പകരം പോലീസിന്‍റെ അർഥം ഭയം എന്നായി മാറി. കെ പി അപ്പൻ ഒരു കുറിപ്പിൽ പോലീസ് ഭയവുമായി ബന്ധപ്പെട്ട ഒരു സാഹചര്യം വിശദീകരിക്കുന്നുണ്ട്. എന്‍റെ നാട് ആലപ്പുഴയാണ്. സനാതനധർമ്മവിദ്യാശാലയിലാണ് ഞാൻ പഠിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാൻ സ്‌കൂളിൽ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോഴാണ് അതു കണ്ടത്. പോലീസ് ഇൻസ്‌പെക്ടർ സത്യനേശൻ ഒരാളെ നിഷ്ഠുരമായി മർദ്ദിക്കുന്നു. അയാളൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവർത്തകനായിരുന്നു. അയാളുടെ ചുണ്ടുകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. അയാൾ അവശനായിരുന്നു. എങ്കിലും അയാൾ തോൽക്കുന്നില്ലെന്ന് എനിക്കു തോന്നി. കൂടി നിന്നവർ അമർഷവും വേദനയും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. വാസ്തവത്തിൽ ചോരകൊണ്ടു മാത്രം വീട്ടേണ്ട ഒരു കടമായിരുന്നു അത്. എന്നാൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം സത്യനേശൻ സത്യൻ എന്ന നടനായപ്പോൾ ജനങ്ങൾ അദ്ദേഹത്തിന് സ്‌നേഹവും നൽകി. പൂജിച്ചു സ്വീകരിച്ചു. ഇതാണ് ദൈവത്തിന്‍റെ നിരീശ്വരത്വം. പിൽക്കാലത്ത് സത്യൻ എന്ന നടന്‍റെ സിനിമകൾ കണ്ടപ്പോൾ ആദ്യമൊക്കെ അഭിനയവുമായി ഇണങ്ങിപ്പോകാൻ എനിക്കു പ്രയാസമായിരുന്നു. ഇത് എന്‍റെ ഓർമ്മയുടെ ദൈവനിഷേധമാണ്. (ഓർമ്മ വാള്യം 2, എഡിറ്റർ ഷെൽവി. മൾബെറി ബുക്‌സ്) കെ പി അപ്പന്‍റെ വാക്കുകൾ ഒരു കാലഘട്ടത്തിന്‍റെ കാഴ്ചയാണ്.
            രണ്ടാം ഘട്ടം അറുപതുകളോടെ നക്‌സൽ വേട്ടയുടെ പേരിൽ അരങ്ങേറിയ കിരാതമായ പോലീസ് മർദ്ദനമാണ്. വർഗീസിന്‍റെ കൊലപാതകമാണ് ആ കാലഘട്ടത്തിന്‍റെ അടയാളങ്ങളിലൊന്ന്. പോലീസ് സ്റ്റേഷന്‍റെ കമ്പിയഴികളിൽ പിടിച്ചു നിൽക്കുന്ന അജിതയെന്ന പെൺകുട്ടിയുടെ ചിത്രം മറ്റൊന്ന്.  മർദ്ദകവീരന്മാരായ ഈ പോലീസുകാർക്ക് അടിയന്തിരാവസ്ഥയെന്ന സുവർണ്ണകാലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കക്കയം പോലുള്ള ക്യാമ്പുകൾ, ഉരുട്ടൽ പോലുള്ള ഭയാനകമായ മർദ്ദനരീതികൾ, കസ്റ്റഡി മരണങ്ങൾ, രാജന്‍റെ തിരോധാനം ഇവയെല്ലാം അടിയന്തിരാവസ്ഥയുടെ ബാക്കിപത്രങ്ങളാണ്. കുപ്രസിദ്ധി നേടിയ അടിയന്തിരാവസ്ഥയ്ക്കു ശേഷമായിരുന്നു ചെറിയാച്ചന്‍റെ പിറവി. അമ്മ അറിയാനിലും അടിയന്തിരാവസ്ഥയിലെ കിരാതമായ പോലീസതിക്രമങ്ങളുടെ നിഴൽ വീണുകിടക്കുന്നുണ്ട്. പോലീസിന് അമിതാധികാരം കിട്ടിയ ആ കാലത്തെ നമ്മുടെ പോലീസ് ഇപ്പോഴും ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ട്.
             1861 ലാണ് സമഗ്രമായ ഒരു പോലീസ് നയം ഇന്ത്യയിലുണ്ടാകുന്നത്. കൊളോണിയൽ ഭരണകൂടം അതിന്‍റെ അധികാരസ്ഥാപനത്തിനു വേണ്ടിയാണ് ഭരണകൂടത്തിനു നേരിട്ടു നിയന്ത്രണമുള്ള ഒരു പോലീസ് സംവിധാനം രൂപപ്പെടുത്തിയത്. പക്ഷേ സ്വാതന്ത്ര്യം കിട്ടിയിട്ടും അതിന്‍റെ നടത്തിപ്പ്, ദർശനം,  മൂല്യവ്യവസ്ഥ, ധാർമ്മികത എന്നിവയെല്ലാം മാറ്റമില്ലാതെ നിലനിന്നു. ഭരണകൂടം പൊലീസിനു മേൽ നിയന്ത്രണവും അധികാരവും നിലനിർത്തി. അധികാരത്തോടും നാടുവാഴിത്തത്തോടും അതു ചേർന്നു നിന്നു. സാധാരണ ജനതയെ ശത്രുപക്ഷത്തു നിർത്തി. ബ്രിട്ടീഷ് പോലീസിന്‍റെ സ്വഭാവമായിരുന്നില്ല അതിന്‍റെ കോളനിരാജ്യങ്ങളിലെ പോലീസിന്‍റെത്. കോളനി രാജ്യങ്ങളിൽ പോലീസിന്‍റെ ധർമ്മം കൊളോണിയൽ ചൂഷണങ്ങൾക്ക് സഹായകരമായിരിക്കുകയും തദ്ദേശീയമായ പ്രതിഷേധങ്ങളെ മർദ്ദിച്ചൊതുക്കുകയുമാണ്. സ്വന്തം ജനതയെ തല്ലിയൊതുക്കാൻ അതേ ജനതയെത്തന്നെ ഉപയോഗിക്കുന്നത് എല്ലാ കൊളോണിയൽ ഭരണകൂടങ്ങളുടെയും രീതിയാണ്. 
             ഇതുകൊണ്ടുതന്നെയാവാം പോലീസ് സേനയുടെ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ആദ്യത്തെ ജനകീയമന്ത്രിസഭ  ശ്രമം നടത്തിയത്. സ്വാതന്ത്ര്യം ലഭിച്ചിട്ടും സ്വന്തം ജനതയെ ശത്രുവായിക്കാണുന്ന ബ്രിട്ടീഷ് പോലീസ് മനോഭാവത്തിൽ നിന്നും പോലീസ് സേനയെ മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നന്നായറിയാവുന്നവരായിരുന്നു  പോലീസ് മർദ്ദനങ്ങൾക്കിരയായ ഭരണകക്ഷി നേതൃത്വം. എൻ സി ചാറ്റർജിയുടെ നേതൃത്വത്തിൽ പോലീസ് നവീകരണത്തിനു വേണ്ടി ഒരു കമ്മിഷനെ അവർ നിയമിച്ചു. പക്ഷേ അതു നടപ്പിൽ വരുത്തുന്നതിനു മുമ്പേ സർക്കാർ പിരിച്ചുവിടപ്പെട്ടു.
            നമ്മുടെ സാമൂഹിക സ്ഥാപനങ്ങളിൽ പോലീസിന് ഏറ്റവും നിർണായക സ്ഥാനമുണ്ട്. ഗവണ്മെന്‍റിനെ മുന്നോട്ടു നയിക്കുന്ന ഏജൻസികളിൽ ദൃശ്യത കൂടുതൽ അതിനാണ്.  അവരുടെ പ്രവൃത്തികൾ മറച്ചു വെക്കാനാവില്ല. സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും അവരുടെ ഉത്തരവാദിത്തം വ്യാപിച്ചിരിക്കുന്നു. എല്ലാവരുമായും അത് ബന്ധപ്പെടുന്നു. മനുഷ്യജീവിതത്തിന്‍റെ സവിശേഷമേഖലകളിൽ ഒതുങ്ങിനിൽക്കുന്ന മറ്റു ജീവനക്കാരെ അപേക്ഷിച്ച്  പോലീസിന്‍റെ സാന്നിധ്യം വ്യത്യസ്തമാണ്. മറ്റാർക്കുമില്ലാത്ത അധികാരവും പോലീസിന് കൈമുതലായുണ്ട്. മനുഷ്യരുടെ സ്വകാര്യതകളിൽ ഇടപെടാനടക്കമുള്ള പോലീസിന്‍റെ അധികാരമാണ് അതിനെ മറ്റു സാമൂഹികസ്ഥാപനങ്ങളിൽ നിന്നും അകറ്റി നിർത്തുന്നത്. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ നിഷേധിക്കാനുമതിനു കഴിയും. ഇതെല്ലാം  ഈ സംവിധാനത്തിന് ഭയത്തിന്‍റെയും ഉല്ക്കണ്ഠയുടെയും പരിവേഷം നല്കുന്നു.
            ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തിലൂടെ കടന്നു പോവുകയാണെങ്കിൽ രാഷ്ട്രീയമായ പരമാധികാരം അവിടുത്തെ പോലീസിലും പ്രതിഫലിക്കുന്നുണ്ടെന്നു കാണാൻ പറ്റും. അതേസമയം ഉയർന്ന വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുന്ന ജനാധിപത്യരാജ്യങ്ങളിൽ  പോലീസിന്‍റെ പ്രവർത്തനങ്ങളും പ്രതിച്ഛായയും തിളക്കമുള്ളതായിരിക്കും. ബ്രിട്ടണും സ്‌കാന്‍റിനേവിയൻ രാജ്യങ്ങളും ഉദാഹരണം. രാഷ്ട്രീയജീവിതത്തിന്‍റെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെട്ട ഒരു പട്ടിക തയ്യാറാക്കുകയാണെങ്കിൽ അതും പോലീസിന്‍റെ സ്വാഭാവസവിശേഷതകളും തമ്മിൽ ഗാഢമായ ബന്ധം ഒരാൾക്കു ദർശിക്കാൻ കഴിയും. ആ അർഥത്തിൽ ഒരു ജനത അർഹിക്കുന്ന ഭരണാധികാരിയെ അവർക്കു  കിട്ടുമെന്നതു പോലെ അർഹിക്കുന്ന പോലീസിനെയും കിട്ടും എന്നു പറയാറുണ്ട്. എന്നാൽ ഈ നിലപാടിനെ ചാൾസ് റെയ്ത്ത് തുടങ്ങിയ പല സാമൂഹ്യശാസ്ത്രജ്ഞരും അംഗീകരിക്കുന്നില്ല.  ബ്രിട്ടണിൽ 150 വർഷമായുള്ള പ്രാതിനിധ്യജനാധിപത്യവ്യവസ്ഥയോടൊപ്പം രൂപപ്പെട്ടതാണ് പൊതുസമൂഹത്തോടും കുറ്റവാളികളോടും ഒരു പോലെ ശക്തിപ്രകടിപ്പിക്കാത്തതും നിഷ്പക്ഷവുമായ ഒരു പോലീസ് സേന.  നിയമവ്യവസ്ഥയോട് ആദരവും കൂറും പുലർത്തുന്ന ബ്രിട്ടീഷ് ജനതയുടെ സ്വഭാവത്തോടൊപ്പം  പോലീസിന്‍റെ മാതൃകാപരമായ പെരുമാറ്റവും ലോകപ്രസിദ്ധമാണ്. എന്നാൽ ഇത് ആദികാലം മുതലുള്ളതല്ലെന്നും 1829 ലെ റോബർട്ട് പീലിന്‍റെ സമഗ്രമായ പോലീസ് നിയമത്തിനു ശേഷം രൂപപ്പെട്ടതാണെന്നും സർ ചാൾസ്  റെയ്ത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്.
            ജനതയുടെ സ്വഭാവത്തിന്‍റെ പ്രതിഫലനം മാത്രമായി ബ്രിട്ടീഷ് സാഹചര്യത്തെ വായിച്ചെടുക്കാൻ സാധ്യമല്ല എന്നാണിതു ചൂണ്ടിക്കാട്ടുന്നത്. നിയമപാലകർ മാറുമ്പോൾ സമൂഹം മാറും. പോലീസ് അതിക്രമങ്ങളുടെ പേരിൽ വിമർശം നേരിടുന്ന രാജ്യമാണ് അമേരിക്ക. നിയമരാഹിത്യത്തിന്‍റെയും അക്രാമകതയുടെയും ഭൂതകാലമുണ്ടായിരുന്ന അമേരിക്ക ആയുധസജജ്ജരായ പോലീസ് സൈന്യത്തെയാണ് ഇന്നും ആശ്രയിക്കുന്നത്. അമേരിക്കൻ സമൂഹത്തിന്‍റെ നിയമരാഹിത്യവും മൃഗീയതയും അഴിമതിയും അമേരിക്കൻ സ്വഭാവമാണെന്നും അതിന്‍റെ പ്രതിഫലനം പോലീസിലുണ്ടാവുമെന്നുമുള്ള ചില വാദങ്ങളെയാണ്  റെയ്ത്ത് നിഷേധിക്കുന്നത്. പോലീസ് കാര്യക്ഷമതയുള്ളതും അഴിമതിയില്ലാത്തതും നിയമത്തെ അനുസരിക്കുന്നതുമായാൽ സാമൂഹികജീവിതം മാറുമെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
            സ്വാതന്ത്ര്യാനന്തരവും ജനങ്ങളിൽ ഭയം ഉൽപ്പാദിപ്പിക്കും വിധമുള്ള അകലം പാലിച്ചു കൊണ്ട് ജനാധിപത്യത്തിന്റെ ആവശ്യകതകളോട് ഇന്ത്യയിലെ പോലീസ് നിശ്ശബ്ദത പുലർത്തി. കൊളോണിയൽ ഭരണത്തിൽ നിന്നും ജനാധിപത്യ യുഗത്തിലേക്കുള്ള മാറ്റം പോലീസ് സേനയ്ക്ക് ബാധകമായതേയില്ല. യൂറോപ്യൻ രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി രൂപപ്പെട്ടു വന്ന ജനാധിപത്യക്രമം ഇന്ത്യയ്ക്ക് അന്യമാണ്. ജാതി, സമ്പത്ത്, പദവികൾ തുടങ്ങി അനവധിയായ മേൽകീഴ് അവസ്ഥകൾ മാറാതെ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ഏട്ടിലെ പശുമാത്രമാണ് ജനാധിപത്യം. സ്‌നേഹമല്ല, ഭയമാണ് അധികാരരാഷ്ട്രീയം ജനതയിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഭയപ്പെടുത്താനും അധികാരം സ്ഥാപിക്കാനും കഴിയുന്ന പോലീസ് സംവിധാനം നമ്മുടെ പ്രധാന വകുപ്പുകളിലൊന്നായി മാറിയതും.  വിവിധ രാഷ്ട്രീയപാർട്ടികൾക്ക് തങ്ങളുടെ ഗുണത്തിനു വേണ്ടി പോലീസ് സംവിധാനത്തെ ഉപയോഗിക്കാനുള്ള സാഹചര്യമാണ് ഇതുകൊണ്ടുണ്ടായത്.         
            1861 ലെ ബ്രിട്ടീഷ് പോലീസ് ആക്ടാണ് സ്വാതന്ത്ര്യാനന്തരവും നാം സ്വീകരിച്ചത്. അതിന്‍റെ നൂറാം വാർഷികത്തിൽ, 1961 ൽ കേരളം പുതിയ പോലീസ് നയം രൂപവൽക്കരിച്ചു. പക്ഷേ ബ്രീട്ടീഷ് പോലീസ് നയത്തിന്‍റെ തുടർച്ച മാത്രമായിരുന്നു അത്. പിന്നീടും  പോലീസ് നവീകരണത്തിനായുള്ള റിപ്പോർട്ടുകൾ പലതു വന്നെങ്കിലും ഒന്നും നടപ്പിലാക്കപ്പെടുകയുണ്ടായില്ല. 2010 ലാണ്  പഴയ ആക്ടിലെ കുറവുകളെല്ലാം പരിഹരിച്ച് പുതിയതൊന്ന് പാസാക്കിയത്. പക്ഷേ അത് നടപ്പിലാക്കേണ്ട ചട്ടങ്ങളൊന്നും രൂപപ്പെടുത്തുകയുണ്ടായില്ല. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് പോലീസിങ്ങിൽ നിന്നും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കേരളാ പോലീസിലുണ്ടായിട്ടില്ല.
            ബ്രിട്ടീഷ് ഭരണവും രാജവാഴ്ചയും നിലനിർത്താൻ വേണ്ടി രൂപകൽപ്പന ചെയ്തതായിരുന്നു ഇന്ത്യയിലെ പോലീസ് സംവിധാനം. കേരളത്തിൽ തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണത്തിൻ കീഴിലും മലബാറിൽ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമുള്ള പോലീസ് സംവിധാനമാണുണ്ടായിരുന്നത്. സ്വാതന്ത്ര്യം നേടിയപ്പോൾ നേരത്തേ സേനയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും പുതിയ പോലീസ് സേനയുടെ ഭാഗമായി. അതുകൊണ്ട് സേനയുടെ മനോഭാവത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. ബ്രിട്ടീഷുകാർക്കെതിരായ ചെറുത്തുനിൽപ്പും ആക്രമണവും ഏറ്റവും കൂടുതൽ നടന്ന പ്രദേശം മലബാറായിരുന്നു. അതുകൊണ്ടു തന്നെയാണ് അന്ന് പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്‌കോക്കിന്‍റെ മുൻകൈയ്യിൽ മലബാർ സ്‌പെഷൽ പോലീസിന് രൂപം കൊടുത്തത്. ജനതയെ അടിച്ചൊതുക്കുന്നതിൽ കുപ്രസിദ്ധി നേടിയ എം എസ് പിക്ക് നൽകിയിരുന്നത് യുദ്ധം നയിക്കുന്ന പട്ടാളത്തിനു വേണ്ട ട്രെയിനിങ്ങായിരുന്നു. മലബാറിൽ എം എസ് പി ഭയത്തിന്‍റെ പര്യായമായിരുന്നു.
             വാഗൺ ട്രാജഡിയുടെ പേരിൽ ഹിച്ച്‌കോക്ക് പിന്നീട് വിചാരണ നേരിട്ടെങ്കിലും സാമ്രാജ്യത്തിനു നൽകിയ സേവനങ്ങളുടെ പേരിൽ കുറ്റവിമുക്തനാക്കപ്പെട്ടു.  പോലീസുകാരിൽ നിന്നു തന്നെ പിരിവെടുത്ത് ഹിച്ച്‌കോക്കിനൊരു സ്മാരകം പോലീസധികാരികൾ വള്ളുവമ്പ്രത്ത് സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം, കേരളീയർക്ക് അപമാനമായ ആ സ്മാരകം പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്‍റെയും മറ്റും നേതൃത്വത്തിൽ രാജഗോപാലാചാരിക്ക് നിവേദനം നൽകുന്നുണ്ട്. പക്ഷേ സ്വാതന്ത്ര്യം കിട്ടി 20 വർഷത്തോളം അതവിടെ നിലനിന്നു. 1967 ൽ ഇ എം എസ് ഗവണ്മെന്റ് ആ സ്മാരകം പൊളിച്ചു നീക്കാൻ എം എസ് പിക്കു നിർദ്ദേശം നൽകി. പക്ഷേ പോലീസധികാരികൾ അത് വള്ളുവമ്പ്രത്തു നിന്ന് എം എസ് പി ക്യാമ്പിലേക്കു മാറ്റുകയായിരുന്നു. 1988 ൽ ആ പ്രതിമ പരേഡ് ഗ്രൌണ്ടിൽ സ്ഥാപിക്കാനുള്ള എം എസ് പി അധികാരികളുടെ  ശ്രമം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോൻ പറഞ്ഞത് ഹിച്ച്‌കോക്കിന്‍റെ പ്രതിമ താല്പര്യമുള്ളവർക്ക് സ്ഥാപിക്കാം, പക്ഷേ അത് ഇവിടെ വേണ്ട, ബ്രിട്ടണിൽ കൊണ്ടു പോയി സ്ഥാപിച്ചാൽ മതി എന്നാണ്.(കേരളത്തിലെ പോലീസ് സംഘടന ഒരു സത്യാന്വേഷണം- കെ ജെ ജോർജ് ഫ്രാൻസിസ്. പേജ് 31) ഇക്കാര്യം വിശദീകരിച്ചത് സ്വാതന്ത്ര്യം കിട്ടിയിട്ടും നമ്മുടെ പോലീസിനെ പ്രചോദിപ്പിക്കുന്നത് ഗാന്ധിജിയോ നെഹ്രുവോ അല്ല മർദ്ദകവീരനായ ഹിച്ച്‌കോക്കാണ് എന്നു സൂചിപ്പിക്കുവാനാണ്. ബ്രിട്ടീഷുകാരു പോയെങ്കിലും അവരുടെ പോലീസ് ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു.
             ജന്മിമാർ, തോട്ടമുടമകൾ, കായൽരാജാക്കന്മാർ, വ്യവസായികൾ ഇവർക്ക് വേണ്ട കങ്കാണിപ്പണിയായിരുന്നു സ്വാതന്ത്ര്യാനന്തരവും പോലീസിന്‍റെ പ്രധാന ജോലി. എന്നാൽ തൊഴിൽ പ്രശ്‌നങ്ങളിൽ പോലീസ് ഇടപെടേണ്ടതില്ല എന്ന നയം ആദ്യമന്ത്രിസഭ മുന്നോട്ടു വെച്ചത് പോലീസ് സേനയെ അങ്കലാപ്പിലാക്കുകയുണ്ടായി. നാട്ടുപ്രമാണിയമാരുമായുള്ള അവിശുദ്ധബന്ധത്തിലൂടെ ലഭ്യമാകുന്ന പല സൌഭാഗ്യങ്ങളും നഷ്ടപ്പെടുന്നതിൽ പോലീസിലെ ഭൂരിഭാഗവും അസ്വസ്ഥരായിരുന്നു. പ്രമാണിമാർക്കു വേണ്ടി തൊഴിലാളികളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും മർദ്ദിച്ചൊതുക്കി നീതി നടപ്പാക്കുന്ന പോലീസ് രീതിയിൽ നിന്നു ഭിന്നമായി ലേബർകോടതികൾ പോലുള്ള സംവിധാനങ്ങളിലൂടെയാണ് തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എന്നതായിരുന്നു ആ നയത്തിന്‍റെ സത്ത. ബ്രിട്ടീഷ് സാമ്രാജ്യത്തോടും നാടുവാഴിത്തത്തോടും പോലീസ് പുലർത്തിയിരുന്ന കൂറും അവരുടെ മനോഭാവവും കൃത്യമായി തിരിച്ചറിയാൻ ഇ എം എസിനു കഴിഞ്ഞിരുന്നു. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നു ആവശ്യപ്പെട്ട പോലീസുകാരോട് അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ ഞാനോ എന്റെ പാർട്ടിയോ എതിരല്ല. ഈയൊരാവശ്യം കുറച്ചു പേരുടേതല്ല മറിച്ച് സംസ്ഥാനത്തെ പോലീസുകാരുടെ പൊതുവികാരമായി ഉയർന്നു വരേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തിൽ സംഘടനാസ്വാതന്ത്ര്യം അനുവദിച്ചാൽ നിങ്ങൾ നിങ്ങളുടെ ഐ ജിയെ ആയിരിക്കും നേതാവായി തെരഞ്ഞെടുക്കുക. 
            ഒരു പോലീസിനെ രൂപപ്പെടുത്തുന്നതിൽ പരിശീലനങ്ങൾക്ക് വലുതായ പങ്കുണ്ട്. ദൈർഘ്യത്തിലും സ്വഭാവത്തിലും ലോകത്തെവിടെയും പോലീസ് ട്രെയിനിങ്ങ് വ്യത്യാസപ്പെട്ടിരിക്കുന്നു. അമേരിക്കയിൽ ശരാശരി 19 ആഴ്ചത്തെ പരിശീലനമാണ് പോലീസിനുള്ളത്. നോർവേയിൽ മൂന്നു വർഷം കൊണ്ടേ പരിശീലനം പൂർത്തിയാവൂ. പോലീസ് നന്നായി പ്രവർത്തിക്കുന്ന സ്‌കാന്‍റിനേവ്യൻ രാജ്യങ്ങളിൽ സമഗ്രമായ കരിക്കുലത്തിലൂടെ രണ്ടു വർഷത്തിൽ കുറയാത്ത പരിശീലനങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ഇവിടെയാകട്ടെ സാധാരണ പോലീസ് സേനയിൽ 9 മാസത്തെ ട്രെയിനിങ്ങാണുള്ളത്.  ബ്രിട്ടീഷുകാരന് തദ്ദേശീയരെ മർദ്ദിച്ചൊതുക്കാനുള്ള ശരീരം മാത്രമായിരുന്നു പോലീസ്. അതുകൊണ്ടു തന്നെ ശാരീരികക്ഷമതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവയായിരുന്നു അന്നത്തെ പരിശീലനങ്ങൾ. മാപ്പിള ലഹള പോലുള്ള തദ്ദേശീയമായ പ്രതിഷേധങ്ങളെ മർദ്ദിച്ചൊതുക്കാൻ വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടു വന്ന ഡ്രിൽ മാന്വൽ തന്നെയാണ് നമ്മുടെ പോലീസ് പരിശീലനത്തിലും നിലനിൽക്കുന്നത്. അക്രാമകമായ ഡ്രില്ലുകളാണ് അതിൽ മുഖ്യം. ഒരു ശത്രുവിനെ മുന്നിൽ കണ്ട്  ലാത്തി കൊണ്ട് തലയും തോളുമെല്ലാം അടിച്ചു തകർക്കാനുള്ള പരിശീലനങ്ങൾ. സ്വന്തം ജനതയെ അടിച്ചൊതുക്കാനുള്ള തന്ത്രങ്ങൾ. ജനങ്ങളെ ശത്രുക്കളായിക്കാണുമ്പോഴാണ് അക്രാമകമായ ഡ്രില്ലുകൾ വേണ്ടിവരുന്നത്.
            ഉയർന്ന ജനാധിപത്യം പുലരുന്ന രാജ്യങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ശാരീരിക പരിശീലനങ്ങൾ. സ്വാതന്ത്ര്യാനന്തരവും ജനതയെ ശത്രുക്കളായിക്കാണുന്ന പോലീസ് രീതിയിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല. കേരളാപോലീസിന്‍റെ  വെബ്‌സൈറ്റിൽ ഇപ്പോഴും വായിക്കാം: The Lathy & Shield Drill which Kerala Police is practising at present is introduced by British colonial Government and the procedures are included in the Madras police manual of 1931. Many criticism were arised against this drill such as it is unscientific and brutal. As per the directions of State Police Chief of Kerala, Shri. Loknath Behera IPS, Principal of the Police Training College Shri. K Sethuraman IPS modified and introduced a reformed version of Lathy & Shield drill. The main variations of the Lathy & Shield Drill are High barrier formation, Chain formation, Wall formation, VIP protection etc.
            ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് ആണ് പോലീസ് അക്കാദമിയിലൂടെ ട്രെയിനിങ്ങിൽ മനുഷ്യത്വപരമായ ചില പരിഷ്‌ക്കാരങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചത്. ശാരീരികക്ഷമതയ്ക്കപ്പുറം അവരുടെ ബൌദ്ധികവും മാനസികവുമായ തലങ്ങൾക്ക് ഊന്നൽ നൽകും വിധം ഒരു കരിക്കുലത്തിനു രൂപം നൽകാനുള്ള തുടക്കമായിരുന്നു അത്. മർദ്ദകയന്ത്രം എന്നതിൽ നിന്നും മനുഷ്യത്വത്തിലേക്കുള്ള ഒരു ചുവടുവെപ്പ്. വനിതാപോലീസുകാർക്കു ലഭിക്കുന്ന സവിശേഷ പരിഗണനയും അദ്ദേഹത്തിന്റെ സംഭാവനയാണ്.
            പോലീസ് പരിശീലന ക്യാമ്പുകൾക്ക് ചെറിയ തോതിലെങ്കിലും നാസി കോൺസെൻട്രേഷൻ ക്യാമ്പുകളോടാണ് സാമ്യം. ഓരോ പോലീസുകാരനിലും പരിശീലനം എന്ന പേരിൽ ലഭിച്ച അപമാനങ്ങളുടെ ഓർമ്മകളുണ്ടാവും. അലൻറെനെയുടെ വിഖ്യാതമായ നൈറ്റ് ആന്‍റ് ഫോഗ് എന്ന ഡോക്യുമെന്‍ററിയിൽ കോൺസെൻട്രേഷൻ ക്യാമ്പിലേക്കു കൊണ്ടു വരുന്ന അന്തേവാസികളെ ചിത്രീകരിച്ച ഫൂട്ടേജുകൾ ഉപയോഗിച്ചിട്ടുണ്ട്. മൊട്ടയടിച്ച്, നമ്പർ നൽകി, പച്ച കുത്തി, നഗ്‌നരാക്കി മനുഷ്യരെന്ന നിലയിലുള്ള ഒരാളുടെ അഭിമാനത്തിന്‍റെ തോലുരിച്ചു കൊണ്ട് ക്യാമ്പിലേക്കു പ്രവേശിപ്പിക്കുന്ന ദൃശ്യങ്ങൾ. മുടി പറ്റെ വെട്ടിക്കളയുക പോലീസിലെയും പരിശീലനത്തിന്‍റെ ആദ്യ പടിയാണ്. അതോടെ താൻ മറ്റൊരാളായി മാറുന്നു. മുടി ഒരാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. നീട്ടി വളർത്തിയ മുടി സ്വാതന്ത്ര്യത്തിന്റെ, നിഷേധത്തിന്റെ അടയാളമാണ്. മുടി മുറിക്കുന്നതിലൂടെ ഒരർഥത്തിൽ വ്യക്തിത്വത്തിന്‍റെ ഷണ്ഡീകരണമാണ് നടക്കുന്നത്.  അടിയന്തിരാവസ്ഥക്കാലത്ത് മുടിനീട്ടി വളർത്തിയവരെ പിടികൂടുകയും മുറിപ്പിച്ചു വിടുകയും ചെയ്തത് ഓർക്കുക. ഇന്നും മുടി നീട്ടി വളർത്തുന്നവർ, വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നവർ എല്ലാം പോലീസിന്‍റെ നോട്ടപ്പുള്ളികളാണ്. പൊതുബോധത്തോടു കലഹിക്കുന്ന രൂപഭാവങ്ങളുള്ളവരെ മാവോയിസ്റ്റുകളാക്കി മാറ്റുക എന്നതും പോലീസ് രീതി തന്നെ. ട്രാൻസ്‌ജെന്‍റേഴിസിനോട് പോലീസ് അടുത്ത കാലത്ത് കാണിച്ച അതിക്രമങ്ങൾ ഓർക്കുക.
            കർശനമായ അച്ചടക്കമാണ് നമ്മുടെ പോലീസ് സേനയിലുള്ളത്. പ്രാകൃതമായ പരിശീലന രീതികളും. കഠിനമായ ശാരീരിക പരിശീലനങ്ങൾ വ്യക്തിയിലെ വൈകാരികതയെ ചോർത്തിക്കളഞ്ഞ് അവനെ വെറുമൊരു യന്ത്രമാക്കി മാറ്റുന്നു. ചോദ്യങ്ങളോ സംശയങ്ങളോ അല്ല, അന്ധമായ അനുസരണവും അച്ചടക്കവുമാണ് പരിശീലനത്തിന്‍റെ കാതൽ. ഏറ്റവും കഠിനമായ സന്ദർഭങ്ങളിലൂടെ കടന്നു പോകേണ്ടവനാണ് പോലീസുകാരൻ. അതു നേരിടണമെങ്കിൽ അതികഠിനമായ പരിശീലനങ്ങളിലൂടെത്തന്നെ കടന്നു പോകണം എന്നു വാദിക്കുന്നവരുണ്ട്. വ്യക്തിത്വത്തെ ഹനിക്കുന്ന, സ്വകാര്യതയിലേക്കു കടന്നു കയറുന്ന നഗ്‌നമായ മനുഷ്യാവകാശലംഘനങ്ങൾ പരിശീലനങ്ങളിൽ പലപ്പോഴും അരങ്ങേറുന്നുവെന്നതും യാഥാർഥ്യമാണ്. അപമാനം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ചു പോയവരുണ്ട്. പ്രതിഷേധിച്ചതിന്‍റെ പേരിൽ പിരിച്ചു വിടപ്പെട്ടവരുണ്ട്. വ്യക്തിത്വത്തെ അപമാനിക്കും വിധമുള്ള ശിക്ഷാരീതികളും പരുവപ്പെടുത്തലുകളും ഒരാളുടെ മനോഘടനയെ വല്ലാതെ മാറ്റിത്തീർക്കുക തന്നെ ചെയ്യും. അത്തരം വ്യക്തികൾ പൊതുസമൂഹത്തിൽ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഹിംസാത്മകമായി പെരുമാറുന്ന അവസ്ഥയുണ്ടാകും. റാഗിങ്ങിനു വിധേയരായ കുട്ടികൾ പിൻഗാമികൾക്ക് അത് ഇരട്ടിയായി തിരിച്ചു കൊടുക്കുന്നതു കാണാം. പോലീസിന്‍റെ മാനസികാവസ്ഥയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് പൊതുസമൂഹമാണ്.
            ബ്യൂറോക്രസിയലെ താഴെത്തട്ടിലുള്ള ഓഫീസ് അസിസ്റ്റന്‍റുമാർ മേലുദ്യോഗസ്ഥന് ചായവാങ്ങിക്കൊടുക്കുന്നതു പോലുള്ള പ്രവർത്തികളിൽ നിന്നും വിലക്കിയ സംസ്ഥാനമാണ് കേരളം. പക്ഷേ പോലീസ് സേനയിൽ അടിമത്തം തന്നെ നിലനിൽക്കുന്നു എന്ന സത്യം ഗവാസ്‌കറുടെ പരാതിയോടെയാണ് നാം തിരിച്ചറിഞ്ഞത്. ഇത്തരം കാര്യങ്ങൾ എന്തു കൊണ്ട് പുറത്തറിയുന്നില്ല? ചോദ്യം ചെയ്യാൻ പറ്റാത്തത്രയും ഭീഷണമായ അധികാരഘടനയാണ് പോലീസ് സേനയിലുള്ളത്. ഫ്യൂഡൽ ഘടനയുള്ള സമൂഹങ്ങളിൽ നിന്നും വരുന്ന പോലീസ് മേധാവികൾക്ക് കേരളത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകണമെന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം അടിമപ്പണികൾ നടത്തിക്കുന്നതിൽ അവരാണ് മുൻപന്തിയിൽ. അതൊരു ക്രൈമാണ് എന്ന തിരിച്ചറിവുപോലും ഇല്ലാത്ത വിധം ഫ്യൂഡൽ മനോഘടനയുള്ളവരാണതിലധികവും. പൌരബോധത്തെക്കുറിച്ചുള്ള സങ്കൽപ്പം പോലും വികസിച്ചിട്ടില്ലാത്ത പല സംസ്ഥാനങ്ങളുമായും താരതമ്യം ചെയ്താൽ പാതി വെന്തതെങ്കിലുമായ പൌരബോധം നമ്മുടെ സമൂഹത്തിൽ വികസിച്ചു വന്നിട്ടുണ്ട്. അതു കൊണ്ടാണ് പോലീസിലെ അടിമപ്പണി പോലുള്ള കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ വലിയ വാർത്തയായി മാറുന്നത്. ഇതേ സമയം ഇത്തരം അടിമപ്പണി സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു വിഭാഗവും ഉണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. മറ്റു ജില്ലകളിൽ നിന്നും സ്വന്തം ജില്ലയിൽ ജോലിചെയ്യാനാണ് ഇത്തരം ദാസ്യപ്പണികൾക്കു പലരും മുതിരുന്നത്. അത്തരത്തിലുള്ളവർ പരാതി ഉന്നയിക്കുകയില്ല. നിർബന്ധിതമായി ഇത്തരം ജോലിക്കു നിയോഗിക്കപ്പെടുന്നവരിൽ നിന്നാണ് പരാതി ഉയരുക. പക്ഷേ പോലീസിൽ പരാതി ഉന്നയിക്കുക എന്നത് ആത്മഹത്യാപരമാണ്. മേലുദ്യോഗസ്ഥന്‍റെ അതൃപ്തി പിരിച്ചു വിടലിനു തന്നെ കാരണമായേക്കാം.
      ജനസേവകരാണ് പോലീസ്. പക്ഷേ പലപ്പോഴും അത് അധികാര ഘടനയുടെ ദല്ലാളുകളായി മാറുന്നു എന്നത് കാണാതിരുന്നു കൂടാ. നമ്മുടെ സമൂഹം ഏകശിലാരൂപമുള്ളതല്ല. രാഷ്ട്രീയക്കാർ, ഇടത്തരക്കാർ, സമ്പന്നർ ന്യൂനപക്ഷവിഭാഗങ്ങൾ, ദളിതുകൾ ഇങ്ങനെ പല തട്ടുകളിൽ എല്ലാവരോടും ഒരേപോലെയാണോ നമ്മുടെ പോലീസിന്റെ സമീപനം? ഏപ്രിൽ 9 ന് നടന്ന ദളിത് സംഘടനകളുടെ ഹർത്താലുമായി ബന്ധപ്പെട്ട്  നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് അപൂർവ്വമായ നടപടിയായിരുന്നു.  ആ സമരത്തോടുള്ള പൊതുസമൂഹത്തിന്‍റെ മനോഭാവത്തിന്‍റെ പ്രതിഫലനം പോലീസിലും കാണാം. ബസ്സിനു കല്ലെറിഞ്ഞെന്ന പേരിൽ പാലക്കാട് ജില്ലയിൽ പിടികൂടിയ ദളിതരായ നാലു ചെറുപ്പക്കാരിൽ നിന്ന് 64000 രൂപ പിഴ ആവശ്യപ്പെട്ടതായി വാർത്ത വന്നിരുന്നു. രണ്ടു പേർ പിഴ ഒടുക്കി. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സന്തോഷിനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചതിനടുത്ത ദിവസം അയാൾ ആത്മഹത്യ ചെയ്തു.   മാരകമായ പീഡനങ്ങൾക്കിരയായതിനു ശേഷമാണ് വിനായകനെന്ന ദളിത് യുവാവും ആത്മഹത്യ ചെയ്തത്. പോലീസ് സ്റ്റേഷനെക്കാൾ ഭേദമാണ് മരണമെന്ന തീർപ്പിലാണ് ഇരുവരും എത്തിയത്. ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അതിനുള്ള മുഖ്യ ഏജൻസി പോലീസ് സംവിധാനമാണ്. സംരക്ഷകരായിരിക്കേണ്ട പോലീസിനോട് സമൂഹം ഭയം വെച്ചു പുലർത്തുന്നതെന്തു കൊണ്ടാവാം? നിസ്സാരപിഴവുകൾ പറ്റുന്ന എത്രയോ മനുഷ്യർക്കു പോലും  ദൂരെ പോലീസ് തൊപ്പികാണുമ്പോൾ ഓടി പുഴയിൽ ചാടിയോ അബദ്ധത്തിൽ കിണറ്റിലും മറ്റും വീണോ ജീവൻ നഷ്ടപ്പെടുത്തേണ്ടി വരുന്നതെന്തു കൊണ്ടാവാം?  
            കേരളീയന്‍റെ പോലീസ് പേടിയും മലയാളസിനിമകളിലെ പോലീസ് പ്രിതിനിധാനങ്ങളും സവിശേഷം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ സിനിമകളിലെ നിരന്തരസാന്നിധ്യമാണ് പോലീസ്. കറുപ്പും വെളുപ്പുമെന്ന പോലെ നല്ല പോലീസും ചീത്ത പോലീസും എന്ന ദ്വന്ദം നമ്മുടെ സിനിമകളിൽ ആവർത്തിക്കുന്നു. കരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങൾ നിറഞ്ഞ ആരവം എന്ന 80 കളിലെ ഭരതൻ സിനിമയിലെ രണ്ടു പോലീസുകാർ വേറിട്ടു നിൽക്കുന്നു. ചലിക്കാൻ പോലും ബുദ്ധിമുട്ടും വിധം അതിഭയങ്കരമായ തടിയുള്ളവർ. ശബ്ദമാകട്ടെ സ്‌ത്രൈണവും. ചടുലചലനം, പൌരുഷം എന്നീ പൊതുബോധത്തിലുറച്ച പോലീസ് സ്വഭാവഗുണങ്ങളെ ചോർത്തിക്കളഞ്ഞതിലൂടെ പോലീസിനെക്കുറിച്ചുള്ള പരിഹാസം തന്നെയാണ് സംവിധായകൻ പ്രതിഫലിപ്പിക്കുന്നത്.
            കുറ്റാന്വേഷണമാണ് സിനിമയിൽ പോലീസിന്റെ മുഖ്യജോലി. കുറ്റം തെളിയിക്കാനുള്ള മുഖ്യ ഉപാധി മർദ്ദനമാണെന്ന ബോധം നമ്മുടെ സിനിമകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. നമ്മുടെ കുറ്റാന്വേഷണ സിനിമകളിൽ, മറഞ്ഞിരിക്കുന്ന കുറ്റവാളിയെ കണ്ടെത്തുക എന്നതാണ് പ്രധാനം. പിടികൂടിയാൽ മർദ്ദനത്തിലൂടെ എളുപ്പത്തിൽ കുറ്റം തെളിയിക്കാനാവും. ഉയർന്ന ജനാധിപത്യ സമൂഹങ്ങളിലെ കുറ്റാന്വേഷണ സിനിമകളിൽ കുറ്റവാളിയെന്നു സംശയിക്കുന്നയാളെ കണ്ടെത്തുക എന്നതിനെക്കാളും ബുദ്ധിപരമായി തെളിവുകൾ കണ്ടെത്തി അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരിക എന്നതാണ് പ്രധാനം. നീതി അനന്തമായി നീളുമെന്നതു കൊണ്ട് കുറ്റവാളികളെ ഉടൻ വെടിവെച്ചു കൊല്ലാനുള്ള സമ്മിതി നാം നമ്മുടെ നായകർക്കു നൽകുന്നുണ്ട്. നമ്മുടെ ജനപ്രിയസിനിമകളിൽ ബിരിയാണി വാങ്ങിക്കൊടുത്ത് കള്ളനെ സ്‌നേഹത്തോടെ ചോദ്യം ചെയ്യുന്ന പോലീസുണ്ട്. തെളിവു കിട്ടാതാവുമ്പോൾ നല്ല ഗംഭീരൻ ഇടിയിലൂടെ കൃത്യമായി സത്യം പറയിക്കുന്നു. കുറ്റാന്വേഷണത്തിൽ ലോകത്തെവിടെയും വികസിച്ചു വന്നിട്ടുള്ള എല്ലാ മാർഗങ്ങളെയും നിരാകരിക്കുകയും ഏറ്റവും പ്രാകൃതമായ മർദ്ദനരീതിയെ ന്യായീകരിക്കുകയും ചെയ്യുന്നതിൽ നമ്മുടെ സിനിമകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സി ബി ഐയും ഇത്തരം മാർഗങ്ങൾ തന്നെയാണ് സ്വീകരിക്കാറുള്ളത്. പക്ഷേ സൂക്ഷ്മവും ബുദ്ധിപരവുമായ നീക്കങ്ങളിലൂടെ കുറ്റവാളികളെ വലയിലാക്കുന്നവരാണ്  അവരെന്ന ഒരു പൊതുബോധം നമ്മുടെ സിബി ഐ സിനിമകൾ സൃഷ്ടിച്ചിട്ടുണ്ട്.
            ഈ അടുത്ത കാലത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിൽ രക്ഷകബിംബമായ പോലീസിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്. സമൂഹരക്ഷകരായിരിക്കുമ്പോഴും കറുത്തശരീരങ്ങളോട്, അടിത്തട്ടിലെ മനുഷ്യരോട്, മനുഷ്യാവകാശപ്രവർത്തകരോട് പോലീസിന്‍റെ മനോഭാവമെന്ത് എന്നത് വെളിപ്പെട്ടു പോകുന്ന സന്ദർഭങ്ങൾ ബിജുവിലേറെയുണ്ട്. മനുഷ്യാവകാശപ്രവർത്തകരായി വരുന്നവരെ എത്രമേൽ കോമാളിത്തത്തോടെയാണ് സിനിമ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധിക്കുക. മൂന്നാംമുറ പ്രയോഗിക്കുന്നതിനെയും പരുഷമായ ഭാഷ ഉപയോഗിക്കുന്നതിനെയും ന്യായീകരിക്കുന്ന ബിജു, പൊതു സമൂഹം സുഖമായി വീട്ടിൽ കിടന്നുറങ്ങുന്നത് പോലീസിന്റെ ഇത്തരം ഇടപെടലുകൾ കൊണ്ടാണെന്നും ഉറപ്പിക്കുന്നു.  ലൈംഗികതയിലും തെറിയിലുമല്ല, ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിർനിൽക്കുന്ന മാനുഷികവിവേചനങ്ങളിലാണ് സെൻസറിങ്ങിന്‍റെ കത്തി വീഴേണ്ടത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ മർദ്ദിക്കാനോ തെറിവിളിച്ചപമാനിക്കാനോ അവകാശമില്ലെന്ന ഭരണഘടനയിലെ അടിസ്ഥാനതത്വത്തെയാണ് ഇത്തരം സിനിമകൾ കൊഞ്ഞനം കുത്തുന്നത്. പുകവലിക്കുമ്പോഴും മദ്യപിക്കുമ്പോഴും അത് ആരോഗ്യത്തിനു ഹാനികരമാണെന്നു എഴുതിക്കാണിക്കുന്നതിനെക്കാൾ കുറ്റവാളിയായാൽ പോലും ശാരീരികപീഡനം കുറ്റകൃത്യമാണെന്ന കാര്യമാണ് അത്തരം സന്ദർഭങ്ങളിൽ എഴുതിക്കാണിക്കേണ്ടത്.
            സത്യസന്ധനായ പോലീസ് ഓഫീസറെ അവതരിപ്പിച്ച ഗോവിന്ദ് നിഹലാനിയുടെ അർധസത്യ എന്ന സമാന്തരസിനിമയിൽ ഓം പുരി അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ മേലുദ്യോഗസ്ഥനിൽ നിന്നേൽക്കുന്ന അപമാനത്തിന് പകരം വീട്ടുന്നത് പെറ്റിക്കേസിനു പിടിക്കപ്പെട്ട പാവങ്ങൾക്കു മേൽ കൈവെച്ചാണ്. പലപ്പോഴും താഴെത്തട്ടിലുള്ള മനുഷ്യർക്കാണ് ഏറ്റവും കൂടുതൽ മർദ്ദനങ്ങളും അധിക്ഷേപങ്ങളും ഏൽക്കേണ്ടി വരുന്നത്. മധ്യവർഗസമൂഹത്തെ അത് തങ്ങളല്ലെന്നും താഴെത്തട്ടിലുള്ള മറ്റൊരു സമൂഹമാണെന്നുമുള്ള അപരത്വ ചിന്തയിലെത്തിക്കുന്നു. മധ്യ,ഉപരിവർഗസമൂഹത്തിന്‍റെ താല്പര്യങ്ങളുടെ സ്ഥാപകരാവുന്നു പോലീസ്. സിനിമകളിൽ ആവർത്തിച്ചു വരുന്ന പോലീസ് മർദ്ദനങ്ങൾ മൂലം അവ അതിസാധാരണമായി ജനസാമാന്യത്തിന്‍റെ മനസ്സിൽ ഉറച്ചു പോകുന്നുമുണ്ട്. അടിത്തട്ടിലെ മനുഷ്യരല്ലാതെ ജനപ്രിയസിനിമയിലെ നായകനും പോലീസ് ക്രൂരതയ്ക്ക് വിധേയമാകാറുണ്ട്. പക്ഷേ അന്ത്യത്തിൽ നായകനതിനു പകരം വീട്ടിയിരിക്കുമെന്നു മാത്രം. അക്രാമകമായ പുരുഷാധിപത്യമുള്ള കുടുംബഘടനയിൽ വളരുന്ന കുട്ടികളെസംബന്ധിച്ച് തങ്ങളുടെ പിതൃബിംബത്തെത്തന്നെയാണ് അവർ പോലീസിൽ ദർശിക്കുന്നതും. ഗാർഹികാന്തരീക്ഷത്തിൽ തന്നെ അക്രമം ന്യായീകരിക്കപ്പെടുന്ന അവസ്ഥയിൽ പോലീസിന്‍റെ ക്രൂരതകളും സ്വാഭാവികമായി മാറുന്നു. അക്രമം ചെയ്യാനുള്ള ആഗ്രഹം, നിഗ്രഹവാസന കൌമാരത്തിന്‍റെ സവിശേഷതയാണ്. അതുകൊണ്ടു തന്നെ ശക്തിമാനോടു തോന്നുന്ന ആരാധനയും പോലീസിനോടു കൌമാരം പുലർത്തുന്നു.
            തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു പോലീസ് സ്റ്റേഷന്‍റെ യഥാതഥമായ ചിത്രീകരണത്തിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ്. വ്യക്തിസംഘർഷങ്ങൾക്കാണ് അതിൽ പ്രാധാന്യം. പുരാതനമായ ആ കള്ളനും പോലീസും കളിയുടെ ഉദ്വേഗവും പരാതിക്കാർ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായതയുമെല്ലാം അതിലുൾച്ചേർക്കപ്പെട്ടിട്ടുണ്ട്.  എന്നാൽ പോലീസിന്‍റെ സാമൂഹികമായ ഇടപെടൽ സൂക്ഷ്മവും ശക്തവുമായി അവതരിപ്പിച്ച ഷാനവാസ് കെ ബാവക്കുട്ടിയുടെ കിസ്മത്ത് എന്ന സിനിമ അത്രയധികം ചർച്ച ചെയ്യപ്പെട്ടില്ല. ഒരു മുസ്ലിം യുവാവും ദളിത് യുവതിയും തമ്മിലുള്ള പ്രണയം മുഖ്യമായി വരുന്ന ആ സിനിമ,  ജാതിബന്ധങ്ങളിൽ പോലീസും രാഷ്ട്രീയവും കുടുംബവും സമൂഹവുമെല്ലാം ഇടപെടുന്നതെങ്ങിനെയെന്നു സൂക്ഷ്മമായി ചിത്രീകരിക്കുന്നു. പോലീസ് സ്റ്റേഷനിലെ കാഴ്ചകളാണ് സിനിമയുടെ മുഖ്യഭാഗവും. ജനാധിപത്യഘടനയിൽ വളർന്ന പുതുതലമുറക്കാരായ കമിതാക്കൾ അഭയമന്വേഷിച്ചാണ് അവിടെയെത്തുന്നത്. ഭരണഘടന പൌരന് വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു വരുത്തേണ്ട ഏജൻസിയാണല്ലോ അത്. എന്നാൽ കുടുംബം അടക്കമുള്ള മറ്റെല്ലാ സാമൂഹികസ്ഥാപനങ്ങളെക്കാൾ യാഥാസ്ഥിതികമൂല്യങ്ങളെ പുനരുൽപ്പാദിപ്പിക്കുന്നതും അങ്ങേയറ്റം മാരകവുമായ ഭയകേന്ദ്രമാണതെന്ന് അവർ പതിയെ തിരിച്ചറിയുന്നു. ജീർണ്ണമായ ജാതീയതയുടെയും ഹിംസയുടെയും ദല്ലാളുകൾ മാത്രമാണ് പോലീസുകാരെന്ന് സിനിമ വിളിച്ചു പറയുന്നു. ഒരു ദളിത് മുസ്ലിം വിവാഹം നടക്കാതിരിക്കാനുള്ള ശ്രമങ്ങളാണ്  അതിൽ പോലീസ് നടത്തുന്നത്. കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളോട് അസാധാരണമായ സാദൃശ്യം പുലർത്തുന്നു കിസ്മത്ത്. എല്ലാവർക്കും ഉദാരമായി നീതി വിതരണം ചെയ്യുന്ന ബിജു എന്ന കാല്പനികസങ്കൽപ്പമല്ല, പരാതി പറയാൻ വന്ന അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചൊതുക്കുന്ന യഥാർഥ്യമാണിതിലുള്ളത്. പോലീസധികാരവും രാഷ്ട്രീയബന്ധങ്ങളും ജാതീയവിദ്വേഷവും ഹിംസയും പണവുമെല്ലാം ഒരു പ്രണയബന്ധത്തിൽ എങ്ങിനെയെല്ലാം ഇടപെടുന്നു എന്നത് പഠിക്കാനുതകുന്നതാണ് കെവിന്റെ പ്രണയവും കൊലപാതകവും. 
ഞാൻ സ്റ്റീവ് ലോപ്പസിലും കള്ളനും പോലീസും കളിതന്നെ മുഖ്യപ്രമേയം. മുഖ്യകഥാപാത്രം ഡി വൈ എസ് പിയുടെ മകനായതു കൊണ്ട് പോലീസ് പേടി കടന്നു വരുന്നില്ല. പ്രണയവും സൌഹൃവുമായി ഒതുങ്ങിയിരുന്ന സ്റ്റീവ് എന്ന ചെറുപ്പക്കാരന്‍റെ കാഴ്ചകൾ യാദൃച്ഛികമായി ചെന്നു പെടുന്നത് ഗുണ്ടകളുടെ കുടിപ്പകകളുടെ ലോകത്താണ്. താൻ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഗുണ്ടാനേതാവിന്‍റെ തിരോധാനത്തിന്‍റെ നിഗൂഢതകളിലേക്കുള്ള അന്വേഷണം പോലീസിലേക്കു തന്നെയാണ് അവനെ എത്തിക്കുന്നത്. ഗുണ്ടയും പോലീസും തമ്മിലുള്ള അതിർവരമ്പുകൾ മായുന്നു. പോലീസ് മർദ്ദനവും അതിന്‍റെ പൈശാചികതയും തീഷ്ണതയിൽ അവതരിപ്പിച്ച സിനിമയാണ് വെട്രിമാരന്‍റെ വിശാരണൈ.
            ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യമൂല്യങ്ങളും സമൂഹം പരമ്പരയാ ആചരിച്ചു പോരുന്ന മൂല്യങ്ങളും തമ്മിലുള്ള സംഘർഷം ഇന്ത്യയിലെവിടെയുമുണ്ട്. ജാതികൾ തമ്മിലുള്ള കലരൽ തെറ്റായി നമ്മുടെ സമൂഹം കാണുന്നു. അന്യജാതിക്കാരുടെ കൂടെ ഒളിച്ചോടിയ പെൺകുട്ടിയെ/ആണ്‍കുട്ടിയെ  കൊന്നുകളയുക എന്ന ഗോത്രനീതിക്ക് ഇന്ത്യയിലിന്നും സ്വീകാര്യതയുണ്ട്. ഇത്തരം പ്രാകൃതാചാരങ്ങൾക്കു പകരം ആധുനിക നീതിവ്യവസ്ഥയെ മുന്നോട്ടു വെക്കേണ്ട പ്രധാന സംവിധാനം പോലീസാണ്. മുതിർന്ന ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ഒന്നിച്ചിരിക്കാനും കൈകോർത്തു നടക്കാനും പ്രണയിക്കാനുമൊന്നും നമ്മുടെ ഭരണഘടന വിലക്കു കൽപ്പിക്കുന്നില്ല.  പക്ഷേ കൌമാരക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രേമിക്കുന്നു, ആഭാസം കാണിക്കുന്നു എന്നൊക്കെയുള്ള പരാതിയിൽ പോലീസ് പിടികൂടുന്നതും താക്കീതു നൽകി വിട്ടയക്കുന്നതും പൌരാവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റമാണ്. മുതിർന്ന വ്യക്തികൾതമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ലൈഗികബന്ധം നിയമപരമായി തെറ്റല്ല. പക്ഷേ പോലീസ് ഇവിടെ നിയമത്തിനെതിരെ സാമൂഹിക മൂല്യങ്ങളെയാണ് പ്രധാനമായി കാണുന്നത്. കൌമാരക്കാരെ പ്രണയത്തിന്‍റെ പേരിൽ പിടികൂടിയത് ഗുണപരമായി റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങളും ഇതേ തെറ്റു തന്നെയാണ് ആവർത്തിക്കുന്നത്. കെവിന്റെ കാര്യത്തിൽ പോലീസ് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍റെ കൂടെയല്ല, മറിച്ച് ജീർണ്ണിച്ച സാമൂഹിക മൂല്യങ്ങൾക്കൊപ്പമാണ് നിലകൊണ്ടത്.
            ബ്യൂറോക്രസിയുടെ മറ്റേതു മേഖലയിലും ഉള്ളതു പോലെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് പോലീസ് സേനയിലും ഉള്ളത്. പക്ഷേ ആ സിസ്റ്റത്തിൽ എത്തിച്ചേരുന്നതോടെ അവർക്കെന്തു സംഭവിക്കുന്നു അവരെങ്ങിനെ പരുവപ്പെടുത്തപ്പെടുന്നു എന്നത് ഗൌരവമായ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്. മറ്റു രാജ്യങ്ങളിൽ പോലീസ് സംവിധാനം മാറിയിട്ടുള്ളത് പ്രധാനമായും രണ്ടു തരത്തിലുള്ള ഇടപെടലുകൾ കൊണ്ടാണ്. ഒന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വലിയ ബോധ്യങ്ങളിലൂടെ. രണ്ട് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങൾക്കനുസരിച്ച് വ്യക്തികൾക്ക് ജീവിക്കാനുള്ള സംവിധാനങ്ങളൊരുക്കിക്കൊടുക്കേണ്ടവരാണ് തങ്ങൾ  എന്ന തിരിച്ചറിവിലൂടെ. ഇത്തരം ബോധ്യങ്ങൾ പോലീസിനു മാത്രമല്ല നമ്മുടെ പൊതു സമൂഹത്തിനും ഉണ്ടാകേണ്ടതാണ്. വിക്രമൻ നായരുടെ യൂറോപ്യൻ യാത്രാവിവരണത്തിൽ (പശ്ചിം ദിഗന്തേ പ്രദോഷ് കാലേ) വിവരിക്കുന്ന ഒരു സംഭവമുണ്ട്. നെതർലാന്‍റിൽ വെച്ച് രണ്ടു പോലീസുകാർ ഒരു തവിട്ടു നിറക്കാരനെ തെരുവിലൂടെ ഓടിക്കുന്നതിന് ലേഖകൻ സാക്ഷിയാവുന്നു. ആഫ്രിക്കക്കാരനോ അമേരിക്കക്കാരനോ ഭീകരവാദിയോ എന്നൊന്നും അദ്ദേഹത്തിനു മനസ്സിലാവുന്നില്ല. പോലീസുകാർ അവനെ ബലമായി പിടിച്ചപ്പോൾ അവിടെ ചെറിയൊരാൾക്കൂട്ടം രൂപപ്പെട്ടു. ആളുകൾ ചിത്രം പകർത്താൻ തുടങ്ങി. നെതർലാന്‍റിൽ പോലീസ് മർദ്ദനം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി. പോലീസ് തങ്ങൾ ബലം പ്രയോഗിച്ചിട്ടില്ലെന്നും അവൻ ഓടാൻ ശ്രമിച്ചതു കൊണ്ടാണ് ബലമായി പിടച്ചതെന്നും ആൾക്കൂട്ടത്തോടു ഭവ്യതയോടെ പറഞ്ഞു. പക്ഷേ നമ്മുടെ പൌരസമൂഹത്തിനുള്ളിലെ ബോധ്യം പോലീസ് ശിക്ഷകരാണ് എന്നതാണ്. നീതിന്യായവ്യവസ്ഥയുടെ സങ്കീർണ്ണതകൾ, അതിനെക്കുറിച്ചുള്ള ഭയം,  നീതിക്കുവേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരിപ്പ് ഇവയെല്ലാം ചേർന്ന് പോലീസ് മർദ്ദനമാണ് ഉചിതമായ ശിക്ഷാവിധി എന്ന പൊതു ധാരണയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.  
             കുറ്റകൃത്യങ്ങളിൽനിന്നും അക്രമങ്ങളിൽ നിന്നും തങ്ങൾക്കു രക്ഷ കിട്ടുമെന്നു പൌരന്മാർ പ്രതീക്ഷിക്കുന്നത് ഭരണകൂടം നിയമം നടപ്പിലാക്കുന്നതിലൂടെയാണ്. ഭരണകൂടം പരാജയപ്പെടുമ്പോൾ കുറ്റവാളികളെക്കുറിച്ചുള്ള ഭയം ജനതയിൽ ശക്തമാകും. കുറ്റകൃത്യങ്ങളെക്കാൾ വേഗതയിൽ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയം സമൂഹത്തിൽ വളരുന്നു. ഈ പൊതുജനഭീതി മുതലെടുത്ത് കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിന് നിയമവിരുദ്ധമായ രീതികൾ ഉപയോഗിക്കാൻ പോലീസിന് പൊതു സമ്മിതി ലഭിക്കുന്നു. ഒരു കാൽ നൂറ്റാണ്ടിനിടയിൽ മാവോയിസ്റ്റുകൾ കേരളീയസമൂഹത്തിൽ ഒരുറുമ്പിനെ കൊല്ലുന്നത്ര ഹിംസപോലും കാണിച്ചിട്ടില്ലെന്നു നമുക്കറിയാം. പക്ഷേ അവരെക്കുറിച്ച് ഭരണകൂടവും മാധ്യമങ്ങളും സൃഷ്ടിച്ചെടുത്ത ഭയമാണ് നിലമ്പൂരിൽ രണ്ടു പേരെ നിർദ്ദയം വെടിവെച്ചു കൊല്ലാൻ നമ്മുടെ പോലീസിനെയും അതിനെ യാതൊരു കുറ്റബോധവും കൂടാതെ സ്വീകരിക്കാൻ നമ്മുടെ മാധ്യമങ്ങളെയും സമൂഹത്തെയും പ്രാപ്തമാക്കിയത്.
            കുറ്റം എല്ലാ സമൂഹത്തിന്‍റെയും പ്രധാന ഭയമാണ്. പക്ഷേ കുറ്റം തടയാൻ പോലീസിനു കഴിയില്ല. കുറ്റവാളികളെ കണ്ടെത്താനേ പറ്റൂ. (കുറ്റത്തെക്കുറിച്ചുള്ള ഭയത്തെ തടയാനുള്ള ഉപകരണമെന്ന നിലയിൽ സംരക്ഷകരായ പോലീസുകാരുടെ കഥകൾ എല്ലാ കാലത്തും നമുക്കുണ്ടായിട്ടുണ്ട്. ചിലപ്പോൾ രാഷ്ട്രീയം അഴിമതിയിൽ മുങ്ങുമ്പോൾ പോലീസും ജുഡിഷ്യറിയുമെല്ലാം രക്ഷകസ്ഥാനത്തേക്കുയരാറുണ്ട് സിനിമകളിൽ.) കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾ  എത്തിച്ചേരുന്നത് കുറ്റകൃത്യങ്ങളെന്നത് ഒരു സാമൂഹിക പ്രതിഭാസമാണെന്നും കുറ്റം കടന്നു വരുന്ന വാഹനം മാത്രമാണ് കുറ്റവാളിയെന്നുമാണ്. കുറ്റത്തെ വെറുക്കുക കുറ്റവാളിയെ സ്‌നേഹിക്കുക എന്നു ഗാന്ധിജി പറഞ്ഞത് ഈ അർഥത്തിലാണ്. എന്നാൽ കുറ്റത്തെയും കുറ്റവാളിയെയും ഒന്നായിക്കാണുന്ന ഒരു മനോഭാവമാണ് നമുക്കുള്ളത്. കുറ്റവാളിയെ ഒരു ശരീരം മാത്രമായി കാണുന്ന രീതിയിൽ നിന്നും മാറി അവന്‍റെ മനസ്സിനെ പരിഗണിക്കാൻ തുടങ്ങിയതോടെയാണ് ശാരീരികമായ മർദ്ദനമുറകളിൽ നിന്നും ശിക്ഷകളിൽ നിന്നും യൂറോപ്യൻ സമൂഹം മാറിച്ചിന്തിച്ചത് എന്നും കുറ്റവാളിയയെ മർദ്ദിക്കുന്നതിലൂടെ ആ കുറ്റകൃത്യം വീണ്ടും ആവർത്തിക്കപ്പെടുകയാണെന്നും ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. അതോടെ കുറ്റവാളിയുടെ ഉദ്ദേശ്യവും അതിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷണ വിഷയങ്ങളായി. കുറ്റത്തിനും ശിക്ഷയ്ക്കുമപ്പുറം കുറ്റവാളിയെപരിഗണിക്കുന്ന അവസ്ഥയുണ്ടായി. ശാസ്ത്രീയമായ തെളിവുകളും മനശ്ശാസ്ത്രജ്ഞരുടെയും മനോരോഗവിദഗ്ദരുടെയും സഹായവും കേസന്വേഷണത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഇത്തരം ആധുനികമായ കാഴ്ചപ്പാടുകളെക്കാൾ മർദ്ദനം തന്നെയാണ് നമുക്കിന്നും പഥ്യം. കുറ്റവാളിയെ മർദ്ദിച്ചൊതുക്കുന്നതിലൂടെ കുറ്റത്തെത്തന്നെയാണ് മർദ്ദിക്കുന്നതെന്ന മനോഭാവത്തിലാണ് നാമെത്തുന്നത്.  അങ്ങിനെ കുറ്റവാളികളെക്കുറിച്ചുള്ള ഭയത്തിൽ നിന്നും താല്കാലികമായി സമൂഹം മോചിപ്പിക്കപ്പെടുന്നു. കുറ്റവാളികളെക്കുറിച്ചു മാത്രമല്ല, പോലീസിനെക്കുറിച്ചുള്ള ഭയത്തിൽ നിന്നും ജനപ്രിയസിനിമകൾ സാധാരണജനതയെ മോചിപ്പിക്കാറുണ്ട്. തൊണ്ണൂറുകൾക്കു ശേഷമുള്ള ജനപ്രിയസിനിമകളിൽ നായകന്മാർ ഒരു ഉയർന്ന പോലീസ് ഓഫീസറെ തെരുവിൽ വെച്ചു നേരിടുന്ന ദൃശ്യം ആവർത്തിക്കുന്നതു കാണാം. നായകനോട് താദാത്മ്യപ്പെടുന്ന സാധാരണജനതയ്ക്ക് പോലീസ് പേടിയെന്ന യഥാർഥ പ്രശ്‌നത്തിന് വ്യാജമായ പരിഹാരം ഈ ദൃശ്യങ്ങളിലൂടെ സിദ്ധിക്കുന്നു.
            അടിത്തട്ടിലുള്ള മനുഷ്യർ വസിക്കുന്ന ചേരികളടക്കമുള്ള പ്രദേശങ്ങൾ പോലീസിന്‍റെ നോട്ടത്തിൽ കുറ്റങ്ങളും കുറ്റവാളികളും നിറഞ്ഞ തമസ്ഥാനങ്ങളാണ്. മിക്കവാറും നമ്മുടെ സിനിമകളിലും ഇത്തരം പ്രദേശങ്ങൾ അത്തരം പ്രതിനിധാനങ്ങളായി ആവർത്തിക്കുന്നതു കാണാം. അവരോടുള്ള പോലീസിന്‍റെ മനോഭാവവും മുൻവിധി നിറഞ്ഞതു തന്നെ. പണം, സാമുദായികമായ ഉന്നതി, രാഷ്ട്രീയബന്ധങ്ങൾ ഇവയില്ലെങ്കിൽ പോലീസധികാരത്തിനു മുന്നിൽ വ്യക്തികൾ നിസ്സഹായരാവുന്ന അവസ്ഥ നിലനിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾ പോലീസിനെ തങ്ങളുടെ ചൊൽപ്പടിയിൽ നിർത്തുന്നത് അതിലൂടെ ജനതയെ ഭയപ്പെടുത്തുകയും കീഴെ നിർത്തുകയും ചെയ്യുക  എന്ന ഉദ്ദേശ്യം വെച്ചു തന്നെയാണ്. ഭരണമാറ്റം എന്നത് പോലീസിനു മേലുള്ള അധികാരം നേടൽ കൂടിയാണല്ലോ. ഭരിക്കുന്ന രാഷ്ട്രീയത്തോടു ചേർന്നു നിൽക്കുക എന്നത് പോലീസ് പേടിയിൽ നിന്ന് മോചനം നേടാനുള്ള വഴി കൂടിയാണ്.       
            മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായി താരതമ്യം ചെയ്താൽ കേരളപോലീസ് എത്രയോ മുന്നിലാണ്. പ്രത്യേകിച്ചും കുറ്റാന്വേഷണത്തിന്‍റെ കാര്യത്തിൽ. പരാതി ലഭിച്ചാൽ അന്വേഷിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക എന്നത് നിർബന്ധമായ കാര്യമാണ്. കേരളത്തിൽ എഫ് ഐ ആർ നിരക്ക് എത്രയോ കൂടുതലാണ്.  പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ചെറിയൊരു ശതമാനം മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. അതിൽത്തന്നെ വളരെ ചെറിയ ശതമാനത്തിനു മാത്രമാണ് നീതി ലഭിക്കുന്നത്. 1960 കളില്‍ ഉത്തര്‍പ്രദേശ് പോലീസ് സൃഷ്ടിച്ച ഒരു കള്ളക്കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന എ എന്‍ മുള്ള നടത്തിയ ഒരു നിരീക്ഷണം വലിയ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയിരുന്നു. ഇന്ത്യന്‍ പോലീസ് ഫോഴ്സ് എന്നു പറയുന്ന സംഘടിത ശക്തിയുടെ അടുത്തു പോലും നില്‍ക്കാ ന്‍ പറ്റുന്ന വേറൊരു നിയമവിരുദ്ധ സംഘടന ഇന്ത്യയിലില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ബഹുഭരിപക്ഷത്തിനും പോലീസ് സ്റ്റേഷൻ അപ്രാപ്യമാണ്. ഭരണകൂടം, അധോലോകം, പോലീസ് ഇവ തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്ത്യയിലെവിടെയും സർവ്വസാധാരണമാണ്. വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും സാധാരണ വാർത്തകളാണ്. വംശീയവും വർഗീയവും ഫ്യൂഡലും കൊളോണിയലുമായ എല്ലാ അംശങ്ങളും ഇന്ത്യൻ പോലീസിലുൾച്ചേർന്നിട്ടുണ്ട്. 
            ഒരു തൊഴിൽ സമൂഹമെന്ന നിലയിൽ പോലീസ് നേരിടുന്ന അനേകം പ്രശ്‌നങ്ങളുണ്ട്. തൊഴിൽ സമയം, മേലധികാരികളിൽ നിന്നുള്ള സമീപനം, രാഷ്ട്രീയസമ്മര്‍ദ്ദങ്ങൾ, സംഘർഷമേഖലകളിൽ പോലീസിനു നേരെയുള്ള അതിക്രമങ്ങൾ, സേവനവേതനവ്യവസ്ഥയിലെ അപാകങ്ങൾ ഇങ്ങിനെ പലതുമുണ്ട്. അതേസമയം പോലീസിന്‍റെ പക്ഷത്ത് എന്തു പിഴവു സംഭവിച്ചാലും അതെല്ലാം മൂടിവെക്കപ്പെടുന്നു എന്നത് ഗൌരവതരമായി കാണേണ്ടതാണ്. പോലീസതിക്രമങ്ങളിൽ ചെറിയൊരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല എന്നത് കാണാതിരുന്നു കൂടാ. നക്‌സൽ കാലഘട്ടത്തിലും അടിയന്തിരാവസ്ഥയിലും ആയിരക്കണക്കിന് പോലീസതിക്രമങ്ങൾ നടന്നു. രാജനെ ഉരുട്ടിക്കൊന്നു. വർഗീസിനെ വെടിവെച്ചു കൊന്നു. രാമചന്ദ്രൻ നായരെന്ന പോലീസുകാരന്‍റെ കുറ്റസമ്മതത്തിലൂടെയാണ് ലക്ഷ്മണ ശിക്ഷിക്കപ്പെട്ടത്. ജനരോഷത്തിൽ നിന്നു രക്ഷ നേടാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണകർത്താക്കൾ പ്രഖ്യാപിക്കും. ചിലപ്പോൾ  ഒന്നു രണ്ടു പേർക്ക് ചെറിയ കാലത്തേക്ക് സസ്‌പെൻഷൻ. പിന്നെ വളരെ സ്വാഭാവികമായി അവർ സർവീസിൽ തിരിച്ചെത്തുന്നു. കേസുകൾ തേഞ്ഞു മാഞ്ഞു പോകുന്നു. അതു കൊണ്ട് പോലീസതിക്രമങ്ങളും കസ്റ്റഡി മരണങ്ങളും ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും. വികസിതജനാധിപത്യരാജ്യങ്ങളിൽ പോലീസതിക്രമങ്ങൾ അന്വേഷിക്കുന്നത് ഇതര ഏജൻസികളാണ്. ഇവിടെയും പേരിനൊരു പോലീസ് കംപ്ലെയിന്‍റ് അഥോറിറ്റി ഉണ്ട്. നെയ്യാറ്റിൻകരയിലെ ശ്രീജീവിന്‍റെ മരണത്തിൽ പോലീസുകാർ കുറ്റക്കാരാണെന്ന് അഥോറിറ്റി കണ്ടെത്തിയിരുന്നു. പക്ഷേ ഹൈക്കോടതിയിൽ നിന്നും ലഭിച്ച സ്റ്റേയുടെ ബലത്തിൽ അവരിപ്പോഴും സർവീസിൽ തുടരുന്നു. സഹോദരൻ ശ്രീജിത്തിന്‍റെ  രണ്ടു വർഷത്തിലധികം നീണ്ട സമരത്തിലൂടെ ആ കേസ് സി ബി ഐക്കു വിടാൻ തീരുമാനമായി. വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ പോലീസ് തന്നെ തെളിവുകൾ മായ്ക്കുകയുംകെട്ടിച്ചമയ്ക്കുകയും ചെയ്തത് വാർത്തയായി. എടപ്പാളിലെ തിയ്യേറ്ററിൽ നടന്ന പീഡനം പോലീസിലറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ മാധ്യമപ്രവർത്തകരെ സമീപിച്ച തിയ്യേറ്ററുടമയെ വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്ത് പോലീസ് പരിഹാസ്യരായി. ഇങ്ങിനെ എണ്ണിയാൽ തീരാത്തത്രയും കുറ്റകൃത്യങ്ങൾ നമ്മുടെ പോലീസിൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. ഇത്തരം മർദ്ദനങ്ങളെയും കസ്റ്റഡി മരണങ്ങളെയും രാഷ്ട്രീയ ആയുധമാക്കുക, അധികാരത്തിലെത്താനുള്ള ഉപാധിയാക്കുക എന്നതിനപ്പുറം കുറ്റാരോപിതരായ പോലീസുകാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ മാറി മാറി വരുന്ന മുന്നണികൾ ഒരിക്കലും താല്പര്യമെടുക്കാറില്ല.     
            ജനാധിപത്യപരമായ പരിഷ്‌കരണങ്ങളിലൂടെ മാത്രമേ പോലീസിനെ ജനങ്ങളുടെ പോലീസാക്കി മാറ്റാൻ കഴിയൂ. ജനാധിപത്യത്തിന്‍റെ സാധ്യതകളെക്കുറിച്ചും ഭരണഘടന വ്യക്തിക്കു നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള അവബോധമാണ് പോലീസുകാരിൽ സൃഷ്ടിക്കേണ്ടത്. മനശ്ശാസ്ത്രത്തെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റാന്വേഷണ ശാസ്ത്രത്തെക്കുറിച്ചുമെല്ലാമുള്ള ധാരണ അവരിലുണ്ടാകണം. ഈ ആഗോളീകരണ കാലത്ത് കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളിൽ വന്ന മാറ്റങ്ങളെ തിരിച്ചറിയാൻ  പറ്റുന്ന വിധത്തിൽ  സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടണം.  കലാകായികവിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുക്കണം. സാമൂഹികബന്ധങ്ങൾക്കുള്ള അവസരമുണ്ടാകണം. ശരീരത്തെ മാത്രമല്ല അവരുടെ മനസ്സിനെയും പരിഗണിക്കുന്നതാവണം പോലീസിന്റെ കരിക്കുലം. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ജനമൈത്രി എന്ന പേരിൽ പോലീസിനെ ജനകീയമാക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഒരു പേരുമാറ്റം കൊണ്ട് പോലീസ് മാറില്ല. ജനാധിപത്യപ്രക്രിയകളിലൂടെ വികസിച്ച പോലീസിനു മാത്രമേ ജനങ്ങളുടെ സുഹൃത്തുക്കളാകാൻ പറ്റൂ.  ജനങ്ങളോട് ഉത്തരവാദിത്തമുള്ളതും സുതാര്യവും സമൂഹത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യതപ്പെട്ടതുമായ ഒരു പോലീസിലേക്ക് നമുക്കേറെ സഞ്ചരിക്കാനുണ്ട്.