തകര്ത്ത പള്ളി; ഉയര്ന്ന ചിഹ്നഗോപുരങ്ങൾ
ഉമ്മർ ടി കെ
പ്രതീകങ്ങൾ ചരിത്രത്തിൽ ഇടപെടുന്നതിന്
ഉദാഹരണങ്ങൾ അനേകമുണ്ട്. ഉപ്പ്,സ്വാതന്ത്ര്യസമര ചരിത്രത്തിലെ
ഉജ്ജ്വലമായ പ്രതീകമായിരുന്നു. ചർക്കയും പരുക്കൻ ഖദർ
മുണ്ടുമെല്ലാം ഗാന്ധിജിക്ക് ഒരു ജനതയെ
ഒരുമിപ്പിക്കാനുള്ള അടയാളങ്ങളായിരുന്നു. ഒരുമിച്ചു നിൽക്കുമ്പോൾ ഭിന്നിച്ചു
പോകാനും ഭിന്നിച്ചു നിൽക്കുമ്പോൾ ഒന്നിച്ചു
ചേരാനുമുള്ള പ്രവണത മനുഷ്യ സമൂഹത്തിനു
സഹജമാണ്. അതിനും ചിഹ്നങ്ങളെ സമൂഹം
ഉപയോഗിച്ചിരുന്നു. നമ്മുടെ പാർട്ടികളുടെ കൊടികൾ
പോലും വംശചിഹ്നങ്ങളുടെ തുടർച്ചയാണ്. ഒരു വസ്തുവിനെ,ആശയത്തെ രാഷ്ട്രീയ വിവക്ഷയോടുകൂടി
ഉപയോഗിക്കുമ്പോഴാണ് അതൊരു ചിഹ്നമാകുന്നത്. ഓരോ
ചരിത്ര സന്ദർഭങ്ങളിലും ഇങ്ങനെ ചിഹ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ഇത് സമൂഹത്തെ
മുന്നോട്ടു കൊണ്ടു പോകാനാകാം,ചിലപ്പോഴെല്ലാം
പിന്നോട്ടു കൊണ്ടു പോകാനുമാകാം.വസ്തു
എന്ന നിലയിൽ ഒന്നാണെങ്കിലും
ഗാന്ധിജി വാരിയ ഉപ്പല്ല നാമിന്നു
പാക്കറ്റിൽ വാങ്ങുന്നത്. വിവേകാനന്ദന്റെ ഭാരതമല്ല സ്വയം സേവകന്റെ
ഭാരതം. മതങ്ങൾക്കും അതിന്റെതായ ചിഹ്നവ്യവസ്ഥകളുണ്ട്.
പ്രത്യേകമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആൾക്കാരെ
സംഘടിപ്പിച്ച് അതിന്റെ രീതികൾക്കനുസരിച്ച് അവരെ
ജീവിക്കാൻ പ്രേരിപ്പിക്കുന്ന സംവിധാനമാണല്ലോ മതം. അതിൽ നിന്നും
ഉയർന്ന തലത്തിൽ മറ്റു വിശ്വാസങ്ങളെ,
വ്യത്യസ്ഥമായ സമൂഹങ്ങളെ ഒന്നിപ്പിപ്പിച്ചു കൊണ്ടാണ്
രാഷ്ട്രം രൂപപ്പെടുന്നത്. അശോകസ്തംഭം
ഇന്ത്യ എന്ന വികാരത്തിന്റെ സാർവ്വലൗകികമായ
അടയാളമായി മാറുന്നത് അങ്ങനെയാണ്. ബാബരി
മസ്ജിദിനെയും ശ്രീരാമനെയും പ്രതീകവൽക്കരിച്ച ഹിന്ദു വർഗീയത ആധുനികതയിൽ
നിന്ന് ഇന്ത്യൻ മനസ്സിനെ മതാത്മകതയിലേക്ക്
ഗോത്രബോധത്തിലേക്ക് തിരിച്ചു കൊണ്ടു പോകാനാണ്
ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തരം സംഘടിതമായി ഉയർത്തിക്കൊണ്ടുവന്ന ഈ
രണ്ടു ചിഹ്നങ്ങൾ-ബാബരി മസ്ജിദും
ശ്രീരാമനും-ഇന്ത്യൻ മനസ്സിൽ ഉണ്ടാക്കിയ
മാറ്റങ്ങൾ ഏറെ പഠനങ്ങൾക്കു
വിധേയമായിട്ടുണ്ട്. കേരളത്തിൽ അതുണ്ടാക്കിയ പ്രതികരണങ്ങൾ
അത്രമേൽ പഠിക്കപ്പെട്ടിട്ടില്ല. ബാഹ്യമെന്നതിനെക്കാൽ ആന്തരികമായിരുന്നു അത്.
മലബാർ കലാപവും ബാബരി
മസ്ജിദിന്റെ പതനവുമാണ് കേരളീയ മുസ്ലിം
ആധുനിക കാലത്തു നേരിട്ട പ്രധാന
പ്രതിസന്ധികൾ. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉന്നയിക്കുന്ന
ചില മൂല്യങ്ങളോട് ചേർന്നു
നിന്നായിരുന്നു മലബാർ കലാപം ആരംഭിച്ചത്.
ജന്മിത്തത്തിനെതിരെയുള്ള സമരത്തിൽ നിന്നും വഴി
തെറ്റി പിന്നീടത് മുസ്ലിം ഏകീകരണത്തിലേക്ക്
നീങ്ങി എന്നത് ചരിത്രമാണ്. അതോടുകൂടി
ആ പ്രദേശങ്ങളിലെ മുസ്ലിം
സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള മുന്നേറ്റം കുറെയൊക്കെ തടയപ്പെടുകയുണ്ടായി.
ആധുനിക വിദ്യാഭ്യാസത്തെപ്പോലും തിരസ്ക്കരിക്കുന്ന ഒരു
പതനത്തിലേക്ക് അവർ എത്തിച്ചേരുന്നു.
ഹിന്ദുവും മുസ്ലിമും വിരുദ്ധസ്വത്വങ്ങളാണെന്ന വികല ബോധത്തിലേക്ക്
അവർ എടുത്തെറിയപ്പെടുന്നുണ്ട്. മലബാർ കലാപത്തിൽ
മുസ്ലിം സമൂഹത്തിനേറ്റ ഭൗതികവും മാനസികവുമായ തകർച്ചയായിരുന്നു
മുസ്ലിം ഏകീകരണത്തിനും ലീഗിന്റെ വളർച്ചക്കും കാരണമായത്. മാനസികമായ തകർച്ചയായിരുന്നു.പി
ഡി പി, ഐ
എൻ എൽ തുടങ്ങി
പിന്നീടു വന്ന തീവ്രസ്വഭാവമുള്ള പല
സംഘനകളുടെയും വളർച്ചക്കു പിന്നിൽ അതിന്റെ
സ്വാധീനം പ്രത്യക്ഷമാണ്. ജന്മിത്തത്തിനും ജാതീയതക്കും അനാചാരങ്ങൾക്കും എതിരെ നടത്തിയ സമരങ്ങളിലൂടെ
രൂപപ്പെട്ടു വന്ന മതേതര മനസ്സിന്
ഇതോടെ അതിന്റെ ആധിപത്യം നഷ്ടമാവുന്നുണ്ട്.
തികച്ചും ജാതി മത വർഗീയ
ഗ്രൂപ്പുകളുടെ ആധിപത്യമായി പിന്നീടതു മാറുന്നു. ബഹുസ്വരമായ
കേരളീയമായ മനസ്സിനെ തിരിച്ചറിയാൻ കഴിയാത്ത
സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിലുള്ള പാർട്ടിയെ
ചെറിയൊരു കാലത്തേക്കു സി പി
എം ഉപയോഗപ്പെടുത്തി എന്നല്ലാതെ
കേരളത്തിൽ പ്രത്യേകിച്ചെന്തെങ്കിലും ധർമ്മം അതു നിറവേറ്റി
എന്നു പറയാനാവില്ല. സെക്കുലർ പേരുണ്ടെങ്കിലും വർഗീയതാൽപര്യമാണ്
ഐ എൻ എല്ലിന്റെയും
പി ഡി പി
യുടെയും പിറവിക്കു കാരണം. ബാബരി
മസ്ജിദിന്റെ പതനം ലീഗിനു താൽക്കാലികമായ
നഷ്ടമുണ്ടാക്കി. മറ്റൊരു
തലത്തിൽ കേരളത്തിൽ വർഗീയമായ അതിക്രമങ്ങൾ
ഇല്ലാതിരുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ലീഗിന്റെ
ഇടപെടൽ കൊണ്ടാണെന്ന ധാരണക്ക് ഒരു പൊതു
സമ്മിതി ലഭിക്കുകയുമുണ്ടായി. സത്യത്തിൽ എന്തെങ്കിലും ഒരു
പഠനത്തിന്റെ ഫലമായിരുന്നില്ല ഈ സമ്മിതിക്കടിസ്ഥാനം.
എന്നാൽ ഉത്തരേന്ത്യയിൽ നിന്നു ഭിന്നമായി മറ്റു
സമുദായങ്ങളുമായി ഇടകലർന്നു ജീവിക്കുന്നതിലൂടെ കേരളത്തിലെ
മുസ്ലിങ്ങൾ ആർജ്ജിച്ച സഹിഷ്ണുത, മറ്റു
മതസമൂഹങ്ങളോടുള്ള സമഭാവന ഇത്തരം മുഖ്യകാരണങ്ങളൊക്കെ
രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു എന്നു മാത്രം. ലീഗിനു
അതിൽ ഒരു പങ്കുമില്ലെന്നുമല്ല
സൂചിപ്പിക്കുന്നത്. അങ്ങിനെയൊരു പങ്കുണ്ടെങ്കിൽ അതിനെ മറ്റൊരു തലത്തിലാണ്
കാണേണ്ടത്. പഴയ സാമൂഹിക
വ്യവസ്ഥയിൽ നാട്ടു പ്രമാണിമാർക്ക് വലിയ
സ്ഥാനം കൽപ്പിക്കപ്പെടാറുണ്ടല്ലോ. ലീഗിന്റെ നേതൃത്വം
എടുത്തു നോക്കിയാൽ തങ്ങൾ കുടുംബത്തിനു
ലഭിക്കുന്ന പ്രത്യേക പരിഗണനയടക്കം എൺപതു
ശതമാനം പേരും ഇത്തരം സാമ്പത്തിക
സാമൂഹിക പരിഗണനകളിലൂടെ എത്തിപ്പെട്ടവരാണെന്നു കണാൻ കഴിയും. അബ്ദുൾ
വഹാബ് എത്ര പെട്ടെന്നാണ് എം.പി പോലുമായത്
എന്നു നാം കണ്ടതാണ്.
(ലീഗിന്റെ ആദ്യ ഘട്ടത്തിൽ തങ്ങൾ
കുടുംബത്തിന് ഒരു പ്രാധാന്യവുമുണ്ടായിരുന്നില്ല.
ആത്മീയതയുടെ പരിവേഷം നൽകി ഒരു
ഐക്കണായി ആ നേതൃത്വത്തെ
അവരോധിക്കുന്നത് പിന്നീട് വളരെ ബോധപൂർവമായാണ്.)
സക്കാത്ത് ഇസ്ലാം മതത്തിന്റെ മുഖ്യ
അടിത്തറകളിലൊന്നായതു കൊണ്ടു തന്നെ സമ്പന്നന്
പ്രാധാന്യം കൽപ്പിക്കുന്ന,അയാളോട് വിധേയത്വം കാണിക്കുന്ന
ഒരു മനോഘടന അവിടെ
രൂപപ്പെട്ടിട്ടുണ്ടെന്നു കാണാം. സമ്പന്ന നേതൃത്വങ്ങൾക്ക്
അധികാരത്തിൽ നിന്നും മാറി നിൽക്കുന്നത്
ആലോചിക്കാൻ പോലും കഴിയില്ല. അതു
കൊണ്ട് അധികാരത്തോടു ചേർന്നു നിൽക്കണമെങ്കിൽ സമാധാനത്തിന്റെ
പാത സ്വീകരിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളു.
മറ്റൊരു തലത്തിൽ ലീഗിന്റെ ശക്തി
കേന്ദ്രമായ മലപ്പുറം ജില്ലയിൽ മറ്റിടങ്ങളിലേതു
പോലെ വൈകാരികമായ ഒരരക്ഷിതാവസ്ഥ
അനുഭവിച്ചിട്ടില്ല എന്നതും ഒരു കാരണമാകാം.
പള്ളിയുടെ തകർച്ചക്കുത്തരവാദികളായ കോൺഗ്രസ്സുകാരോടൊപ്പം നിൽക്കുകയല്ലാതെ ലീഗിനു മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതിന്റെ അപമാനം അവർ ഏറെ
അനുഭവിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ
തകർച്ചയിൽ നിന്നു കുരുത്ത നേതാവാണ്
അബ്ദുൽ നാസർ മഅദനി. കേരളത്തിന്റെ
സവിശേഷമായ സാംസ്ക്കാരിക ബോധത്തെ,സെക്കുലർ ആയ പൊതു
മണ്ഡലത്തെ തിരിച്ചറിയാൻ പള്ളിയുടെ
തകർച്ചയിൽ മുസ്ലിംങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ പൊതുമനസ്സ് എന്നു മനസ്സിലാക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞില്ല. ഹിന്ദു എന്നാൽ ആർ
എസ് എസ് എന്ന
പ്രതീതി തന്റെ പ്രസംഗ കാസെറ്റുകളിലൂടെ
കേരളത്തിലെ മുസ്ലിം വീടുകളിൽ എത്തിക്കുന്നതിൽ
മഅദനി വിജയം നേടി.
തെക്കൻ കേരളത്തിലാണ് മഅദനിക്കു
കാര്യമായ പിന്തുണ ലഭിച്ചത്. മലബാറിലെന്നതു
പോലെ വലിയ മുസ്ലിം
ജനവാസ കേന്ദ്രങ്ങൾ അവിടെ കുറവാണ്. കോൺഗ്രസിനോട്
താരതമ്യേന ആഭിമുഖ്യം പുലർത്തിയിരുന്ന അവർ പള്ളിയുടെ
തകർച്ചയോടെ ആ പാർട്ടിയിൽ
നിന്ന് താൽക്കാലികമായി അകന്നു. സാമൂഹിക സാമ്പത്തിക തലത്തിൽ
മലബാറിൽ പലയിടത്തും മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്ന
ആധിപത്യമോ ഗൾഫിന്റെ സ്വാധീനമോ അവിടെ
കുറവായിരുന്നു. തെക്കൻ
കേരളത്തിൽ കൃസ്ത്യൻ,നായർ സമൂഹങ്ങൾക്കായിരുന്നു
മേൽക്കൈ. മധ്യകേരളത്തിലെ നഗരമേഖലകളിൽ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ മുപ്പതു വർഷം
മുമ്പുണ്ടായിരുന്ന ഹിന്ദു പ്രാതിനിധ്യം ഇന്ന്
നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്. യൂറോപ്പിലേക്കുള്ള കുടിയേറ്റം വഴി വന്ന
സമ്പത്തിന്റെയും ചർച്ച് സംഘടനകൾ
വഴി വരുന്ന വിദേശ
പണത്തിന്റെയും സ്വാധീനം ഇതിൽ എത്ര
മാത്രമുണ്ടന്നു പഠിക്കപ്പെടേണ്ടതുണ്ട്. കൃസ്ത്യൻ സമൂഹത്തിന്റെ പുരോഗതിക്കനുസൃതമായ
മാറ്റം അവിടെ മറ്റു സമൂഹങ്ങളിലുണ്ടായിട്ടില്ല.
മധ്യകേരളത്തിൽ കൃസ്ത്യൻ സമൂഹം നേടിയെടുത്ത
ഈ സാമൂഹിക സാമ്പത്തിക
ആധിപത്യം ഹിന്ദു മുസ്ലിം സമൂഹത്തിനിടയിൽ വർഗീയചിന്ത
വളർത്തുന്നതിൽ അടിയൊഴുക്കായി പ്രവർത്തിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ സാമൂഹിക
സാമ്പത്തിക പിന്നോക്കാവസ്ഥയെ പ്രതിനിധീകരിക്കാനാണ് മഅദനി തന്റെ രാഷ്ട്രീയത്തിൽ
മുസ്ലിം ദളിത് പിന്നോക്ക ഐക്യം
എന്ന മുദ്രാവാക്യം ഉയർത്തിയത്.
സാമൂഹികവും സാമ്പത്തികവുമായി ഉയർന്ന തലത്തിലുള്ള മലബാറിലെ
മുസ്ലിം നേതൃത്വത്തിൽ നിന്ന് ഇങ്ങിനെയൊരു മുദ്രാവാക്യമുയരില്ല.
മലബാർ മേഖലയിൽ മുസ്ലിങ്ങൾക്കിടയിലുണ്ടായ ഗൾഫ് സമ്പന്നത
അവിടുത്തെ ഹിന്ദു സമൂഹങ്ങളിലും ഇത്തരം
മനോഭാവം രൂപപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള മുസ്ലിം സുഹൃത്തുക്കളെയും അയൽപക്കങ്ങളെയും
അംഗീകരിക്കുമ്പോൾ തന്നെ മുസ്ലിം എന്ന
സംജ്ഞയോട് ഭയം നിറഞ്ഞ
ഒരു വിരോധം ഹിന്ദു
മനസ്സിൽ രൂപപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിലുള്ള സംഘർഷങ്ങൾ,മാറാട് കലാപം,തീവ്രവാദ ഗ്രൂപ്പുകളുടെ അനഭിലഷണീയമായ
ഇടപെടലുകൾ ഇവയൊക്കെ അതിനു കാരണമായിട്ടുണ്ടാവാം.
ഭൗതിക വിദ്യാഭ്യസത്തിന്റെ പിന്നോക്കാവസ്ഥ കാരണം സമ്പത്ത് ക്രിയാത്മകമായി,പ്രായോഗികമായി ഉപയോഗിക്കാനറിയാതെ വീട,് ആഢംബര
വസ്തുക്കൾ, പള്ളി തുടങ്ങി പ്രദർശനപരതക്ക്
അവർ കൂടുതൽ പ്രാധാന്യം
നൽകിയതും ഒരു
പ്രധാന കാരണമായി. ക്ഷയിച്ചു പോയ
പല ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെടുന്നതിനു
പിന്നിൽ ഇവയോടുള്ള പ്രതികരണമുണ്ട്. സ്വർണ്ണപ്രശ്നങ്ങളും അതിരുദ്രമഹായജ്ഞങ്ങളും സ്വാഭാവികമായി.
ശ്രീനാരായണഗുരു കൂടഞ്ഞെറിഞ്ഞു കളഞ്ഞ ബ്രാഹ്മണസംസ്കാരം
ഈ അവസരം സൂത്രത്തിൽ
ഉപയോഗപ്പെടുത്തി.
ഏതൊരു പ്രാദേശിക ജനസമൂഹത്തിനും
അവരുടേതായ വിശ്വാസ പ്രമാണങ്ങളും പൊതുവായ സംസ്കാരസവിശേഷതകളും
ഉണ്ടാവും. ഇവിടുത്തെ ഓരോ മുസ്ലിമിനും
സ്വന്തം വിശ്വാസത്തിനപ്പുറം കേരളീയ സംസ്കാരം
ഉൾക്കൊണ്ട സവിശേഷമായ സ്വത്വമുണ്ട്. ഈ
സ്വത്വത്തിനു സംഭവിച്ച പരിണാമം
സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നതാണ്. ഹിന്ദു
വർഗീയതയുടെ അടിത്തറ വിപുലപ്പെടുത്തുക എന്നതോടൊപ്പം
പ്രാദേശിക സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള
ജനവിഭാഗങ്ങളെ ഒരൊറ്റ കേന്ദ്രത്തിലേക്ക് വൈകാരികമായി
ഒന്നിപ്പിക്കുക എന്നതായിരുന്നു പള്ളിയുടെ തകർക്കലിനു പിന്നിലെ
ഹിന്ദു വർഗീയതയുടെ ലക്ഷ്യം. ഹിന്ദു
വീടുകളിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിന് ഒരിഷ്ടിക
സ്വീകരിക്കുന്നതിലൂടെ-അതവിടെ എത്തിയാലും ഇല്ലെങ്കിലും-ഭൗതികമായി അവരെ അതിൽ
കണ്ണി ചേർക്കാനും അവർക്കു കഴിഞ്ഞു.
ജാതീയമായും ആചാരപരമായും ബഹുസ്വരത പുലർത്തിപ്പോന്ന ഹിന്ദു
സമൂഹത്തെ ശ്രീരാമൻ എന്ന ഒറ്റ
അടയാളത്തെ മുൻനിർത്തി ഏകീകരിച്ചു നിർത്തുക
എന്ന ലക്ഷ്യമാണ് ഇതിനു
പിന്നിലുള്ളത്. ഈയൊരു ഹൈന്ദവ ഏകീകരണശ്രമത്തിനു
സമാന്തരമായി കേരളത്തിലെ മുസ്ലിങ്ങൾ ആഗോള
മുസ്ലിമിലേക്കു പരിവർത്തിപ്പിക്കപ്പെടുകയായിരുന്നു.
ഗുജറാത്തിൽ തന്റെ സ്ഥാനം ബലപ്പെടുത്താൻ
നരേന്ദ്ര മോഡി നടത്തിയ വംശഹത്യ
ഈ പ്രക്രിയക്കു വേഗം
കൂട്ടി. കേരളീയമായ സംസ്കാര
ഘടകങ്ങളിൽ പലതും ഉപേക്ഷിക്കുന്നതും സംസ്ക്കാരത്തിന്റെ ബഹുതലങ്ങൾക്കപ്പുറം വിശ്വാസത്തിന്റെ ഏകതലത്തിനു കൂടുതൽ പ്രാധാന്യം
ലഭിക്കുന്നതും ഈ കാലത്തിന്റെ
സവിശേഷതയാണ്. ഈ മാറ്റത്തിൽ
ഏറ്റവും പ്രധാന പങ്കു വഹിച്ചത്
തൊണ്ണൂറിൽ പ്രവർത്തനമാരംഭിച്ച മാധ്യമം ദിനപ്പത്രമാണ്. വളരെ
പ്രൊഫഷണൽ ആയ സമീപനമാണ്
അവർ മാധ്യമരംഗത്തു പുലർത്തിയത്.
മുസ്ലിം ജനസാമാന്യത്തിലും പൊതുമണ്ഡലത്തിലും ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കാൻ ചെറിയ
കാലം കൊണ്ടു തന്നെ
പത്രത്തിനു സാധിച്ചു. മറ്റു പത്രങ്ങളിൽ
നിന്നും ഭിന്നമായി ദളിത്,പരിസ്ഥിതി,ഭൂമി,ആദിവാസി പ്രശ്നങ്ങളെ കേന്ദ്രസ്ഥാനത്തു കൊണ്ടുവന്ന്
ബൗദ്ധിക സമൂഹത്തിന്റെയും പിന്തുണ പത്രം നേടിയെടുത്തു.(സ്ത്രീ,മതം തുടങ്ങിയ
പ്രശ്നങ്ങളെ സൗകര്യപൂർവം ഒഴിവാക്കി.)
പ്രാദേശിക,ദേശീയ വാർത്തകൾക്കപ്പുറം ഇറാൻ
മുഖ്യകേന്ദ്രമായ ഒരു ലോക
വീക്ഷണം പ്രചരിപ്പിക്കാനായി ഒരു പേജു
തന്നെ മാറ്റി വെച്ചു. പരിഷ്ക്കരണ വാദിയായ മുഹമ്മദ്
ഖാതമിക്കു ശേഷം യാഥാസ്ഥിതികനും കർക്കശക്കാരനും
മതനേതൃത്വത്തിനു പ്രിയംകരനുമായ അഹമ്മദി നെജാദ് ഇറാനിൽ
അധികാരത്തിൽ വന്നതോടെ അമേരിക്കക്കെതിരെ ഒരു
ലോകമുസ്ലിം പ്രസിഡന്റിനെ ലഭിച്ചപ്രതീതിയായി മാധ്യമത്തിന്. അനേക വർഷങ്ങളിലൂടെ രൂപപ്പെട്ട
സാംസ്കാരിക പരിസരത്തു നിന്നും
പറിച്ചെടുത്ത് കേരളീയമുസ്ലിമിനെ ആഗോളമുസ്ലിമിലേക്കു പരിവർത്തിപ്പിക്കാനും രാഷ്ട്രീയ ഇസ്ലാം എന്ന
പ്രതിലോമപരമായ ആശയത്തെ ഇറക്കുമതി ചെയ്തു
വ്യാപിപ്പിക്കാനും ചെറിയ കാലം കൊണ്ടു
തന്നെ ആ പത്രത്തിനു
കഴിഞ്ഞു. കേരളരാഷ്ട്രീയത്തിൽ വർഗീയമായ ചേരി തിരിവ്
ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ ശ്രമിച്ച
മഅദനിക്കും സേട്ടിനും അവർ നിർലോഭമായ
പിന്തുണ നൽകി.
ഹിന്ദു സമൂഹത്തെപ്പോലെ തന്നെ
മുസ്ലിങ്ങൾക്കും ഇന്ത്യയിൽ ഏകശിലാരൂപമായ ഒരു
ഘടനയല്ല ഉള്ളത്.കേരളത്തിൽ നിന്നു
ഭിന്നമായി ഉത്തരേന്ത്യന്തൻ മുസ്ലിമിന് പരാധീനതകൾ ഏറെയുണ്ട്.
വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നോക്കാവസ്ഥ,വിഭജനത്തിന്റെ കാരണക്കാരെന്ന കുറ്റപ്പെടുത്തൽ,ഹിന്ദു വർഗീയവാദികൾ ഉയർത്തുന്ന
സംഘർഷങ്ങൾ,ഹിന്ദു സമൂഹത്തിലെന്ന പോലുള്ള
ജാതീയമായ ഉച്ചനീചത്വങ്ങൾ ഇവയൊക്കെ ഉത്തരേന്ത്യൻ മുസ്ലിം
സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ്.
ഇവയിലേതെങ്കിലും കേരളത്തിലെ മുസ്ലിമിന് ബാധകമാണോ?
ഭരണനിർവഹണ വ്യവസ്ഥയിൽ അൽപ്പമൊരു പിന്നോക്കാവസ്ഥ
ഒഴിച്ചു നിർത്തിയാൽ സാമൂഹിക സാമ്പത്തിക
ഭരണതലങ്ങളിൽ ഗണ്യമായ സ്വാധീനം മുസ്ലിം
സമൂഹത്തിനുണ്ട്. ഉത്തരേന്ത്യയിൽ പലയിടങ്ങളിലുമെന്ന പോലെ വർഗീയവൽക്കരിക്കപ്പെട്ടതല്ല കേരളത്തിലെ ഹിന്ദു
സമൂഹം. ജാതീയതക്കെതിരെയും സാമൂഹികാസമത്വങ്ങൾക്കെതിരെയും നടന്ന സമരങ്ങളിലൂടെ ജനാധിപത്യവൽക്കരിക്കപ്പെട്ട
ഒരു പൊതുമണ്ഡലമാണ് കേരലളത്തിലുള്ളത്.
ഈ പൊതുമനസ്സു തകർന്നാൽ
അവിടെ വർഗീയത ആധിപത്യം നേടും.
പാരമ്പര്യവാദികൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ
സുന്നി സമൂഹങ്ങളിൽ ഭൂരിഭാഗവും കേരളത്തിന്റെ
സവിശേഷമായ ആചാരരീതികൾ പിന്തുടർന്നിരുന്നവരാണ്. എന്നാൽ മുജാഹിദ്,ജമാഅത്തെ ഇസ്ലാമി തുടങ്ങിയവ
എണ്ണത്തിൽ പത്തു ശതമാനത്തിൽ താഴെയാണെങ്കിലും
തന്ത്രപൂർവ്വമായ സംഘടിത ശ്രമങ്ങളിലൂടെ ആശയതലത്തിളുള്ള
മേൽക്കൈ സമുദായത്തിനുമേൽ അവർ നേടിയിട്ടുണ്ട്.
സൂക്ഷ്മമായി നിരീക്ഷിച്ചാൽ കേരളീയ സമൂഹത്തിൽ അതുണ്ടാക്കിയ
സ്വാധീനം തീർത്തും പ്രതിലോമപരമായിരുന്നു എന്നു
കാണാൻ പറ്റും. സുന്നികളുടെ സവിശേഷതയായ
സാംസ്ക്കാരിക ബഹുസ്വരതയെ തകർത്തു
കളയാനുള്ള സുവർണ്ണാവസരമായാണ് ഈ സന്ദർഭങ്ങളെ
അവർ ഉപയോഗിച്ചത്.
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിൽ
ഏറ്റവും പ്രധാന പങ്കു വഹിച്ചത് ആദ്യകാല
മുജാഹിദ് പ്രസ്ഥാനമാണ്. ലോകത്ത് മുസ്ലിം നവീകരണത്തിനു
തുടക്കം കുറിച്ച സലഫിസ്റ്റ് പ്രസ്ഥാനത്തിന്റെ
കേരളീയമായ തുടർച്ചയായിരുന്നു അത്. സലഫിസ്റ്റ് പ്രസ്ഥാനത്തിൽ സാമൂഹിക
പരിഷ്ക്കരണങ്ങളിലൂന്നിയ ഒരു ധാരയും
കർശനമായ ഇസ്ലാമികവൽക്കരണത്തിലൂന്നിയ മറ്റൊരു ധാരയും നില
നിന്നിരുന്നു. സനഉല്ല മക്തിതങ്ങൾ,ഹമദാനി
തങ്ങൾ,വക്കം മൗലവി തുടങ്ങിയവർ
ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നു. ഈജിപ്തിലെ ഷെയ്ഖ് മുഹമ്മദ്
അബ്ദു, ഷെയ്ഖ് റഷീദ് റിദ
തുടങ്ങിയ പരിഷ്ക്കരണ വാദികളുടെ
സ്വാധീനമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ
ആദ്യകാല നേതാക്കളിൽ കാണാൻ കഴിയുന്നത്.
മതചര്യകളെ പ്രധാനമായിക്കാണുമ്പാൾത്തന്നെ സമുദായത്തിന്റെ വിദ്യാഭ്യാസത്തിനും ആധുനികവൽക്കരണത്തിനും അവർ ഏറെ
പ്രാധാന്യം നൽകി. എന്നാൽ സൗദി
അറേബ്യയിൽ മുഹമ്മദ് ബിൻ അബ്ദുൽ
വഹാബിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട അതി
മതാത്മകമായ പ്രസ്ഥാനത്തോടാണ് പിൽക്കാലത്തെ മുജാഹിദ് ഗ്രൂപ്പുകൾ ഐക്യപ്പെട്ടത്. 19-ാം നൂറ്റാണ്ടാവുമ്പോഴേക്ക്
അറേബ്യയിൽ ഇല്ലാതായിക്കഴിഞ്ഞ ചില ക്രിമിനൽ
ശിക്ഷാരീതികളെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ച വ്യക്തിയാണ്
അബ്ദുൽ വഹാബ്. കാലത്തിനനുസൃതമായ പരിഷ്ക്കാരങ്ങൾക്കു പകരം മതത്തിന്റെ കർശനചര്യകളെ
തിരിച്ചു കൊണ്ടു വരുന്നതിനാണദ്ദേഹം പ്രാധാന്യം
നൽകിയത്. വ്യഭിചാരം ചെയ്തെന്നു
കുറ്റസമ്മതം നടത്തിയ സ്ത്രീയെ ഇസ്ലാമിക
വിധി പ്രകാരം അദ്ദേഹവും
അമീറും കൂടി കല്ലെറിഞ്ഞു കൊല്ലുകയുണ്ടായി
എന്നു അദ്ദേഹത്തിന്റെ ചരിത്രം പറയുന്നു. തന്റെ
ആശയ സംഹിതകളെ ജനങ്ങളുടെ
ഇച്ഛക്കനുസരിച്ചല്ല,രാജാവുമായുള്ള ബന്ധമുപയോഗപ്പെടുത്തി അധികാരത്തിന്റെ ബുൾഡോസർ ഉപയോഗിച്ചാണ് സൗദി
അറേബ്യയിൽ അദ്ദേഹം നടപ്പാക്കിയത്. അറേബ്യൻ
പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകളെ
മുഴുവൻ കുഴിച്ചു മൂടിയ സൗദി
അറേബ്യ ഇന്ന് ഭൗതികമായി സമൃദ്ധമെങ്കിലും
സാംസ്ക്കാരികമായും ആത്മീയമായും ഏറെ ദരിദ്രരാണെന്ന്
സംസ്ക്കാര നിരൂപകർ
കണ്ടെത്തുന്നു. പ്രവാസികളെ വെറും
അടിമകൾ മാത്രമായി കാണുന്ന സംസ്ക്കാര ശൂന്യവും അധാർമ്മികവുമായ
മനോഭാവം മറ്റേതൊരു ഗൾഫ് രാജ്യത്തെക്കാളും
വഹാബിസം അടിത്തറയായ സൗദി അറേബ്യക്കാണെന്ന്
അനുഭവസ്ഥരും പറയുന്നു.
മനുഷ്യൻ നൂറ്റാണ്ടുകളിലൂടെ ആർജ്ജിക്കുന്നതും
സാമൂഹിക ജീവിതത്തിനു സഹായകവുമായ മൂല്യങ്ങളെ രൂപപ്പെടുത്തുന്നതുമായ
അനേകം ആചാര രീതികളുണ്ട്. കാലം
കൊണ്ട് ഉപേക്ഷിക്കപ്പെടേണ്ട പലതും അതിലുണ്ടാകാമെങ്കിലും സംസ്ക്കാരത്തിന്റെ വേരുപടർപ്പുകളാണവ.
ഇവ നഷ്ടമായാൽ ജീവിതത്തിന്
അതിന്റെ ജൈവസ്വഭാവം നഷ്ടമാവും. ചെറിയ
ഒരുദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം.
മരിച്ചു പോയ പൂർവികരുടെ
ഖബർ സന്ദർശിക്കുന്നതും അവരുടെ
ഓർമ്മദിനങ്ങളിൽ ഒന്നിച്ചു കൂടി അവർക്കു
വേണ്ടി പ്രാർത്ഥിക്കുന്നതിലും ബന്ധത്തിന്റെ വൈകാരികതയും
തുടർച്ചയും അടങ്ങിയിട്ടുണ്ട്. വിവാഹം,ജനനം,മരണംതുടങ്ങിയവയുമായി
ബന്ധപ്പെട്ട് സവിശേഷമായ പല ആചാര
രീതികളും നാം പുലർത്തുന്നുണ്ട്,
അവ നമ്മെ രൂപപ്പെടുത്തുന്നുണ്ട്.
ഒരു സൗദി പൗരൻ
തന്റെ പിതാവിന്റെ ഖബറടക്കം രാവിലെ
കഴിഞ്ഞയുടനെ ഓഫീസിലെത്തി സാധാരണ പോലെ ജോലി
ചെയ്യുന്നത് ഒരു മലയാളി
മുസ്ലിമിന് ആലോചിക്കാൻപോലും കഴിയാത്തത് ഈ ബന്ധങ്ങളുടെ,സംസ്ക്കാരത്തിന്റെ വേരുപടലങ്ങൾ
അവനിൽ നില നിൽക്കുന്നതു
കൊണ്ടാണ്. സംസ്ക്കാരത്തിന്റെ വിച്ഛേദത്തിലൂടെ
പാരമ്പര്യങ്ങളിലേക്കു നീളുന്ന വൈകാരികമൂല്യങ്ങളുടെ
അടരുകൾ നഷ്ടമാവുന്നു. സൗദി അറേബ്യയെ ആത്മീയതയും
വൈകാരികതയും ചോർന്നു പോയ ഒരു
യാന്ത്രികസമൂഹമാക്കി എന്നതാണ് അബ്ദുൽ വഹാബ്
ഉരുവപ്പെടുത്തിയെടുത്ത സലഫിസത്തിന്റെ സംഭാവന.
പാരമ്പര്യവാദികൾ എന്നു വിളിക്കപ്പെട്ടിരുന്ന കേരളത്തിലെ സുന്നി
മുസ്ലിങ്ങൾ മറ്റുമതസ്ഥരുമായി വളരെ ആഴത്തിലുള്ള ബന്ധം
സൂക്ഷിച്ചിരുന്നു. കൂട്ടുകച്ചവടങ്ങളും സർവസാധാരണമായിരുന്നു. കേരളത്തിന്റെ സവിശേഷ പാരമ്പര്യങ്ങളെ പിന്തുടർന്നിരുന്ന
അവരുടെ ബന്ധങ്ങൾ ദൃഢവും നൈരന്തര്യവുമുള്ളതായിരുന്നു.
എന്നാൽ മുജാഹിദ്,ജമാഅത്തെ ഇസ്ലാമി
തുടങ്ങിയ പരിഷ്ക്കരണ പ്രസ്ഥാനങ്ങൾ(?)മുഖ്യമായും ശ്രമിച്ചത് ഈ
സാംസ്ക്കാരിക മുദ്രകളെ മായ്ച്ചു
കളയാനാണ്. മറ്റു മതങ്ങളോട് ഏറെ
സഹിഷ്ണുത പുലർത്തിയിരുന്ന, മതത്തിന്റെ യാന്ത്രികമായ അനുഷ്ഠാനങ്ങളെക്കാൾ
ദിവ്യമായ ഈശ്വരപ്രേമത്തിനു പ്രാധാന്യം കൊടുത്ത സൂഫി
പാരമ്പര്യത്തെയും ശുദ്ധ ഇസ്ലാമിൽ നിന്നുള്ള
വ്യതിചലനമായാണ് അവർ കണ്ടത്.
സുന്നികളുടെ ഭക്തിയിൽ വിശ്വാസപരമായ ഒരു
അയവാണ് മുന്തി നിൽക്കുന്നതെങ്കിൽ മറ്റുള്ളവരുടേതിൽ
ആശയപരമായ കാർക്കശ്യമാണ്. ഉറൂസ് എന്നു വിളിക്കപ്പെടുന്ന
പുണ്യാത്മാക്കളുടെ ഖബറിടങ്ങളിൽ നടക്കുന്ന നേർച്ചകൾ, മൗലീദുകൾക്കു
വേണ്ടി പാടിയിരുന്ന പൂണ്യപുരുഷന്മാരുടെ പോരിശകൾ വർണ്ണിക്കുന്ന സാഹിത്യ
സമ്പന്നമായ മാലപ്പാട്ടുകൾ, (മുഹിയുദ്ദീൻ മാല എഴുത്തച്ഛന്റെ
രാമായണത്തിനും മുമ്പ് എഴുതപ്പെട്ടതാണത്രെ.)വഅള്
എന്ന പേരിലറിയപ്പെട്ടിരുന്ന രാപ്രസംഗങ്ങൾ
തുടങ്ങി സന്മാർഗ കഥകളിലൂടെയും ഇസ്ലാമിക
ചരിത്ര സംഭവങ്ങളാവിഷ്ക്കരിക്കുന്ന അനേകം പാട്ടുകളിലൂടെയും ആർജിച്ചിരുന്ന
ഒരു ആത്മീയാഭിമുഖ്യമാണ് പഴയ
തലമുറയുടേത്. കർശനമായ മദ്രസ പഠനത്തിനപ്പുറം
വൈകാരികതയിലൂന്നിയ ഒരു തലം
ഇവക്കെല്ലാം ഉണ്ടായിരുന്നു. ഇവയൊക്കെ കേരളീയമായ ആചാര
രീതികളിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണ്.സുന്നികൾ ജീവിതരീതികളിലൂടെ
സൃഷ്ടിച്ച ഒരു സാംസ്ക്കാരിക ഇസ്ലാം ഇവിടെ
നിലനിന്നിരുന്നു. ഇവയെ ഇസ്ലാമിക വിരുദ്ധമായിക്കാണുന്ന
ഒരു വികലമനോഭാവംപുലർത്തിയ മുജാഹിദ്,ജമാഅത്തെ വിഭാഗങ്ങൾ അതിനു
മേൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ
അജണ്ട നടപ്പാക്കുകയാണു ചെയ്തത്. ഇസ്ലാമിക രാഷ്ട്ര
സങ്കല്പം മുന്നോട്ടു
വെക്കുന്ന,മൗദൂദിയൻ പ്രത്യയശാസ്ത്രത്തിന് ബഹുസ്വരമായ
ഒരു സമൂഹത്തെക്കുറിച്ച് ചിന്തിക്കാനേ
കഴിയില്ല. പാക്കിസ്ഥാനിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ രണ്ടാം
തരം പൗരന്മാരായി ഗണിക്കണമെന്നു
വാദിച്ചയാളാണ് മൗദൂദി.
അതേ ന്യായം വെച്ച്
ഇന്ത്യയിലെ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരായി
കണക്കാക്കിയാലോ എന്ന ചോദ്യത്തിന് അതിൽ
തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമൂഹത്തിന്റെ മൂല്യ ബോധത്തെ രൂപപ്പെടുത്തുന്നതിൽ
മതങ്ങൾ പ്രത്യക്ഷമായ പങ്കു വഹിക്കുന്നുണ്ട്. സാമൂഹ്യവും
വ്യക്തിപരവുമായ മൂല്യങ്ങളെക്കുറിച്ച് മതം നേരിട്ടു
പറഞ്ഞു തരുന്നു. നമ്മുടെ കുടുംബം
സമൂഹം ഇവയിൽ നിന്നും നേരിട്ടല്ലാതെ
പലതും നാം അനുഭവങ്ങളിലൂടെ
പഠിക്കുന്നു. ഹിന്ദു സമൂഹത്തിൽ കൃസ്ത്യൻ
മുസ്ലിം മതങ്ങളിലെന്നതു പോലെ യാന്ത്രികവും കർശനവുമായ
മതപഠന രീതികളില്ല. നിർബന്ധ പൂർവ്വമായ അനുഷ്ഠാന
രീതികളില്ല. തലമുറയായി പകർന്നു വരുന്ന
കുറച്ചു കഥകൾ, അത്യാവശ്യം അനുഷ്ഠാനങ്ങൾ,വർഷത്തിൽ ഒരിക്കൽ നടക്കുന്ന
ഉൽസവാഘോഷങ്ങൾ ഇവയിലൊതുങ്ങുന്നു അവ. യാന്ത്രികതയെക്കാൾ
ജൈവസ്വഭാവമാണ് അവയുടെ സവിശേഷത. കർശനമായ
മതപഠനം കൊണ്ട് ഹിന്ദു സമൂഹത്തെക്കാൾ
ധാർമ്മിക ബോധം ഇവിടുത്തെ കൃസ്ത്യൻ,മുസ്ലിം സമൂഹങ്ങൾ ആർജ്ജിച്ചിട്ടുണ്ട്
എന്ന് പറയാനാവില്ല. വ്യക്തിയുടെ ധാർമ്മികതക്കടിസ്ഥാനം മതം മാത്രമാണെന്ന
വാദം ശരിയല്ലെന്നാണു സൂചിപ്പിച്ചത്.
എല്ലാത്തിനെയും ഒരൊറ്റ മൂശയിലൊതുക്കുന്ന സൗദി
ഇസ്ലാമിൽ നിന്ന് കേരളീയ മുസ്ലിം
മനസ്സ് ഭിന്നമാകുന്നത് കേരളീയമായ സാംസ്ക്കാരിക
ഘടകങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ്. ലോകപ്രശസ്ത ഇസ്ലാമിക ചിന്തകനായ
സിയാവുദ്ദീൻ സർദാർ ഇസ്ലാമിന്റെ ഏറ്റവും
ഉൽക്കൃഷ്ട മാതൃക തേടിയുള്ള തന്റെ
അന്വേഷണത്തിനൊടുവിൽ എത്തിച്ചേരുന്നത് സൗദിയിലോ ഇറാനിലോ പാക്കിസ്ഥാനിലോ
അല്ല.വ്യത്യസ്ത മതങ്ങൾ
ഇടകലർന്നു ജീവിക്കുന്ന ബഹുസ്വരതയാർന്ന ഇന്തോനേഷ്യയിലാണ്. തൊണ്ണൂറുകൾക്കു മുമ്പുള്ള കേരളത്തിൽ സർദാർ
വന്നിരുന്നുവെങ്കിൽ അതിലും മികച്ച സ്വർഗം
ഇവിടെ കണ്ടെത്തിയേനെ.(സിയാവുദ്ദീൻ സർദാർ -സ്വർഗം തേടി
നിരാശയോടെ-അദർ ബുക്സ്.കോഴിക്കോട്്)
കേരളത്തിലെ നൂറു വർഷത്തിനപ്പുറമുള്ള മുസ്ലിം
പള്ളികൾ നോക്കുക. പണ്ട് അമ്പലമായിരുന്നു
എന്നു ഹിന്ദു തീവ്രവാദികൾക്കു പ്രചാരണം
നൽകാൻ ഇട കൊടുക്കും
വിധം കേരളത്തിന്റെ തച്ചുശാസ്ത്രവിധികളാണ്
അതിൽ മുന്തി നിൽക്കുന്നത്.
ഇതിനെ അനിസ്ലാമികമെന്നു കാണുന്നതു പോലെ വികലമാണ്
നമ്മുടെ ആഘോഷങ്ങളെയും അത്തരത്തിൽ സമീപിക്കുന്നത്.
ഏതൊരു ആഘോഷവും സാമൂഹികമായ കൂട്ടായ്മകൾക്കു
വേണ്ടിയാണ് രൂപപ്പെടുന്നത്. സാമൂഹികവും സംസ്കാരികവുമായ
വിനിമയങ്ങൾക്ക് ഇത്തരം ആഘോഷങ്ങൾ ഒഴിച്ചു
കൂടാൻ പറ്റാത്തതാണ്. ഉറൂസുകൾ എന്ന പുണ്യാത്മാക്കളുടെ
പേരിൽ നടത്തപ്പെട്ടിരുന്ന നേർച്ചകൾ സ്ത്രീകൾക്കു കൂടി
പങ്കാളിത്തം ഉള്ളതായിരുന്നു. എല്ലാ
മതസ്ഥരുടെയും സാന്നിധ്യം ഇവയുടെ സവിശേഷതയായിരുന്നു.
2000 ത്തിനു ശേഷം ഇത്തരം ആഘോഷങ്ങൾക്ക് പൊതുവെ
പ്രാധാന്യം കുറഞ്ഞു വരുന്നതു കാണാം.
പ്രത്യേകിച്ചും ഇത്തരം ആഘോഷങ്ങളെയും ആചാരങ്ങളെയും
അനിസ്ലാമികം എന്ന് ആക്ഷേപിക്കുന്നതിനാണ്
മുജാഹിദ് പോലുള്ള സംഘടനകൾ കൂടുതൽ
മിനക്കെട്ടത്. അതിലെ ആനയെഴുന്നള്ളിപ്പ്, ചെണ്ട
മേളങ്ങൾ, മുത്തുക്കുടകൾ ഇവയെല്ലാം അനിസ്ലാമികമെന്നു വിധിയെഴുതപ്പെട്ടു.
രണ്ടു തലമുറ മുമ്പ് പല
മുസ്ലിം വീടുകളിലും കത്തിച്ചു വെച്ചിരുന്ന
നിലവിളക്ക് പെട്ടെന്നൊരു ദിവസം അനിസ്ലാമികമായി.
ബാബരി മസ്ജിദിന്റെ പതനം സൃഷ്ടിച്ച ഉൾവലിയൽ
മനോഭാവത്തിൽ പെട്ടു പോയ തൊണ്ണൂറു
ശതമാനത്തിലധികം വരുന്ന സുന്നി മുസ്ലിംങ്ങൾ
എണ്ണത്തിൽ വളരെ കുറവായ മുജാഹിദ്
ജമാഅത്ത് സംഘനകൾ ഉയർത്തിയ ആശയപ്രചരണക്കെണിയിൽ
പെട്ടുപോയി. കേരളീയമായ ആചാരരീതികളെ ഹൈന്ദവമെന്നു
സ്ഥാപിക്കുക എന്ന അവിവേകത്തിൽ അവർ
അവർ കുടുങ്ങി. സഹസ്രാബ്ദങ്ങൾ
പഴക്കമുള്ള ബാമിയൻ പ്രതിമകൾ തകർക്കാൻ
പറ്റുന്ന ഒരു മനോഭാവത്തിലേക്ക്
അഫ്ഘാനിസ്ഥാനിലെ താലിബാൻ സമൂഹത്തെ പരിവർത്തിപ്പിച്ചത് വർഷങ്ങൾ നീണ്ട മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെയാണ്.
ബിൻ ലാദനടക്കം അനേകം
വ്യക്തികളുടെയും സൗദിയിലെ അനേകം സംഘടനകളുടെയും
സാമ്പത്തിക പിന്തുണ
ഇതിനുണ്ടായിരുന്നു. ദൈവത്തിന്റെ പേരിൽ കലയെപ്പോലും ബഹിഷ്ക്കരിക്കണമെന്നു വാദിക്കുന്ന ഇവർക്ക് സാമാന്യമനുഷ്യജീവിതത്തെക്കുറിച്ച് എന്തു ധാരണയാണുള്ളത് ? എൺപതുകളിൽ
ഗൾഫ് കുടിയേറ്റം സമൂഹത്തിലുണ്ടാക്കിയ
അസാധാരണമായ വിരഹവേദനയെ(ഫോണും വാർത്താവിനിമയ
സൗകര്യങ്ങളും വളരെ പരിമിതമായ അക്കാലത്ത്)
മുസ്ലിം കുടുംബങ്ങൾ അതിജീവിച്ചത് കത്തു
പാട്ടുകളിലൂടെയാണ്. മലബാരിൽ ചിലയിടങ്ങളിൽ 'പാട്ടുള്ള
കൂട്ടർ' എന്നാണ് മുസ്ലിങ്ങൾ വിളിക്കപ്പെടുന്നത്. വലിയ
പെരുമ്പറ മുഴക്കി പാട്ടു പാടിക്കൊണ്ടെത്തിയ
ഒരു സംഘത്തെ
അനുയായികൾ തടഞ്ഞപ്പോൾ നബി അവരെ വിലക്കിയതായും അവരുടെ
ആഘോഷത്തിനനുമതി കൊടുത്തതായും ചരിത്രം
പറയുന്നു. പാട്ടു പാടിയെത്തിയ ആ
ആഫ്രിക്കൻ വംശജരുടെ സാംസ്ക്കാരികത്തനിമകളെ
അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞു എന്നു ഈ
സംഭവം സൂചിപ്പിക്കുന്നു. ബിലാലിനെ ബാങ്കു വിളിക്കാൻ
ചുമതലപ്പെടുത്തിയതിനു പിന്നിൽ അതിന്റെ സംഗീതാത്മകതയോടുള്ള
താൽപര്യമുണ്ട്. ഭൗതിക ജീവിതത്തിന് ഏറ്റവും
കൂടുതൽ പ്രാധാന്യം കൽപ്പിച്ച മതമാണ്
ഇസ്ലാം എന്നും ഓർക്കേണ്ടതുണ്ട്.
എന്നാൽ സംഗീതത്തെ പിശാചിന്റേതായിക്കാണുന്ന ഈ മുജാഹിദുകളുടെ
നിലപാട് പരലോകത്തിനു വേണ്ടി സാധാരണ ജീവിതത്തിന്റെ
നിറങ്ങൾ മുഴുവൻ കെടുത്തിക്കളയുന്ന തരത്തിലുള്ളതാണ്.
മുസ്ലിം സംസ്ക്കാരത്തിന്റെ ഏറ്റവും
പ്രധാന സവിശേഷത സംഗീതവുമായുള്ള അതിന്റെ
അഗാധമായ ബന്ധമാണ്.നാടകം പോലുള്ള
കലകളോട് അകൽച്ച പുലർത്തുമ്പോഴും സംഗീതക്കൂട്ടായ്മകൾ
മുസ്ലിം പ്രദേശങ്ങളുടെ സവിശേഷത തന്നെയായിരുന്നു. കേരളീയഹിന്ദു
എന്നു നാം പ്രയോഗിക്കുമ്പോൾ
മറ്റു നാടുകളിലെ ഹിന്ദുവിൽ നിന്നും
അവനെ വേർതിരിക്കുന്ന അനേകം
പ്രാദേശിക സാംസ്ക്കാരിക ഘടകങ്ങളുണ്ട്.
ഇത് ഒരു മുസ്ലിമിനും
ബാധകമാണ്. ഈ ദേശ്യ,സംസ്ക്കാര ഘടകങ്ങളെ
രണ്ടാം കിടയായി കണ്ടാൽ അവയെ
കൈവെടിഞ്ഞാൽ ആ സമൂഹം
അന്തരാ ദരിദ്രരായിത്തീരും. നമ്മെ അപമാനത്തിലാക്കിയ മതതീവ്രവാദത്തിന്റെ
വേരുകൾ ഇത്തരം ഇടങ്ങളിലാണ് കണ്ടത്താൻ
കഴിയുക. ഇത് കേരളത്തിൽ
പലയിടത്തും നടന്നു കൊണ്ടിരിക്കുന്നു. ഗൾഫിൽ
ഒരു മലയാളി തന്റെ
വിശ്വാസം പിന്തുടരുന്ന അറബിയെക്കാൾ സംസ്ക്കാരം പങ്കിടുന്ന
കേരളീയനായ അമുസ്ലിമിനോട് ഐക്യപ്പെടുന്നത് വിശ്വാസത്തിന്റെ ശിഖരങ്ങളെക്കാൾ നാട്ടുകൂട്ടായ്മകളുടെ തണലിടങ്ങളാണ് പ്രിയങ്കരമെന്നതു കൊണ്ടു കൂടിയാണ്.
ഖുത്തുബ എന്ന വെള്ളിയാഴ്ച
പ്രാർഥന, നിക്കാഹ് ചൊല്ലൽ തുടങ്ങിയവ
മലയാളത്തിലാക്കുന്നതിനു പ്രാധാന്യം കൊടുക്കുക വഴി
മജാഹിദ് ജമാഅത്ത് പ്രസ്ഥാനങ്ങൾ മലയാളത്തനിമക്കു
വേണ്ടി വാദിക്കുന്നവരാണെന്ന ഒരു ധാരണ
സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു. ഇവരെ
പുരോഗമന വാദികളായാണ് പൊതു സമൂഹം കരുതി
വരുന്നത്. ആദ്യകാല മുജാഹിദു നേതാക്കളുടെ
പ്രവർത്തനങ്ങൾ സമുദായത്തിന്റെ ഭൗതികമായ, വിദ്യാഭ്യാസപരമായ പുരോഗതിക്കാണ്
പ്രാധാന്യം കൊടുത്തത്. പിന്നീടത് യാന്ത്രികമായ
ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള
തർക്കങ്ങൾ മാത്രമായി മാറി. ചിലപ്പോൾ
സംവാദം എന്ന ലേബലിൽ മറ്റു മതങ്ങൾക്കുമേൽ കൃത്രിമ
വാചാടോപം വഴി ആശയപരമായ
ആധിപത്യം നേടാനുള്ള ശ്രമങ്ങളായി. അധികാരവും
സമ്പത്തും പ്രധാനമായ മറ്റെല്ലാ സംഘടനകളെയും
പോലെ വാണിജ്യപരമായ കാരണങ്ങളാലാവണം
കഴിഞ്ഞ ദശകത്തിൽ മുജാഹിദ് പ്രസ്ഥാനവും
രണ്ടായി പിളർന്നു. 1400 കൊല്ലം മുമ്പത്തെ ജീവിതത്തെ,
പുനസൃഷ്ടിക്കാനായിരുന്നു സത്യത്തിൽ അവരുടെ ശ്രമം.
സുന്നികൾ സാമൂഹികവും സാംസ്കാരികവുമായ
കൊള്ള കൊടുക്കലുകളിലൂടെ നേടിയെടുത്ത ആഴത്തിലുള്ള വിനിമയബന്ധങ്ങൾ ഒരിക്കലും പ്രകടനപരമായിരുന്നില്ല.
സാംസ്കാരിക മുദ്രകളെ മുഴുവൻ
അറുത്തു മുറിച്ചു കളഞ്ഞ് ഒരു
ഇഫ്ത്താർ വിരുന്നിന്റെ പത്രവാർത്തയായോ ഫോട്ടോയായോ ആ ബന്ധങ്ങളെ
അവർ മാറ്റിയിരുന്നില്ല.
മക്തി തങ്ങളുടെ ഈ
വാക്കുകൾ ശ്രദ്ധിക്കുക: മതം കൊണ്ട്
പലതായി ഭേദിച്ചിരിക്കുന്നതെങ്കിലും ജനനഭൂമി കേരളമാകയാൽ,കേരളിയരത്രയും
വന്ദേമാതരത്തിൽ നിന്നുൽഭവിക്കുന്ന കേരളീയ പ്രയോഗത്തിൽ ഉൾപ്പെടുന്നു.
സർവ അവസ്ഥകളെക്കൊണ്ടും ജന്മഭൂമി
പ്രധാനവും ആ ഭൂമിയെ
പരിഷ്ക്കരിപ്പിക്കേണ്ടത് മനുഷ്യാവകാശവും ആകുന്നു. കേരളീയ മുസ്ലിം
ജനം കേരളാഭിമാനികളായിരിക്കേണ്ടതും ആ അഭിമാനം
ജനപരിഷ്ക്കാരാശ്രയത്തിലാകയാൽ ആദ്യം ജനാഭിമാനികളായി പരിഷ്ക്കാര പരിശ്രമം ചെയ്യേണ്ടതുമാകുന്നു.
അതിൽ പ്രധാനം ഗവണ്മെന്റുപകാര
പരിഷ്ക്കാരമാകയാൽ രാജഭാഷയും ക്രമമായി അഭ്യസിക്കുന്നതും
ഉദ്യോഗ വഴിക്ക് ഗവണ്മെന്റിനെ സഹായിക്കുന്നവരായി
ഭവിക്കുന്നതും മുസ്ലിമായ പ്രജകൾക്കുള്ള പ്രധാന
ചുമതലയാകുന്നു. ഈശ്രമം കൊണ്ട് മതാഭിമാനം,
ജനാഭിമാനം, ദേശാഭിമാനം എന്നീ മൂന്നു
വിധത്തിലുള്ള അഭിമാനങ്ങളും പൂരിക്കപ്പെടും നിശ്ചയം.(മക്തി തങ്ങളുടെ
സമ്പൂർണ്ണ കൃതികൾ -വചനം ബുക്സ് പുറം
510)കേരളത്തിലെ എല്ലാ മതസമുദായങ്ങളും ചേരുമ്പോഴുണ്ടാകുന്ന
കേരളാഭിമാനത്തെക്കുറിച്ചുള്ള മക്തി തങ്ങളുടെ ഈ
സങ്കൽപ്പം ആദ്യത്തെ ഐക്യകേരള സങ്കൽപ്പമാണെന്ന്
എം.ഗംഗാധരൻ നിരീക്ഷിക്കുന്നു.(മാപ്പിള പഠനങ്ങൾ-പുറം
41 ഡി സി ബുക്സ്.) ഇസ്ലാമിക ഭരണവ്യവസ്ഥയില്ലാത്ത
ഇടങ്ങളിൽ ഗവണ്മെന്റിൽ ഉദ്യോഗം വഹിക്കരുതെന്നു പറഞ്ഞ
മൗദൂദിയിൽ നിന്നും പ്രാദേശിക സംസ്ക്കാരങ്ങൾക്കു നേരെ ജിഹാദ് പ്രഖ്യാപിച്ച
അബ്ദുൽ വഹാബിൽ നിന്നും മക്തി
തങ്ങൾ എത്രമേൽ വേറിട്ടു നിൽക്കുന്നുവെന്ന്
അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കും. ആൺ
കുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാണ് വിദ്യ നേടേണ്ടതെന്നും അദ്ദേഹം
പറഞ്ഞു വെച്ചു. അറേബ്യയിലല്ല, മറിച്ച്
ഒരു ബഹുസ്വര സമൂഹത്തിലാണ്
താൻ ജീവിക്കുന്നതെന്ന നിരാഡംബരമായ
തിരിച്ചറിവാണ് മക്തി തങ്ങൾക്കും സമകാലികർക്കും
ഉണ്ടായിരുന്നത്. പട്ടന്മാരുടെ ഊണു കിട്ടിയതു
കൊണ്ട് ജീവൻ നില നിർത്തി
എന്നു രേഖപ്പെടുത്തിയ മക്തി തങ്ങളെ ഗൾഫ്
ഫണ്ടിങ്ങിന്റെ സമ്പന്നതയിൽ പുളച്ച് ഹൈ ടെക്
പ്രചരണങ്ങൾ നടത്തുന്ന ഇന്നത്തെ ജമാഅത്തെ,
മുജാഹിദ്,സംഘടനകൾക്കും ഇവയുടെ സ്വാധീനത്തിൽപ്പെട്ട സുന്നി
നേതൃത്വങ്ങൾക്കും തിരിച്ചറിയാൻ കഴിയില്ല.
കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ
പത്തു ശതമാനം പോലും വരില്ലെങ്കിലും
ആശയപരമായ ആധിപത്യം നേടാൻ ഈ
ഗ്രൂപ്പുകൾക്കു കഴിഞ്ഞതിനു കാരണം അന്വേഷിക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയ ഒരു വലിയ
വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാൻ ജമാഅത്തെ,
മുജാഹിദ് ഗ്രൂപ്പുകൾക്കു കഴിഞ്ഞു. ലോകത്തെല്ലായിടത്തും സൗദി
മാതൃകയിലുള്ള ശുദ്ധ ഇസ്ലാമികവൽക്കരണം എന്ന
പാൻ ഇസ്ലാമിക് അജണ്ട
നടപ്പിലാക്കുന്നതിനു വേണ്ടി വലിയ സമ്പത്ത്
പല നാടുകളിലേക്കും ഒഴുകിയിട്ടുണ്ട്.
സുന്നികളുടെ സാമ്പത്തിക സ്രോതസ്സ് വിദേശങ്ങളിലെ
സമ്പന്ന വ്യക്തികളാണ്. അത്തരം വ്യക്തികളെ കണ്ടെത്തി
പണം സ്വരൂപിക്കുക എന്നത്
ഒരു കലയായി രൂപപ്പെടുത്തിയ
ചില സുന്നി ഗ്രൂപ്പുകളുണ്ട്.
എന്നാൽ ശുദ്ധ ഇസ്ലാമികവൽക്കരണം എന്ന
പാൻ ഇസ്ലാമിക് അജണ്ട
നടപ്പിലാക്കാനുള്ള ട്രോജൻ കുതിരകളായിരുന്നു മുജാഹിദ്,
ജമാഅത്തെ സംഘടനകൾ. അവരുടെ ശക്തമായ
പ്രചരണക്കൊടുങ്കാറ്റിൽ സുന്നികൾ പ്രതിരോധത്തിലായി. മലപ്പുറം
ജില്ലയിൽ തന്നെ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾക്കു സഹായകമാകുമായിരുന്ന
നേർച്ചകളും ആഘോഷങ്ങളുമെല്ലാം ഉപേക്ഷിക്കപ്പെടുകയുണ്ടായി.
പകരം അവർ പെന്തക്കോസ്ത്
രീതിയിലുള്ള കൂട്ട പ്രാർഥനകളിലേക്കു നീങ്ങി.
എണ്ണത്തിൽ എത്ര കുറവായിട്ടും സുന്നികൾക്കുമേൽ
അവർ ആശയപരമായ ആധിപത്യം
നേടിയെടുത്തു.അവർ നിശ്ചയിച്ച
അജണ്ടക്കനുസരിച്ചാണ് മുസ്ലിം സമൂഹം മുന്നോട്ടു
നീങ്ങിയത് എന്നർഥം.
മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട്
ആധുനിക കാലത്ത് ഏറെ ചർച്ച
ചെയ്യപ്പെട്ടത് പർദയുടെ വ്യാപനമാണ്. തീർച്ചയായും
ബാബരി മസ്ജിദിന്റെ തകർച്ചയും ഗുജറാത്ത് കലാപവും അതിനു
പ്രേരകമായി ഭവിച്ചിട്ടുണ്ട്. അതിനെക്കാൾ ജമാഅത്തെ,മുജാഹിദ്
തുടങ്ങിയ പ്രസ്ഥാനങ്ങൾ ഈ സന്ദർഭം
സമർത്ഥമായി പ്രയോജനപ്പെടുത്തുകയായിരുന്നു. എൺപതുകളിൽ കോഴിക്കോട് ഒരു
പർദ ഷോപ്പ് തുടങ്ങി
കച്ചവടമില്ലാതെ പൂട്ടിപ്പോവുകയുണ്ടായി എന്നതും ഓർക്കേണ്ടതുണ്ട്. സാരി
നല്ല ഭംഗിയും അന്തസ്സുമുള്ള
വേഷമാണെന്ന് ഒരു പൊതു
ധാരണ രൂപപ്പെട്ടിട്ടുണ്ട്. ഒരു
പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സൗകര്യത്തെക്കാൾ
പുരുഷന്റെ സൗന്ദര്യക്കാഴ്ച്ചക്കാണ് പ്രാധാന്യം. എന്നാൽ മുസ്ലിം സമൂഹം
സാരിയെ സ്വീകരിച്ചതിന് ഒരു ചരിത്രമുണ്ട്.
മുസ്ലിങ്ങളുടേതു മാത്രമായ കാച്ചിയിൽ നിന്നു
മാറി കേരളീയസമൂഹത്തിന്റെ പൊതു
സംസ്ക്കാരത്തോട്,ആധുനികതയോട്
ചേർന്നു നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ഈ മാറ്റത്തിനു
മുൻ കൈ എടുത്തത്
അന്നത്തെ മുജാഹിദ് നേതൃത്വമായിരുന്നു. ആ
വസ്ത്രത്തിന്റെ വരവ് പല
മുസ്ലിം കുടുംബങ്ങളിലും വലിയ കോലാഹലങ്ങൾക്കു കാരണമായിട്ടുണ്ട്. എൻ
പി മുഹമ്മദിന്റെ ബാപ്പ
എൻ പി അബുവാണ്
മലബാറിൽ സഹോദരിയെക്കൊണ്ട് ആദ്യമായി ദാവണി ഉടുപ്പിച്ചതെന്നും
എൻ പി മുഹമ്മദാണ്
ഭാര്യയെക്കൊണ്ട് സാരി ഉടുപ്പിച്ചതെന്നും പറഞ്ഞ്
കേട്ടിട്ടുണ്ട്. കേരളീയമായ ആധുനികതയോട് ചേർന്നു
നിൽക്കാനും അതിലൂടെ സാമുദായികമായ ഒരു
സമീകരണം കൂടി സാധ്യമാക്കാനുമാണ് പഴയ
നേതാക്കന്മാർ ശ്രമിച്ചത്. വംശീയമായി വേർതിരിക്കുക എന്ന
അശഌലമൊഴിവാക്കിയാൽ സാരിയെക്കാൾ സൗകര്യ പ്രദമായ വസ്ത്രമാണ്
പർദ്ദ. ആ വേർതിരിവ്
കൃത്യമായ ഈ ലക്ഷ്യം
വെച്ചുള്ളതായിരുന്നു.അല്ലെങ്കിൽ ചുരിദാർ പോലെ
സൗന്ദര്യവും സൗകര്യവുമുള്ള വേഷം പ്രോൽസാഹിപ്പിക്കപ്പെട്ടേനെ. തങ്ങളടെ മതാത്മകതയുടെ
പ്രകടനമായി വിശ്വാസ ദാർഢ്യത്തിന്റെ കൊടിയടയാളമായി
പർദ്ദ മാറി. രാഷ്ട്രങ്ങളുടെ ഭാഗധേയം
നിശ്ചയിക്കുന്നതിൽ പോലും വസ്ത്രം പ്രധാന
പങ്കു വഹിച്ചു. തുർക്കിയിൽ ശിരോവസ്ത്രം
ധരിക്കാനുള്ള സമരങ്ങളിലൂടെയാണ് 2000നു ശേഷം
ഇസ്ലാമിക കക്ഷിയായ ജസ്റ്റിസ് പാർട്ടി
അധികാരത്തിൽ വരുന്നത് എന്നോർക്കുക. ആധുനികവൽക്കരണത്തിന്റെ
ഭാഗമായി കമാൽപാഷ നടപ്പാക്കിയ ശിരോവസ്ത്ര
നിരോധനം എന്ന സെക്കുലർ മൗലികവാദസമീപനത്തിനു
കൊടുക്കേണ്ടി വന്ന വലിയ വിലയായിരുന്നു
ഇത്. (ഈ സംഭവങ്ങൾ
പ്രശ്നവൽക്കരിക്കുന്ന നോവലാണ് നോബൽ സമ്മാന
ജേതാവായ ഓർഹൻ പാമുക്കിന്റെ മഞ്ഞ്.) കേരളീയ
മനസ്സുകളുടെ സാഹോദര്യം എന്ന വിശാല
കാഴ്ചപ്പാടിനു പകരം ലോകമുസ്ലിം സാഹോദര്യം
എന്ന പാൻ ഇസ്ലാമിക്
ആശയം വ്യാപിപ്പിക്കാൻ തൊണ്ണൂറുകൾക്കു
ശേഷം രണ്ടാം തലമുറ
മുജാഹിദുകളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു
പർദ്ദയുടെ വ്യാപനം.
മുമ്പ് നാലോ അഞ്ചോ
വരെ മദ്രസയിൽ പോയി അടിസ്ഥാനപരമായ
മതകാര്യങ്ങൾ പഠിച്ച് പിന്നീട് കുറച്ചകലെയുള്ള
പൊതു വിദ്യാലയത്തിൽ ഭൗതിക
പഠനത്തിലേക്കു നീങ്ങുക എന്നതായിരുന്നു മുസ്ലിങ്ങളുടെ
സാമാന്യ രീതി. തൊണ്ണൂറുകൾക്കു ശേഷം
കർക്കശമായ മദ്രസ പഠനത്തിനു വലിയ
പ്രാധാന്യമാണ് മുസ്ലിം സമൂഹം നൽകുന്നത്.
തൊണ്ണൂറുകളുടെ മധ്യത്തോടെ ജാതി മത
സംഘടനകളുടെ നേതൃത്വത്തിൽ അനേകം അൺ എയിഡഡ് സ്കൂളുകൾ ആരംഭിക്കുന്നുണ്ട്. സമ്പന്ന
മുസ്ലിങ്ങൾ അവിടുത്തെ പഠനം ഒരഭിമാനമായാണ്
കണ്ടത്. ആശാസ്യമായ ബഹുസ്വരതയുടെ രാജപാതയിൽ
നിന്ന് ജാതി
മതങ്ങളുടെസങ്കുചിതമായ ഊടുവഴികളിലേക്കുള്ള മാറ്റം മുസ്ലിം സമുദായത്തിൽ
മാത്രം സംഭവിക്കുന്നതല്ല. പൊതു വിദ്യാലയ പഠനം
സൃഷ്ടിക്കുന്ന മാനവികതയും അന്യമതങ്ങളോടുള്ള സഹിഷ്ണുതയും
സമുദായ വിദ്യാലയങ്ങൾക്ക് അന്യമായിരിക്കും. ആ പൊതു
വിദ്യാലയങ്ങൾ സൃഷ്ടിച്ചതാണ് നാമിന്നു ജീവിക്കുന്ന കേരളത്തിന്റെ
മനസ്സ്. ജാതിമത വിദ്യാലയങ്ങളിൽ നിന്ന്
പുറത്തു വരുന്ന വ്യക്തികൾ രൂപപ്പെടത്തുന്ന
ഭാവി കേരളത്തിന്റെ പൊതുബോധം
എങ്ങിനെയുള്ളതായിരിക്കുമെന്ന്
നാം ഉൽക്കണ്ഠപ്പെടേണ്ടതാണ്. തൊണ്ണൂറുകളുടെ
മധ്യം വരെ വളരെ
അയവുള്ള ഒരു വിശ്വാസ
രീതികളാണ് മുസ്ലിം സമൂഹം പ്രത്യേകിച്ചും
സുന്നികൾ പുലർത്തി വന്നിരുന്നത് എന്ന്
സുക്ഷ്മ നിരീക്ഷകർക്കു മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും വെള്ളിയാഴ്ചയിലെ പ്രാർഥനയിലൊതുങ്ങും
പലരുടെയും മതചര്യ. ദൈവ ഭയമില്ലാഞ്ഞിട്ടല്ല.
അനുഷ്ഠാനങ്ങളെക്കാൾ മനസ്സിന്റെ നന്മ ദൈവത്തോടടുപ്പിക്കും
എന്ന ഒരു ബഷീറിയൻ
ബോധമാകാം അവരെ നയിച്ചിരുന്നത്.
ഇന്നുള്ളത്ര കാർക്കശ്യം ദൈവത്തിനുണ്ടയിരുന്നില്ലെന്നും തോന്നുന്നു. ഖദീജ
മുംതാസ് പറയുന്നതു പോലെ തലയിൽ
നിന്നു തട്ടം ഊർന്നു വീഴുന്നുണ്ടോ
എന്നു സദാ നിരീക്ഷിച്ചു
കൊണ്ടിരിക്കുന്ന ദൈവമായിരുന്നില്ല പണ്ടുള്ളത്. ഏതായാലും ഇന്ന് ദൈവം
കൂടുതൽ കർക്കശക്കാരനായിട്ടുണ്ട്.
മനുഷ്യനെ ഒന്നായിക്കാണുന്ന സമഷ്ടി
ബോധത്തിനു പകരം ലോകത്തിലെ മുസൽമാന്റെ വേദനയോടു മാത്രം
ഐക്യപ്പെടുന്ന സാഹോദര്യം
സങ്കുചിതവും അപകടകരവുമാണ്. ഗുജറാത്തിലെ മുസ്ലിങ്ങളുടെ വേദനയിൽ കേരളത്തിലെ മുഴുവൻ
മനുഷ്യരും ഐക്യപ്പെടേണ്ടതുണ്ട്. തീർച്ചയായും അവർ ഇരകളാണ്.
പാക്കിസ്ഥാനിലും ബംഗഌദേശിലും ആരാണിരകൾ ? ബാബരി മസ്ജിദിന്റെ
തകർച്ചയിൽ ബംഗഌദേശിലെ ന്യൂനപക്ഷ ഹിന്ദു
സമൂഹം അനുഭവിച്ച പീഡനങ്ങളോട് ഐക്യപ്പെട്ട്
ലജ്ജ എന്ന നോവൽ
എഴുതിയതിന്റെ പേരിൽ തസ്ലീമ നസ്രീൻ
സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു.
ഇന്ത്യയിൽ അക്രമിക്കപ്പെട്ടു. സമ്പത്തും വിദ്യാഭ്യാസവും അധികാരവും
ഉണ്ടായിട്ടും ഇവിടുത്തെ മുസ്ലിം സമൂഹത്തെ
ഇരബോധത്തിൽ തളച്ചിട്ടതിൽ മാധ്യമവും മുസ്ലിം നേതൃത്വവും
എന്തിന് ഇടതുപക്ഷ സൈദ്ധാന്തികന്മാർ പോലും
മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ സെക്കുലർ മനസ്സ് രൂപപ്പെടുത്തിയതിൽ
ഇടതുപക്ഷത്തിന്റെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്.
കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ സി
പി എം മുസ്ലിം
സൂഹത്തെ എങ്ങിനെ അഭിസംബോധന ചെയ്തു
എന്നും അനേഷിക്കേണ്ടതുണ്ട്. 86 ൽ ശരീഅത്ത്
വിവാദം ഉയർത്തി വിട്ട കൊടുങ്കാറ്റ്
പലരും ഓർക്കുന്നുണ്ടാകും. കാലദേശാവസ്ഥക്കനുസരിച്ച് മതാചാരങ്ങൾ പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ടെന്ന
പുരോഗമനപരമായ കാഴ്ചപ്പാടിനെ വോട്ടു രാഷ്ടീയത്തിനപ്പുറം ആശയപരമായാണ്
സി പി എം
അന്നു സമീപിച്ചത്. ബാബരി മസ്ജിദിന്റെ തകർച്ചക്കു
ശേഷം കോൺഗ്രസിനെതിരെയും ലീഗിനെതിരെയുമുള്ള
മഅദനിയുടെ ആക്രമണത്തിന്റെ ഗുണഭോക്താക്കൾ സത്യത്തിൽ സി പി
എം ആയിരുന്നു. പള്ളിയുടെ
തകർച്ചക്കു പിന്നാലെ നടന്ന ഒറ്റപ്പാലം
ഉപതിരഞ്ഞടുപ്പിൽ ഒരു ലക്ഷത്തി
മുപ്പത്തി രണ്ടായിരത്തിൽപ്പരം വോട്ടിനാണ് സി
പി എം സ്ഥാനാർത്ഥി
ജയിച്ചു കയറിയത്. അഖിലേന്ത്യാ
ലീഗിലൂടെ നഷ്ടപ്പെട്ടു പോയ മുസ്ലിം
പിന്തുണ പള്ളിയുടെ തകർച്ചക്കു കാരണക്കാരായ
കോൺഗ്രസിനോടുള്ള ശത്രുതയുടെ പേരിൽ ഇടതുപക്ഷത്തിനു
തിരിച്ചു കിട്ടുന്നുണ്ട്. ഈ അടുപ്പം
ആശയപരമെന്നതിനെക്കാൾ തീർത്തും വൈകാരികം മാത്രമായിരുന്നു.
ശരീഅത്ത് വിവാദത്തെപ്പോലെ ആശയപരമായ സംവാദങ്ങളുടെ തലത്തെ
ഉപേക്ഷിച്ച് ഒരു
സമുദായത്തിനേറ്റ മുറിവിനെ വൈകാരികമായി
ഉണർത്തിയാണ് അവർ നേട്ടം
കൊയ്തത്. സദ്ദാം ഹുസ്സൈനെ ഒരു
മുസ്ലിം ചെഗുവേര എന്ന രീതിയിൽ
അവതരിപ്പിക്കുകയായിരുന്നു അവർ.
2000 ത്തിനു ശേഷം പതിയെ
നഷ്ടപ്പെടുന്ന മുസ്ലിംപിന്തുണ നേടിയെടുക്കാൻ ലീഗിന്റെ അതേ മാതൃക
തന്നെയാണ് സി പി
എമ്മും പിന്തുടർന്നത്. അടിത്തട്ടിലെ മനുഷ്യരിലൂടെയല്ല മുകളിലെ പണച്ചാക്കുകളിലൂടെ സമുദായത്തിന്റെ പിന്തുണ
നേടാം എന്ന കാഴ്ചപ്പാടാണവർ സ്വീകരിച്ചത്. മഞ്ഞളാം
കുഴി അലിയിലൂടെ അല്ലെങ്കിൽ
മറ്റു പാർട്ടികളിൽ നിന്നും പിണങ്ങി വരുന്നവരിലൂടെ-
കെ പി എ
റഹിം, കെ ടി
ജലീൽ-പിന്തുണ വ്യാപിപ്പിക്കാമെന്നാണവർ
കരുതിയത്. ഇന്ന് മഅദനിയുടെ നിലപാട്
എന്തു തന്നെയായാലും മുസ്ലിം വർഗീയത പടർത്തിയതിൽ
മുഖ്യ പങ്കു വഹിച്ച അദ്ദേഹവുമായി
ചങ്ങാത്തത്തിലേർപ്പെടുന്നതിന്
സിപിഎമ്മിലെ ഒരു വിഭാഗം
നേതൃത്വത്തിന് ഒരു ധാർമ്മികതയും
തടസ്സമായില്ല. പ്രത്യയശാസ്ത്രപരമായ എല്ലാവാദങ്ങളെയും ഉപേക്ഷിച്ച് വോട്ടു ബാങ്കു രാഷ്ടീയത്തിലേക്കു
പതിക്കുകയാണ് സി പി
എം ചെയ്തത്. സത്യത്തിൽ
ഇടതുപക്ഷത്തോടു ചേർന്നു നിൽക്കുന്ന, സെക്കുലർ
ആയി ചിന്തിക്കുന്ന മുസ്ലിം
ജനസാമാന്യത്തെ മുഴുവൻ അപമാനത്തിലാഴ്ത്തുന്നതായിരുന്നു ഇത്തരം സമീപനങ്ങൾ. ഇലക്ഷൻ
ജയിച്ചപ്പോൾ ജനങ്ങൾക്കരികിലേക്കു പോകാതെ നേരെ കാന്തപുരത്തിന്റെ
സന്നിധിയിലേക്കു പോകുന്ന ഒരു ടി
കെ ഹംസ താഴെത്തട്ടിലെ
ഒരു സാധാരണ സി
പി എം കാരന്റെ
രാഷ്ടീയബോധത്തെയാണ് അപഹസിക്കുന്നത്.
മൈനാഗപ്പള്ളി കടപ്പ ലക്ഷ്മീവിലാസം സ്കൂളിൽ നടന്ന ഒരു
സംഭവം സൂചിപ്പിക്കട്ടെ. നമ്മുടേതു പോലുള്ള ഒരു
ബഹുസ്വര സമൂഹത്തിൽ ഒരിക്കലും സംഭവിച്ചു
കൂടാത്തതായിരുന്നു അത്. സ്കൂളിന്റെ
എംബഌത്തിൽ നിലവിളക്കും വീണയും പുസ്തകവും ഉള്ളതിന്റെ
പേരിൽ ഒരു നല്ല
വിഭാഗം വരുന്ന മുസ്ലിം കുട്ടികൾ
(1400 ഇൽ 500 ഓളം) ആ യൂണി
ഫോം അണിയാൻ വിസമ്മതിച്ചു.
അടുത്ത വർഷം യൂണി ഫോമിൽ
മാറ്റം വരുത്താമെന്ന മാനേജ്മെന്റിന്റെ നിർദേശം
അവർ തിരസ്ക്കരിച്ചു
എന്നാണ് പത്ര വാർത്തകൾ സൂചിപ്പിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് എല്ലാ മതസ്ഥരും
ചേർന്ന് ആ
എംബ്ളം രൂപപ്പെടുത്തുമ്പോൾ
വിളക്കും വീണയും അനിസ്ലാമികമായി അന്നത്തെ
മുസ്ലിങ്ങൾക്കു തോന്നിയില്ല. മദ്രസ്സയിൽ സ്കൂൾ
യൂണിഫോം അണിഞ്ഞു വരുന്നതിനെ അവിടുത്തെ
മൗലവി നേരത്തേ വിലക്കിയിരുന്നത്രെ. സത്യത്തിൽ
ഹിന്ദു വർഗീയ ശക്തികൾ ഇച്ഛിക്കുന്ന
ഒരു അപരത്വത്തിലേക്ക് മുസ്ലിങ്ങൾ
സ്വയം പതിക്കുന്നതിന് ഇതിലും നല്ല ഉദാഹരണം
വേറെ അന്വേഷിക്കേണ്ടതില്ല. ഇവിടെ
ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്.
തൊണ്ണൂറുകൾക്കു ശേഷം ഗൾഫ് കുടിയേറ്റം
മുസ്ലിം ജീവിതത്തെ പൊതുവെ സമ്പന്നമാക്കിത്തീർക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിന് മറ്റു സമുദായങ്ങളെപ്പോലെ സവിശേഷമായ
പരിഗണന അപ്പോഴും നൽകുന്നില്ല. എന്നാൽ
മതപരമായ വിദ്യാഭ്യാസം തഴച്ചു വളരുന്നതും ഈയൊരു
കാലത്തിന്റെ പ്രത്യേകതയാണ്. സാമ്പത്തികമായി വളരെ പിന്നേക്കം നിൽക്കുന്ന
കുടുംബങ്ങളിൽ നിന്നുള്ളവരാണ് പൊതുവെ മതപഠന കേന്ദ്രങ്ങളിലെത്തിച്ചേരുന്നത്.
പിതാക്കൻമാരാൽ ഉപേക്ഷിക്കപ്പെടുന്ന അനേകം കുട്ടികളുടെയും അഭയകേന്ദ്രം
ഇത്തരം ഇടങ്ങൾ തന്നെ. പൊതു
സമൂഹവുമായി ഇടപഴകാതെ ജീവിക്കേണ്ടി വരുന്ന
ഇത്തരം വ്യക്തികൾക്ക് പല ജാതിമത
സമൂഹങ്ങൾ ഒന്നിച്ചു ജീവിക്കുന്ന സാമൂഹികമണ്ഡലത്തെ
സഹിഷ്ണുതയോടെ നോക്കിക്കാണാൻ കഴിയണമെന്നില്ല. ഇത്തരം ആളുകളിൽ ചിലർ ഒരു
മഹല്ലിന്റെ നേതൃത്വത്തിലേക്കു വരുമ്പോൾ ഒരു നാടിന്റെ
സാംസ്കാരിക സംതുലനം തന്നെ
അപകടത്തിലാക്കിയേക്കാം. അരീക്കോട് ഒരു സ്കൂളിൽ അധ്യാപിക കോട്ടു
ധരിക്കണമെന്ന മാനേജ് മെന്റിന്റെ തീരുമാനവും
കൂട്ടി വായിക്കേണ്ടതാണ്. ചുറ്റുപാടുകളുമായി ഒരു ബന്ധവുമില്ലാത്ത,
ജീവിതത്തിൽ സംസ്ക്കാരത്തിന്റെ ഒരു
തലമുണ്ടെന്നറിയാത്ത ഒരു ബഹുസ്വര
സമൂഹത്തിലാണ് തങ്ങൾ ജീവിക്കുന്നതെന്നറിയാത്ത ഈ തീരെ
ചെറിയ മനുഷ്യർ ഒരു സമൂഹത്തെ
എത്ര പിന്നിലേക്കാണു കൊണ്ടു
പോകുന്നതെന്ന് അവർക്കറിയില്ല.
മലബാറിൽ ചില സ്കൂളിലേക്കു മുസ്ലിം കുട്ടികളെ
തലയിൽ തൊപ്പിയണിയിച്ചയച്ചു കൊണ്ടാണ് ചില മൗലവിമാർ
സ്കൂളന്തരീക്ഷത്തെ
കലുഷമാക്കിയത്. തൊപ്പിയണിയുന്നത് അവകാശമല്ലേ എന്ന ചോദ്യമുയരാം.
തീർച്ചയായും അതു തെറ്റല്ല.
എന്നാൽ ഇത്തരം ആവശ്യങ്ങൾ കുട്ടികളുടെ
സ്വാഭാവികമായ ആവശ്യമായി ഉയർന്നു വരുന്നതാകണമെന്നില്ല.
നാം നേരത്തേ കണ്ടതു
പോലെ വിളക്കും വീണയും
പുസ്തകവും അനിസ്ലാമികമാണെന്ന് അവിടെ എത്രയോ കാലമായി
താമസിക്കുന്നവർക്ക് തോന്നിയില്ല. കേരളീയ സംസ്കാരത്തെക്കുറിച്ചു
ബോധ്യമില്ലാത്ത ഒരു വ്യക്തിയുടെ
നിർദേശത്തിന് കാലങ്ങളിലൂടെ രൂപപ്പെട്ട സംസ്കാരസമന്വയത്തെ
ഒറ്റയടിക്കു തകർക്കാൻ കഴിഞ്ഞു. ഇതു
വളരെ പരിതാപകരമായ അവസ്ഥയാണ്.
2000 ത്തിൽ മലപ്പുറം ജില്ലയിലുണ്ടായ ഒരു
സംഭവം കുറിക്കട്ടെ. സ്കൂളിൽ
കുറച്ചു കുട്ടികൾ തൊപ്പിയണിഞ്ഞു വരാൻ
തുടങ്ങിയതാണ് പ്രശ്ന കാരണം.
കുട്ടികളുടെ സ്വന്തം താൽപര്യമായിരുന്നില്ല അത്.
നാട്ടിലെ ചില തീവ്ര
മതവാദികളുടെ പ്രേരണയായിരുന്നു പിന്നിൽ. പള്ളിക്കമ്മറ്റിയുടേതായിരുന്നു സ്കൂൾ.
യൂണിഫോമിന്റെ ഭാഗമല്ലാത്ത തൊപ്പി പാടില്ലെന്നായിരുന്നു പള്ളിക്കമ്മറ്റിയുടെ
ഭൂരിപക്ഷ തീരുമാനം. എന്നാൽ അഞ്ചെട്ടു
കുട്ടികളുടെ പേരിൽ നേരത്തേ പറഞ്ഞ
തീവ്രവിഭാഗം കോടതിയെ സമീപിക്കുന്നു. യൂണിഫോം
തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റ്
കമ്മറ്റിയുടേതാണെന്നും തൊപ്പി ധരിക്കൽ അവകാശമായി
കാണാനാവില്ലെന്നുമായിരുന്നു കോടതിയുടെ സുചിന്തിതാഭിപ്രായം. നോക്കുക,തീവ്രനിലപാടിനെതിരെ ഒരു പള്ളിക്കമ്മറ്റി
അണിനിരന്നത് മാധ്യമങ്ങൾക്കു വാർത്തയായില്ല. കഴിഞ്ഞ വർഷം ഒരു
മുസ്ലിംഅൺ എയ്ഡഡ് സ്കൂളിൽ
നിന്ന് യൂണിഫോമിന്റെ ഭാഗമായി തൊപ്പി അണിഞ്ഞു
വന്ന കൊച്ചുകുട്ടിയോട് എന്തിനാണു
തൊപ്പി ധരിച്ചതെന്നു വെറുതെ ചോദിച്ചപ്പോൾ എങ്കിലല്ലേ മുസ്ലിമാണെന്നു
തിരിച്ചറിയാൻ കഴിയൂ എന്നായിരുന്നു മറുപടി.
വൈയക്തികമായ വിശ്വാസ സങ്കൽപ്പങ്ങൾക്കു പകരം
മതാത്മകമായ പ്രകടനപരതയും,
അസഹിഷ്ണുതയും കെട്ടിയേൽപ്പിക്കുന്നത്് ചില
ചെറു ഗ്രൂപ്പുകളാണ്. കൈവെട്ടു
കേസിലും സദാചാര പോലീസിങ്ങിലും അടുത്തു
നടന്ന ചില കൊലപാതകങ്ങളിലും
ഇത്തരം ചില ഗ്രൂപ്പുകളാണുള്ളത്.
എന്നാൽ അവരുടെ പ്രവർത്തനം ഒരു
സമുദായത്തെത്തന്നെ പ്രതിസ്ഥാനത്തു നിർത്തുന്ന അവസ്ഥ പലപ്പോഴും
വന്നു ചേരാറുണ്ട്. പ്രജ്ഞ്യാസിംഗിനെയോ പ്രമോദ് മുത്തലിക്കിനെയോ ഹിന്ദു
സമൂഹത്തിന്റെ പ്രതിനിധികളായി ആരും കണാറില്ല. കേരളത്തിലെ
മുസ്ലിം സമൂഹം സെക്കുലർ പാരമ്പര്യം
മുറുകെപ്പിടിക്കുന്നവരാണ്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട വിനിമയ ബന്ധങ്ങളാണതിനടിസ്ഥാനം.
എന്നാൽ മുസ്ലിം സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ
ചെയ്തികൾക്കു ഒരു സമൂഹത്തെ
മുഴുവൻ ഉത്തരവാദികളായിക്കാണുന്ന ഒരു മനോഭാവം
ഇവിടെ രൂപപ്പെട്ടു വന്നിട്ടുണ്ട്. മാധ്യമങ്ങൾ പോലും അപകടകരമായ
പങ്ക് ഇതിൽ വഹിക്കുന്നുണ്ട്. 2009 ഇൽ
കർണാടകയിലും കേരളത്തിലുമൊക്കെ ഏറെ വിവാദമുണ്ടാക്കിയതും
കൃത്യമായ യാതൊരു തെളിവുമില്ലാത്തതുമായ ലൗ
ജിഹാദ് പ്രശ്നത്തിൽ മാധ്യമങ്ങൾ
വളരെ ഏക പക്ഷീയമായാണ്
ഇടപെട്ടത്. ഹിന്ദു വർഗീയ ശക്തികളുടെ
ഇച്ഛകൾക്കനുസരിച്ചായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ പോലും
നീങ്ങിയത്. പ്രണയ ബോംബിൽ തട്ടി
തങ്ങളുടെ മകളുടെ ജീവിതം തകരുമോ
എന്നുൽക്കണ്ഠപ്പെട്ടിരുന്ന ഏറെ അമ്മമാർ
കേരളത്തിലുണ്ടായിരുന്നു എന്നത് ഒരു അതിശയോക്തി
പ്രസ്താവനയല്ല. ഏറ്റവും വിവേകത്തോടെ തീരുമാനമെടുക്കേണ്ട
കോടതികൾ പോലും മാധ്യമട്രാപ്പുകളിൽ പെട്ടുപോയതും
നാം കണ്ടതാണല്ലോ. (നാം
നേരത്തേ സൂചിപ്പിച്ച കോട്ടു വിവാദം നോക്കുക.
സത്യത്തിൽ കോട്ടു പച്ചയായിരുന്നില്ല. അതിനോട്
ചെറിയൊരടുപ്പമേ ഉണ്ടായിരുന്നുള്ളു. പച്ചയായിരുന്നില്ല അവിടുത്തെ പ്രശ്നം.വ്യക്തിയുടെ വസ്ത്രസ്വാതന്ത്ര്യം എന്ന കാര്യം തമസ്ക്കരിച്ച് പച്ചനിറത്തിന്റെ പ്രശ്നമാക്കി മുസ്ലിം വിരുദ്ധത
സൃഷ്ടിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്) തൊപ്പിയുടെ
കാര്യത്തിൽ ഒരു മഹല്ലു
മുഴുവൻ തീവ്ര ചിന്താഗതിക്കാർക്കെതിരെ നിന്നതിന്
വലിയ മാധ്യമ പ്രാധന്യം
കിട്ടിയില്ല. തൊപ്പി യൂണിഫോമിന്റെ ഭാഗമാകുന്നത്
വാർത്തയാകും. തീർച്ചയായും മറ്റു സമുദായങ്ങളെ അതു
സ്കൂളിൽനിന്നകറ്റും.എന്നാൽ
ഗണപതിസ്തുതിയും ഭോജനമന്ത്രവും സൂര്യനമസ്ക്കാരവും ഭജനയും
സ്കൂളിന്റെ ഭാഗമാകുന്നത്
ഒരിക്കലും മാധ്യമങ്ങളിൽ വാർത്തയാകാറില്ല.
തൊണ്ണൂറുകളിൽ മഅദനിയുടെ പടയോട്ടമാണ് കേരളീയമനസ്സിൽ
വർഗീയമായ ചേരിതിരിവിനു തുടക്കം കുറിച്ചത്. (താൻ
തുറന്നു വിട്ട ഭൂതം കേരളത്തിൽ
പലയിടത്തും പടർത്തിയ അസ്വസ്ഥതയോർത്ത് കാരാഗൃഹത്തിന്റെ
ഏകാന്തതയിൽ മഅദനി ഇന്നു ദുഖിക്കുന്നുണ്ടാവണം.) മനുഷ്യനെ
പൗരോഹിത്യത്തിൽ നിന്ന് മോചിപ്പിച്ച് പൗരത്വത്തിലേക്കെത്തിക്കാനാണ്
ശ്രീനാരായണ ഗുരു ശ്രമിച്ചത് എന്ന്
ഡോ. കെ ഭാസ്ക്കരൻ നായർ നിരീക്ഷിച്ചിട്ടുണ്ട്.
അതിന്റെ ശക്തമായ അനുരണനം മറ്റു
സമുദായങ്ങളിലും ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി സമൂഹത്തിലെ
അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ബഹുജന സമരങ്ങളിലൂടെ രൂപപ്പെട്ട
ആധുനിക കേരളീയ മനസ്സിൽ ഒരു
ഹിന്ദു മുസ്ലിം ധ്രുവീകരണം ഉണ്ടാക്കാൻ
ശശികലമാർ ശ്രമിച്ചു
കൊണ്ടിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് പോലുള്ള
തീവ്രവാദസംഘടനകളും ഇന്ന് അതേ രീതിയിൽ
സംസാരിച്ചും പ്രവർത്തിച്ചും കൊണ്ടിരിക്കുന്ന ലീഗും ചേർന്ന് ഹിന്ദു
വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾ എളുപ്പമാക്കുകയാണ്.
നാം നേരത്തെ സൂചിപ്പിച്ചതു
പോലെ അധികാരത്തിലെത്താൻ ചിലപ്പോഴെല്ലാം
വർഗീയതയെ ആയുധമാക്കാറുണ്ടന്നല്ലാതെ കച്ചവടത്തിനപ്പുറം പ്രത്യേകിച്ച് മതതാൽപര്യമൊന്നും ഉള്ള പാർട്ടിയല്ല ലീഗ്.
കേരളകോണ്ഗ്രസിലുളളത്ര പോലും പൗരോഹിത്യത്തിന്റെ സ്വാധീനവും
അവിടെയില്ല. എന്നാൽ ലീഗിന്റെ സമീപകാല
ഇടപെടലുകൾ ഭയം ജനിപ്പിക്കുന്നതാണ്.
ഇന്നത്തെ തീവ്ര
മതഗ്രൂപ്പുകൾ മുസ്ലിം സമൂഹത്തിൽ ശക്തമായ
സ്വാധീനം വർദ്ധിപ്പിക്കുന്നു എന്ന ഭയം ലീഗ്
നേരിടുന്നുണ്ട്. അതുകൊണ്ട് മുസ്ലിങ്ങളെ തങ്ങളോടൊപ്പം
നിർത്താൻ അതേ വർഗീയകാർഡു
തന്നെ അവർ പ്രയോഗിക്കുന്നു.
ലീഗിന്റെ അഭിമാനം മുസ്ലിം അഭിമാനമായി
മാറ്റാനാണ് അവർ ശ്രമിക്കുന്നത്.
തങ്ങളുടെ സമീപനങ്ങൾ കേരളീയ പൊതു
മനസ്സിനെ മുസ്ലിം വിരുദ്ധമാക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്നവർക്കറിയായ്കയാലല്ല, മറിച്ച് പാർലമെന്ററി വ്യവസ്ഥയിൽ
സമൂഹത്തിന്റെ ആരോഗ്യത്തെക്കാൾ വോട്ടിനാണല്ലോ ഏതു പാർട്ടിയും
പ്രാധാന്യം കൽപ്പിക്കുന്നത്.
അടയാളങ്ങളെക്കുറിച്ചു പറഞ്ഞു കൊണ്ടാണല്ലോ തുടങ്ങിയത്.
മുപ്പതു നാൽപതു കൊല്ലം മുമ്പ്
ഈഴവ,തീയ്യ വിഭാഗത്തിൽപ്പെട്ടവരായിരുന്നു
പൊതുവെ ശബരി മലയിൽ പോയ്ക്കൊണ്ടിരുന്നത് എന്ന് പലരും ഓർക്കുന്നുണ്ടാവും.
കരുമാടിക്കുട്ടനും ചാത്തനുമായിരുന്ന(ശാസ്താവ്)അയ്യപ്പൻ ഒരുകാലത്ത്
പ്രധാനമായും അവർണ്ണ വിഭാഗത്തിന്റെ ആരാധനാ
മൂർത്തിയായിരുന്നു. ക്ഷേത്രം സമ്പന്നമായതോടുകൂടി അയ്യപ്പൻ
സമ്പന്നന്റെയും സവർണന്റെയും ദൈവം കൂടിയായി മാറി.ഈ ശബരിമല
സീസണിൽ കറുപ്പു തുണിയോടൊപ്പം പുതിയൊരു
നിറത്തിലുള്ള ഷാൾ കൂടി
പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയിൽ
നിന്നിറക്കുമതി ചെയ്ത ഒരു വി
എച്ച് പി നിറം.
ഭക്തിയും വ്രതവും കൊണ്ട് ശുദ്ധമായ
മനസ്സോെട ശരണം വിളിക്കുന്ന സ്വാമിമാരണിഞ്ഞിരിക്കുന്നത്
മസ്ജിദ് ധ്വംസകരും ഗുജറാത്തിലെ വംശോച്ചാടകരും
ധരിച്ചിരുന്ന ഷാൾ തന്നെയല്ലേ
എന്നു നാം ഒരുൾക്കിടിലത്തോടെ
തിരിച്ചറിയുന്നു. മറുപക്ഷത്ത് മലാല യൂസുഫ് സായിയെ
വെടിവെച്ച താലിബാൻ വേഷങ്ങൾ അങ്കലാപ്പേതുമില്ലാതെ
പൊതുവേദികൾ കൈയ്യടക്കുന്നു. പൂമ്പാറ്റകളെപ്പോലെ പാറി നടക്കേണ്ട കുട്ടികൾ
പർദയിലേക്കു ചുരുങ്ങി മദ്രസയിലേക്ക് വരിവരിയായി
നീങ്ങുന്നു. കുങ്കുമച്ചരടുകളിൽ കൊച്ചു കുട്ടികൾ പോലും
അടയാളപ്പെടുത്തപ്പെടുന്നു. ഇതെല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതല്ല.
അടയാളപ്പെടുത്തലുകൾ ഏറ്റവും ലളിതമായ ഫാസിസ്റ്റ്
തന്ത്രമാകുന്നു.
ഒരു ബഹുസ്വര
സമൂഹത്തിലെ വിഭിന്ന വിഭാഗങ്ങളെത്തമ്മിൽ അകറ്റാൻ
എളുപ്പമാണ്. താൽപര്യ വൈജാത്യങ്ങളെ സമീകരിച്ചെടുക്കുവാനുള്ള
ശ്രമം അത്രമേൽ എളുപ്പമല്ല താനും.
അതിന് ബോധപൂർവ്വവും സമയോചിതവുമായ ഇടപെടലുകൾ ആവശ്യമായി വരും.
കാരണം ബോധപരമായ നവീകരണവും വളർച്ചയും
വളരെ സാവധാനം സംഭവിക്കുന്നതാണ്.
വൈകാരികതക്കപ്പുറം നിൽക്കുന്ന യുക്തി ബോധവും
ഭാവിസമൂഹനിർമ്മിതിക്കാവശ്യമായ
ഉൾക്കാഴ്ച്ചയും നമുക്കുണ്ടാകണമെങ്കിൽ അടയാളങ്ങൾ സമൂഹത്തിൽ പ്രവർത്തിക്കുന്നത്
എങ്ങിനെയൊക്കെയാണെന്ന നാം തിരിച്ചരിയേണ്ടതുണ്ട്. കേരളീയ
മനസ്സിനെ ജാഗരൂകമാക്കാൻ നിരന്തരം യത്നിച്ച
എം എൻ വിജയന്റെ
വാക്കുകൾ ഇപ്പോൾ ഓർത്തുപോകുന്നു. 'മതഭേദങ്ങളെ
കവിഞ്ഞു നിൽക്കുന്ന ലക്ഷ്യങ്ങൾക്കും ഭാഗധേയങ്ങൾക്കും
മാത്രമേ നമ്മുടെ നാടിനെ രക്ഷിക്കാൻ
കഴിയൂ എന്ന് മതേതര വാദികൾ
പറഞ്ഞു കൊണ്ടേയിരിക്കുന്നത് ഇതിനാലാണ്. സ്വയം ചുരുങ്ങിക്കൊണ്ടിരിക്കുകയും
സ്വയം മടങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹത്തിന്
ഇങ്ങനെ ഒരു സ്വപ്നം എളുപ്പമാകണമെന്നില്ല.
ഒന്നിച്ചുള്ള മാനുഷികജീവിതത്തിന്റെ ഇടങ്ങൾ വർദ്ധിപ്പിക്കുകയാണ് യാഥാർഥ്യ
ബോധത്തിലേക്കുള്ള ഒരേയൊരു വഴി. ഇതിന്
മനപ്പൂർവമായ യത്നങ്ങൾ
ആവശ്യമായി വരും. ഒന്നിച്ച അനുഭവിക്കുന്ന
ദുരിതങ്ങളും അറിയാതെ ഒന്നിച്ചു കാണുന്ന
സ്വപ്നങ്ങളും മാത്രമേ ഏകത്വത്തെക്കുറിച്ചുള്ള
ബോധം വളർത്തുകയുള്ളു.നമ്മുടെ
ഭാവി നമുക്കു തന്നെ
സൃഷ്ടിക്കുക'.(എം എൻ
വിജയൻ സമ്പൂർണ കൃതികൾ. വാള്യം
5 പേജ് 580.കറന്റ് ബുക്സ്-തൃശൂർ)

5 comments:
മാഷേ, ലേഖനം ഗംഭീരം.നല്ല നിരീക്ഷണങ്ങൾ..നമ്മുടെ സമൂഹം എത്രവേഗമാണ് മതതീവ്രവാദത്തിൻറെ ആലിംഗനത്തിൽ അകപ്പെട്ടുപോകുന്നത്!ഇടതുപക്ഷം നിസംഗരാകുന്നിടത്ത് സോളിഡാരിറ്റി വേരുപിടിക്കുന്നു..
Excellent Observation and a well placed perspective, Congratulations.
An insightful article \ column appeared in Mathrubhumi which covered Muslim politics in a distinct plane. I'm placing the link here.
'മതേതര രാഷ്ട്രീയവും കേരള മുസ്ലിങ്ങളും'
http://www.mathrubhumi.com/article.php?id=1930703
Excellent Observation.
Excellent Observation.
സാംസ്കാരിക ബഹുസ്വരത എന്നത് വളരെ വളരെ തന്ത്ര പൂർവ്വം അരികുകളിലേക്ക് മാറ്റപ്പെടുകയും സാംസ്കാരിക സമന്വയത്തിന്റെയും cultural homogenisation ന്റെയും പുതിയ ലേബലുകളിൽ പുതിയ ഉത്പന്നങ്ങൾ നമ്മുടെ സാമൂഹ്യ കടകളിൽ അതിവേഗം വിറ്റഴിക്കപെടുകയാണ്. വലതുപക്ഷ മനസ്സുകൾ നമ്മുടെ സമൂഹത്തിന്റെ ഇടതു അരികുകളിൽ പറ്റിപിടിച്ചു വളരുന്നു. ഫാസിസത്തിന്റെ കാലൊച്ച എങ്ങാണ്ട് ഉയരുന്നുവോ എന്ന് അടിയന്റെ പഴമനസ്സിൽ തോന്നിയാൽ .............??? എന്നെ നിങ്ങൾ ..................????
Post a Comment