Wednesday, August 27, 2014

ശിക്ഷിക്കപ്പെടാതെ പോയ കുറ്റങ്ങൾ


ശിക്ഷിക്കപ്പെടാതെ പോയ കുറ്റങ്ങൾ

രാഷ്ട്രീയം,കല, സംസ്കാരം ഇവയില്‍ ആഴത്തില്‍ വേര് പടർത്തിയ
ഗ്രാമഗ്രാമാന്തരങ്ങളിൽ പടർന്നു വികസിച്ച ജനകീയ
പ്രസ്ഥാനങ്ങളുടെപ്രവർത്തനങ്ങളാണ് കേരളത്തിൻറെ പൊതുമണ്ഡലത്തെ
രൂപപ്പെടുത്തിയത്.അനേകരുടെ കൂട്ടായ്മകളുണ്ടായിരുന്ന
വായനശാലകൾ, കലാസാംസ്‌കാരികവേദികൾ, നാടകസംഘങ്ങൾ, ഫിലിം സൊസൈറ്റികൾ, തുടങ്ങിയ ജനകീയപ്രസ്ഥാനങ്ങൾ അപ്രത്യക്ഷമാവുകയും അവിടെ അതിവൈകാരിക രാഷ്ട്രീയവും സ്വപ്നവ്യാപാരികളായ സിനിമക്കാരും ചേർന്ന് നിർമിക്കപ്പെട്ട പുതിയൊരു പൊതുമണ്ഡലത്തിന് കേരളം കീഴടങ്ങേണ്ടി വരികയും ചെയ്തു.ആദ്യത്തേത് താഴെനിന്നു കെട്ടിപ്പൊക്കിയതാനെങ്കിൽ രണ്ടാമത്തേത് മുകളിൽ നിന്ന് കെട്ടിയിറക്കപ്പെട്ടതായിരുന്നു. ആദ്യത്തേതു ജനാധിപത്യപരവും രണ്ടാമത്തേതു അതിനു വിപരീതവുമായിരുന്നു. പ്രതിലോമരാഷ്ട്രീയം സൃഷ്ടിക്കുന്ന അപകടങ്ങൾ പലപ്പോഴും പ്രത്യക്ഷമാണ്.ഒരു പ്രകൃതി ദുരന്തത്തിലെ നാശനഷ്ടങ്ങളെപ്പോലെ സമൂഹം പെട്ടെന്നതിനെ അതിജീവിച്ചേക്കാം. എന്നാല്‍ സാംസ്‌കാരികമായി ഉണ്ടാകുന്ന അപചയങ്ങൾ പ്രത്യക്ഷമാകണമെന്നില്ല. അണുവികിരണംപോലെ അതുസമൂഹത്തെ
ദീർഘകാലം ബാധിച്ചേക്കാം.പ്രതിലോമകരമായ ഈ സംസ്കാര രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച രണ്ടു വ്യക്തികളെകുറിച്ചാണീ ലേഖനം. ഏറെ സമാനതകളുളളതാണ് അവരുടെ ജീവിതവും വീക്ഷണങ്ങളും. ഒരാൾ അബ്ദുൾ നാസർ മഅദനി. രണ്ടാമൻ സംവിധായകൻ രഞ്ജിത്ത്. പ്രത്യക്ഷത്തില്‍ ഇവര്‍ തമ്മിലെന്താണു ബന്ധം എന്നു പലരും സന്ദേഹിച്ചേക്കാം. മതാത്മക രാഷ്ട്രീയവും സിനിമയും തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ജനസമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിവുളള രണ്ടു മേഖലകളിലൂടെ കേരളീയ മനസ്സിനെ
രൂപപ്പെടുത്തുന്നതിൽ നല്കി യ 'സംഭാവന'കളെക്കുറിച്ചാണ് ഇവിടെ
അന്വേഷിക്കാൻ ശ്രമിക്കുന്നത്.
    1990കളോടെയാണ് രണ്ടുപേരും കേരളീയ ജീവിതത്തിൽ ശ്രദ്ധേയരായിത്തീരുന്നത്. ആദ്യത്തെ ശക്തമായ സ്വാധീനം മഅദനിയുടേതായിരുന്നു. അദ്ദേഹത്തെപ്പോലെരാൾക്ക് പ്രത്യക്ഷപ്പെടാൻ പറ്റുന്ന സാമൂഹ്യാന്തരീക്ഷം അന്നു കേളത്തിലുണ്ടായിരുന്നുതാനും.
ഇന്ദ്രപ്രസ്ഥം പിടിക്കാൻ ഹിന്ദു വർഗ്ഗീിയത അതിന്റെ അക്രാമകമായ എല്ലാ
ആയുധങ്ങളും പുറത്തെടുത്തു കഴിഞ്ഞിരുന്ന കാലം. ബാബറിമസ്ജിദ് എന്ന ചരിത്ര സ്മാരകം ഇന്ത്യന്‍ മുസ്ലീമിന് സ്വന്തം അസ്തിത്വമായും ഹിന്ദുവർഗ്ഗീ യതക്ക് അപമാനമായും അനുഭവപ്പെട്ടിരുന്ന കാലം. സത്യത്തില്‍ അതു രാമന്റെ ജന്മസ്ഥലമെന്നതോ അവിടെ ഒരമ്പലം പണിയുന്നതോ ആയിരുന്നില്ല, മറിച്ച് മുസ്ലീം സമുദായത്തെ അന്യവല്ക്കരിച്ച് ഹിന്ദുമനസ്സിനെ വർഗ്ഗീയമായി ഒന്നിപ്പിച്ച് അധികാരം പിടിക്കുക എന്നതു മാത്രമായിരുന്നു സംഘപരിവാറിന്റെ ലക്‌ഷ്യം. എന്നാൽ ഉത്തരേന്ത്യൻ മുസ്ലീം അനുഭവിക്കുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ, വർഗ്ഗീയ ലഹളകൾ, ജാതിപരമായ ഉച്ചനീചത്വം ഇവയൊന്നും കേരളീയ മുസ്ലീമിന് ബാധകമായിരുന്നില്ല. യഹൂദന്മാരുടെ ഘെട്ടോകൾക്ക്  സമാനാമായി ഒരു അന്യവൽക്കരിക്കപ്പെട്ട ജീവിതം ഉത്തരേന്ത്യന്‍ മുസ്ലീമിനിപ്പോലെ കേരളീയ മുസ്ലീമിനുണ്ടായിരുന്നില്ല. നൂറ്റാണ്ടുകളായി മറ്റു സമുദായങ്ങളുമായി ഇടകലർന്നു ജിവിച്ചതിലൂടെ സാംസ്‌കാരികഭേദങ്ങളെ അംഗീകരിക്കുന്ന സഹിഷ്ണുതയും ബഹുസ്വരതയുമാർജ്ജിിച്ച ഒരു മുസ്ലിം സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. കേരളത്തിലെ ഹിന്ദു സമൂഹവും ഉത്തരേന്ത്യയിൽ
നിന്നും ഭിന്നമായി ജാതിക്കെതിരെയും സാമൂഹികാസമത്തങ്ങൾക്കെതിരെയുമുളള
സമരങ്ങളിലൂടെ ജനാധിപത്യവൽക്കരിക്കപ്പെട്ടതായിരുന്നു.
ബാബറിമസ്ജിദിന്റെ തകർച്ചയിൽ കേരളീയ പൊതുമനസ്സ് മുസ്ലീം
സമൂഹത്തിനൊപ്പമായിരുന്നു. എന്നാല്‍ അതുതിരിച്ചറിയാതെ വല്ലാത്തൊരു
വൈകാരികതയിലേക്ക്, അരക്ഷിത ബോധത്തിലേക്ക് പിൻവലിഞ്ഞ് അയല്‍ സമൂഹങ്ങളെ സംശയത്തോടെ വീക്ഷിക്കാനാണ് ഇവിടുത്തെ മുസ്ലീം സമൂഹം ശ്രമിച്ചത്. കേരളിയമായ സംസ്‌കാരികമുദ്രകളെ പുറന്തളളി പർദ്ദയുടെ കറുപ്പിനുളളിലേക്കും മതാത്മകവും പ്രകടനപരതയ്ക്കു പ്രാധാന്യം കൊടുക്കുന്നതുമായ വേഷങ്ങളിലേക്കും രൂപങ്ങളിലേക്കും സമുദായം പിൻവാങ്ങി. സാംസ്‌കാരസമന്വയത്തിന് അവസരം നല്കാത്ത സമുദായവിദ്യാലയങ്ങളും ഏറെ വ്യാപിച്ചു. ഭിന്ന സംസ്‌കാരധാരകളെ പുറന്തളളി അപകടകരമായ വൈകാരികതയിലേക്കും മതാത്മകതയിലേക്കുമുളള സമുദായത്തിന്റെ പിന്മടക്കത്തിനു തുടക്കം കുറിച്ചതും ശക്തമായ
അടിത്തറപാകിയതും അബ്ദുല്‍ നാസര്‍ മഅദനിയായിരുന്നു. ആര്‍.എസ്.എസ്.
കേരളത്തില്‍ ഒരു ശക്തിയേ അല്ലാതിരിന്നിട്ടും മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനെന്ന പേരില്‍ സമാനമായ രീതിയില്‍ ഒരു മിലറ്റന്റ് സംഘടനതന്നെ (ഐ.എസ്.എസ്) മഅദനി സൃഷ്ടിച്ചു. കേരളത്തിലെ മുസ്ലീം വീടുകളിലെ ടേപ്പ് റിക്കാര്ഡകറുകളില്‍ നിന്ന് ഉയർന്നിരുന്ന സന്തോഷവും സന്താപവും വിരഹവും നിറഞ്ഞ മാപ്പിളപ്പാട്ടുകള്‍ പതുക്കെ നിലച്ചുപോയ കാലം. പകരം മുസ്ലിങ്ങൾ നേരിടുന്ന അവമതികളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുന്ന, അതിനുകാരണക്കാർ ഹിന്ദുമതക്കാരാണെന്ന, എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസ്. ആണെന്ന പ്രതീതി ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ ഉയരുകയും ചെയ്തിരുന്നകാലം. ഉത്തരേന്ത്യന് മുസ്ലീമില്‍ നിന്നും ഭിന്നമായി സാമ്പത്തികരംഗത്തും ഭരണരംഗത്തും നിർണ്ണായകമായ സ്വാധീനം ചെലുത്താന്‍ കേരളിയ മുസ്ലീം സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും തങ്ങളേതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന വ്യാജബോധം സൃഷ്ടിക്കാന്‍ മഅദനിയുടെ തിപ്പൊരി പ്രസംഗങ്ങൾക്കു കഴിഞ്ഞു.
ഈ സവിശേഷഘട്ടത്തിൽ നൂറ്റാണ്ടുകളായി സാംസ്‌കാരികമായ
കൊളളക്കൊടുക്കലുകളിലൂടെ ഒരുമിച്ചു ജിവിച്ച രണ്ടു സമുദായങ്ങള്‍ വർഗ്ഗീയ
ധ്രുവീകരണത്തിലേക്ക് നീങ്ങുന്നതിനെ തിരിച്ചറിയുന്നതിനും അതിനെ ആശയപരമായി നേരിടാനും ബാധ്യതയുണ്ടായിരുന്ന ഇടതുപക്ഷം മുസ്ലീം വൈകാരികതയെ ഊതിപ്പെരുപ്പിക്കാനും മഅദനിയിലൂടെ നേട്ടം കൊയ്യാനുമാണ് ശ്രമിച്ചത്. 1993-ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിമുപ്പതിനായിരത്തിൽപരം വോട്ടുകൾക്ക് എല്‍.ഡി.എഫ്
സ്ഥാനാര്ത്ഥി മഅദനിയുടെ പിൻബലത്തിൽ ജയിച്ചുകയറി. പിന്നീട്
ലീഗിനേക്കാൾ തിവ്രവർഗ്ഗീയതയുളള ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും
ഇടതുപക്ഷം കൂടെക്കൂട്ടി. ബാബറിമസ്ജിദ് ഉണ്ടാക്കിയ മുറിവ് ഒരിക്കലും
ഉണങ്ങാനനുവദിക്കാതെ മുസ്ലീംമനസ്സിനെ വികാരത്തിൽ തളച്ചിടാൻ ഇടതുപക്ഷം നിരന്തരം ശ്രമിച്ചു. താല്കാലികമായ നേട്ടങ്ങൾ കൊയ്യാൻ അതിലൂടെ ഇടതുപക്ഷത്തിനു കഴിഞ്ഞു. എന്നാല്‍ ചിന്താശൂന്യരും തീവ്രവികാരം പുലർത്തു ന്നവരും ആലോചനയ്ക്കുപകരം ശക്തിയില്‍ വിശ്വസിക്കുന്നതുമായ ഗ്രൂപ്പുകളുടെ വളർച്ചുയായിരുന്നു ഇതിന്റെ ഫലം. 2003-ലെ ഗുജറാത്ത്
കലാപത്തിന്റെ പ്രതികരണമെന്നോണം അത് എന്‍.ഡി.എഫ് എന്ന മറ്റൊരു രൂപം പ്രാപിച്ചു. ഐ.എസ്.എസ്. ആയാലും എന്‍.ഡി.എഫ് ആയാലും പോപ്പുലർ ഫ്രണ്ട് ആയാലും അവയെയെല്ലാം നയിക്കുന്നത് ചിന്താശൂന്യതയും അസഹിഷ്ണുതയും അതിവൈകാരികതയും മാത്രം. ശാരിരികമായ കരുത്തുകൊണ്ട് ന്യൂനപക്ഷത്തെ രക്ഷിക്കാമെന്നു വിചാരിക്കുന്ന മൂഢത മുസ്ലീം കൗമാരത്തെയും യൗവനത്തെയും അതോടപ്പം ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെയും ഒരേപോലെ വർഗ്ഗീംയവൽക്കരിക്കുക എന്ന അപകടകരമായ ദൗത്യമാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രവണതയ്ക്ക് അടിത്തറപാകിയതും വളർത്തിയതും പടർത്തിയതും മഅദനിയായിരുന്നു. നമ്മുടെ ജനാധിപത്യബോധത്തെ മുഴുവന്‍ കൊഞ്ഞനംകുത്തിക്കൊണ്ട് ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടിയോടെ കേരളത്തിലൂടെ ചീറിപ്പാഞ്ഞ മഅദനിയിൽ നിന്ന്
ഇന്നത്തെ മഅദനിയിലേക്ക് ഏറെ ദൂരമുണ്ട്. സാത്വികമായ ഒരു
സൂഫിഭാവത്തിലാണദ്ദേഹം. ഭൂതകാലത്തെ മുഴുവന്‍ മറക്കാൻ ശ്രമിക്കുന്ന ഒരു
വ്യക്തി. ദീർഘകാലത്തെ ജയിൽവാസവും മാറ്റങ്ങൾക്ക് കാരണമാവാം.
മതസഹിഷ്ണുതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസംഗങ്ങൾ. പക്ഷേ
എന്തുകാര്യം? മഅദനിമാറിയാലും അദ്ദേഹം വളർത്തിവിട്ട വർഗ്ഗീമയതയുടെ ഭൂതം
കേരളത്തിൽ പലയിടത്തും പടർന്നു കഴിഞ്ഞിരുന്നു. സ്‌ഫോടനങ്ങളായും,
വർഗ്ഗീിയ കലാപങ്ങളായും, തീവ്രവാദപ്രവർത്തിനങ്ങളായും അതു പലരൂപത്തിൽ തലപൊക്കുകയും ചെയ്തു. തന്റെ കുറ്റങ്ങൾക്ക് അർഹിക്കുന്നതോ അതിലധികമോ ആയ ശിക്ഷകൾ അദ്ദേഹം അനുഭവിച്ചു. ഇപ്പോഴും ശിക്ഷകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
     2

സംസ്‌കാരരൂപീകരണത്തില്‍ ജനപ്രിയ സിനിമകൾ പഹിക്കുന്ന പങ്ക് ഏറെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. തമിഴ്‌നാടും ആന്ധ്രയും പോലെ താരങ്ങൾ രാഷ്ട്രീയത്തെ ഹൈജാക്കുചെയ്യുന്ന പ്രവണത ഇവിടെ ഉണ്ടായില്ല. എങ്കിലും സ്വപ്നാത്മകമായ, അയഥാർത്ഥ്യമായ ഒരു മായികലോകം തന്നെയാണ് സിനിമ മലയാളിക്കും നല്കിയത്. എൺപതുകൾ ‍വരെ പൊതുവെ കേരളീയന്റെ ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതിൾ മുഖ്യപങ്കുവഹിച്ചത് സാഹിത്യമാണ്. കേരളീയ നവോത്ഥാനത്തിൽ സാഹിത്യം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ആശാനിൽ തുടങ്ങി മുപ്പതുകളിലെ ജീവൽ സാഹിത്യ പ്രസ്ഥാനങ്ങളിലൂടെ അത് ജനകിയമായ ഒരു മാനം കൈവരിക്കുന്നുണ്ട്. ദേശീയസ്വാതന്ത്ര്യസമരത്തോടൊപ്പം ജന്മിത്തത്തിനെതിരായ, ജാതീയതക്കെതിരായ സമരങ്ങളിലൂടെ രൂപപ്പെട്ട ഒരു ജനകീയ
ബോധത്തിന്റെ രൂപീകരണം കേരളത്തിന്റെ സവിശേഷതയായിരുന്നു. എന്നാൽ നെഹൃവിന്റെ രാഷ്ട്രസങ്കല്പ്പങ്ങൾക്കുണ്ടായ തകർച്ചയും കമ്മ്യൂണിസ്റ്റുപാര്ട്ടി യുടെ പിളർപ്പുമെല്ലാമുണ്ടാക്കിയ മാനസികാഘാതം സാമൂഹികാനുഭവങ്ങളിൽ നിന്നും വൈയക്തികാനുഭവങ്ങളിലേക്ക് എഴുത്തുകാരെയും വായനക്കാരെയും കൊണ്ടുപോവുകയുണ്ടായി. തകഴി, ദേവ്, വർക്കി തുടങ്ങിയവരിൽ നിന്ന് എം.ടിയുടേയും പത്മനാഭന്റെയും മാധവിക്കുട്ടിയുടെയും കാലത്തെത്തുമ്പോൾ സംഭവിക്കുന്നതിതാണ്. ആധുനികരുടെ കാലത്താകട്ടെ ബൗദ്ധികമായി ഉയർന്ന ഒരു വിഭാഗത്തിന്റെ അനുഭവങ്ങൾ സാഹിത്യത്തിൽ പ്രാമുഖ്യം നേടി. സാമാന്യജീവിതാനുഭവങ്ങൾ പ്രാന്തവല്ക്കയരിക്കപ്പെട്ടു.പത്മരാജന്റെ തൂവാനതുമ്പികൾ (1987) എന്ന സിനിമയിലെ ഒരു സന്ദർഭത്തിലൂടെ ഈ ഭാവുകത്വപരിണാമം വിശദീകരിക്കാം. ഒരു ഫ്യൂഡൽ പശ്ചാത്തലമുളള കഥാനായകന്റെ (മോഹൻലാല്‍) വലിയ തറവാടിനു മുന്നിലാണ് കുടികിടപ്പുകാരനായ രാമുണ്ണിനായർ(ജഗതി) കുടുംബത്തോടപ്പം
കുടില്കെട്ടി താമസിക്കുന്നത്. നായകന്റെ സഹോദരിക്ക് വീടുവെക്കാനായി
രാമുണ്ണിനായരെ കുടിയൊഴിപ്പിക്കാൻ നായകൻ പലതവണ ശ്രമിക്കുന്നുണ്ട്.
അതിനുളള അവസാനശ്രമമെന്ന നിലയിൽ കഥാനായകനും സുഹൃത്തുക്കളും മദ്യത്തിന്റെ ലഹരിയിൽ അയാളെ ബലമായി പിടിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുന്നു. ഒരു അണക്കെട്ടിലേക്ക് കൊന്നുതളളുമെന്നാണ് ഭീഷണി. ജിവനുവേണ്ടി യാചിക്കുന്ന കുടിയാന്റെ അവസ്ഥ നമ്മെ നല്ലവണ്ണം രസിപ്പിക്കും. ജിവൻ തിരിച്ചുതന്നാൽ കുടിയൊഴിഞ്ഞോളാമെന്നും സംഭവം ആരോടും പറയില്ലെന്നുമുളള ഉറപ്പിൽ അയാൾ സ്വതന്ത്രനാവുന്നു. ഈ സന്ദർഭങ്ങളിലെല്ലാം നാം ആസ്വാദകർ സഞ്ചരിക്കുന്നത് ഈ ഫ്യൂഡൽ നായകന്റെ കൂടെയാണ്. അമ്പതുകളിലെ കുടിയാൻ എന്ന സമരനായകൻ എൺപതുകളിൽ കോമാളിവേഷമായി അവതരിപ്പിക്കപ്പെടുന്നു. 1952 ല്‍ അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിൽ മനസ്സുകൊണ്ട് പങ്കുചേരുകയും ശരീരംകൊണ്ട് തളർന്നു പോവുകയും ചെയ്യുന്ന ധർമ്മസങ്കടം നിറഞ്ഞ ഒരു കഥാപാത്രമായി ഈ ജന്മിയെ വൈലോപ്പിളളിയുടെ 'കുടിയൊഴിക്ക'ലിൽ നാം കാണുന്നുണ്ട്. തൊണ്ണൂറുകളെത്തുമ്പോൾ ഈ ജന്മിക്ക് സംഘർഷങ്ങളില്ല. വീട്ടിനുമുന്നിലെ കുടികിടപ്പുകാരൻ അയാൾക്ക് അശ്രീകരമാണ്. നാം ഈ ജന്മിയോടുതാദാത്മ്യം പ്രാപിക്കുന്നു. ഈയൊരു ദിശാമാറ്റം അടയാളപ്പെടുത്തുന്ന സന്ദർഭം എന്നതിനാൽ തൂവാനത്തുമ്പികളിലെ ഈ രംഗത്തിന് സവിശേഷപ്രാധാന്യമുണ്ട്. ആറാം തമ്പുരാനിലെത്തുമ്പോള്‍ ഒരു ഗ്രാമത്തെ മുഴുവൻ ജന്മിയുടെ കാൽക്കൽ കുമ്പിടുവിക്കുന്നു രഞ്ജിത്ത്.
     സി.ഐ.ഡികളും കൊള്ളസംഘങ്ങളും കൈയ്യടക്കിയിരുന്ന മലയാളസിനിമയെ
എൺപതുകളിൽ ഭരതനും പത്മരാജനും മോഹനും ശ്രീനിവാസനുമൊക്കെയാണ് സാമാന്യ ജീവിതാനുഭങ്ങളുടെ ആവിഷ്‌കാരമാക്കിമാറ്റിയത്. എങ്കിലും എൺപതുകളുടെ ട്രെന്റ്മേക്കർ ശ്രീനിവാസനാണ്. രാഷ്ട്രീയം, പ്രണയം, ദാമ്പത്യം, ബ്യൂറോക്രസി, തൊഴിലില്ലായ്മ തുടങ്ങി ഇടത്തരക്കാരന്‍ നേരിടുന്ന സാധാരണ ജീവിത പ്രശ്‌നങ്ങളായിരുന്നു ശ്രീനിവാസന്റെ പ്രമേയങ്ങൾ. അവിടെ കൈക്കരുത്തുകൊണ്ടു വിജയിക്കുന്ന കഥാപാത്രങ്ങളധികമില്ല. ജാതിപരമായ സ്വത്വത്തെക്കാൾ ഏതു ജാതിമത സമൂഹത്തിലെയും സാധാരണക്കാരന്റെ
പ്രതിനിധാനങ്ങളായിരുന്നു അവയിലെ കഥാപാത്രങ്ങൾ. ബഹുസ്വരത നിറഞ്ഞ
സാമൂഹ്യജീവിതം അവയുടെ സവിശേഷതയുമായിരുന്നു.എൺപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ മധ്യംവരെ ശ്രീനിവാസൻ സൃഷ്ടിച്ച ട്രെന്റിനൊപ്പമാണ് മലയാള സിനിമ നീങ്ങിയത്.
       1990 കള്ക്കു ശേഷം മുസ്ലിം വർഗ്ഗീ യതയുടെ വളർച്ചയ്ക് സമാന്തരമായി
ബഹുസ്വരതയെയും ജാതിമതബന്ധങ്ങളെയും നിരാകരിക്കുന്ന ഒരു സവർണ്ണു
ജീവിതപരിസരം സിനിമയിൽ പ്രാമുഖ്യം നേടുകയുണ്ടായി. ബാബറിൻറെ അതിക്രമത്തിനിരയായ ഹിന്ദുത്വത്തെ രാമക്ഷ്രേത്ര നിർമ്മിതിയിലൂടെ ശക്തിപ്പെടുത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങൾക്ക് ഭിന്ന ജാതിസമൂഹങ്ങളെ ഹിന്ദു എന്ന ഏകകത്തിലേക്ക് വൈകാരികമായിഒന്നിപ്പിക്കുക എന്ന ലക്ഷ്യമാനുണ്ടായിരുന്നത്‌ . രാമക്ഷേത്രനിർമ്മാണത്തിനായി ഓരോ വീട്ടിൽ നിന്നും ഓരോ ഇഷ്ടിക സ്വീകരിക്കുന്നതിലൂടെ (അത് അയോധ്യയിലെത്തിയാലും പുഴയില്‍ കളഞ്ഞാലും) ജാത്യതീതമായി ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത് എന്ന് നമുക്കെല്ലാമറിയാം(ഇസ്ലാമും കൃസ്തുമതവും ഒരുവശത്ത് ശക്തമായ ഇടങ്ങളിലാണ് ഭിന്നജാതിസമൂഹങ്ങള്‍ ഹിന്ദു എന്ന ഏകകത്തിനുകീഴില്‍ കൂടുതലായി ഒരുമിച്ചത്) അങ്ങനെ സംഘപരിവാർ ഉയർത്തി ക്കൊണ്ടുവന്ന പൊതുഹിന്ദുബോധത്തിന്റെ പ്രതിനിധാനം ലഭിച്ചതാകട്ടെ ഒരു വരേണ്യഹിന്ദുനായകനും. അരാജകമോ അരക്ഷിതമോ ആയ ഒരു വ്യവസ്ഥയിൽ രക്ഷകനായെത്തുന്ന പുതിയൊരു നായക പരിവേഷത്തിന്റെ ഉദയമായിരുന്നു അത്. 

 തൊണ്ണൂറുകളുടെ മധ്യത്തോടെ വന്ന ഭൂരിഭാഗം സിനിമകളിലെയും ജീവിതം ഫ്യൂഡൽ പശ്ചാത്തലമുള്ള ഈ വരേണ്യനായകന്റെതായിരുന്നു. ഈ ട്രെന്റ് മലയാളത്തിനുസമ്മാനിച്ചത് രഞ്ജിത്തായിരുന്നു. ദേവാസുരത്തിൽ തുടങ്ങി ആറാം തമ്പുരാനിലൂടെ നരസിംഹത്തിലെത്തുമ്പോൾ അത് ഹിംസാത്മകമായ ഒരു തലത്തിലേക്കുവളരുന്നുണ്ട്. (രസകരമായ കാര്യം രഞ്ജിത്ത് തുടങ്ങിയത് ശ്രിനിവാസന്റെ ചുവടുപിടിച്ചാണ് എന്നതാണ്. പ്രാദേശികവാർത്തകൾ,
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, നന്മനിറഞ്ഞവന്‍ ശ്രീനിവാസൻ, നഗരങ്ങളിൽ ചെന്നുരാപാർക്കാം തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണല്ലോ) രഞ്ജിത്ത് കൊണ്ടുവന്ന ഈ മാറ്റം ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്കുളളതാണ്. നേരത്തെ നാം ശ്രീനിവാസൻ സിനിമകളുടെ പ്രമേയങ്ങളായിക്കണ്ട സാമാന്യജീവിതാനുഭവങ്ങളുടെയൊക്കെ വിപരീത ഭാവങ്ങളാണ് നാമിവിടെ കാണുന്നത്. അസഹിഷ്ണുതയും താൻപോരിമയും കൈമുതലാക്കിയ ഒരു വ്യക്തിയുടെ കഥയാണത്. പഴയ ഫ്യൂഡൽ പൗരുഷത്തിന്റെ പ്രതിനിധി.
ഏകാധിപത്യപരമാണയാളുടെ രീതികൾ. സാമൂഹിക പ്രതിബദ്ധതയുള്ള എന്തെങ്കിലും പ്രശ്‌നങ്ങളിൽ അയാള്‍ ഇടപെടുന്നില്ല. പ്രധികാരദാഹിയായി, വിദ്വേഷിയായി നഗരത്തിൽ നിന്നോ ജയിലിൽ നിന്നോ തിരിച്ചുവരുന്നവനാണയാൾ. നിന്നുപോയ ഒരുത്സവം കൊടിയേറ്റാൻ, നഷ്ടപ്പെട്ട തറവാട് തിരിച്ചുപിടിക്കാൻ, പഴയ ചതികൾക്കു പകരം വീട്ടാൻ. നമ്മുടെ ജനാധിപത്യബോധത്തിനു കീഴടങ്ങാൻ അയാൾ തയ്യാറല്ല. പോലീസ്, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം അയാൾക്ക് നിന്ദ്യരാണ്. അയാൾക്ക് തുല്യരായി ആരുമില്ല. ആശ്രിതസമാനരായ കുറച്ചുപേർ കൂടെയുണ്ടാകും. ബുദ്ധിയോ വിവേകോ ധാർമ്മികതയോ ഒന്നുമല്ല അവരെ നയിക്കുന്നത്. വെറും ഫ്യൂഡൽ വിധേയത്വം മാത്രം. (പോലീസിനെ ഭയന്ന് തെങ്ങിൻ മുകളിൽ നിന്ന് താഴെയിറങ്ങാത്ത കഥാപാത്രത്തിലൂടെ മലയാളിമനസ്സിന്റെ പോലീസ് ഭയത്തെ ജോൺ എബ്രഹാം ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉയർന്ന പോലീസുദ്യോഗസ്ഥരെ തെരുവിൽ തല്ലി രഞ്ജിത്തിന്റെ നായകർ അതിന് എളുപ്പത്തിൽ പരിഹാരം കാണുന്നുണ്ട്) മഅദനി കേരളത്തിൽ സൃഷ്ടിച്ച പ്രതിരോധാത്മകമോ അക്രാമകമോ ആയ മുസ്ലിം പ്രതിനിധാനത്തിന്റെ ബോധപൂർവമോ അബോധപൂര്വമമോ ആയ എതിർപ്ര തിനിധാനങ്ങളായിരുന്നു ഇത്തരം സിനിമകളിലെ നായകർ. ബഹുസ്വരതകൾക്ക് ഇടം നല്കാത്ത, ഭിന്നസാംസ്‌കാരികതകളെ അംഗീകരിക്കാത്ത പ്രതികാരദാഹികളായ അനേകം നായകർ ദേവാസുരത്തിനും ആറാംതമ്പുരാനും ശേഷം പലരൂപങ്ങളിലും ഭാവങ്ങളിലും നമ്മുടെ വെള്ളിത്തരകളിൽ തിമർത്താടി. ഈ നായകന്മാളർക്കു വേണ്ടി ഫാൻസ്  അസോസിയേഷനുകളുണ്ടായി. നാം നേരത്തെ സൂചിപ്പിച്ചതുപോലെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നോക്കം നില്ക്കു ന്നവരെയാണ് രഞ്ജിത്തും കൂട്ടരും ആകര്ഷിച്ചത്. തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴേക്കും ഈ വിഭാഗം ആൾക്കാർ ഹിസ്റ്റീരിയ ബാധിച്ച താരാരധനയുമായി തീയേറ്ററുകള്‍ കൈയ്യടക്കി. കുടുംബത്തോടൊപ്പം കയറിച്ചെലാനാവാത്ത ബഹളമയമായ ഒരിടമാക്കി അവർ സിനിമാശാലകളെ മാറ്റി. ഈ ഫാൻസ്  അസോസിയേഷൻകാരുടെ തൃഷ്ണകളെ ശമിപ്പിക്കുന്നതിനു വേണ്ടിയായിത്തീർന്നു പിന്നീടുള്ള സിനിമാ നിർമ്മിതികളെല്ലാം. നല്ല സിനിമയെ സ്‌നേഹിച്ചവരെല്ലാം രണ്ടായിരമാകുമ്പേഴേക്കും തീയേറ്ററുകളെ കൈയ്യൊഴിഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ മഅദനി നടത്തിയ ഇടപെലിനു സമാനമായതാണ് സംസ്‌കാരതലത്തിൽ രഞ്ജിത്ത് നടത്തിയത്. വായനശാലകളും കലാസാംസ്കാരിക വേദികളും രൂപപ്പെടുത്തിയ കേരളത്തെ എൺപതുകൾക്ക് ശേഷം രൂപപ്പെടുത്തിയത് കോട്ടയവും കോടംബാക്കവുമായിരുന്നല്ലോ. മിലിറ്റന്റായ ഒരു മുസ്ലിം രാഷ്ട്രീയത്തിന്റെ നിർമ്മിതിയിലൂടെ ഭൂരിപക്ഷ ഹിന്ദുസമൂഹത്തെ കൂടുതൽ വർഗ്ഗീ്യവല്ക്കരിക്കുക എന്ന ധർമ്മപമാണ് കേരള രാഷ്ട്രീയത്തിൽ മഅദനി നിർവഹിച്ചത്. അതിനു മറുപടിയായ ഒരു ഏകാധിപത്യ, സ്ത്രീവിരുദ്ധ, സവർണ്ണ നായക ബിംബത്തിന് ഒരു സമൂഹത്തെ അടിമയാക്കി എന്നതായിരുന്നു രഞ്ജിത്തിന്റെ ധർമ്മം. ദേവാസുരത്തിൽ നിന്നും നരസിംഹത്തിലെത്തുമ്പോൾ രഞ്ജിത്തിന്റെ ഭാവന സാംസ്‌കാരിക മര്യാദകളെല്ലാം ലംഘിച്ച് ഭയാനകമായ ഒരു രൂപം കൈവരിക്കുന്നതുകാണാം. നരസിംഹത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രം ഹിംസയുടെയും സ്ത്രീവിരുദ്ധതയുടെയും ഏകാധിപത്യത്തിന്റെയും പ്രത്യക്ഷമായിത്തന്നെ ഹിന്ദുവർഗീയതയുടെയും പരകോടിയിൽ നില്ക്കു ന്നവനാണ്. സംഘ പരിവാറിന്റെ ഏതു ശാഖയിൽ നിന്നാണ് ഈ നായകൻ ഇറങ്ങി വന്നതെന്ന് മാത്രമേ നമുക്ക് സംശയമുണ്ടാവൂ. ഒരു പക്ഷെ മലയാളസിനിമയിൽ (ലോകസിനിമയിൽ?) പ്രത്യക്ഷപ്പെട്ട ഏറ്റവും സ്ത്രീവിരുദ്ധമായ സംഭാഷണം രഞ്ജിത്തിന്റെ തുലികയിൽ നിന്നും
പുറപ്പെട്ടതാണ്. (വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരയ്ക്ക് വീട്ടില്
വന്നുകയറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാതൊഴിക്കാനും തുലാവര്ഷ
രാത്രികളിൽ ഒരു പുതപ്പിനുള്ളിൽ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ
പെറ്റുപോറ്റാനും ഒടുവിലൊരു നാൾ വടിയായി തെക്കെപറമ്പിലെ പുളിയൻ
മാവിന്റേ വിറകിനടിയില്‍ എരിഞ്ഞു തീരുമ്പോൾ നെഞ്ചുതല്ലികരയാനും
എനിക്കൊരു പെണ്ണിനെ വേണം. എന്താ പോരുന്നോ ?)
ദാസാ നമുക്ക് ഈ ബുദ്ധി എന്താ നേരത്തേ തോന്നാത്തത് ? എന്ന
ജീവിതസ്പര്ശി യായ സംഭാഷണശകലം ജനങ്ങൾ ഒരു പഴഞ്ചൊല്ലുപോലെ ഏറ്റെടുത്ത സ്ഥാനത്താണ്, മോനേ ദിനേശാ... സവാരി ഗിരി ഗിരി തുടങ്ങിയ അസംബന്ധ പ്രയോഗങ്ങൾ അരങ്ങുതകർത്താടിയത് എന്നോർക്കുക. ഭരതനും പത്മരാജനും ശ്രീനിവാസനും സൃഷ്ടിച്ച തുറസ്സുകളിൽ നിന്ന് മലീമസവും ഇടുങ്ങിയതുമായ ഗലികളിലേക്ക് മലയാളി ഭാവുകത്വത്തെ നയിക്കുന്നതിന് നേതൃത്വം നല്കി എന്നതാണ് രങ്ജിത്ത് കൊണ്ടുവന്ന ട്രെന്റ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിൽ കിണ്ടിയുണ്ടെന്നും തന്റെ സിനിമയിലെ കിണ്ടിയെ മാത്രം എല്ലാവരും സവർണ്ണതയും വർഗീതയുമായി കാണുന്നതെന്തുകൊണ്ടാണെന്നും രഞ്ജിത്ത്
ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കിണ്ടിയല്ല പ്രശ്നം
. അതുൾപ്പെടുന്ന ജീവിതപരിസരങ്ങളാണ്. ശ്രീനിവാസന്റെ ജനാധിപത്യ
ബഹുസ്വര മനോഭാവത്തോടു ഇണങ്ങിനിന്ന സംവിധായകനായിരുന്നു സത്യൻ
അന്തിക്കാട്. എന്നാൽ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതുപോലെ
രഞ്ജിത്തിന്റെ ആസുരമായ ഭാവനാലോകത്തെ പൊലിപ്പിച്ചെടുക്കുന്നതില്‍ ഷാജി കൈലാസ് വഹിച്ച് പങ്ക് എത്രപ്രധാനമാണെന്നും നമുക്കറിയാം.രണ്ജി പണിക്കർ തുടങ്ങി അനേകം വ്യക്തികൾ കൂട്ടായി പ്രവർത്തിവച്ച ഒരു മണ്ഡലത്തിൽ രണ്ജിത്തിനു മാത്രം
ഇത്ര പ്രാധാന്യമെന്തെന്ന് പലരും സന്ദേഹിച്ചെക്കാം. ടി.കെ.രാമചന്ദ്രന്റെ
ഈ വാക്കുകൾ ശ്രദ്ധിക്കുക . "അതി യാഥാസ്ഥിതികമായ ഒരു പ്രതിതരംഗം
സമകാലീന കേരളത്തിൽ മൂർത്തവും സജീവമായ സന്നിധ്യമയിട്ടുണ്ട് . ദ്രുത
ഗതിയിലുള്ള സാമൂഹിക രൂപപരിണാമങ്ങളും പ്രത്യയശാശ്ത്രപരമായ
നിറപകർച്ചകളും മൂലം ഈ പ്രതി തരംഗത്തിന്റെ നിർവചനം എളുപ്പമല്ല.
എങ്കിലും പുരോഗമന വിരുദ്ധവും ഇടതു പക്ഷ വിരുദ്ധവുമായ നിലപാടുകൾ
,ഫ്യുഡൽ ഭൂതകാലത്തെ ആദർശവൽക്കരിക്കാനുള്ള പ്രവണതകൾ,അക്രമോൽസുകം
പോലുമായ അരാഷ്ട്രീയ നാട്യങ്ങൾ,പ്രകടമായ പുരുഷമേധാവിത്വം,
ജനകീയപ്രസ്ഥാനങ്ങളോടുള്ള ഭ്രാന്തമായ ഭയം,മറനീക്കിപുറത്തു വരുന്ന
പുനരുദ്ധാനപരമായ കാഴ്ചപ്പാടുകൾ തുടങ്ങിയ അതിന്റെ സാമാന്യ സ്വഭാവങ്ങൾ
തിരിച്ചറിയാൻ പ്രയാസമില്ല" .ടി കെ രാമചന്ദ്രന്റെ ('കാഴ്ചയുടെ കോയ്മ'-
പുറം: 17 )നിരീക്ഷണങ്ങൾ ആരോടാണ് പൂര്ണവമായും ചേർന്നു നിൽക്കുന്നതെന്നതിനു സിനിമകൾ തന്നെയാണ് സാക്ഷ്യം.
     "വലിയവിപണന സാധ്യതയുള്ള, സിനിമ നിരന്തരം ഉപയോഗപ്പെടുത്തുന്ന ഒരു ഇതിവൃത്തഘടകമാണ് ലൈംഗീകത. ചലച്ചിത്രത്തിൽ അനുവദിക്കപ്പെടുന്ന ലൈംഗീകതയുടെ ഏറ്റവും രൂക്ഷമായ പ്രകടനം കാബറേ നൃത്തങ്ങളാണ്. ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിശാക്ലബ്ബുകളും അർദ്ധനഗ്നമായ കാബറേനൃത്തങ്ങളും സദാചാരവിരുദ്ധമെന്നു തീർച്ച. എങ്കിലും നാഗരികമെന്നു ധരിക്കപ്പെടുന്ന ഈ അനുഭവങ്ങളോട് പ്രേക്ഷകൻ രഹസ്യമായി ആഭിമുഖ്യമുണ്ട്. വിലക്കപ്പെട്ട അനുഭൂതികൾ പ്രേക്ഷകന് നൽകുവാനും അതോടൊപ്പം അവയുണർത്തുന്ന പാപബോധത്തിൽ നിന്ന് അവരെ മുക്തരാക്കുവാനും സിനിമയ്ക്ക് അതിന്റെ സാങ്കേതികതയുടെ സഹകരണമുണ്ട്. സാധാരണഗതിയിൽ ഒരു കാബറെ നൃത്തം തുടങ്ങുന്നത് നർത്തുകിയുടെ അർദ്ധ നഗ്നദേഹം നേരിട്ട് പ്രേക്ഷകന് മുന്നിൽ വെളിപ്പെടുത്തിക്കൊണ്ടല്ല. നൃത്തം കണ്ടുകൊണ്ടിരിക്കുന്ന നായകന്റെയോ പ്രതിനായക സ്വഭാവമുള്ള സദസ്സിന്റെയോ ഒരു ഷോട്ടില്‍ നിന്നാവും സ്വീക്വൻസ് തുടങ്ങുന്നത്. അത്തരം ഒരു സദസ്സിന്റെ കാഴ്ചപ്പാടിലാണ് പ്രേക്ഷകൻ നർത്തകിയെ കാണുന്നത് അയാൾ നൃത്തം കണ്ടുകൊണ്ടിരിക്കുന്ന സദസ്സിന്റെ പ്രേക്ഷകനാണ്.പ്രതിനായകനും സഹചാരികളും ചെയ്യുന്ന
സദാചാരധ്വംസനത്തിന്റെ സാക്ഷിമാത്രമാണയാൾ."( രവീന്ദ്രൻ- സിനിമ സമൂഹം പ്രത്യയ ശാസ്ത്രം -പേജ് 39)
സിനിമയിലെ ലൈംഗിക പ്രദർശപത്തെക്കുറിച്ചു രവീന്ദ്രന്റെ നിരീക്ഷണങ്ങൾ
ശ്രദ്ധേയമാണ്. എന്നാൽ 2000 മാകുമ്പോഴേക്കും ഈ പാപബോധം പോലും
സമൂഹത്തിന് ഇല്ലാതാവുന്നു. നമ്മുടെ നായകൻ തന്നെ പരസ്ത്രീഗമനത്തിൽ
കുറ്റബോധമില്ലാത്തവനാണ്.  എന്തിനകധികം ഒരു മാദകനർത്തിമയുമായി
ഒത്തുചേർന്നുള്ള നായകന്റെ നൃത്തം ഇത്തരം സിനിമകൾക്ക് ഒഴിച്ചുകൂടാനാവാത്തതുമാണ്.. ശ്രീനിവാസൻ സിനിമകളിൽ നർമ്മുത്തിനെന്നതു പോലെ(അദ്ദേഹം കൊണ്ടുവന്ന ട്രെന്റിൽ നിന്നും അതിന്റെ സാമൂഹികാംശം ചോർത്തിക്കളഞ്ഞ് മിമിക്രികലാകരന്മാരുടെ അകമ്പടിയോടെ കോമഡി സിനിമകളുടെ ഒരു ഉപധാര തൊണ്ണൂറുകളുടെ മധ്യത്തോടെ രൂപപ്പെടുന്നുണ്ട്)
ലൈംഗീക പ്രദർശനത്തിന്റെ ഒരു തലം രഞ്ജിത്ത് സ്കൂളിന്റെ ചേരുവകളിലൊന്നാണ്. അതിനുപ്രാമുഖ്യം കൊടുത്തുകൊണ്ട് ഷക്കീലയുടെയും മറ്റും അകമ്പടിയിൽ മറ്റൊരു ഉപധാരയും രണ്ടായിരത്തോടെ രൂപപ്പെടുകയുണ്ടായി. നാം നേരത്തേ സൂചിപ്പിച്ചതുപോലെ കുടുംബങ്ങൾ
ഒഴിഞ്ഞുപോയ തീയറ്ററുകളിൽ അതിന് നല്ല വിജയസാധ്യതയുമുണ്ടായിരുന്നു
80 കളിലെ നായകർ കുറ്റങ്ങൾക്കു ശിക്ഷ ഏറ്റുവാങ്ങുന്നവരാണ് . ജയിൽശിക്ഷ അല്ലെങ്കിൽ മരണം തന്നെ അവരെ കാത്തിരിക്കുന്നുണ്ട്. (ആര്യൻ, രാജാവിന്റെ മകൻ, ഇരുപതാം
നൂറ്റാണ്ട്....) എന്നാൽ നീതിന്യായ വ്യവസ്ഥകൾക്കെല്ലാം അപ്പുറത്താണ്
പുതിയ നായകനിർമ്മിതികൾ . നമ്മുടെ പൊതുബോധത്തിന്റെ രൂപീകരണത്തിൽ ഇത്തരം ഘടകങ്ങൾ എത്രമാത്രം പ്രാധാന്യം വഹിക്കുന്നു എന്നുപറയേണ്ടതില്ലല്ലോ. രഞ്ജിത്ത് ശ്രീനിവാസനിൽ നിന്ന് തുടങ്ങി എന്നതുപോലെ കച്ചവടവിജയത്തിനുവേണ്ടി രഞ്ജിത്തിന്റെ ട്രെന്റിനെ അനുകരിക്കുന്ന ശ്രീനിവാസനെ നാം പിന്നീട് കാണുന്നുണ്ട്. കഥപറയുമ്പോളിൽ
സൂപ്പർതാരത്തിന്റെ സൗഹൃദം എന്ന ലോട്ടറിക്കുമുന്നിൽ കീഴടങ്ങുന്ന സാധാരണക്കാരനെ നാം കാണുന്നു. എങ്കിലും സാംവിധാകൻ എന്ന നിലയില്‍ ഈയൊരു ചുവടുമാറ്റത്തിന് അദ്ദേഹം മുതിർന്നിട്ടില്ല. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ദുർബ്ബലനും സംശയാലുവുമായ നായകനെ കേരളം സ്വീകരിച്ചു. ചിന്താവിഷ്ടയായ ശ്യാമളയിലാകട്ടെ പരാജയങ്ങളിലേക്കുന്ന നീങ്ങുന്ന നായകനെയും അതിനെ കവിഞ്ഞുനില്ക്കു ന്ന സ്ത്രീ കഥാപാത്രത്തെയും നാം അംഗീകരിക്കുകയും കൊണ്ടാടുകയും ചെയ്തു. സർഗ്ഗാത്മകതയുടെ വലിയ ഉറവുകളുണ്ടായി രുന്ന രഞ്ജിത്ത് 2001 ല്‍ രാവണപ്രഭുവിലൂടെ ദേവാസുരത്തിന്റെ കച്ചവടവിജയത്തിനു തുടർച്ച കണ്ടെത്തിക്കൊണ്ടാണ് സംവിധായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചത് . ഭക്തിയുടെ വിപണി മൂല്യംകൊണ്ട് ഗുരുവായൂരപ്പന്റെ സൂപ്പർ നായകപരിവേഷത്തിൽ നന്ദനവും വിജയംനേടി. പിന്നീടുവന്ന മിഴിരണ്ടിലും, ബ്ലാക്ക്, ചന്ദ്രോല്സവം, പ്രജാപതി, റോക്ക് ആന്‍ റോൾ തുടങ്ങിയവയിലൊന്നും സംവിധാനകന്റെ ഗുണപരമായ എന്തെങ്കിലും സവിശേഷത നമുക്കു കണ്ടെത്താനാവില്ല. നല്ല ആസ്വാദകർ കൈയൊഴിഞ്ഞുപോയ തീയേറ്ററുകളിൽ സംവിധായകന്റെ മുദ്രപതിഞ്ഞ കൈയ്യൊപ്പിനും തിരക്കഥയ്ക്കും ഇടം കണ്ടെത്താനായില്ല. രസകരമായ മറ്റൊരു വസ്തുത മഅദനിക്കും രഞ്ജിത്തിനും സംഭവിച്ച പരിണാമത്തിലെ സമാനതകളാണ്. ഏതോ സൂഫിഗുരുവിനെ ലഭിച്ച മഅദനി ശിക്ഷകഴിഞ്ഞ് കോയമ്പത്തുര്‍ ജയിലില്‍ നിന്നും തിരിച്ചുവന്നത് മറ്റൊരു ഭാവത്തിലായിരുന്നു. എന്നാല്‍ സാത്വികഭാവം പൂണ്ട മഅദനിക്കുപിന്നിൽ നില്ക്കാ ൻ അണികളധികമുണ്ടായില്ല. അദ്ദേഹം കുടത്തിൽ നിന്നറക്കിവിട്ട
വർഗീയഭൂതമാവേശിച്ച അണികൾ കൂടുതൽ തീവ്രഭാവംപൂണ്ട് എന്‍.ഡി.എഫും പോപ്പുലർ ഫ്രണ്ടുമെല്ലാമായി മാറിക്കഴിഞ്ഞിരുന്നു. ഹിംസയും ഏകാധിപത്യവും പ്രതികാരവാഞ്ചയും സ്ത്രീവിരുദ്ധതയും ഹിസ്റ്റീരിയ ബാധിതരെപ്പോലെ ആഘോഷിക്കുന്ന ആസ്വാദകർ കൈയടിക്കിയ സിനിമാശാലകളിൽ രഞ്ജിത്തിന്റേ രണ്ടാം വരവിലെ നല്ല സിനിമകൾക്ക് ഇടമുണ്ടായില്ല. കേരള കഫേ എന്ന അപൂർവ സുന്ദരമായ സിനിമയുടെ വിധിയും അതുതന്നെയായിരുന്നു.മഅദനിയെ സ്വാത്വികനായി കാണാൻ അണികൾക്കു കഴിയാത്തതുപോലെ സാധാരണ മനുഷ്യരായി വന്ന സൂപ്പർതാരങ്ങളെ കാണികൾ തീയേറ്ററുകളിൽ നിന്നു കൂവിയോടിച്ചു. പാലേരിമാണിക്യത്തിന്റെ ശരാശരി വിജയത്തിനുശേഷം ശ്രീനിവാസൻടച്ചിലൂടെ പുറത്തുവന്ന പ്രാഞ്ചിയേട്ടനാണ് ആസ്വാദകനെ കുറച്ചൊക്കെ തീയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ട്രാഫിക്കും, സാൾട്ട് ആന്റ് പെപ്പറുമൊക്കെ ഈ ട്രെന്റിന് സഹായകമായി. ഇതിന്റെയെല്ലാം തുടർച്ചചയിലാണ് കാലിക പ്രസക്തിയുള്ള ഒരു വിഷയം രഞ്ജിത്തിൽ നിന്നും ആദ്യമായി നമുക്ക് കിട്ടുന്നത്. ഇന്ത്യൻ റുപ്പിയിലൂടെ. തന്റെ നേതൃത്വത്തിൽ
അമാനുഷരാക്കിയ താരങ്ങളെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ റുപ്പിയിലെ നായകന്റെ അവസ്ഥതന്നെയാണ് രഞ്ജിത്തിന്റെതും. കള്ളനോട്ട് ഇടപാടിൽ ജോലിക്കാരൻ ജയിലിലാവുകയും ജയപ്രകാശ് തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുകയും ചെയ്തു. തൊഴിൽ ചെയ്ത് മാന്യമായി ജീവിക്കുന്ന ജയപ്രകാശിനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. 1993 മുതല്‍ തുടങ്ങിവെച്ചതും കള്ളനോട്ടിടപാടിനെക്കാൾ പ്രതിലോമകരവുമായ തന്റെ കുറ്റങ്ങളെക്കുറിച്ച് രഞ്ജിത്തും ബോധവാനായിരിക്കണം. അതിന്റെ പ്രായശ്ചിത്തമാവണം തൊഴിലിൽ സത്യസന്ധത പുലർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ.
ഉമ്മർ ടി കെ.

Friday, January 31, 2014

സഖാവ് ജനാബാകുമ്പോൾ



സഖാവ് ജനാബാകുമ്പോൾ
           (2008 ൽ അബ്ദുള്ളക്കുട്ടിയെ പാർട്ടി പുറത്താക്കുന്നതിനു തൊട്ടു മുമ്പായി സമകാലിക മലയാളം വാരികയിൽ എഴുതിയ നിരീക്ഷണം)
സാമൂഹ്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ സമരങ്ങളാണ് ഒരു സമൂഹത്തെ ഏതുതരത്തിലുള്ള വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ സ്വാധീനം ചെലുത്തുന്നത്. സമരങ്ങളിലൂടെയാണ് സംസ്കാരം രൂപപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെയാണ് വംശീയതയെമറികടക്കുന്ന ഒരു ദേശീയത നാം രൂപപ്പെടുത്തിയത്. ദേശീയസംസ്കാരത്തിൽ നിന്നും വികാസം പ്രാപിച്ച ഒരു ജനകീയസംസ്കാരം കേരളത്തിന്റെ സവിശേഷതയാണ്. ഇതു രൂപപ്പെടുത്തുന നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക തൊഴിലാളി സമരങ്ങളുമാണ്. ജനകീയ സംസ്കാരം ഏറ്റവും കൂടുതൽ വേരുറപ്പിച്ചിട്ടുള്ളതാണ് കണ്ണൂരിന്റെ മണ്ണ്.
ജലത്തിലെ മൽസ്യമെന്നപോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ ഒരു നീണ്ടനിര തന്നെ കണ്ണൂരിനുണ്ടായിരുന്നു. വ്യക്തിയുടെ മോചനത്തെക്കാൾ സാമൂഹിക മോചനത്തിനുവേണ്ടി പ്രവർത്തിച്ചവർ. അവർ രൂപപ്പെടുത്തിയ ജനകീയസംസ്കാരത്തെ ഇന്ന് ഏറെക്കുറെ കൈവെടിഞ്ഞിട്ടുള്ളതും കണ്ണൂരിലെ ഇടതുപക്ഷനേതൃത്വമാണെന്നത് സംസ്കാരപഠിതാക്കളുടെ അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്. വായനയിൽ നിന്നും അനുഭവങ്ങലിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ആർജിച്ച ഉയർന്ന രാഷ്ട്രീയബോധം കണ്ണൂരിന്റെ സവിശേഷതയായിരുന്നു. ഫ്യൂഡൽ മൂല്യങ്ങളെ തകർത്തു കൊണ്ടും പണിശാലകളും വായനശാലകളും ചായക്കടകളും ബാർബർഷാപ്പുളും രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ വേദികളാക്കി ക്കൊണ്ടുമാണ് ജന്മിക്കുപകരം തൊഴിലാളിയെയും ബീഡിപ്പണിക്കാരനെയും കർതൃസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ഈയൊരു രാഷ്ട്രീയ ഭൂമിക കണ്ണൂരിന്റെ മണ്ണ് രൂപപ്പെടുത്തിയത്.
സമരങ്ങളിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഫ്രിക്കൻ മാര്ക്സിസ്റ്റ് ചിന്തകനും നേതാവുമായ അമിൽക്കർ കബ്രാൾ പറയുന്നു. മധ്യവർഗത്തിൽ നിന്നും വന്നു ചേരുന്ന നേതാക്കൾ കർഷകരുൾപ്പെടെയുള്ള ജനസാമാന്യവുമായി കൂടുതൽ ബന്ധപ്പെടുന്നു. അവരുടെ സംസ്കാരത്തിന്റെ സമ്പന്നത നേതാക്കൾ അപ്പോഴീണ് അൽഭുതത്തോടെ മനസ്സിലാക്കുന്നത്. അവരുടെ വ്യക്തിസംസ്കാരം വളർത്തുന്നതിൽ ഇത്തരം സഹവാസത്തിന്,കൂട്ടായ പ്രവർത്തനസന്ദർഭത്തിന് വലിയ പങ്കുണ്ട്.(സംസ്കാര പഠനം സിദ്ധാന്തവും പ്രയോഗവും.)
കേരളത്തിലുൾപ്പെടെ ദേശീയ കർഷകനേതാക്കളുടെ ആത്മകഥകൾ പരിശോധിച്ചാൽ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന അനുഭവങ്ങൾ കാണാം. തൊഴിലാളി കർഷകസമൂഹവുമായുള്ളബന്ധം എങ്ങനെ അവരുടെ ലോകവീക്ഷണത്തെ മാറ്റിമറിച്ചു എന്നതിന് അനേകം ഉദാഹരണങ്ങൾ നമുക്കു കണ്ടെത്താനാവും.
തങ്ങളുടെ സംസ്കാരത്തിലലിഞ്ഞു ചേർന്ന രാഷ്ട്രീയനേതൃത്വത്തിന് കണ്ണൂരിലെ പൊതുസമൂഹം നൽകിയത് സ്നേഹ വിശ്വാസങ്ങളുടെ ഒരു ബ്ലാങ്ക് ചെക്കായിരുന്നു. ഒരുജനത കണ്ണടച്ച് ഒപ്പിട്ട ഈ ബ്ലാങ്ക് ചെക്ക് കണ്ണൂരിലെ രാഷ്ട്രീയനേതൃത്വം എങ്ങനെ ഉപയോഗിച്ചു എന്ന അന്വേഷണമാണ് ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.
80 കളിൽ സംവാദങ്ങൾക്കും ചിന്തകൾക്കും ഇടം നൽകാത്ത ഒരുതരം രാഷ്ട്രീയധ്രുവീകരണം പ്രത്യേകിച്ചും ഹിന്ദുവർഗീയതയുടെ അക്രാമകമായ കടന്നു കയറ്റത്തോടെ ഇവിടെ രൂപപ്പെട്ടുവന്നു.പതുക്കെപ്പതുക്കെ തങ്ങളുടെ കോട്ടകൾ ഭദ്രമാക്കാനുള്ള തന്ത്രങ്ങളിലും കായികശക്തിയിലും മാത്രം വിശ്വാസമർപ്പിക്കുന്ന ഒരു രാഷ്ട്രീയസംസ്കാരവും ഉദയം കൊണ്ടു. 90 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ച സൃഷ്ടിച്ച ശൂന്യതയെ ഘോരമായ പ്രസംഗങ്ങൽ കൊണ്ട് നികത്താൻ ശ്രമിച്ചെങ്കിലും അതിനെ ആഴത്തിൽ പഠിക്കാനോ വിശകലനം ചെയ്യാനോ ആരും ശ്രമിച്ചില്ല. സാമൂഹിക മോചനം എന്ന സ്വപ്നത്തിനു മങ്ങലേറ്റപ്പോൾ വ്യക്തിപരമായ മോചനത്തിലേക്ക് സി പിഎം നേതൃത്വം പതുക്കെ പിന്മാറി. ജനജീവിതത്തെ സഹായിക്കാനായി രൂപം കൊണ്ട സഹകരണ സ്ഥാപനങ്ങൾ ലാഭകരമായ തൊഴിൽമേഖലയാക്കിമാറ്റി. ഇത്തരം തൊഴിൽ മേഖലയിലേക്കു കടക്കാനുള്ള അപ്രന്റീസ്ഷിപ്പായി യുവജനവിദ്യാർഥി രാഷ്ട്രീയം മാറി. കണ്ണൂരിന്റെ രാഷ്ട്രീയ ചിന്തയ്ക്ക് ശക്തമായ അടിത്തറ നൽകിയ ബീഡിത്തൊഴിലാളികളെ അവരുടെ മൂലധനം വലിയ കെട്ടിടനിർമ്മാണത്തിലേക്കും മറ്റും വഴിമാറ്റി      ക്കൊണ്ട് പാർട്ടി എങ്ങനെ കൈകാര്യം ചെയ്തു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. സഹകരണആശുപത്രികൾ,സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികൾ,തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും ഭീഷണികൊണ്ടും പിരിച്ചുവിടൽകൊണ്ടും വിജയകരമായിപരിഹരിച്ച റബ്കോ തുടങ്ങി പാർട്ടിയുടെ കിരീടത്തിലെ അവസാന പൊൻതൂവലായി അമ്യൂസ്മെന്റ് പാർക്കും.
ജനജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിപ്രവർത്തിക്കേണ്ട നേതൃത്വം മൂലധനസംഭരണത്തിന്റെ ഏജന്റുമാരായി മാറുന്നതോടെ ജനകീയരാഷ്ട്രീയത്തിന്റെ പതനം പൂർത്തിയാകുന്നു.
ഈയൊരു പശ്ചാത്തലത്തിൽ വേണം കണ്ണൂർ എം പി യായ എ പി അബ്ദുള്ളക്കുട്ടി അടുത്തകാലത്തായി ഉയർത്തിയ ചില വാദമുഖങ്ങളെ കാണേണ്ടത്. അതായത് സഖാവ് ജനാബായ കഥ. താൻ മതവിശ്വാസിയായ കണ്ണ്യൂണിസ്റ്റാണെന്നും നാഡീജ്യോതിഷത്തിൽ വിശ്വസിക്കുന്നതിലും മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിലും തെറ്റില്ലെന്നും മറ്റും വിദ്യാർഥിയുവജനപ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന ഈ പുതിയ നേതൃ താരം മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.
ജനകീയതയുടെ മണ്ണിൽ അബ്ദുള്ളക്കുട്ടിക്കു മാത്രമായി രു രാഷ്ട്രീയജീവിതമില്ല. അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയമായ പതനത്തെ സൂചിപ്പിക്കുന്ന ഈ പ്രസ്ഥാവനകളും വിവാദങ്ങളും കണ്ണൂർ രാഷ്ട്രീയത്തിന്റെ പതനം കൂടിയാണ്.
ജനജീവിതസന്ദർഭങ്ങളിൽനിന്നു പാർട്ടി നേതൃത്വം അകലുന്നതോടെ രാഷ്ട്രീയപ്രവർത്തനം ബ്യൂറോക്രസിയുടെ ഘടന കൈവരിക്കുന്നു.അടിത്തട്ടിൽനിന്നും മുകളിലേക്കു നീങ്ങേണ്ട ചർച്ചകൾക്കു പകരം മുകൾത്തട്ടിൽനിന്നുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഏർപ്പാടുമാത്രമായിത്തീരുന്നു സംഘടനാപ്രവർത്തനം. നേതൃത്വത്തോടുള്ള വിധേയത്വം മുഖ്യഗുണമായി മാറുന്നു. മധ്യവർഗങ്ങളിൽ നിന്നും വന്ന് സാധാരണജീവിതത്തിന്റെ നന്മകളേറ്റുവാങ്ങിയ നേതൃത്വത്തിനു പകരം ( എ കെ ജി,നായനാർ, കെപിആർ, സുബ്രഹ്മണ്യഷേണായി.)സാധാരണകടുബങ്ങളിൽ നിന്നു വന്നിട്ടു പോലും ഉപരിവർഗമൂല്യങ്ങൾ സ്വായത്തമാക്കിയ ഒരു നേതൃത്വത്തിന്റെ വരവ് നാം കാണുന്നു.
ചൈനയിൽ അരങ്ങേറിയ സാംസ്കാരികവിപ്ളവത്തിൽ പരിധികൾ പലതും ലംഘിക്കപ്പെട്ടു എങ്കിലും മധ്യവർഗസംസ്കാരത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള വിമർശനവും പ്രയോഗവും അതിലടങ്ങിയിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ.(അബദ്ധത്തിൽ തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റിൽ കയറേണ്ടിവന്ന പാർട്ടി നേതാവിന്റെ വിമ്മിട്ടവും അസഹ്യതയും അവതരിപ്പിക്കുന്ന ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ മലബാർ എക്സ് പ്രസ് എന്ന കഥ ഈയവസ്ഥയുടെ ശക്തമായ ആവിഷ്ക്കാരമാണ്.)കട്ടൻചായയും പരിപ്പുവടയും പരിഹാസ്യവും പുത്തൻപണക്കാരുടെ സംഭാവനയായ കോടികൾ പഥ്യവുമായിത്തീരുന്ന ഒരു രാഷ്ട്രീയസംസ്കാരം തീർച്ചയായും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വരുന്ന അണികളല്ല സൃഷ്ടിച്ചെടുത്തത്.
ജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങളിലൂടെ അവർക്കായുള്ള സമരങ്ങളിലൂടെ രൂപപ്പെടേണ്ട ജനകീയകർതൃബോധത്തിനു പകരം പുത്തൻപണക്കാരുമായുള്ള സഹവാസത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു മുതലാളി കർതൃബോധത്തിലേക്ക് പാർട്ടിയെ നയിക്കുന്ന ദൗത്യമാണ് പുതിയ നേതൃത്വം ഇന്ന് ഏറ്റെടുത്തിട്ടുളളതെന്ന് ഏതു രാഷ്ട്രീയ വിദ്യാർഥിക്കുമറിയാം. കൈരളി ചാനലിലെ അഭിമുഖത്തിൽ ഇന്നത്തെക്കാലത്ത് ഒരു നല്ല ലഞ്ചിന് ഒരു മൂവായിരം രൂപയെങ്കിലും വേണ്ടിവരുമെന്നറിയാത്ത മലയാളികൾ നമ്മുടെയിടയിലുണ്െന്നതു നിർഭാഗ്യകരമാണെന്ന് പറഞ്ഞ ഫാരിസ് അബൂബക്കറിനെ വെറുക്കപ്പെട്ടവൻ എന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വിശേഷിപ്പിച്ചത് ശരിയല്ലെന്നു വിലയിരുത്തിയവരാണ് സി പിഎമ്മിന്റെ സംസ്ഥാന നേതൃത്വം. തൊഴിലാളികളും ജീവനക്കാരും മറ്റും ഷെയറെടുത്തു തുടങ്ങിയ വേറിട്ട ചാനലിലായിരുന്നു ഈ അഭിമുഖം എന്നും ഓർക്കണം.
ഒരു പാർട്ടിക്ക് മൃഗീയമായ ഭൂരിപക്ഷം കൈവരുന്നതോടെ ജനാധിപത്യപരമായ സംവാദങ്ങളും വിമർശനങ്ങളും അന്യമാകുന്നു എന്നു വേണം കരുതാൻ. ഏറ്റവും അപകടകരമായ ഹൈന്ദവവർഗീയതയുടെ ഭീഷണി നിരന്തരം നേരിടേണ്ടി വന്ന കണ്ണൂരിലെ പാർട്ടി കായികമായ ശക്തിക്കു പ്രാധാന്യം നൽകുകയും ചിന്തയുടെയും സംവാദത്തിന്റെയും ഉയർന്ന തലം ഉപേക്ഷിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിലെ നിരന്തരമായ പ്രവർത്തനത്തിലൂടെ നേടിയെടുക്കേണ്ട വിശ്വാസ്യതയ്ക്കു പകരം ജനങ്ങൾക്ക് ഉറക്കമില്ലാത്തതും ദുസ്വപ്നം നിറഞ്ഞതുമായ രാത്രികൾ സമ്മാനിച്ചുകൊണ്ട് ഓരോ രാഷ്ട്രീയപ്പാർട്ടികളും തങ്ങളുടെ ശക്തിമേഖലയിലെ വോട്ടെടുപ്പുകളെ പോലും കായികശക്തിയുടെ പ്രകടനകേന്ദ്രങ്ങളാക്കി മാറ്റി. സാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വിമർശനങ്ങളെ അസഹിഷ്ണുതയോടെ പാർട്ടി നേരിട്ടു. ചിന്തയും വിമർശനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ജനകീയസാംസ്കാരിക മേഖല ഉപേക്ഷിക്കപ്പെട്ടാൽ ജീവൻ നഷ്ടപ്പെട്ട ഒരു ഭീകരകങ്കാളമായി പാർട്ടി മാറുമെന്നതിന് യാതൊരു സംശയവുമില്ല. മനുഷ്യവിമോചനത്തെ സംബന്ധിച്ച് ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും ഉദാത്തമായ പ്രത്യയശാസ്ത്രത്തെ പിൻതുടരുന്ന ഒരു പാർട്ടിയോട് ഉണ്ടാകേണ്ട സ്നേഹം ഭയം എന്ന വികാരത്തിനു വഴിമാറും. പാർട്ടി ഇഷ്ടപ്പെടാത്ത ഒരാളോട് വഴിയിൽ സംസാരിക്കാൻ പോലും ഒരനുയായി ഭയക്കും.ഫണ്ടിങ്ങ് സംഘടനകളുടെ സ്വാധീനത്തിൽ പാർട്ടി നവഉദാരവൽക്കരണത്തിലേക്കു കൂപ്പുകുത്തുകയാണെന്നു മുന്നറിയിപ്പു നല്]കിയ ഉമേഷ്ബാബുവിന് ഇന്ന് കണ്ണൂർ ജില്ലയിൽ വേദികൾ കിട്ടുക ദുർലഭമാണ്. പാർട്ടിക്കുമേൽക്കൈയില്ലാത്ത സാംസ്കാരിക സംഘടനകളൊന്നും ഇവിടെ പൊറുപ്പിക്കപ്പെടുകയില്ല. വ്യക്തിയെ പുറത്താക്കിയാൽ മാധ്യമങ്ങൾ അതാഘോഷിക്കും എന്നതുകൊണ്ട് അത്തരമാളുകളെ നിശ്ശബ്ദമാക്കുന്നതാണ് പുതിയ രീതി. ഉറച്ച രാഷ്ട്രീയബോധവും ഉയർന്ന വിനിമയശേഷിയുമുള്ള കരിവെള്ളൂർ മുരളിക്കും ഇപ്പോൾവേദികളില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നവലിബറൽ നയങ്ങൾക്കെതിരെയുള്ള ആഞ്ഞടിയുണ്ട്. ഇന്നത്തെ ചരിത്ര ഘട്ടത്തിൽ ഒരു സമൂഹം ജാഗ്രത്താകേണ്ടതിനെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട്.
സാമൂഹികമായ വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന  റഡാറുകളാകേണ്ടുന്ന സാംസ്കാരിക നായകർ വിധേയരും ഭീരുക്കളുമാകുന്ന അവസ്ഥ ദയനീയമാണ്. കസേരകളെക്കാൾ പ്രത്യയശാസ്ത്രത്തെ സ്നേഹിച്ചവരും നഷ്ടങ്ങൾശീലമാക്കിയവരുമായ യഥാർഥ ഇടതുപക്ഷസാംസ്കാരിക പ്രവർത്തകരാണ് കണ്ണൂരിന്റെ നേട്ടം. ജനജീവിതത്തിൽനിന്നകന്ന് മുതലാളിത്തയക്തികളാൽ നയിക്കപ്പെടുന്ന ഇടതുപക്ഷ നേതൃത്വത്തെ തിരുത്താനും ജനതയുടെ ഇച്ഛ പകരം വയ്ക്കാനുമുള്ള ചിന്താപമായ ധീരതയെ പാർട്ടി നേതൃത്വം ഭയപ്പെടുന്നു. കണ്ണൂരിലെ പരിക്കളത്ത് വഴിവിട്ട നേതൃത്വത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി തിരിയുന്നു. ഒഞ്ചിയത്തും ഷൊർണ്ണൂരിലും ഇത് ആവർത്തിക്കുന്നു.
ഗൗരിയമ്മയെപ്പോലെയോ എം വി രാഘവനെപ്പോലെയോ പ്രഭാവമുള്ള നേതാക്കൾ ഇപ്പോൾ കേരളത്തിന്റെ പലഭാഗങ്ങളിലും ഭിന്നിച്ചു പോകുന്നവർക്കൊപ്പമില്ലെന്നോർക്കണം. ജനങ്ങളിലൊരാളായി ജീവിക്കുന്ന പ്രാദേശിക നേതാക്കളും അവരൊന്നിച്ചെടുക്കുന്ന തീരുമാനങ്ങളും അവരൊറ്റക്കെട്ടായി നീങ്ങുന്നതും നാമിതുവരെ കാണാത്ത കാര്യങ്ങളാണ്.
തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ നടന്ന ജനകീയസമരങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. 94 ൽ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണത്തിനെതിരെ രക്തരൂക്ഷിതമായ സമരം നടന്നു. അഞ്ചു ജീവിതങ്ങൾ കൂത്തുപറമ്പിൽ ഹോമിക്കപ്പെട്ടു. ഒരു നാടിന്റെ ഭാവി അപകടപ്പെടുത്തുന്നതിനെതിരായ ഉജ്ജ്വലമായ രക്തസാക്ഷിത്വമായിരുന്നു അത്. അതിന്റെ സ്മരണകൾ മായും മുമ്പേ സഹകരണമേഖലയിൽ പാർട്ടി തന്നെ സ്വാശ്രയ കോളജുകൾ സ്ഥാപിച്ചു. ഇതായിരുന്നു സാശ്രയ സമരത്തിന്റെ പരിസമാപ്തി.
മറ്റൊരു സമരം 2002ൽ സർക്കാർ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു. സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് സർക്കാരുദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നതിലായിരുന്നു ആന്റണിയുടെ വേവലാതി. സാധാരണക്കാരനെയും സർക്കാരുദ്യോഗസ്ഥനെയും വേറെ വേറെയാക്കിയ ആന്റണിയുടെ തന്ത്രത്തിൽ ഇടതുപക്ഷവും വീണു. പാർട്ടി സ്വാഭാവികമായും സാധാരണക്കാരുടെ കൂടെയായിരിക്കുമല്ലോ. വൈകിയ ഘട്ടത്തിലാണ് പാർട്ടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്.
2003 ലെ മുത്തങ്ങ സമരം സവിശേഷശ്രദ്ധ ആകർഷിക്കുന്നതാണ്. വെടിവെപ്പു നടന്നതിനു പിറ്റേദിവസം പോലീസ് ആദിവാസിക്കുടിലുകളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക് അന്തമില്ല. പോലീസ് അതിക്രമം തുടർന്നാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്  വെളിയം ഭാർഗവൻ അക്രോശിച്ചു. ഇറാക്കിൽ അമേരിക്ക ബോംബിട്ടപ്പോൾ ഉറങ്ങിപ്പോയ ഗോർബച്ചേവിനെ മറന്നു പോയോ? റഷ്യ എന്തെങ്കിലും പ്രതികരിക്കുമെന്ന് നാമെല്ലാം ആഗ്രഹിച്ചതാണ്. അതുപോലെ പിണറായി വിജയന്റെ കരുത്തുറ്റ ഒരു വാക്ക് ഉയരുമെന്നും സഖാക്കൾ നിസ്വരായ ആദിവാസികൾക്ക് പ്രതിരോധം തീർക്കുമെന്നും നാമെല്ലാം വ്യാമോഹിച്ചു. നരനായാട്ടിന്റയും ആദിവാസികളുടെ ദൈന്യതയുടെയും ദൃശ്യങ്ങൾ ചാനലുകൾക്കു പ്രധാന വിഭവമായപ്പോൾ പൊതുസമൂഹത്തിന്റെ മനസ്സ് മുത്തങ്ങയിലെ ആദിവാസിസമൂഹത്തിനൊപ്പമായി. അപ്പോഴാണ് രാഷ്ട്രീയമായ നേട്ടത്തെക്കുറിച്ച് പാർട്ടി നേതൃത്വം ബോധവാന്മാരായത്. ഉടനെ പാർട്ടിയുടെ നേതൃത്വത്തിൽ രൂക്ഷമായ സമരം തന്നെ കണ്ണൂരിൽ നടന്നു. പക്ഷേ അത് ആദിവാസികൾക്കു വേണ്ടിയായിരുന്നില്ലെന്നു മാത്രം.
ഇന്ന് സമസ്താപരാധങ്ങളും കോടതിയുടെ തലയിൽ വെച്ച് വഴിവിട്ട അനുരഞ്ജനങ്ങളിലും ഉപജാപങ്ങളിലും ചതിക്കുഴികളിലും മുങ്ങിത്താഴുന്ന വിദ്യാഭ്യാസരംഗം കാണുമ്പോൾ സ്വാശ്ര.സമരത്തിന്റെ പരിസമാപ്തിയെക്കുറിച്ച് ആര് സങ്കടപ്പെടാതിരിക്കും?
മേൽപ്പറഞ്ഞ സമരങ്ങളൊഴിച്ചാൽ തൊണ്ണൂറുകൾക്കു ശേഷമുള്ള മറ്റു സമരങ്ങളുടെ സ്വഭാവം ഒന്നു വിശകലനം ചെയ്തു നോക്കൂ. ഓരോ ബ്രാഞ്ചിൽ നിന്നും നിശ്ചിത എണ്ണം ആൾക്കാരെ ബ്ലോക്ക് ജില്ല സംസ്ഥാന കേന്ദ്രങ്ങളിലെത്തിച്ച് സെക്രട്ടറിയേറ്റ് മാർച്ചും കലക്ടറേറ്റ് വളയലും പോസ്റ്റ് ഓഫീസ് ഉപരോധവും പോലുള്ള അനുഷ്ഠാന സമരരൂപങ്ങൾ ആവർത്തിക്കുന്നതു കാണാം. (എൻ ജി ഒ സംഘടനകളുടെ ഇത്തരം അനുഷ്ഠാനസമരരീതികൾ എങ്ങനെ പാർട്ടിയിൽ കടന്നു കയറി എന്നതും പഠനവിധേയമാക്കേണ്ടതാണ്.) ഇടതുവലതായിധ്രുവീകരിക്കപ്പെട്ട കേരളരാഷ്ട്രീയത്തിൽ ഇടവിട്ടായാലും ഭരിക്കാമെന്ന ആത്മവിശ്വാസത്തിലേക്കും ഇതേകാലത്തോടെ പാർട്ടി എത്തിച്ചേരുന്നു. തൊണ്ണൂറുകൾക്കു ശേഷം രൂപപ്പെട്ട ഇത്തരമൊരു സവിശേഷമായ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് അബ്ദുള്ളക്കുട്ടി.
യാഥാസ്ഥിതിക മുസ്ലിം കടുംബത്തിൽ ജനനം. ചെറപ്പത്തിലേ ഭക്തിയിൽ തൽപ്പരൻ. പിന്നീട് ഐടിഐ പഠനം. അവിടെ എല്ലാവരും എസ്എഫ് ഐ. അബ്ദുള്ളക്കുട്ടിയും എസ് എഫ് ഐ. പിന്നീട് എസ് എൻ കോളജിൽ യൂണിയൻ ഭാരവാഹി. യാഥാസ്ഥിതികസമൂഹത്തിലെ ലീഗ്കാരിൽനിന്നും മർദ്ദനം. അത് ക്ലിക്കായി. പിന്നീട് ജില്ലാ കൗൺസിൽ മെമ്പർ. 98 മുതൽ മുല്ലപ്പള്ളിയെ തോൽപിച്ച് ജയന്ര് കില്ലറായി അൽഭുതക്കുട്ടി. ത്യാഗപൂർണമായ ജീവിതമോ ഉയർന്ന രാഷ്ട്രീയബോധമോ അല്ല പൈങ്കിളിവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയജീവിതത്തിന്റെ വിജയമായിരുന്നു അതെന്ന് രാഷ്ട്രീയബോധമുള്ളവർ പറയും.
വളരെ ചെറുപ്പത്തിലേ ലഭിച്ച നേതൃപദവിയുടെ സുഖം, പാർലമെന്റിലെ പത്തു വർഷത്തെ സുഖവാസം. വർങ്ങളോളം ജനങ്ങളെ സ്റ്റേജിൽ നിന്നു മാത്രം നോക്കിക്കണ്ടുശീലിച്ച ഇത്തരമൊരാൾക്ക് ഏരിയാക്കമ്മറ്റിയിലേക്ക് തിരിച്ചു വന്ന് ജനജീവിതങ്ങളുടെ അലോസരങ്ങളിലൂടെ കടന്നു പോവുക സാധ്യമാണോ? നേരത്തേ തന്നെ പാർട്ടിക്ക് അനഭിമതനായതു കൊണ്ട് നല്ല സ്ഥാനങ്ങൽ കിട്ടാൻ സാധ്യത കുറവ്. അതുകൊണ്ട് മറ്റെന്തങ്കിലും ബിസിനസ്സിലേക്കു നീങ്ങുകയാണു ബുദ്ധി. അതിനുള്ള പശ്ചാത്തലമൊരുക്കൽ മാത്രമാണ് മാധ്യമങ്ങളെ സമീപിച്ചുള്ള ഇന്റർവ്യൂവും ക്യാമറയ്ക്കു പോസുചെയ്തുള്ള പെരുന്നാൾ നമസ്കാരവുമെല്ലാം.
യാഥാസ്ഥിതിക മുസ്ലിം കൃസ്ത്യൻ കടുംബങ്ങളിൽ നിന്നു കമ്മ്യൂണിസ്റ്ഖു പാർട്ടിയിലേക്കും അതിന്റെ പ്രത്യയശാസ്ത്രത്തിലേക്കുമുള്ള സഞ്ചാരം ഏറെ ദുർഘടം പിടിച്ചതാണ്. പൊതുവെ ലിബറലായ ഹിന്ദുസമൂഹങ്ങളിൽ നിന്നു വരുന്ന നേതാക്കൾ പോലും വിശ്വാസത്തിന്റെ പിന്നാലെ പോകുമ്പോൾ അബ്ദുള്ളക്കുട്ടിയെ ആർക്കു കുറ്റം പറയാനാവും?
ശൈശവത്തിലും ബാല്യത്തിലും രൂപപ്പെടുന്ന വിശ്വാസങ്ങൾ പിൽക്കാലം മുഴുവൻ വ്യക്തിയെ സ്വാധീനിക്കും. ശാസ്തരമേറെ പഠിച്ചവർ തന്നെ ശാസ്ത്രബോധമേതുമില്ലാതെ പല പല വിശ്വാസങ്ങളുടെ പിന്നാലെ പായുന്നത് നാം കാണാറുണ്ടല്ലോ? എന്നാൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത പഴയ കമ്മ്യൂണിസ്റ്റുകാർ അന്തമറ്റ സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും സ്വജീവിതാനുഭവങ്ങളിലൂടെയുമാണ് ഇത്തരം വിശ്വാസ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത്. അബ്ദുള്ളക്കുട്ടിയെപ്പോലൊരാൾക്ക് അതുമാത്രം പോരാ. തന്റെയുള്ളിൽ തറഞ്ഞുപോയ വിശ്വാസങ്ങളെ ഉച്ചാടനം ചെയ്യണമെങ്കിൽ സൈദ്ധാന്തികമായ അന്വേഷണം കൂടി ആവശ്യമായിരുന്നു. എന്നാൽ ബർലിൻ കുഞ്ഞനന്തൻ നായരുടെ വീട്ടിൽ താമസിച്ചു പഠിച്ച കാലത്തു പോലും അതിനു സഹായകമായ പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാനോ സംശയങ്ങൾ ദൂരൂകരിക്കാനോ അബ്ദുള്ളക്കുട്ടി ശ്രമിച്ചിട്ടില്ലെന്നു തീർച്ച. പാർട്ടിക്കു നിർണ്ണായക ഭൂരിപക്ഷമുള്ള സമൂഹങ്ങളിൽ ദൈനംദിന പ്രസംഗങ്ങൾക്കുതകുന്ന പരിമിത ജ്ഞാനം മാത്രമേ പാർട്ടി ആവശ്യപ്പെടുന്നുള്ളൂ.
വിശ്വാസം തെറ്റല്ല. ടി കെ ഹംസ വിശ്വാസിയാണ്. വിശ്വാസികൾ അനേകം പാർട്ടിയിലുണ്ട്. എന്നാൽ പാർലമെന്റിലെ രണ്ടാം ടേം കഴിയാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ ഇത്തരമൊരു വിശ്വാസപ്രതിസന്ധി നേരിടുന്ന അബ്ദുള്ളക്കുട്ടിക്ക് ബർലിൻ കുഞ്ഞനന്തൻ നായരുടെ വിശേഷണമാണ് ഏറ്റവും അനുയോജ്യം -ആത്മവഞ്ചകൻ.
ഒരു പക്ഷേ വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രശ്നം ഉന്നയിച്ച് വിശാസിയെ തഴയുന്നുവെന്ന പ്രതീതി ജനിപ്പിച്ച് വീണ്ടു തന്റെ സ്ഥാനാർഥിത്വം അംഗീകരിപ്പിക്കുന്നതിലേക്കു സി പിഎം നേതൃത്വത്തെ നിർബന്ധിതരാക്കുക എന്ന തന്ത്രവും ഇതിന്റെ പിന്നിലുണ്ടാവാം. ന്യൂനപക്ഷ വോട്ടും വിശ്വാസവും എന്ന കുഴിയിൽ പാർട്ടി വീണാലും അൽഭുതപ്പെടാനില്ല.
അബ്ദുള്ളക്കുട്ടിയുടെ സംശയങ്ങൾ തീർക്കും എന്നാണ് പാർട്ി ജില്ലാ സസെക്രട്ടറി പറയുന്നത്. ആരു തീർക്കും? പൂമൂടലിലും മോമോദീസയിലും പെട്ടുഴലുന്ന നേതാക്കളാണോ ഈ സംശയം തീർക്കുക?
ഒരു പക്ഷേ തന്റെ നാട്ടിലേക്ക്, അതിന്റെ സമീപപ്രദേശങ്ങളിലേക്ക് തിരിച്ചു ചെന്നാൽ അബ്ദുള്ളക്കുട്ടിക്ക് തന്റെ വിശ്വാസപ്രതിസന്ധികൾ പലതും പരിഹരിക്കാനാവും. നാറാത്തും അതിന്റെ ചുറ്റുവട്ടങ്ങളിലും ഉയർന്നരാഷ്ട്രീയ ബോധവും അഗാധമായ മനുഷ്യസ്നേഹവും മനുഷ്യവിമോചന സ്വപ്നങ്ങളും വച്ചു പുലർത്തുന്ന സഖാക്കളുടെ വംശം കുറ്റിയറ്റു പോയിട്ടില്ല. തന്റെയും തന്റെ കടുംബത്തിന്റെയും ജീവിതത്തെക്കാൾ പാർട്ടിയെയും സമൂഹത്തെയും സ്നേഹിച്ച വീട്ടിലേക്ക് ഒരു നല്ല വഴി പോലും ഉണ്ടാക്കിയെടുക്കാൻ കഴിവില്ലാത്ത ുഴയപാർട്ടി സിക്രട്ടറി ചടയൻ ഗോവിന്ദന്റെ ജീവിതത്തിൽ നിന്നും പലതും പഠിക്കാനുണ്ടാവും. പക്ഷേ അബ്ദുള്ളക്കുട്ടിയെപ്പോലൊരാൾക്ക് ഇനി തിരിച്ചു പോകാനാവില്ല. പാർട്ടി അത്രമേൽ മുന്നേറിക്കഴിഞ്ഞു.