ഇതൊക്കെയാണ് ഇന്നു കണ്ണൂർ
ഉ മ്മര്‍. ടി.കെകൊലപാതകികളുടെ നാടെന്ന
പരിഹാസം,ഗോത്രമനസ്സുകളുള്ള പ്രാകൃത സമൂഹമെന്ന നിരീക്ഷണങ്ങൾ,പാർട്ടി ഗ്രാമം, കണ്ണൂർലോബി തുടങ്ങിയ വിശേഷണങ്ങൾ.....ഏതായാലും ഞങ്ങളുടെ നാട് ചർച്ചകളിൽനിറയുകയാണ്. എന്നാൽ ഇവയിൽ പലതും അർദ്ധസത്യങ്ങളോ അസത്യങ്ങളോആണ്.വ്യക്തി വിദ്വേഷങ്ങൾ, സ്വത്തുതർക്കങ്ങൾ,കുടുംബകലഹങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു തെക്കൻ ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളിൽ പകുതിപോലും കണ്ണൂർജില്ലയിലില്ല.ജാതീയമായ വിവേചനങ്ങൾ, സ്ത്രീകളോടുള്ള അതിക്രമങ്ങൾ തുടങ്ങിയവ മറ്റു ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോൾ നാമമാത്രമാണ്.സമരങ്ങളിലൂടെ രൂപപ്പെട്ട രാഷ്ട്രീയമായ പ്രബുദ്ധത ഏറ്റവും കൂടിയ ഇടവുമാണിത്. രാഷ്ട്രീയം കണ്ണൂരിന്പ്രാണവായുവായിരുന്നു.ഫ്യുഡൽ കുടുംബങ്ങളിൽ നിന്നും ഇറങ്ങിവന്നു സാധാരണതൊഴിലാളികൾക്കിടയിൽ ജീവിച്ചു അവരുടെ സംസ്‌കാരംസ്വാംശീകരിച്ച വലിയൊരുനേതൃനിരയും കണ്ണുരിനുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ചെങ്കല്ലുകൾ പടുത്താണ് അവർ കണ്ണുരിനെ ഇടതുപക്ഷത്തിന്റെ നെടുംകോട്ടയാക്കിയത്. വായനശാലകളും പണിശാലകളുംബാർബർഷാപ്പുകളും ചായക്കടകളും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പാഠശാലകളാക്കി മാറ്റി അവർ.(ഈ ചരിത്ര സന്ധികളിലെല്ലാം കോൺഗ്രസ് പാർടി ഉപരിവർഗതിന്റെയോ അവരുടെ ഒറ്റുകാരുടെയോ റോളിലായിരുന്നു എന്നത് മറ്റൊരു ചരിത്ര സത്യം.) ആദ്യകാലനേതാക്കൾ ഒരു ജനതയെ മുഴുവൻ കമ്മ്യുണിസ്ട്ടു അനുയായികളാക്കിയത് കൊണ്ട് അധികമായ പണിയൊന്നുംപിൽകാല നേതാക്കൾക്കുണ്ടായില്ല. ആശയങ്ങളുടെലോകത്തെ അവർതീർത്തും ഉപേക്ഷിച്ചു. സംവാദങ്ങളെ ഭയന്നു.അവരുടെ ഭാവന തീർത്തും ഭൌതികങ്ങളിലെക്കായി. സഹകരണ ബാങ്കുകൾ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ, കണ്ടൽ പാർക്കുകൾ, അമ്യുസ് മെന്റ് പാർക്കുകൾ,സ്വാശ്രയകോളേജുകൾ... ഇനിഎന്തെല്ലാം വരാനിരിക്കുന്നു!
തെരെഞ്ഞെടുപ്പും ജനാധിപത്യവും

കർഷകർ, ബീടിതൊഴിലാളികൾ തുടങ്ങി അടിസ്ഥാന വർഗത്തെ മുഴുവൻ രാഷ്ട്രീയമായി, ചിന്താപരമായി ശക്തരാക്കി കൊണ്ടാണ് പഴയ കാലനേതാക്കൾപ്രവർത്തിച്ചത്. എല്ലാ പൊതു ഇടങ്ങളെയുംരാഷ്ട്രീയ ചർച്ചക്കുള്ള ഇടങ്ങളാക്കി അവർ മാറ്റി.ആ പൊതു ഇടങ്ങളെ വെറുംകമ്മ്യുണിസ്റ്റ് ഇടങ്ങളാക്കി മാറ്റി എന്നതാണ് കണ്ണുരിലെ പുതിയനേതാക്ക•ാർ നിർവഹിച്ച മുഖ്യമായ ദൌത്യം.ഒരു ഉദാഹരണംപറയാം.തെരഞ്ഞെടുപ്പിലൂടെ യാണല്ലോ കേരളത്തിൽ പാർട്ടിചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയത്.ജനാധിപത്യ സമൂഹത്തിൽ ജനതയുടെ ഇച്ഹ പ്രതിഫലിപ്പിക്കാൻ ഏറ്റവും പറ്റിയ ഉപാധിയാണത്. കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്ത് നോക്കുക.അവിടെപഞ്ചായത്ത് തെരെഞ്ഞെടുപ്പിൽപലപ്പോഴും എതിരാളികളുണ്ടാവില്ല. കമ്മ്യുണിസ്റ്റു സ്ഥാനാ ര്തികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുന്നത് വലിയ അഭിമാനമായാണ് കണ്ണുരുകാർ
കാണുന്നത്.പാർട്ടി പത്രത്തിൽ അതൊരു അഭിമാനകരമായ വാർത്തയാകാറുമുണ്ട്. 2000 ത്തിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അരവിന്ദൻ എന്ന കോണ്ഗ്രസ്സ്‌കാരൻ മലപ്പട്ടത്തെ ഒരു വാർഡിൽ നാമനിർദേശം നൽകി.ഭീഷണി ഏറെ ഉണ്ടായിട്ടും അയാൾ പി•ാറാൻ തയ്യാറായില്ല. പക്ഷെ അയാൾക്കോ ഭാര്യക്കോ വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. എങ്കിലും എണ്ണിയപ്പോൾ കിട്ടിയത് നൂറിലധികം വോട്ട്. പിന്താങ്ങിയവനും കിട്ടി കണക്കിന് തല്ല്. സ്ഥാനാര്തിയുടെ അനേകം വാഴകളും കവുങ്ങുകളും രക്തസാക്ഷികളായി. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ട്ടം.ഒരു കൊണ്ഗ്രസ്സു നേതാവും തിരിഞ്ഞു നോക്കാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് പരീക്ഷണം അരവിന്ദൻ അതോടെ നിർത്തി. കഴിഞ്ഞ ദിവസംഒരു പാർടി നേതാവ് അഭിമാനത്തോടെ പറയുന്നത് കേട്ടു.ചെങ്ങളായി പഞ്ചായത്തിൽ കോൺഗ്രസ്സുകാർ തന്നെ നാട്ടിലില്ലാത്ത കോണ്ഗ്രസ് വോട്ടുകൾ തള്ളിക്കുകയാണെന്ന്. കൊണ്ഗ്രസ്സുകാരെന്തിനു സ്വന്തം വോട്ടുകൾതള്ളിക്കണം?കാരണം മറ്റൊന്നുമല്ല,അത് കമ്മ്യുണിസ്റ്റുകാർ ചെയ്യും.ഒരു ജനാധിപത്യ സമൂഹത്തിൽ പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഇവിടങ്ങളിൽ ക്രുരമായി ലംഘിക്കപ്പെടുന്നു.(ജില്ലയിൽ ചിലയിടങ്ങളിൽലീഗിനും തലശ്ശേരി ഭാഗങ്ങളിൽ ബിജെ പി ക്കും സമാനമായ പോക്കററുകളുണ്ട്.ഇത്തരം ഹിംസാടനങ്ങൾ അവിടെയും ആവർത്തിക്കുന്നു.)തെരഞ്ഞെടുപ്പുകാലം കണ്ണൂരിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ദുസ്വപ്നങ്ങളുടെ കാലമാണ്. മണ്ണാപ്പേടി പുലപ്പേടി പോലെ പാർട്ടി അണികളുടെ വന്യത പുറത്തു ചാടുന്ന ഒരു കാലം. കണ്ണൂരിലെ കവി പ്രമോദ് കെ.എം ന്റെ ഒരുകവിത ഉദ്ധരിക്കുന്നതാവും ഉചിതം.

അന്പത്തിമൂന്നു ദിവസം മുൻപ് മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാൻ സംതൃപ്തിയോടെ പാടി.
'ഇല്ല നിങ്ങൾ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ '
പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ളസ്ഥലങ്ങളിൽ എതിരാളികളെ ബൂത്തിലിരുത്താറില്ല. അധികമാരും സാഹസത്തിനു മുതിരാറില്ല. റിസ്‌ക് എടുത്ത ധീര•ാരാകട്ടെ കൈകാലൊടിഞ്ഞും പിണ്ട തൈലം തടവിയും ശിഷ്ടകാലം കഴിച്ചു കൂട്ടിയിട്ടുണ്ട്.എന്തോ ഇതിലെന്തെങ്കിലും ജനാധിപത്യ വിരുദ്ധതയുണ്ടെന്നു ഇവിടുത്തെ അണികൾക്കൊരിക്കലും തോന്നാറില്ല.നാട്ടിലില്ലാത്തവരും മരിച്ചു പോയവരുമെല്ലാം മഹത്തായ ഒരു വിപ്ലവത്തിൽ പങ്കാളികലാകുകയല്ലേ എന്ന ചിന്തയാണ് .ഇതിനെതിർ നിൽക്കുന്ന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥമൂരാച്ചികൾ വർഗവഞ്ചകരാണ്.അവരെ എങ്ങിനെയും തെറിപറഞ്ഞു ഭയപ്പെടുത്താൻ, കായികമായി തന്നെ നേരിട്ട്‌കൊള്ളാൻ അന്ന് അണികൾക്ക് അനുവാദമുണ്ട്. ഉദ്യോഗസ്ഥരെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അപമാനകരമായ ഒരു ദിവസമായി അത് മാറും.(എൻ.പ്രഭാകരന്റെ 'കൊടും ഭീകരൻ'എന്ന കഥയിൽ ഈ അനുഭവംആവിഷ്‌ക്കരിച്ചിട്ടുണ്ട്.)കണ്ണുരിന്റെ കുടിയേറ്റ പ്രദേശങ്ങളിൽതെരഞ്ഞെടുപ്പു ഡ്യുട്ടി കിട്ടുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്.അവിടെ കോൺഗ്രസ്സും കമ്മ്യുനിസ്റ്റും ബി ജെ പി യും ഒന്നിച്ചു ബൂത്തിലിരുന്നു അവരവരുടെ വോട്ടുകൾ ചെയ്യിച്ചു കുശലം പറഞ്ഞു പിരിയുന്നത് കാണാൻ വല്ലാത്തൊരു സന്തോഷമാണ്. അവിടെ ജീവിതം മുഖ്യവും രാഷ്ട്രീയം അതിനു വേണ്ടിയുള്ളതുമാണ്.എന്നാൽ നേരത്തെ പറഞ്ഞ ഇടങ്ങൾ വന്യതയുടെ,മനുഷ്യത്വവിരുദ്ധതയുടെ, ഫാസിസത്തിന്റെ സംഗ്രാമ ഭൂമികളാണ്.ഒരു പഞ്ചായത്ത് വാർഡിൽ ആയിരത്തിൽ 300 വോട്ടുകളാവും കൂടിയാൽ എതിർ സ്ഥാനാർതിക്ക് ലഭിക്കുക.എന്നാൽ ആ ദയ പോലുംഎതിരാളി അർഹിക്കുന്നില്ല എന്ന മനോഭാവം ശക്തമായി വേരുറച്ചു പോയിരിക്കുന്നു. ഇത്തരം പ്രദേശങ്ങളിൽ ഡ്യുട്ടിക്ക്എത്തുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും ജാതകം യുണിയൻനേതാക്കൾ മുഖാന്തിരംനേരത്തെ അവിടെ എത്തിയിട്ടുണ്ടാവും.സ്വന്തം ആളാണെങ്കിൽ പറയും.'ഒന്നും പേടിക്കേണ്ട ഇവിടെ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. നമ്മുടെ സ്വന്തംസ്ഥലമാ. ഉച്ചയ്ക്ക് മുൻപേ മറ്റേ ബൂത്ത് എജെന്റ് പോകും' ആള് നമ്മുടെ രാഷ്ട്രീയക്കാരനല്ലെങ്കിലോ'സാറെ ഇവിടെ ഞങ്ങളുടെ കേന്ദ്രമാണ്. ഞങ്ങളുടെ വോട്ടു ഞങ്ങൾചെയ്യും. സഹകരിച്ചാൽ നമുക്കെല്ലാം നല്ലത്.' ഒരു കോണ്ഗ്രസ് ധീരൻ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ബൂത്തിലിരുന്നു എന്ന് കരുതുക.പതിനൊന്നര വരെ കാര്യങ്ങൾ ശാന്തമായി പോകും. അപ്പോഴേക്കും ഒരു കള്ളവോട്ടുകാരൻ വരും.കോണ്ഗ്രസ്സ്‌കാരൻ എതിർക്കും.വാഗ്വാദമുയരും. അടിയുടെ വക്കത്തെത്തും. പുറത്തു നിന്ന് 'അവനെ ഇറക്കി വിടടാ'എന്ന ആക്രോശങ്ങളുയരും. മുതിർന്ന ഒരാൾ ആ ബൂത്ത്എജെന്റിനെ സമീപിച്ചു 'മോനെ ഇപ്പോഴാണെങ്കിൽ നിന്നെ ഞാൻവീട്ടിൽകൊണ്ടാക്കാം. കുറച്ചു കഴിഞ്ഞാൽ ഈ പിള്ളേർ എന്താ കാട്ടുകഎന്നറിയില്ല'എന്ന് പറയും.ആ സാധു അയാളുടെ കൂടെ ആളുകളുടെ കൂക്ക്
വിളികൾക്കിടയിലൂടെ രക്ഷപെടും.കൂടുതൽ ധൈര്യം കാണിച്ചാൽ കൈയും കാലുമൊടിയും.വിദേശത്തുള്ളവരും മരിച്ചവരുമെല്ലാം ക്യുവിൽ ശാന്തരായി നിൽക്കും.പിന്നെ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ഇത് അതിശയോക്തി ഒട്ടും കലരാത്ത ഒരു വിവരണമാണ്.പൊതുവെ സി പി എമ്മിനും ലീഗിനും ബി ജെപിക്കുമാണ് ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളുള്ളത്. ഭയാനകമായ, അപമാനകരമായ എത്രയോ അനുഭവങ്ങൾപലർക്കും പറയാനുണ്ടാവും. ഇതിത്ര വിശദമായി പറഞ്ഞത് കണ്ണൂരിലെ ഓരോ പാർടിക്കും മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ കുട്ടികൾ ഈ അനുഷ്ഠാനങ്ങൾ നിരന്തരം കണ്ടുകൊണ്ടാണ് വളരുന്നത് എന്നതിനാലാണ്. നേതൃത്വതിലേക്കുള്ള പരിശീലനക്കളരികൾ കൂടിയാണ് ഇത്തരം തെരഞ്ഞെടുപ്പു വേളകൾ. വ്യക്തിയിലെ ഹിംസാത്മകതയെ ലഹരിയാക്കി മാറ്റുന്ന ഇത്തരം അനേകം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നവർ ധാർഷ്ട്യത്തിന്റെയും അസഹിഷ്ണുതയുടെയും ആൾരൂപങ്ങളായി മാറുന്നു.പാർട്ടിക്ക് മൃഗീയഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെല്ലാം ഈ അപചയം സ്വാഭാവികമാണ്. പാർട്ടിക്ക് പൊതുവേ പിന്തുണ കുറഞ്ഞ ഇടങ്ങളിൽ ജനങ്ങളുടെ ഇച്ഹ പ്രതിഫലിപ്പി ക്കുന്ന നേതാക്കൾ സ്വാഭാവികമായി ഉയർന്നു വരുമ്പോൾ ഭൂരിപക്ഷ സ്ഥലങ്ങളിൽ നേതൃത്വത്തോടുള്ള പരിപൂർണ വിധേയത്വമാകുന്നു ഉയർച്ചയുടെ മാനദണ്ഡം.ജനകീയതയിലൂടെ ആശയ സമരങ്ങളിലൂടെ വളർന്നു വരുന്നവർ നേതൃത്വത്തിലേക്കെത്തില്ല. അത്തരക്കാർ കണ്ണുരിന് അൺഫിറ്റ് ആയി മാറുന്നു. വിദ്യാർഥി യുവജന നേതാക്കളെല്ലാം മുതിർന്നനേതൃത്വത്തിന്റെ ക്ലോണുകളായി മാറുന്നു. കേസന്വേഷിക്കുന്ന പോലീസുകാരുടെ ഭാര്യമാരും കുട്ടികളും പുറത്തിറങ്ങി നടക്കുന്നത് കാണുമോന്നു നോക്കട്ടെ എന്നൊക്കെയാണ് ഇവിടുത്തെ യുവ നേതാക്ക•ാരുടെ വെല്ലുവിളികൾ.(ഭാര്യമാരും കുട്ടികളും എന്ത് പിഴച്ചു?അവർ ഇടതു പക്ഷ അനുഭാവികളല്ലെന്നു ഉറപ്പിക്കാമോ?)നേരത്തേ പറഞ്ഞ ആ മൈൻഡ് സെറ്റപ്പിൽ പെട്ട് പോയ അണികൾക്ക് ഇത്തരം വെല്ലുവിളികൾ നൽകുന്ന ആവേശം ചെറുതൊന്നുമല്ല. അധികാരം കൊയ്യണമാദ്യം നാം എന്നാണല്ലോ ഇടശ്ശേരി പറഞ്ഞത്.അതിനു എ കെ ജി യുടെയും നായനാരുടെയും സി കണ്ണേട്ടന്റെയും ജനകീയ മാർഗം തന്നെ വേണമെന്നില്ലല്ലോ. കയ്യുക്കിന്റെ ഈ എളുപ്പവഴികൾ എഴുപതുകൾ മുതലേ ഞങ്ങളുടെ പുതിയ നേതാക്കൾ കണ്ടുപിടിച്ചിട്ടുണ്ട്. എം വി ആർ ആണ് അതിൽ ഞങ്ങളുടെ മാർഗദർശി.(ഇന്നത് കൊലയുടെ വെട്ടുവഴി കളായെന്നു മാത്രം.) അടിയന്തിരാവസ്ഥ ഉൾപെടുന്ന എഴുപതുകൾ കണ്ണൂരിൽ കമ്മ്യുണിസ്റ്റ്‌റ് പാർട്ടിയുടെ പ്രതിരോധത്തിന്റെ കാലമായിരുന്നു. പോലീസിന്റെയും ഫ്യുഡൽ കോണ്ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെയും കടന്നാക്രമണങ്ങളെ ധീരമായി ചെറുത്തതും അധികാരത്തിലേറ്റിയതും എം വി ആറിന്റെ നേതൃപാടവം കൊണ്ട്
കൂടിയാണെന്ന് കണ്ണുരിലെ ഏതു കമ്മ്യുനിസ്റ്റുനേതാവും രഹസ്യമായി സമ്മതിക്കും. സംഘടനാപാടവം മാത്രമല്ല,പുതിയ നേതൃത്വതിനു നഷ്ടപ്പെട്ട ജനജീവിത ബന്ധവും എം വി ആറിനുണ്ടായിരുന്നു.
ഘെട്ടോകളാകുന്ന കണ്ണൂർ
പാർക്കുകൾ കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങൾ
സംസ്‌കാരസമന്വയത്തിനും ബഹുസ്വരതക്കും അവസരം നൽകി സംഘർഷ രഹിതമായ സമുഹത്തെസൃഷ്ട്ടിക്കുമെന്നു പഠനങ്ങൾ പറയുന്നു.കണ്ണൂരിൽ പൊതുവേ ഇത്തരം പൊതുഇടങ്ങൾ ഇല്ല. ഉള്ളത് പാർടി ഇടങ്ങൾ മാത്രം.ബസ് സ്‌ടോപ്പുകളും വായനശാലകളും കവലകളും എല്ലാം പാർട്ടി ഇടങ്ങളാണ്. ഹിന്ദു സംഘടനകളുടെ ഗ്രാമങ്ങൾ,മുസ്ലിം ലീഗ് ഗ്രാമങ്ങൾ കമ്മ്യുണിസ്റ്റു ഗ്രാമങ്ങൾ എന്നിങ്ങനെ. കോണ്ഗ്രസ് പൊതുവേ ലീഗിനോട് ചേർന്ന് നിൽക്കുന്നു എന്നല്ലാതെ അവർ മാത്രം ഉൾക്കൊള്ളുന്ന പോക്കറ്റുകൾ ഇല്ല എന്നതാണ് സത്യം. കണ്ണൂരിൽ പലയിടങ്ങളിലും രാഷ്ട്രിയേതരമായി പലർ ചേർന്ന് രൂപം കൊടുത്ത വായനശാലകളും മറ്റുമുണ്ട്. എല്ലാബഹുജനങ്ങൾക്കും സ്വീകാര്യമായവ. എന്നാൽ അത്തരം സ്ഥാപനങ്ങളിൽ കടന്നു കയറിആധിപത്യം സ്ഥാപിച്ചെടുക്കുക എന്നത് കണ്ണുരിന്റെ സവിശേഷതയാണ്. ഇതിനെ ഒരു കലാരൂപമായി വളർത്തിയെടുതത്തിൽ കമ്മ്യുനിസ്റ്റുപാർട്ടിയുടെ പങ്ക് മഹത്തായതാണ്.പാർട്ടി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ രാഷ്ട്രീയപ്രവർത്തനം എന്നത് മറ്റുള്ളവരുടെ സംഘടനാ സ്വതന്ത്ര്യത്തെ തടയുക എന്നത് മാത്രമായി മാറുന്നു. ഒറ്റയൊറ്റയായ ഹിന്ദു ,മുസ്ലിംവർഗീയതകളെ സംഘടിതമാക്കുന്നു എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. ഈ അടുത്ത വർഷങ്ങളിൽ കല്ല്യാശ്ശേരിയിൽ തന്നെ രണ്ടു സി പി എം പ്രവർത്തകർ കൊല ചെയ്യപ്പെടുകയുണ്ടായി. സൂക്ഷ്മമായി അന്വേഷിച്ചു ചെന്നാൽ സ്‌കൂളിലെ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌രണ്ടു കുടുംബങ്ങൾ അനാഥമാകുന്നതിലേക്കു എത്തിപ്പെട്ടത് എന്ന് കണ്ടെത്താൻ കഴിയും. പാർടി ഗ്രമങ്ങളോട് ചേർന്ന് തന്നെ ഹിന്ദു വർഗീയ പ്രദേശങ്ങളും മുസ്ലിം വർഗീയ കൂട്ടായ്മകളും വളർന്നു വരുന്നു എന്നത് സമകാലിക യാഥാർത്ഥ്യമാണ്.(സി പി എമ്മിന്റെ കായിക ശക്തിയെനേരിടാൻ സുധാകരൻ ഗുണ്ടകളെ വിലക്കെടുത്തു എന്നതും, കൊന്നും കൊല്ലപ്പെട്ടും അവർ കുറ്റിയറ്റു പോയി എന്നതും ചരിത്രം.ഈഏറ്റുമുട്ടലുകൾ സുധാകരന് കേരള രാഷ്ട്രീയത്തിൽ വീര പരിവേഷം നൽകി.കണ്ണൂരിലെ സി പി എം നേതൃത്വത്തിന്റെ ബുദ്ധി ശൂന്യതയിൽ നിന്നാണ് സുധാകരൻ എന്ന നേതാവുണ്ടായത്.) അല്പമൊരു ജനാധിപത്യം അനുവദിച്ചിരു ന്നെങ്കിൽ ജനതയോട് നിരന്തരം സംവദിക്കാനും ആശയപരമായി അവരെ ആയുധമണിയിക്കാനും ശ്രമിച്ചിരുന്നെങ്കിൽ കണ്ണുരിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.കാരണം കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർടി ഇത്രയധികം ജനങ്ങളോടൊപ്പം നിന്ന മറ്റൊരിടമുണ്ടാവില്ല.
ബീഡിതൊഴിലാളികളെയും കർഷക തൊഴിലാളികളെയും കർത്തൃ സ്ഥാനത് പ്രതിഷ്ടിക്കുന്നതിൽ പാർടി വഹിച്ച പങ്കു അത്രവലുതാണ്. ആന്തരികമായ വൈരുധ്യങ്ങൾ ഏറെയുണ്ടെങ്കിലും സാധാരണ ജനതയെ കർതൃ സ്ഥാനത്തു നിർത്തുന്ന, ജാതീയവും സാമ്പത്തികവുമായ അസമത്വങ്ങൾ ഏറെ കുറഞ്ഞ ഇടമാണ് കണ്ണൂർ. അതിൽ കമ്മ്യുനിസ്‌ററു പാർട്ടിയുടെ സ്വാധീനം ഒരാൾക്കും നിഷേധിക്കാൻ കഴിയില്ല. ആ പഴയതലമുറയുടെ ത്യാഗങ്ങളാണ് കണ്ണൂരിൽ പാർട്ടിയുടെ മൂലധനം. പുതിയ നേതാക്കൾ ഈ ഭൂതകാല മഹിമകളെ നിരന്തരം ഓർമിപ്പിച്ചു ജനതയുടെ വൈകാരികതയെ ഉണർത്തുകയും മറുവശത്ത് അവരുടെ സ്വന്തം അജണ്ടകൾ നടപ്പാക്കുകയും ചെയ്തു.സ്വാശ്രയ സമരത്തിൽ അഞ്ചു ജീവനുകളാണ് പാർട്ടിക്ക് നഷ്ട്ടപ്പെട്ടത്.എന്നാൽ ആ ഓർമ്മകൾ മായുന്നതിനു മുൻപേ പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ പുതിയൊരു സ്വാശ്രയ കോളജു തുടങ്ങുകയാണ് കണ്ണുരിലെ നേതൃത്വം ചെയ്തത്. (അതിനു കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരിടാതിരിക്കാനുള്ള ഔചിത്യം അവർകാണിച്ചു.ഭാഗ്യം!) ഇന്ന് സ്വശ്രയ കോളേജു മാനേജെർമാരുടെ മീറ്റിങ്ങിൽ വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൂടെ എം വി ജയരാജനെ കാണുമ്പോൾ കണ്ണൂരിലെ കമ്മ്യുനിസ്റ്റുകാർ കരയണോ ചിരിക്കണോ? വിമർശിക്കുന്നവർ പാർട്ടി വിരുദ്ധരായി ചിത്രീകരിക്കപ്പെടും. പാർട്ടി ഭൂരിപക്ഷ പ്രദേശങ്ങളിൽ സാമൂഹ്യ ജീവിതം പോലും ദുസ്സഹമായിത്തീരും. ജനകീയാസൂത്രണത്തോടെ അനേകം അധികാര സ്ഥാനങ്ങൾ ഗ്രാമങ്ങൾ തോറും വളർന്നു വന്നിട്ടുണ്ട് . ഒരു ശരാശരി മനുഷ്യന് ഇവയോടൊക്കെ ഏറ്റു മുട്ടിക്കൊണ്ട് ഇന്ന് ജീവിതം മുന്നോട്ട് നീക്കുക സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. അത് കൊണ്ട് വ്യക്തമായ രാഷ്ട്രീയ ബോധമുള്ള അനേകംപേർ മൌനത്തിലേക്ക് കുടുംബ ജീവിതത്തിന്റെ ചെറിയ വൃത്തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നു . ഇതാണ് കണ്ണുരിന്റെ യാഥാർത്ഥ്യങ്ങൾ. കണ്ണൂരിൽ ഒരു ചന്ദ്രശേഖരൻ ഉണ്ടാവില്ല. ആശയങ്ങളെക്കാൾ ചിന്തകളെക്കാൾ സംഘടനാ ശക്തിക്ക് പ്രധാന്യമുണ്ടിവിടെ. ചുമരെഴുത്തുകൾ, തോരണങ്ങൾ , കൊടികൾ , സ്തൂപങ്ങൾ അങ്ങിനെ അനേകം കാഴ്ചകൾക്ക് പ്രാധാന്യം ഉള്ള ഇടമാണ് കണ്ണൂർ. കാസർകോട് കണ്ണൂർ ജില്ലകൾ ഇത്തരം വലിയ കാഴ്ചകളുടെ ,വർണാഭമായ തെയ്യക്കാഴ്ചകളുടെ നാടുകൾ കൂടിയാണ്. കടത്തനാട്ടെത്തുമ്പോൾ കാഴ്ചകൾക്ക് പകരം വാമൊഴിയുടെ സമ്പന്നമായ മറ്റൊരു പാരമ്പര്യമാണ് നാം കാണുന്നത്. സംവാദങ്ങളുടെ ഒരു മണ്ഡലം ആ പ്രദേശത്തിന്റെ സവിശേഷതയാണ്. കണ്ണുരിന്റെ സവിശേഷതയായ പാർട്ടി ഗ്രാമങ്ങൾ ആ ജില്ലയിൽ ഇല്ലെന്നു തന്നെ പറയാം. ഏതൊരു രാഷ്ട്രീയ പാർട്ടിയും അവരുടെ ആശയങ്ങൾ വിമർശനങ്ങൾ തെരുവിൽ,കവലകളിൽ വിളിച്ചു പറയുന്ന, പിറ്റേന്ന് എതിർ പാർട്ടിക്കാർ അതിനു മറുപടി പറയുന്ന ഒരു സംസ്‌കാരം അവിടെയുണ്ട്. അത്തരം സ്ഥലങ്ങളിലേ ചന്ദ്രശേഖര•ാർ ഉണ്ടാവൂ. എൺപതുകളിൽ ഏറ്റവും കത്തി നിന്ന ജനപ്രിയ നേതാവായ എം വി ആറിനു പോലും കണ്ണുരിന്റെ ഈ സംഘടനാ ശക്തിയെ മുറിച്ചു കടക്കാൻ കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലെല്ലാം നേതൃത്വത്തിലേക്ക് എത്തുന്നവർ പൊതുവേ അണികളുടെ സ്വീകാര്യതയെക്കാൾ മേൽക്കമ്മിറ്റിയുടെ നിർദേശത്തോടെയുള്ള പാനൽ സംവിധാനം വഴി കടന്നു വരുന്നവരാകും.വി എസ് ഗ്രൂപ്പ് എന്ന പേരിൽ കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി തലത്തിൽ മത്സരങ്ങൾ നടന്നെങ്കിലും കണ്ണൂർ ജില്ലയിൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്തരം നീക്കങ്ങൾ ഭാവിയെ മുഴുവൻ ബാധിക്കുമെന്ന് അവർക്കറിയാം.വായന, സംശയം,ജനകീയത, വിമർശനം തുടങ്ങിയവ ഒരു ബാധ്യതയാണിവിടെ. അത്തരക്കാർ പാർട്ടിയുടെ താഴെ തട്ടിൽ നിന്ന് അധികം ഉയരാറില്ല.
കൊലപാതകമടക്കം അനേകം പ്രതിസന്ധികൾ പാർട്ടിനേരിടുന്നു. ആരാണിതിനുത്തരവാദികൾ? ജനങ്ങളോ അതോ പൂർവ്വികരുടെ ത്യാഗത്തിന്റെ മൂലധനത്തെ കോർപറേറ്റ് മൂലധനമാക്കി മാറ്റിയ ചെറിയൊരു നേതൃവൃന്ദമോ?.അവരുടെ ചെയ്തികൾ കാരണം ഒരു ജില്ല മുഴുവൻ ഭീകരരെപ്പോലെ ചിത്രീകരിക്കപ്പെടുന്നു. അവരുടെ ചെയ്തികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് സംവാദങ്ങളില്ലാത്ത ചർച്ചകളില്ലാത്ത ഒരു സമുഹമാക്കി കണ്ണുരിനെ മാറ്റാൻ അവർ ശ്രമിച്ചത്. അവർക്കെതിരെയുള്ള ഏതൊരു വിമർശനവും പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമായി സ്ഥാപിച്ചെടുക്കുന്നതിലും അവർ വിജയം നേടി.കണ്ണുരിന്റെ ഈ സംഘടനാ സംവിധാനത്തിന്റെ റോഡ് റോളർ കേരളം മുഴുവനുരുട്ടി എന്നതാണ് പിണറായിയുടെ വിജയ രഹസ്യം.അതിനടിയിൽ പെട്ട് അനേകം തലകളുരുണ്ടെങ്കിലും സംഘടന മുഴുവൻ കൈപ്പിടിയിലായി.
ഇപ്പോൾ വായനക്കും ഗവേഷണങ്ങൾക്കുമായി പാർട്ടി കണ്ണൂരിൽ നായനാർ അക്കാദമി സ്ഥാപിക്കുന്നു. ഏതു കൊച്ചുകുട്ടിക്കുമറിയാം പിരിവും നിർമാണപ്രവർത്തനങ്ങളുമാണ് നായനാരോടുള്ള ബഹുമാനത്തെക്കാൾ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന്. വായനശാലകൾ ഇന്ന് നിര്ജീവങ്ങളാണ്. നടൻകലാ സമിതികളും നാടക സംഘങ്ങളുമെല്ലാം കണ്ണുരിന്റെ ഭൂതകാലസ്മൃതികളിൽ മാത്രമേ നിലനിൽക്കുള്ളൂ. നേതൃത്വത്തിന്റെ ബുദ്ധി ശുന്യത കൊണ്ട് മാത്രംനേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷത്തിന്റെ ഭൂതകാല മഹിമയെക്കുറിച്ചും അതില്ലതായാൽ ഉണ്ടാകാവുന്ന ഭീകരതയെക്കുറിച്ചും പ്രസ്താവനകൾ,കുറിപ്പുകൾ എന്നിവ എഴുതുക മാത്രമാണ് ഇന്ന് എഴുത്ത്കാരുടെ ദൌത്യം.സാംസ്‌കാരിക നിരക്ഷരത കാൻസർ പോലെ പാർട്ടിയെ
ഗ്രസിച്ചു കഴിഞ്ഞു. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മൂന്നു വായനശാലകൾ തകർക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് കൊണ്ഗ്രസ്സുകാരെ ക്കുറിച്ച് സി പി എം ഉയർത്തിയ ഏറ്റവും വലിയ വിമർശനം അവർക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുന്നു. ആശയ ലോകത്തെ, സംവാദ മണ്ഡലങ്ങളെ ഉപേക്ഷിച്ച് (ആസ്ഥാന വിദ്വാ•ാരുടെ ആളൊഴിഞ്ഞ സാംസ്‌കാരിക അനുഷ്ടാന ചടങ്ങുകൾവിസ്മരിക്കുന്നില്ല.)പലതരം നിർമാണമേഖലകളിലേക്ക് നീങ്ങിയ പാർടിക്ക്2000 ത്തിനു ശേഷം ഇവെന്റ് മാനേജ്‌മെന്റ് എന്നത് പോലെ കോട്ടെഷൻ സംഘങ്ങളെയും ആശ്രയിക്കേണ്ടി വന്നു എന്നത് സമകാലിക ചരിത്രം. പാർടി എന്ന വല്യേട്ടന്റെ സമ്മിതിയില്ലാതെ ഒരു സാംസ്‌കാരിക പ്രവർത്തനവും പാർടിക്ക് ഭുരിപക്ഷമുളള സ്ഥലങ്ങളിൽ നടക്കില്ല തന്നെ. ഉമേഷ് ബാബു എന്ന കവിക്ക് കണ്ണൂർ ജില്ലയിൽ ഒരു വേദിയും കിട്ടില്ല. പ്രത്യയശാസ്ത്രം എന്നോ മറ്റോ പ്രസംഗത്തിൽ പറയുമോ എന്ന് പേടിച്ചു കരിവെള്ളൂർ മുരളിയെയും ആരും ക്ഷണിക്കാറില്ല.കുഞ്ഞപ്പ പട്ടാന്നൂർ, കരുണാകരൻ പുതുശേരി തുടങ്ങിയപാർട്ടിയുടെ കവികളെല്ലാം എംഎൻ വിജയനെപ്പോലുള്ള വിരുദ്ധ•ാരുടെ ലൈനിൽ പെട്ട് വഴിതെറ്റി പ്പോയി. സത്യം പറഞ്ഞാൽ സാംസ്‌കാരിക സാക്ഷരതയുള്ള ആരും തന്നെ കണ്ണൂരിൽ പാർടിയിലില്ലാത്ത അവസ്ഥയാണ്. അടുത്ത തവണ പാർടിഅധികാരത്തിൽ വരുമ്പോൾ സാംസ്‌കാരിക സ്ഥാപനങ്ങളിലെ കസേരകൾ ഒഴിഞ്ഞുകിടക്കരുതല്ലോ എന്ന വേദനയിൽ കുറച്ചു രണ്ടാംനിര ത്യാഗികൾ അവിടെപിടിച്ചു നിൽക്കുന്നുണ്ടെന്നു മാത്രം.
പാരമ്പര്യ കമ്മ്യുനിസ്റ്റുകൾ
ചിന്തയുടെയും അനുഭവങ്ങളുടെയും ബലത്തിൽ കമ്മ്യുനിസ്ടു പാർടിയിലേക്ക് വന്ന തലമുറയല്ല ഇപ്പോഴുള്ളത്. അതൊരു ജാതി സമൂഹമാണിന്ന്.തെക്കൻകേരളത്തിലെ ഒരു ഈഴവൻ വെള്ളാപ്പള്ളിയെ അംഗീകരിക്കുന്നത് അദ്ധേഹത്തിന്റെ ശരി തെറ്റുകൾ നോക്കിയിട്ടല്ല. എസ് എൻ ഡി പി സംഘത്തിന്റെ നേതാവ് ചെയ്യുന്നതെന്തോ അത് തന്നെ ശരി.കണ്ണുരിനും അങ്ങിനെ തന്നെയാണ്. ലാവ്‌ലിൻ പ്രശ്‌നമോ മദനി കൂട്ട്
കെട്ടോ ഒന്നും വലിയചർച്ച ചെയ്യേണ്ട കാര്യമായി കണ്ണുരുകാർ കരുതുന്നില്ല. അച്ഛനമ്മമാരിലൂടെ ഈ രാഷ്ട്രീയത്തിലേക്ക് വന്നവരാണ് ഭൂരിഭാഗവും. ജാതീയത കണ്ണൂരിൽ കുറവാണെന്ന് പറഞ്ഞല്ലോ. ഒരു പക്ഷെ ആ സ്ഥാനമാണ് പാർട്ടി ഏറ്റെടുത്തത്. ഒരു വിവാഹാലോചനയിൽ പോലും ഈ രാഷ്ട്രീയം പലപ്പോഴും തടസ്സമാകാറുണ്ട്. മതമോ ജാതിയോ വ്യക്തിയുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതല്ല. പാർട്ടിയുടെ മഹത്വം തിരിച്ചറിഞ്ഞു പാർടിയിൽ വന്ന ഒരാൾക്ക് തെറ്റുകളോട് സന്ധി ചെയ്യാൻ കഴിയില്ല. അത്തരക്കാരുടെ വിമർശനങ്ങൾ നേരിടാൻ കണ്ണുരുകാർക്ക് എളുപ്പവഴിയുണ്ട്. 'ഓൻ പണ്ട് കോണ്ഗ്രസ്സല്ലെടോ?' അല്ലെങ്കിൽ 'ഓനാവിരുദ്ധ•ാരുടെ കുടുംബത്തുന്നു വന്നോനല്ലെടോ ഓന് കമ്മ്യുനിസ്റ്റ് പാരമ്പര്യമുണ്ടോ'. പിണറായി പറഞ്ഞ കുല മഹിമ ഇത് തന്നെ.
രണ്ടു പുസ്തകങ്ങൾ
കണ്ണൂരിലെ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെ അപചയം ആവിഷ്‌ക്കരിച്ച രണ്ടുപുസ്തകങ്ങളാണ് തീയുർ രേഖകളും (എൻ.പ്രഭാകരൻ)കേശവന്റെ വിലാപങ്ങളും (എംമുകുന്ദൻ ) 2000 ൽ പുറത്തിറങ്ങിയ തീയുർ രേഖകൾ കണ്ണുരിന്റെ സാമുഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സൂക്ഷ്മ ആഖ്യാനമാണ്. ഒരു കാലഘട്ടത്തിന്റെ ജൈവചരിത്രം അതിൽ സ്പന്ദിക്കുന്നുണ്ട്. കമ്മ്യുണിസ്റ്റു രാഷ്ട്രീയത്തിന്റെ ഉയർച്ച താഴ്ചകൾ യഥാതഥമായി
അതിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഈ എം എസ്സിനെ കഥാപാത്രമാക്കുക എന്ന മാർക്കെറ്റിംഗ് തന്ത്രം
സ്വീകരിച്ചെഴുതിയ കേശവന്റെ വിലാപങ്ങളിൽ മുകുന്ദൻ അവതരിപ്പിക്കുന്നത് ഈ പാരമ്പര്യ അഥവാ ജാതി കമ്മ്യുണിസ്ട്ടുകാരനെയാണ്. ഈ എം എസ്സിന്റെ വെറും ചിത്രം കണ്ടാണല്ലോ അപ്പുക്കുട്ടൻ കമ്മ്യുണിസ്ടുകാരനാവുന്നത്.ആ നോവലിലെ ഏറ്റവുംവ്യക്തിത്വമുള്ള കഥാപാത്രമായ ശരവണനെ കൊല്ലുന്നതും അപ്പുക്കുട്ടൻ തന്നെ.ശരവണൻ നക്‌സലൈറ്റാണ് .അതുകൊണ്ട് തന്നെ പാരമ്പര്യനിഷേധിയും.പാരമ്പര്യ നിഷേധി പിണറായിയുടെ ഭാഷയിൽ വധാർഹനാണ്.(കേശവൻ എന്ന എഴുത്തുകാരനെ കാണാൻ നോവലിൽ ഈ എം എസ് എത്തുന്നുണ്ടല്ലോ.അതോടെയാണ് പാർട്ടിക്കാർ കേശവനെ സ്വന്തം ആളായികണ്ടത്.ഈ എം എസ്സിന്റെ സന്ദർശനത്തിൽ മുകുന്ദന്റെ അബോധമായആഗ്രഹപൂർത്തീകരണമുണ്ട്. അച്ചുതാനന്ദനെതിരെ കഥയെഴുതി.പിണറായിയെ സ്തുതിച്ചു ഒരു മുഴു പേജു ഫീച്ചരെഴുതി. അദ്ദേഹം ചിരിക്കും എന്ന അദ്ഭുതവും മുകുന്ദൻ കണ്ടെത്തി.അങ്ങിനെ പാർട്ടി സെക്രട്ടറിയുടെ വരവും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഒഞ്ചിയം സംഭവം.) കഴിഞ്ഞ ദിവസം മുകുന്ദൻ തന്നെ പാർട്ടിയുടെ അപചയം താൻ കേശവന്റെ വിലാപങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നു തലശ്ശേരിയിൽ പ്രസംഗിക്കുകയുണ്ടായി.നായനാർ കേശവന്റെ വിലാപങ്ങൾ മഹത്തായ നോവലെന്നു ദേശാഭിമാനിയിലെഴുതി. നായനാരുടെത് ഒരു തമാശയായി കണക്കാക്കിയാലും സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാരനായ ബേബിക്കും നോവലിലെ പരിഹാസം മനസ്സിലായില്ല. ഇ എം എസ് എന്ന കഥാപാത്രത്തിന്റെ മായക്കാഴ്ചയിൽ മതിമറന്നവർക്കു അപ്പുക്കുട്ടൻ എന്ന കണ്ണുരിന്റെ വർത്തമാന കമ്മ്യുണിസ്റ്റുകാരനെ കാണാൻ കഴിയാതെ പോയി. അങ്ങിനെ മുകുന്ദൻ അക്കാദമി പ്രസിടെന്റായി. തന്റെ നോവലിലെ ഈ ക്രൂര പരിഹാസത്തെക്കുറിച്ച് മുകുന്ദൻ അന്ന് മിണ്ടിയതേയില്ല. ചന്ദ്രശേഖരൻ വധം ഏറ്റവും നഷ്ട്ടമുണ്ടാക്കിയത് മുകുന്ദനാണ്. എഴുത്തുകാരനെന്ന നിലയിൽ മാറി നിൽക്കാനാവില്ലല്ലോ. വധത്തെക്കുറിച്ച് കേട്ടപ്പോൾ ഏതെങ്കിലും ഒരുബാറിൽക്കയറി മൂക്കറ്റം കുടിക്കണമെന്നു തോന്നി എന്നാണ് പ്രതികരണം. ഏതു നഷ്ടങ്ങളും ദുഃഖകരം തന്നെയാണ്.
യാന്ത്രികതയും വൈകാരികതയും
രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു പുതിയ തലമുറയല്ല ഇന്ന് കണ്ണുരിലുള്ളത്.സംഘടന എന്ന യാന്ത്രിക സംവിധാനത്തിലെ കണ്ണി മാത്രമാണ് ഓരോ അണിയും.ആ യന്ത്രത്തെ ചലിപ്പിക്കാനുള്ള അനുഷ്ടാന പരമായ ചടങ്ങുകളാണ് ധർണകൾ, പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ്,കളക്ടറേറ്റ് വളയൽ തുടങ്ങിയവ. അനുഷ്ടാനങ്ങൾക്കപ്പുറം ജൈവ സ്വഭാവങ്ങളുള്ള പ്രതികരണങ്ങൾക്കെ ജനതയെ ചലിപ്പിക്കാൻ കഴിയൂ. ഉദാഹരണങ്ങൾ ഏറെയുണ്ട്. എ കെ ജി ഈ വൈകാരികതയുടെ മൂർത്തിമത് ഭാവമായിരുന്നു. സംഘടനാ ശക്തിയെക്കൾ വൈകാരിക ശക്തിയാണ് അദ്ദേഹം ജനതയെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചത്.നായനാരുടെ ശക്തിയും അത് തന്നെ. എം വി ആറിൽ ഈ വൈകാരികതയും സംഘടനാപാടവവും ഒരു പോലെ ഒത്തു ചേർന്നു.എന്നാൽ യാന്ത്രികമായ സംഘടനാസംവിധാനത്തിനപ്പുറം ജനതയെ പാർട്ടിയോടടുപ്പിക്കാൻ പറ്റുന്ന നേതാക്ക•ാർ ഇന്ന് കണ്ണുരിനില്ല. അത് കൊണ്ടവർ പ്രതിസന്ധി ഘട്ടങ്ങളിൽ ഭൂതകാല ത്യഗങ്ങളെ ജനതയുടെ മുൻപിൽ നിരന്തരം അവതരിപ്പിച്ചു ജനരോഷത്തിൽ നിന്ന് സൂത്രത്തിൽ രക്ഷ നേടുന്നു. ഈ വൈകാരിക സംഘാടനത്തെയും യാന്ത്രികസംഘാടനത്തെയും താരതമ്യം ചെയ്യാൻ ഈ ഉദാഹരണങ്ങൾ പര്യപ്തമാവും. മൂന്നാർ ഓപെറേഷൻ ഓർക്കുക. രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹത്തിന്റെ മുഴുവൻ പിന്തുണ നേടാൻ അതിനു കഴിഞ്ഞു. കൈയേറ്റക്കാർക്കെതിരെ ജനതയ ുടെ
മുന്നേറ്റമായി അത് അനുഭവപ്പെട്ടു. ഏതെങ്കിലും ജില്ലാ കമ്മിറ്റിയുടെയോ ലോക്കൽ കമ്മിറ്റിയുടെ പോലുമോ പിന്തുണയില്ലാതെ വി എസിന് ഈ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് എ കെ ജി യെ പോലെ ജനമനസ്സിനെ കീഴടക്കാൻ പറ്റുന്ന മാർഗങ്ങളെക്കുറിച്ചുള്ള അഗാധമായ ബോധ്യം കൊണ്ടാണ്. അതിനെ മുതലെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.അതിനെ തള്ളിപ്പറഞ്ഞതോടെ പാർടി ജന വിരുദ്ധരുടെ പക്ഷത്തെന്ന പ്രതീതി ഉണ്ടായി. ഇനി പിണറായിയുടെ നേതൃത്വത്തിൽ നടന്ന നവകേരള യാത്ര ഓർക്കുക.മൂന്നാർ ഓപറേഷന്റെ നൂറു മടങ്ങ് പണം അതിനു ചിലവാക്കിയിട്ടുണ്ടാവണം. കണ്ണൂർ ജില്ലയിൽ ഇത് പോലെ സംഘടിപ്പിക്കപ്പെട്ട മറ്റൊരു യാത്രയില്ല. പിണറായിയുടെ പ്രസ്റ്റീജുയാത്രയായിരുന്നു അത്. മുഴുവൻ അനുഭാവികളെയും ജാഥയിൽ അണിനിരത്താൻ സംഘടന എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. മാറി നിൽക്കുന്നവരെ ചാരക്കണ്ണുകളുപയോഗിച്ചു തിരിച്ചറിഞ്ഞു. പക്ഷെ ലോക് സഭാ ഇലക്ഷനിൽ കണ്ണുരടക്കം പൊട്ടി.കണ്ണൂരിലെ പരാജയത്തിനു തീവ്രത കൂടും. കാരണം സുധാകരൻ കണ്ണൂരിലെ ഓരോ പാർട്ടിക്കാരന്റെ കണ്ണിലും കൊലയാളിയാണ്. ആ കൊലയാളിക്കാണ് പാർട്ടിക്കാർ തിരിച്ചു കുത്തിയത്. ഓർത്തു നോക്കുക.പത്തും ഇരുപതും കള്ള വോട്ടു ചെയ്തവർ അത് സുധാകരന് ചെയ്യുക എന്ന് പറഞ്ഞാൽ ഈ അണികളെ എങ്ങിനെ വിശ്വസിക്കും?
കേരളത്തിൽ ഇടതു പക്ഷത്തിനു ജനകീയതയുടെ ഒരു പോർമുഖം തുറക്കാന് കിട്ടിയ മറ്റൊരു സുവർണാവസരമായിരുന്നു നേഴ്‌സിംഗ് വിദ്യാർത്ഥികളുടെ സമരം. നിർദയം പിരിച്ചുവിടപ്പെട്ട, ആശുപത്രി മുതലാളിമാരുടെ ഗുണ്ടകളാൽ ഭീകരമായി മർദിക്കപ്പെട്ട ആ കുട്ടികൾക്കൊപ്പം ഹൃദയപക്ഷമെന്ന് മുദ്രാവാക്യം മുഴക്കുന്ന ഇടതുപക്ഷംനിൽക്കുമെന്ന് കേരളീയ സമുഹം മുഴുവൻ പ്രത്യാശിച്ചു. എന്നാൽ ജനമനസ്സ് തിരിച്ചറിഞ്ഞാലും ആ സമരം ഏറ്റെടുക്കാൻ ഇടതുപക്ഷത്തിനു കഴിയില്ല. കാരണം അവർക്കും ഏറെ സ്ഥാപനങ്ങളുണ്ട് . അവിടെയും നേഴ്‌സുമാർ അടക്കം തുച്ചമായ കൂലിക്ക് തൊഴിലെടുക്കുന്നവർ ഏറെയുണ്ട് . നോക്കൂ, കൊണ്‌ഗ്രെസ്സ്എന്നും മുതലാളിമാരുടെ വക്കാലത്തുകാരായിരുന്നു.എന്നാൽ കമ്മ്യുനിസ്റ്റു നേതൃത്വം ഇവിടെമുതലാളി തന്നെയായി മാറുന്നു.
സാമൂഹിക ബന്ധങ്ങൾ
ഒരു ജില്ല എങ്കിലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സ്വഭാവങ്ങളിൽ
ഭിന്നതപുലർത്തുന്ന പലതും ഇവിടെ കാണാൻ പറ്റും. തലശ്ശേരി കൂത്തുപറമ്പ് പ്രദേശങ്ങളിൽ ആദ്യ കാലത്ത് പി ആർ കുറുപ്പിന്റെ മാടമ്പി രാഷ്ട്രീയത്തോട് പൊരുതിയാണ് പാർട്ടി തങ്ങളുടെ അടിത്തറ വികസിപ്പിച്ചത്. അങ്ങിനെ വികസിപ്പിച്ച ഇടങ്ങളിൽ മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുക എന്ന നയം തന്നെ പാർട്ടി പിന്നീടു സ്വീകരിച്ചു. ഒരു കൊടി, ഒരു പോസ്റ്റർ,ഒരു ചുമരെഴുത്ത് ഇതൊന്നും അംഗീകരിക്കാനുള്ള ജനാധിപത്യ മര്യാദ പാർട്ടി കാണിച്ചില്ല. ബി ജെ പിയുടെത് ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് എന്ന് ഉറച്ചു വിശ്വസിച്ച കമ്മ്യുനീസ്റ്റ് പാർട്ടി, അതിനെ പ്രതിരോധിക്കാൻ അതേ ഫാസിസ്റ്റ് സമീപനം തന്നെ ഉപയോഗിച്ചു എന്നതാണ് യാഥാർത്ഥ്യം. ബി ജെ പിയുടെ വളർച്ചക്ക് അവർ നന്ദി പറയേണ്ടത് ആശയസംവാദങ്ങളെ ഭയന്ന കമ്മ്യുണിസ്റ്റു നേതാക്കളോടാണ്. എങ്കിലും ഇന്ന് ആ പ്രദേശങ്ങൾ പൊതുവേ ശാന്തമാണ്.തങ്ങളുടെ മക്കളെ ഇത്തരം രാഷ്ട്രീയ ഗോദയിലേക്കിറക്കാൻ രണ്ടു പാർട്ടികളിലെയും സജീവ പ്രവത്തകർ പോലും താല്പര്യം കാണിക്കുന്നില്ല. ആ പ്രദേശങ്ങളിൽ മുസ്ലിങ്ങളും ഹിന്ദുസമൂഹവും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. തലശ്ശേരി ഭാഗങ്ങളിൽ മുസ്ലിംസമൂഹം വിദ്യ കൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നരായിരുന്നു. തലശ്ശേരി കലാപകാലത്ത് മുസ്ലിം സമൂഹത്തെ സംരക്ഷിക്കുന്നതിൽ പിണറായിയുടെ നേതൃത്വത്തിൽ സി പി എം വഹിച്ച ധീരമായ പങ്കിനെക്കുറിച്ചു വിതയത്തിൽ കമ്മിഷൻ എടുത്തു പറഞ്ഞിട്ടുണ്ട്. കമ്മ്യുണിസ്റ്റു പാർട്ടിയും ബി ജെ പിയും അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചെങ്കിൽ അടുത്ത ഊഴം മുസ്ലിം തീവ്രവാദത്തിന്റെതാണ് എന്ന് വേണം അനുമാനിക്കാൻ. അത്തരം കൂട്ടായ്മകൾ ആ പ്രദേശങ്ങളിൽ പലയിടത്തും സജീവമായിക്കൊണ്ടിരിക്കുന്നു എന്നത് ജാഗ്രതയോടെ കാണേണ്ട വസ്തുതയാണ്. തലശ്ശേരിക്കപ്പുറം കണ്ണൂർ ഉൾപെടുന്ന വടക്കൻ പ്രദേശങ്ങളിൽ അന്യ മതവിഭാഗങ്ങളുമായി ഇടകലരലില്ലാത്ത മുസ്ലിം പോക്കറ്റുകൾ ഏറെയുണ്ട്. കണ്ണൂർ ജില്ലയെ അപമാനത്തിലാക്കിയ തീവ്രവാദബന്ധത്തിന്റെ വേരുകൾ ഇത്തരം പ്രദേശങ്ങളിലായിരുന്നു. തലശ്ശേരി പ്രദേശങ്ങളിൽ ബി ജെപി ആണെങ്കിൽ ഈ പ്രദേശങ്ങളിൽ ലീഗ് ആണ് കമ്മ്യുണിസ്റ്റു പാർട്ടിയുടെ മുഖ്യശത്രു. നേതൃത്വത്തിന്റെ തീരുമാനത്തിനു അന്ധമായ പിന്തുണ നൽകുന്ന അണികൾ ലീഗിനും കമ്മ്യുണിസ്റ്റു പാർട്ടിക്കും ഒരു പോലെയാണ് . ചന്ദ്രശേഖരൻ വധവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പാർടി സെക്രട്ടറി വ്യക്തമാക്കിയതാണ്. ഇതേ നിലപാട് തന്നെയാണ് കാരാട്ടിനുമുള്ളത്. വി എസ് എന്ത് പറഞ്ഞാലും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ നിരത്തിയാലും കണ്ണൂരിലെ അണികളുടെയും ഉറച്ച നിലപാടിൽ മാറ്റമുണ്ടാകില്ല.കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നും വി എസ്സിന്റെ പ്രതികാരദാഹമാണതിനു പിന്നിലെന്നും എല്ലാ ലീഗണികളും ഉറച്ചു വിശ്വസിക്കുന്നു. കുഞ്ഞാലിക്കുട്ടി കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ മാധ്യമങ്ങളെ മർദിച്ചൊതുക്കിയ മഹാസ്വീകരണം മറന്നു പോയോ?പി മോഹനനും മറ്റും കൊടുത്തസ്വീകരണവും സമാനമായിരുന്നില്ലേ ?(അണികളുടെ കാര്യത്തിൽ മാത്രമല്ല സംസ്ഥാന നേതൃത്വത്തെ കാണുമ്പോൾ എഴുന്നേറ്റുനിൽക്കുന്ന അഖിലെന്ത്യാ നേതൃത്വത്തിന്റെ കാര്യത്തിലും ലീഗിനും സി പി എമ്മിനും സദൃശ്യമുണ്ടെന്നു വിവരം കെട്ട ചിലർ അടക്കം പറയുന്നുണ്ട് .)
ഗൾഫ് പണത്തിന്റെ പുളപ്പും, വിദ്യാഭ്യാസസാംസ്‌കാരിക നിരക്ഷരതയും കൂടിച്ചേർന്ന് അന്യനെ ശത്രുവായി കാണുന്ന മധ്യകാല മനോഭാവം പുലർത്തുന്ന ലീഗിന്റെ പല പാർട്ടി ഗ്രാമങ്ങളും അന്യമത വിദ്വേഷത്തിന്റെയും സങ്കുചിത മതബോധത്തിന്റെയും മൊത്തക്കച്ചവട കേന്ദ്രങ്ങളാകാറുണ്ട്. ഹൈസ്‌കൂൾ ക്ലാസ്സിൽ വെച്ച് തന്നെ വിവാഹം കഴിച്ചു പോകുന്ന പെൺകുട്ടികൾ ഇത്തരം പ്രദേശങ്ങളിൽ ധാരാളമുണ്ട്.
പെൺകുട്ടികൾ അധ്യനയാത്രക്ക് പോകുന്നത് വിലക്കുക,വസ്ത്രധാരണത്തിൽ നിർബന്ധങ്ങൾ കൊണ്ട് വരിക തുടങ്ങിയ അപരിഷ്‌കൃതമായ മധ്യകാല മനോഭാവങ്ങളിൽ നിന്നും മോചനം നേടാത്ത ഘെട്ടോകൾ. ഒരു പക്ഷെ കേരളത്തിലെ ഏറ്റവുംവർഗീയമായി സംഘടിപ്പിക്കപ്പെട്ട ലീഗണികൾ കണ്ണൂരിലാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലൊക്കെ ഉള്ളത് പോലെ മതനിരപേക്ഷ കാഴ്ചപ്പാടുള്ള ദേശീയ മുസ്ലിം സമൂഹങ്ങളും ഇവിടെ കുറവായിരുന്നു. മലപ്പുറത്ത് പോലും കോണ്ഗ്രസ്, കമ്മ്യുണിസ്റ്റു പാർട്ടികൾ, ലീഗ്, ദൾ,ബി ജെ പി തുടങ്ങി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട്. എൻ ഡി എഫ് പോലുള്ള തീവ്രവർഗീയ ശക്തികൾക്കെതിരെ അവിടെ ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിലപാട് കൈക്കൊള്ളാറുമുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിൽ ലീഗ് ഗ്രാമങ്ങളിൽ ലീഗിൽ നിന്നും പിരിഞ്ഞു പോയ തീവ്രവാദ ഗ്രൂപ്പുകളല്ലാതെ മറ്റൊന്നിന്റെയും സാന്നിധ്യമുണ്ടാകാറില്ല.അവിടെ പലപ്പോഴും ലീഗിനെയും എൻ ഡി എഫിനെയും വേർ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും അനുവദിക്കാത്ത സദാചാര പോലീസുകാരുടെയും താലിബാൻ മനോഭാവക്കരുടെയും ഗ്രൂപ്പുകൾ ഇവിടങ്ങളിൽ വർധിച്ചു വരുന്നു എന്നതും ഗൌരവത്തോടെ കാണേണ്ടതാണ്. നാം നേരത്തെസൂചിപ്പിച്ചത് പോലെ വൈവിധ്യങ്ങളെ ഉൾക്കൊള്ളാത്ത സമൂഹങ്ങൾ ജീർണ്ണതയുടെ ചെളിക്കുഴികളായി മാറും. പാർടി ഗ്രാമങ്ങളുടെയും സ്വഭാവം വ്യതസ്തമല്ല. മുസ്ലിം പോക്കറ്റുകൾ പോലെ തന്നെ കമ്മ്യുണിസ്റ്റ് ആധിപത്യമുള്ള ഹിന്ദു പോക്കറ്റുകളും അപകടകരമാം വിധം അന്യമത വിദ്വേഷം വെച്ച് പുലർത്തുന്നത് കാണാം. ഷുക്കൂറിന്റെ കൊലപാതകം കൊണ്ട് കുപ്രസിദ്ധമായ തളിപ്പറമ്പിനരികിലെ അരിയിൽ എന്ന പ്രദേശം സമുദായങ്ങളുടെ ഇടകലരൽ ഇല്ലാത്ത രണ്ടു പോക്കറ്റുകളാണന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2000 നവംബർ 11 നു പന്നിയൂരിലെ പി കൃഷ്ണൻ എന്ന സി പി എം കാരൻ തളിപ്പറമ്പിനടുത്ത് വെച്ച് നിഷ്ട്ടുരമായി കൊല ചെയ്യപ്പെടുകയുണ്ടായി. അതിനോടനുബന്ധിച്ചു പന്നിയൂരിൽ ലീഗ് നേതാക്കളുടെ വീടിനു നേരെ സി പി എം നടത്തിയ അതിക്രമങ്ങളുടെ വിഡിയൊ ചിത്രങ്ങൾ കേരളം മുഴുവൻ പ്രദർശിപ്പിച്ച് 2001 ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ വർഗീയമായി ഏകോപിപ്പിക്കുന്നതിൽ ലീഗ് വിജയം കണ്ടു. ബാബറി മസ്ജിദ് സംഭവത്തോടനുബന്ധിച്ച് ബി ജെ പി ഭൂരിപക്ഷ സ്ഥലത്തേക്ക് നീങ്ങിയ സംഘത്തിനു നേരെയുള്ള പോലീസ് വെടിവെപ്പിൽ കേരളത്തിലാകെ നടന്ന മരണവും തളിപ്പറമ്പിലായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷം മുസ്ലിം മനസ്സിനുണ്ടായ മാറ്റങ്ങളും അത് ഹിന്ദു മനോഭാവങ്ങളിലുണ്ടാക്കിയ പ്രതികരണങ്ങളും പ്രത്യകം പഠനം അർഹിക്കുന്നതാണ്.ഇതര മതവിഭാഗങ്ങളോടിടപഴകി ജീവിക്കുന്ന മുസ്ലിങ്ങളിൽ അതുണ്ടാക്കിയ മുറിവുകൾ താരതമ്യേന കുറവാണ്.ആ ദേശീയ ദുരന്തത്തിൽ കേരളീയ പൊതുമനസ്സ് തങ്ങളോടൊപ്പമാണെന്നു തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞു. എന്നാൽ തുരുത്തുകളായി മാറിയ മുസ്ലിം സമൂഹങ്ങൾക്ക് ഭിന്ന സംസ്‌കാരങ്ങളെ ഉൾക്കൊള്ളാനുള്ള കേരളീയ മനസ്സിന്റെ സവിശേഷതയെ തിരിച്ചറിയാൻ കഴിയാതെപോയി. ഒരു ഇര ബോധത്തിലേക്ക്,കൂടുതൽ മതാത്മകതയിലേക്ക്, തീവ്രവിശ്വാസക്കൂട്ടായ്മകളിലേക്ക് അവർ ഉൾവലിയാൻ തുടങ്ങി.കെ ഇ എന്നിനെ പോലുള്ള ഇടതു പക്ഷ ബുദ്ധി ജീവികൾ ഈ ഇരവാദത്തിനു സൈദ്ധാന്തിക ന്യായീകരണവും നൽകി.അധികാരത്തിനു വേണ്ടി വർഗീയതയെ ഉപയോഗിക്കുന്ന ലീഗിന്റെ സമീപനങ്ങൾ കണ്ണൂർ കാസർ കോട് ജില്ലകളിൽ വലുതായ സമുദായ ധ്രുവീകരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജയരാജന്റെ അറസ്റ്റിനു ശേഷവും തലശ്ശേരി ഭാഗങ്ങൾ പൊതുവേ ശാന്തമായിരുന്നു എന്നോർക്കുക. എന്നാൽ പയ്യന്നൂർ, തളിപ്പറമ്പ്, പഴയങ്ങാടി കണ്ണൂർ തുടങ്ങി ലീഗിനും സ്വാധീനമുള്ള പ്രദേശങ്ങളാണ് സി പി എം സംഘർഷഭരിതമാക്കിയത്. അധികാരത്തിലിരിക്കുമ്പോൾ അക്രമങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള വിവേകം പൊതുവേ സി പി എമ്മുകാർ കാണിക്കാറുണ്ട്. അധികാരം ആഘോഷമാക്കുന്ന ലീഗിന്റെ സമീപനങ്ങൾ സി പി എമ്മിനെ വിറളി പിടിപ്പിക്കുന്നുണ്ട്. ബി ജെ പി എന്ന പാർട്ടി പോലും അപ്രസക്തമാവുംവിധം ലീഗ് വിരുദ്ധത മുസ്ലിം വിരുദ്ധത തന്നെ ആയി മാറാനുള്ള സാധ്യതയും ഇവിടെ നില നിൽക്കുന്നു. വിചാരത്തിന്റെ, ആശയങ്ങളുടെ അടിത്തറയിൽ വളർന്നു വന്ന അണികളല്ല ഇന്ന് കൂടുതലായും സി പി എമ്മിനുള്ളത് എന്നത് ഈ സാധ്യതയെ ബലപ്പെടുത്തുന്നു. പയ്യന്നൂരിൽ സക്കറിയയോടുള്ള അതിക്രമത്തിൽ നാമതു കണ്ടതാണ്. പാർട്ടി എന്ന അന്ധമായ വികാരമാണ് അവരെ നയിക്കുന്നത്.
വികാരത്താൽ നയിക്കപ്പെടുന്ന ഒരേ മാനസിക ഘടനയുള്ള ഈ രണ്ടു പാർട്ടികളാവും ഇനി കണ്ണൂർ ജില്ലയുടെ ഭാവി നിർണ്ണയിക്കുക. അത് വിചാരത്തിന്റെ, വിവേകത്തിന്റെ,മാനവികതയുടെ മാർഗ്ഗ മായിരുന്നെങ്കിൽ എന്ന് ഓരോ കണ്ണുരുകാരനും ആശിക്കുന്നു.

1 comment:
വായിച്ച് വായിച്ച് കണ്ണൂരിനെ പേടിയായിരുന്നു
പക്ഷെ പരിചയപ്പെട്ട കണ്ണൂര്‍ക്കാരൊക്കെ നല്ലവര്‍
Post a Comment