Wednesday, July 3, 2013

സി ദാവൂദിന്റെ മനുഷ്യാവകാശ സങ്കൽപ്പങ്ങൾ

               

 ആലുവ നിർമ്മല ഹൈസ്‌ക്കൂളിൽ മുസ്ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രമണിയാനുള്ള അവകാശം നിഷേിച്ചതിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധികവക്താക്കളിലൊരാളായ സി ദാവൂദ് മാധ്യമത്തിലെഴുതിയ ലേഖനമാണ് ഈ കുറിപ്പിനടിസ്ഥാനം. 
അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വാദമുഖങ്ങൾ ഇവയാണ്.
1 ഒരു മീറ്റർ നീളം വരുന്ന തട്ടം എന്ന തുണിക്കഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ 1879 നു ശേഷം 2009 ൽ സാർക്കോസി പാർലമെന്റിന്റെ ഇരു സഭകളും വിളിച്ചു കൂട്ടി. പൊതു ഇടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. 
2 തട്ടമിട്ടതിന്റെ പേരിൽ മുസ്ലിം പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് കേരളത്തിൽ വ്യാപകമാണ്. 
4.തട്ടം ധരിക്കൽ പോലുള്ള പ്രശ്‌നത്തെ മതമൗലിക വാദികൾ വർഗീയ പ്രശ്‌നമായി ഉയർത്തിക്കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഗവൺമെൻറ് ഉത്തരവ് മുസ്‌ലിം വിരുദ്ധമാണ്. 
4 ഇത്തരം പ്രശ്‌നങ്ങൾ ഉയർന്നു വരുന്നത് മുസ്ലിങ്ങളിൽ ജനാധിപത്യ പരമായ കാഴ്ച്ചപ്പാട്  വർദ്ധിച്ചതു കൊണ്ടാണ്.
3.ഫാദർ പോൾ തേലക്കാട്ട് മാനേജ്‌മെന്റ് നടപടിയെ ന്യായീകരിച്ചു.
5 മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഗവണ്മെന്റ് ഉത്തരവിറക്കിയത് സോദ്ദേശ്യമായാണ്.
6 ബ്രിട്ടണിൽ വർഷം ശരാശരി 5000 പേർ ഇസ്ലാം മതം സ്വീകരിക്കുന്നു.
         ആദ്യമേതന്നെ പറയട്ടെ നിർമ്മല ഹൈസ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി നിർമ്മലം എന്നപേരിനു വിപരീതമാണ് എന്നതിൽ ഒരു തർക്കവുമില്ല. തീർച്ചയായും വസ്ത്ര ധാരണത്തിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണത്. സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും സി ദാവൂദിന്റെ  അഭിപ്രായത്തോടു യോജിക്കും. പക്ഷേ അദ്ദേഹം പച്ചക്കോട്ടു വിവാദത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നു? അഥവാ അങ്ങിനെയൊന്നുണ്ടെങ്കിൽത്തന്നെ അതെന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. 
     സാർക്കോസിയുടെ നീക്കം വീണ്ടും അധികാരത്തിലെത്താൻ ഏതൊരു രാഷ്ടീയക്കാരനും നടത്തുന്ന ഗൂഢനീക്കങ്ങളിൽ ഒന്നു മാത്രമായിരുന്നു. ഫ്രാൻസിൽ പത്തു ശതമാനം മുസ്ലിങ്ങളാണ്. യൂറോപ്പിലെവിടെയും മുസ്ലിങ്ങൾക്കിടയിൽ വർഗീയമായ ഉണർവ് രൂപപ്പെട്ടു വരുന്നത് പൊതുവെ മതപരത കുറഞ്ഞ അവിടുത്തെ ഭൂരിപക്ഷ സമൂഹത്തിൽ അലോസരമുണ്ടക്കുന്നുണ്ട്. അതിൽത്തന്നെ വംശീയമായി ചിന്തിക്കുന്ന വലതുപക്ഷ സമൂഹത്തിന്റെ വോട്ടു നേടി അധികാരത്തിൽ വരാമെന്നതായിരുന്നു സർക്കോസിയുടെ നീക്കം. എന്നാൽ ഫ്രഞ്ചു ജനത അദ്ദേഹത്തെ നിർദ്ദയം തള്ളിക്കളയുകയാണുണ്ടായത്. സർക്കോസി നിരോധിച്ചത് ശിരോ വസ്ത്രം മാത്രമായിരുന്നില്ല കുരിശുമാല ജൂതത്തൊപ്പി സിക്ക് തലപ്പാവ് തുടങ്ങിയവയെല്ലാമായിരുന്നു. അതും പൊതു സ്‌കൂളുകളിലായിരുന്നു. 
        സർക്കൊസി ശിരോവസ്ത്രത്തെ ഉപയോഗിച്ചതു പോലെ തന്നെയാണ് ബി ജെ പി ബാബരി പള്ളിയെയും ഉപയോഗിച്ചത്. മോഡി കൂട്ടക്കൊലകളെയും. ഇസ്ലാമിസ്റ്റുകളും ജനപിന്തുണ നേടാൻ ഇതേ പാത തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. സിയാവുൽഹക്ക് അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് ശരീഅത്ത് എന്ന പേരിൽ സ്ത്രീകളുടെ വസ്ത്രധാരണരീതിയിൽ കാർക്കശ്യം കൊണ്ടു വരികയായിരുന്നു. താലിബാന്റെ നയവും വ്യത്യസ്ഥമല്ല. സിയാഭരണകൂടത്തെയും താലിബാനെയും പിന്തുണക്കുന്ന സമീപനമാണ് ദീവൂദിന്റെ സംഘത്തിനുള്ളത്. ബംഗ്ലാദേശിൽ സോഷ്യൽ നെറ്റ് വർക്കിലൂടെ സ്വതന്ത്രമായ ആശയപ്രചരണം നടത്തുന്നവരെ ജയിലിലടക്കമമെന്നു അക്രോശിച്ചു കൊണ്ട് തെരുവുകളെ യുദ്ധക്കളമാക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വർഗീയ സംഘടനകൾ. ഇക്കാര്യത്തിലും അവർ അഭിപ്രായം പറയില്ല. കാരണം മനുഷ്യാവകാശം എന്നത് മുസ്ലിങ്ങളുടെ അവകാശം മാത്രമാണ് വർഗീയ ചിന്തകർക്ക്. സെക്കുറിസത്തിന്റെ പേരിൽ ഫ്രഞ്ച് ഗവണ്മെന്റ് സ്വീകരിച്ച അതേ മൗലികവാദ നിലപാടുതന്നെയാണ് ആധുനിക തുർക്കിയുടെ പിതാവായ കമാൽ പാഷയും സ്വീകരിച്ചത്. പശ്ചാത്യവൽക്കരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച നടപടിയോടുള്ള പ്രതിഷേധത്തെ വളർത്തിക്കൊണ്ടു വന്നാണ് ഇസ്ലാമിസ്റ്റുകൾ അവിടെ അധികാരം നേടിയത്. അവിടുത്തെ പ്രസിദ്ധമായ ജസിം പാർക്ക് ഷോപ്പിങ്ങ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ ഭാഗമായി നശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ വലിയ പ്രക്ഷോഭത്തെ നേരിടുകയാണ്  ഗവണ്മെന്റ്. പൊതു ഇടങ്ങൾ സംസ്‌കാരസമന്വയത്തിനുള്ള അടിസ്ഥാന കേന്ദ്രങ്ങളാണ്. ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ച് ഒത്തു ചേരാൻ പള്ളികളുള്ളപ്പോൾ പിന്നെന്തിനു പാർക്ക്. 
2  തട്ടം ധരിക്കുന്നതിന്റെ പേരിൽ അപമാനിക്കപ്പെടുന്ന മുസ്ലിം കുട്ടികൾ ഉണ്ടാകാമെന്ന വാദത്തോടു യോജിക്കുന്നു. അത് അപലപനീയമാണ്. അതിനെക്കാൾകൂടുതൽ തട്ടം ധരിക്കാതെ വരുന്ന കുട്ടികളെ, ഷാൾ മാത്രം ധരിച്ചു വരുന്നവരെ മാനസികമായി പീഡിപ്പിക്കുന്ന സദാചാരപ്പോലീസുകാരായ വിദ്യാർഥികളും ടീച്ചർമാരും മുസ്ലിം ഭൂരിപക്ഷ സ്‌കൂളുകളിലുണ്ട് എന്ന കാര്യത്തിൽ ദാവൂദ് മൗനം പാലിക്കുന്നു. അവിടെ മതത്തിന്റെ നിയമം സ്വീകരിക്കാം. മറുപുറത്ത് ജനാധിപത്യവും ഉപയോഗിക്കാം. ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇന്ത്യ നൽകുന്ന സ്വാതന്ത്ര്യം ചെറുതൊന്നുമല്ല.  
3 തട്ടവും തൊപ്പിയുമെല്ലാം വർഗീയമായ ചേരിതിരിവിനു വേണ്ടി ഉപയോഗിക്കുകയും സംഘർഷങ്ങളുണ്ടാക്കാൻ സാധത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഉദാഹരണങ്ങൾ ഏറെയുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് ഉച്ചാടനം എന്ന ബ്ലോഗിൽ തകർത്ത പള്ളി ഉയരുന്ന ചിഹ്നഗോപുരങ്ങൾ എന്ന ലേഖനം നോക്കുക.-പച്ചക്കുതിര-ഡിസംബർ ലക്കം)
4 ജനാധിപത്യ പരമായ കാഴ്ചപ്പാട് എന്നതിനെക്കാൾ വർഗീയമായി ഒന്നിച്ചു നിൽക്കാനുള്ള പ്രവണതയാണ് മുസ്ലിങ്ങളിൽ കൂടുതളായി വളർന്നു വന്നിട്ടുള്ളത്. ബാബരി മസ്ജിദിന്റെ പതനം ഉണ്ടാക്കിയ മുറിവുകളും അതി വൈകാരികതയുമെല്ലാമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. വർഗീയതയെ ജനാധിപത്യപരമെന്നു തെറ്റിദ്ധരിക്കുന്നത് ശരിയല്ല. 
5 പോൾ തേലക്കാട്ട് മതപുസ്തകങ്ങൾക്കപ്പുറം ചിലതു വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം നിർമ്മല  സ്‌കൂളിന്റെ ജനാധിപത്യ വിരുദ്ധ നടപടിയെ ന്യായീകരിച്ചാൽ മറ്റുള്ളവരുടെ കാര്യം എന്തു പറയാൻ? നിഗൂഡവർഗീയതയാണ് ക്രൈസ്തവ സഭകളുടെ സവിശേഷത.  ആന്തരികമായി പ്രായോഗികതയിൽ ഊന്നി പാശ്ചാത്യ വ്യക്തിവാദസമീപനം സ്വീകരിച്ച് അതിജീവനത്തിനു വേണ്ടി ഏതറ്റം വരെ പോകുമ്പോഴും ബാഹ്യമായി കേരളീയമായ/ഭാരതീയമായ ചിഹ്നങ്ങൾ എല്ലാം ഉപയോഗിച്ച് പൊതു സമ്മിതി നേടിയെടുക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിനൊരു കൃസ്ത്യൻ മുഖ്യമന്ത്രിയെ ഉൾക്കൊള്ളാനാവും. എന്നാൽ ഒരു മുസ്ലിം മുഖ്യമന്ത്രിയെ ഉൾക്കൊള്ളാനാവുമോ എന്നു സംശയമാണ്.  ആ ബോധം സൃഷ്ടിച്ചതിൽ വൈകാരികതയ്ക്കടിപ്പെട്ട മുസ്ലിം മത,രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് വളരെ വലുതാണ്. നിലവിളക്കിനെയും മറ്റും വിമർശിച്ച് കോലാഹലമുണ്ടാക്കുമെങ്കിലും മുസ്ലിംസമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വൈകാരികതയിൽ ഊന്നിയ അവരുടെ മനസ്സ്   ഹിന്ദുമനസ്സിനോട് അത്രമേൽ ചേർന്നു നിൽക്കുന്നതുമാണ് എന്നു കാണാൻ പറ്റും. 
5  പ്യൂബർട്ടിയാണ് ഇസ്ലാമിൽ വിവാഹത്തിന്റെ അടിസ്ഥാനം എന്ന വാദം  ഉന്നയിക്കാൻ ഇവിടെ ആരും മുതിർന്നില്ല എന്നത് നമ്മുടെ സമൂഹം നേടിയ നവോത്ഥാന മൂല്യങ്ങൾ മുസ്ലിം സമൂഹവും പങ്കു വെക്കുന്നതു കൊണ്ടാണ്. മറ്റൊരു മുസ്ലിം ഭൂരിപക്ഷരാജ്യത്താണെങ്കിൽ ആയിഷാബീവിക്ക് പത്തു വയസ്സിൽ താഴെയുള്ളപ്പോഴല്ലേ നബി വിവാഹം കഴിച്ചത് എന്ന് വാദിക്കാൻ ആളുണ്ടായേനെ. കാന്തപുരം പോലും 16 വയസ്സാക്കണം എന്നല്ലേ പറഞ്ഞുള്ളൂ. ഭാഗ്യം. ഇത് പൊതുവിടങ്ങളിൽ ചർച്ചയാവുമ്പോഴാണ് ഒരു സമൂഹം തങ്ങളെ മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുകയും ഉള്ളിലെ ജീർണ്ണതകളെ തിരിച്ചറിയുകയും ചെയ്യുന്നത്. ഇസ്ലാം മുന്നോട്ടു വെക്കുന്ന മറ്റു പല ആദർശങ്ങളെയും തമസ്‌ക്കരിക്കുകയും പതിനാറു വയസ്സിൽ കല്യാണം കഴിക്കുന്നത് നിയയമ വിധേയമാക്കണം എന്നൊക്കെയുള്ള വാദങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്യുന്നത് കാലത്തിൽ നിന്നും പിന്നോട്ടു സഞ്ചരിക്കലാണ്. 
6 ബ്രിട്ടണിൽ വർഷം തോറും 5000 പേർ ഇസ്ലാം മതം സ്വീകരിക്കുന്നു എന്നൊക്കെ എഴുതി വിടാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. പക്ഷേ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ അധികമാളുണ്ടാകുമെന്നു തോന്നുന്നില്ല. ഇതേ വാദം നാസ്തികരുയർത്തിയാൽ ദാവൂദ് തോറ്റു തുന്നം പാടുകയേയുള്ളു. സ്വീഡൻ ഡെന്മാർക്ക് തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളിലും ഭൂരിപക്ഷം പേരും മതങ്ങളിൽ നിന്നു മോചനം നേടിയവരാണ്. അത് അമ്പതിനായിരമല്ല ലക്ഷങ്ങൾ തന്നെ വരും. ഓ... സോറി.... അവർ ഉപേക്ഷിക്കുന്നത് കൃസ്തുമതമാണല്ലോ അല്ലേ... അതു മറന്നു പോയി....  പറഞ്ഞു വന്നത് മുടിയുണ്ടെങ്കിൽ എങ്ങിനെയും കെട്ടാം എന്നാണ്. തങ്ങൾക്ക് നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യാവകാശലംഘനം. മറ്റുള്ളവർക്കാകുമ്പോൾ മതപരമായ വിധികൾ. 
   ആലുവ നിർമ്മല സ്‌കൂളിന്റെ നടപടി പ്രത്യക്ഷമാണെങ്കിൽ പരോക്ഷമായി കേരളീയ സമൂഹത്തിൽ ഇത് ശക്തി പ്രാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും മതത്തിനു ഭൂരിപക്ഷമുള്ള സ്‌കൂളുകളിൽ നിന്നു മറ്റു മതസ്ഥർ പിൻമാറിക്കൊണ്ടിരിക്കുന്ന അവസ്ഥ കേരളത്തിൽ പലയിടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് സെക്കുലർ ഇടങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ഇത്തരം കന്യാസ്ത്രീകളും ദാവൂദുമാരും അമൃതാന്ദമയി സംഘവുമെല്ലാം തുല്യ പങ്കു വഹിക്കുന്ന ഒരേതൂവൽ പക്ഷികളാണ് എന്നതല്ലേ യാഥാർഥ്യം? 




Saturday, May 18, 2013

മന്ത്രവാദം

മന്ത്രവാദം


 ഇത് ഒരു അനുഭവ കഥയാണ്.(കഥയാണ് എന്ന് എഴുതിയത് തടയുന്നില്ല .അനുഭവം തന്നെയാണ്).വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്.ഉപ്പയുടെ അടുത്ത സുഹൃത്തും ഇസ്മിന്റെ (മന്ത്ര വാദം) പണി അറിയുന്നതുമായ ഒരു മുസല്യാരുണ്ടായിരുന്നു.അവരുടെ മകളെ കല്യാണം കഴിച്ചത് എന്റെ ബന്ധത്തിലെ എളേപ്പ ആണ്.തെക്കുനിന്നു കുടിയേറി വന്നത് കൊണ്ട് തിരുവിതാംകൂര്‍ മുസ്ല്യാര്‍കഎന്നാണ് എല്ലാവരും വിളിച്ചിരുന്നത്‌.കൃസ്ത്യന്‍ ഭാഷയില്‍ സംസാരിക്കുന്നതു കൊണ്ട് ചേട്ടന്‍ മുസ്ല്യാര്‍ക്ക എന്ന് ഞങ്ങള്‍ കുട്ടികള്‍ രഹസ്യമായി വിളിച്ചിരുന്നു. ചേട്ടന്‍ ഭാഷ സംസാരിക്കുന്ന മാപ്പിള ഞങ്ങള്‍ക്കൊരല്ഭുതമായിരുന്നു.(കുടിയേറ്റക്കാരന്‍ സുഹൃത്തിന്റെ കൂടെ വന്ന തിരുവിതാംകൂറ്കാരന്‍ മുസ്ലിമിനെ പണ്ട് കുറ്റ്യാടിക്കാര്‍ വെള്ളിയാഴ്ച പള്ളിയില്‍ കയറ്റിയില്ലെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിരുന്നു.)മുസ്ല്യാര്‍ക്ക ഇടക്കെല്ലാം വീട്ടില്‍ കൂടും.അപ്പോള്‍ രാത്രി വൈകും വരെ പലസ്ഥലത്തും മന്ത്രവാദത്തിനു പോയ കഥകള്‍ പറയും. കാസറഗോഡ് ഒരു സ്ഥലത്ത് അദ്ദേഹം ഒരു ഒഴിപ്പിക്കലിന് പോയി.ഒരു സ്ത്രീക്കയിരുന്നു ബാധ. ഒഴിപ്പിക്കുന്നതിന് തുകയൊക്കെ പറഞ്ഞുറപ്പിച്ചു.രണ്ടു ദിവസം നീണ്ട മന്ത്ര വാദത്തോടെ സ്ത്രീക്ക്ബാധ ഒഴിഞ്ഞു.മൂന്നു ദിവസത്തെ ഒഴിപ്പിക്കലയിരുന്നു ആദ്യം പറഞ്ഞത്. അത് കൊണ്ട് പറഞ്ഞ തുക മുഴുവന്‍ കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. വാക്ക് തര്‍ക്കമായി. തമ്മില്‍ തെറ്റി. മുസല്യാര്‍ക്ക ബാധയെ കുടുക്കിയ കുടത്തിന്റെ വായ തുറന്നു.അത്ഭുതം! സ്ത്രീക്ക് നിമിഷം ബാധ കൂടി.ഇത്തരം അനേകം കഥകള്‍ അദ്ദേഹം പറയും. അന്ധവിശ്വാസങ്ങളുടെ സര്‍വ വിജ്ഞാന കോശങ്ങളായിരുന്നു എന്റെ വീട്ടുകാരെങ്കിലും ഇതൊക്കെ വെറും ബടായി എന്ന് കരുതാന്‍ മാത്രം കോളേജ് വിദ്യാഭ്യാസകാലം അന്ന് എന്നെ തുണച്ചിരുന്നു.(അത് സംഭാവ്യമാണെന്ന് പിന്നീടു ഞാന്‍ തിരിച്ചറിയുന്നുണ്ട് .) എങ്കിലും അത്തരം കഥകള്‍ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. മലപ്പുറത്തേക്ക് കല്യാണം കഴിഞ്ഞു പോയ മൂത്ത പെങ്ങള്‍ വര്‍ഷത്തില്‍ രണ്ടു മാസം വീട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ പന്തായും പമ്പരമായും രൂപം മാറി വരുന്ന ഒടിയന്മാരുടെയും പാമ്പിന്‍പകകളുടെയും വിചിത്രമായ കഥകള്‍ കൊണ്ട് വരുമായിരുന്നു.(മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അവളോട്‌ കഥകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അത്തരം കഥകളൊന്നും തനിക്കോര്‍മ്മയില്ലെന്നും താനതൊന്നും പറഞ്ഞിട്ടില്ലെന്നും അവള്‍ ഉറപ്പിച്ചു പറഞ്ഞു.) അവള്‍ യൌവനത്തില്‍ കേട്ട കഥകള്‍ അവള്‍ക്ക് മറക്കാമെങ്കിലും കുട്ടിക്കാലത്ത് കേട്ടവ എനിക്ക് മറക്കാനാവില്ല.
മുസല്യാര്‍ക്കയുടെ ഒരു മന്ത്രവാദത്തിനു ഞാന്‍ സാക്ഷിയായ കഥയാണ് ഇവിടെ (പിന്നെയും കഥ)പറയാന്‍ പോകുന്നത്. നേരത്തെ സൂചിപ്പിച്ചു,ബന്ധത്തിലെ എളേപ്പ കെട്ടിയത് അദ്ധേഹത്തിന്റെ മകളെയാണെന്ന്. മകള്‍ക്ക് അഥവാ എന്റെ എളേമ്മക്ക് തന്നെയാണ് ബാധ. പലപ്പോഴും എളേമ്മ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നു.ഇരുട്ടില്‍ വാതില്‍ തുറന്നു മുറ്റത്തേക്കിറങ്ങി അബോധാവസ്ഥയില്‍ നടക്കുന്ന എളേമ്മയെ എളേപ്പ പിന്നാലെ ചെന്ന് തൊടേണ്ട താമസം താഴെ വീഴും.സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കും വിവാഹ പ്രായമെത്തിയ പെണ്മക്കളെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ടതയിരുന്നു എളേമ്മയുടെ സ്വപ്നാടനം എന്ന സോമ്നാംബുലിസം. എന്നാല്‍ പത്തു മുപ്പതു കൊല്ലം മുമ്പത്തെ എന്റെ കുടുംബക്കാരുടെ ശാസ്ത്രീയ യുക്തികള്‍ വെച്ച് (ഇന്നത്തെയും)ഇത് പ്രേത ബാധയല്ലാതെ മറ്റൊന്നുമായിരുന്നില്ല.ബാധയെങ്കില്‍ ഒഴിപ്പിച്ചേ പറ്റൂ.
മുസല്യാര്കയെ വിവരമറിയിച്ചു.സ്വന്തം മകളാണല്ലോ.വന്നു.മന്ത്ര വാദത്തിനുള്ള ഒരുക്കങ്ങളാക്കി. ഞാന്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ എതിരന്‍ കതിരവനായി നില്‍ക്കുന്ന കാലം.ഉമ്മ എന്നോട് പറഞ്ഞു. നീ വന്നു കാണ്. അപ്പോള്‍ നിനക്ക് വിശ്വാസം വരും.ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ചെന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനത് കൃത്യമായി ഓര്‍ക്കുന്നു. വീട്ടിനുള്ളില്‍ തന്നെ ഹോമകുണ്ഡം ഒരുക്കിയിരുന്നു.അതിനൊരു വശത്ത് എളേമ്മ, മറുവശത്ത് മുസല്ല്യാര്‍ക്ക.അദ്ദേഹം കോഴിമുട്ടയില്‍ എന്തൊക്കെയോ എഴുതുകയാണ്.ഒപ്പം എന്തൊക്കെയോ അറബി സൂക്തങ്ങള്‍ ചൊല്ലുന്നുമുണ്ട്‌. പ്ലാവിന്റെ ചെറുവിറകുകള്‍ കൊണ്ട് ഹോമകുണ്ഡം എരിയുന്നു .ബന്ധുക്കളായ കുറച്ചു പേര്‍ ചുറ്റിലും കുറച്ചു മാറിയുമോക്കെയുണ്ട്‌. മുസല്ല്യാര്‍ക്ക ചൊല്ലലുകള്‍ക്ക് തീവ്രത കൂട്ടി.ഉയര്‍ന്നും താഴ്ന്നും പിന്നെയും ഉയര്‍ന്നും പോകുന്ന മന്ത്രങ്ങള്‍.ചെണ്ടയുടെ മുറുക്കം പോലെ മന്ത്രങ്ങളും മുറുകിത്തുടങ്ങി. യാ ശൈഖുല്‍ മുഹിയുദ്ദീന്‍ ,യാ ശൈഖുല്‍ മുഹിയുദ്ദീന്‍ , യാ ശൈഖുല്‍ മുഹിയുദ്ദീന്‍ ചൊല്ലുകള്‍ ഉയര്‍ന്നുയര്‍ന്നു ഉച്ചസ്ഥായിയിലെത്തി. കാലിലൂടെ ഒരു തരിപ്പ് കയറുന്നത് പോലെ തോന്നി എനിക്ക്. എളേമ്മ പതുക്കെ വിറക്കാന്‍ തുടങ്ങി.ശരീരമാസകലം വിറ തന്നെ.ചില മന്ത്രങ്ങളോതി എന്തൊക്കെയോ വസ്തുക്കള്‍ മുസല്ല്യാര്‍ക്ക ഹോമകുണ്ഡത്തിലേക്കിടുന്നു, ഊതുന്നു. പല തവണ ... പിന്നെ അദ്ദേഹം ആരാ എന്തിനാ എന്നൊക്കെ എളേമ്മയോട് ചോദ്യമാണ്‌. ചില മുരളലുകള്‍ മാത്രം എളേമ്മയില്‍ നിന്ന് പുറപ്പെട്ടു. പിന്നെയും ചോദ്യം ചെയ്യലുകള്‍.ഒടുവില്‍ അദ്ദേഹം ചൂരല്‍ വടിയെടുത്തു ചുഴറ്റി. അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു എന്ന കലിമ ഉറക്കെ ചൊല്ലി ഏറ്റു പറയാന്‍ ആവശ്യപ്പെട്ടു.എളേമ്മക്ക് പരിഹാസ ഭാവം.പിന്നെയുംഭീഷണിയായി.വടി കൊണ്ട് നിലത്തു രണ്ടടി. ഒടുവില്‍ എളേമ്മ മിണ്ടി. പുച്ഛത്തോടെ തന്നെ.അഷു ശു ശു ശു ശു എന്ത് വേദമാപ്പാ ഇത്. കാര്യം മനസ്സിലായില്ലേ?കൂടിയത് ഹിന്ദു പ്രേതമാണ്‌.അതിനെങ്ങനെ കലിമ ശഹാദത്ത് ചൊല്ലാന്‍ കഴിയും?ഉമ്മ എന്നെ നുള്ളി. എന്റെ മുഖത്തേക്ക് നോക്കി.
നിനക്ക് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന വിജയഭാവംഏതായാലും മന്ത്രവാദത്തോടെ എളേമ്മയുടെ അസുഖം മാറി.വളരെ ചെറുപ്പത്തിലേ മനസ്സില്‍ കുടിയേറിയ പലതും അബോധ മനസ്സില്‍ ഉറച്ചു പോകുന്നു എന്ന് ഉമ്മയെ പഠിപ്പിച്ചു കൊടുക്കാന്‍ എനിക്കാവില്ല. എളേമ്മയുടെ മേല്‍ രണ്ടു പ്രേതങ്ങളുണ്ടായിരുന്നത്രേ. രണ്ടിനെയും അന്ന് ഒഴിപ്പിച്ചു.അവയെ കുഴിച്ചിട്ട സ്ഥലം തപ്പിപ്പിടിക്കാനും അഴിച്ചു നോക്കാനും എന്റെ ഉള്ളിലെ അന്നത്തെ ടി കോവൂര്‍ ശ്രമിച്ചെങ്കിലും ഭയം നിര്‍ദയം മേല്‍ക്കൈ നേടി.എളേമ്മ മന്ത്ര വാദത്തിനിടയില്‍ പ്രേതങ്ങളുടെ പേരുകള്‍ പറഞ്ഞിരുന്നു.അവരുടെ ചെറുപ്പത്തില്‍ അപമൃത്യു സംഭവിച്ച പെണ്‍കുട്ടികളുടെ പേരുകളായിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ എന്നിലെ കോവൂരിന് കഴിഞ്ഞു. ഒരു മന്ത്രവാദമറിയുന്ന ആളുടെ മകളായി ജനിച്ച അവരുടെ കുട്ടിക്കാലത്തെ ഭരിച്ചിരുന്നത് ഏതൊക്കെ ദുര്‍മൂര്‍ത്തികളാവും? കുട്ടിക്കാലം സൃഷ്ടിച്ച തലവരകളില്‍ നിന്ന് മനുഷ്യന് പെട്ടെന്നൊന്നും മോചനം നേടാന്‍ കഴിയില്ല. കുട്ടിക്കാലത്ത് രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങങുന്ന സന്ദര്‍ഭം ഇന്നും കൌതുകത്തോടെ ഓര്‍ത്തു പോകുന്നു.പിന്നില്‍ രണ്ടു പേരെങ്കിലും കാവല്‍ വേണം.മുന്‍പിലെ ഇരുട്ടില്‍ പ്രേതങ്ങള്‍ എന്തൊക്കെ രൂപങ്ങളാണ് കൈക്കൊള്ളുക.കറന്റ്‌ പ്രേതങ്ങളെയൊക്കെ ആട്ടിപ്പായിച്ചു. ഇന്നവ ടി വി സീരിയലുകളുടെ വെള്ളിവെളിച്ചത്തില്‍ വന്നു കുട്ടികളെ പേടിപ്പിക്കുന്നു. അദൃശ്യമായ ഏതെങ്കിലും പ്രേതത്തിന്റെയോ ആത്മാവിന്റെയോ സാന്നിധ്യത്തെക്കുറിച്ച് ഒരു തരിമ്പു പോലും വിശ്വാസമില്ലാതാക്കുന്നതിന് വായനയും അനുഭവങ്ങളും അന്വേഷണങ്ങളുംഎന്നെ തുണച്ചു എങ്കിലും ഇന്നും ഇരുട്ടില്‍ വിജനമായ ഒരു വഴിയിലൂടെ നടക്കുമ്പോള്‍ അദൃശ്യമായ പ്രേതരൂപങ്ങള്‍ സൃഷ്ടിച്ചു നേര്‍ത്തൊരു ഭയത്തിലേക്കു എന്നെ തള്ളിയിടാന്‍ നോക്കുന്നത് കുട്ടിക്കാലത്തെ തലവരകള്‍ തന്നെയാണ്‌.അന്ധവിശ്വാസങ്ങള്‍ മാത്രമല്ല വിശ്വാസവും തലവരകളുടെ സൃഷ്ടിയാണെന്ന് നാം തിരിച്ചറിയാറില്ലസത്യത്തില്‍ പലർക്കും അതിന്റെ ആവശ്യവുമില്ല. ചെറുപ്പത്തിലേ കുത്തിവെക്കുന്ന ജാതിബോധത്തിലും മതബോധത്തിലും പല തരം വിശ്വാസങ്ങളിലും ആണ്ടുമുഴുകി അതില്‍ അഭിരമിച്ച് ജീവിച്ചു പോകുന്നതാണ് കരണീയം. വായിക്കുക,ചിന്തിക്കുക,അന്വേഷിക്കുക ഇവയെല്ലാം വലിയ ഉത്തരവാദിത്തങ്ങളത്രേ. അത്കൊണ്ട് ഉറച്ചു വിശ്വസിക്കുകതിരുകേശം നബിയുടെത് തന്നെ.മകരജ്യോതി സ്വയംഭൂ തന്നെ.